ADVERTISEMENT

അമ്പലവും ആൽത്തറയും കാലികളും കുറച്ചാളും മാത്രമായിരുന്നു ആദ്യം. ഉച്ചതിരിഞ്ഞ് കച്ചൗവിലെ ജനസഭയിൽ കാണാമെന്നു പറഞ്ഞിരുന്നതിനാൽ അവിടെ തണലു പറ്റി നിന്നു. വേദിയിൽ ഒരൊറ്റ കസേര മാത്രം. പിന്നെല്ലാം പെട്ടന്നായിരുന്നു. ഞൊടിയിടയിൽ സദസ്സു നിറഞ്ഞു. ‘മഹാരാജാവ് എത്തുകയാണെ’ന്ന് അനൗൺസ്മെന്റ് മുഴങ്ങി. ബിജെപി സ്ഥാനാർഥിയും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വാഹനവ്യൂഹത്തിന്റെ ‘ക്രാഷ് ലാൻഡിങ്ങിൽ’ അവിടമാകെ പൊടിപറന്നു. 

ഇതേ കച്ചൗവിൽ 2 പതിറ്റാണ്ട് മുൻപു വന്നപ്പോഴുള്ള കഥ സിന്ധ്യ പറഞ്ഞു. വിമാനാപകടത്തിൽ അച്ഛൻ മാധവറാവു സിന്ധ്യ മരിച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പായിരുന്നു സന്ദർഭം. ‘വോൾട്ടേജില്ലാതെ ബുദ്ധിമുട്ടിയ ആ കാലത്തു റാന്തൽ തെളിച്ച് ആളുകൾ കാത്തുനിന്നു. ഞാൻ വന്നതിൽ പിന്നെ എത്രയെത്ര ഗ്രാമങ്ങളിൽ വെളിച്ചമെത്തി. എന്റെ പേരിൽ തന്നെ ജ്യേതിയുണ്ടല്ലോ?’ വൈദ്യുതി ഉണ്ടെന്നെ വ്യത്യാസമേയുള്ളു. വികസന വെളിച്ചം ഇപ്പോഴും  ഇവിടെ കാര്യമായിട്ടില്ല. 

ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിയ സിന്ധ്യയ്ക്ക് ആരോ താമരത്തണ്ടുകൾ കൊടുത്തു. അതുയർത്തിപ്പിടിച്ച് ആളുകളുടെ തോളിൽ തട്ടി സിന്ധ്യ വേദിയിലേക്ക്. പിന്നൊരു പ്രസംഗമാണ്. വോട്ടുമായി ആരും മുന്നിൽ വീണുപോകുന്ന വാഗ്‌വിലാസം. നോട്ടും വോട്ടും കഴിഞ്ഞാൽ സീറ്റിൽ മാത്രമാണ് കോൺഗ്രുകാരുടെ നോട്ടമെന്ന് വേദിയിലെ ഒറ്റക്കസേരയിലേക്കു വിരൽചൂണ്ടി സിന്ധ്യ കത്തിക്കയറി. 

ഗ്വാളിയർ രാജവംശത്തിന്റെ ഭാഗമായ ഗുണയിൽ സിന്ധ്യമാർ എന്നും സ്ട്രോങ്ങാണ്. 1957 ൽ കോൺഗ്രസുകാരിയായിരിക്കെ രാജമാതാ വിജയരാജെയിലൂടെ സിന്ധ്യാവിജയകഥ തുടങ്ങി. പിന്നീട് ബിജെപിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായി മാറിയ വിജയരാജെയുടെ വിയോഗശേഷം, മകൻ മാധവ‍റാവു സിന്ധ്യയിലൂടെയും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിനു ശേഷം ജ്യോതിരാദിത്യയിലൂടെയും ഗുണ കോൺഗ്രസിനൊപ്പം നിന്നു. 2019 ൽ പക്ഷേ അട്ടിമറി നടന്നു. ഡോ. കെ.പി.യാദവിനെ ഇറക്കിയുള്ള ബിജെപിയുടെ പരീക്ഷണത്തിൽ സിന്ധ്യ ഒന്നേകാൽ ലക്ഷം വോട്ടിനു തോറ്റു.

ഇക്കുറി അതേ യാദവിനെ വെട്ടി നേതൃത്വം സിന്ധ്യയ്ക്കു സീറ്റ് നൽകിയതിന്റെ കല്ലുകടി ബിജെപിയിലുണ്ട്. ഇവിടെ അടിയൊഴുക്കിനുള്ള ഏക സാധ്യതയും അതാണ്. കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചു ബിജെപിക്കൊപ്പം പോയ സിന്ധ്യയെ തോൽപിക്കണമെന്ന വാശി കോൺഗ്രസ് നേതാക്കൾക്കുണ്ട്. സംഘടനാക്ഷയമാണ് പ്രശ്നം. അതു മറികടക്കാൻ ബിജെപി നേതാവിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി കണ്ടെത്തിയത്. 3 വട്ടം ബിജെപി എംഎൽഎയായിരുന്ന ദേശ്‌രാജ് സിങ്ങിന്റെ  മകനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു യാദവേന്ദ്ര സിങ് യാദവ് കൈപ്പത്തി ചിഹ്നത്തിൽ സിന്ധ്യയെ നേരിടുന്നു. 

3 ലക്ഷത്തിൽപരം യാദവ വോട്ടുള്ള മണ്ഡലത്തിൽ 2019 ൽ ബിജെപി നടത്തിയ ‘യാദവപരീക്ഷണം’ ഇക്കുറി കോൺഗ്രസ് തിരിച്ചു പയറ്റുന്നു. അതിൽ കാര്യമുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ബിജെപിയുടെ താരപ്രചാരകനെങ്കിലും സിന്ധ്യ ഗുണയിൽ നിന്നു മാറാത്തത്.

Qകൈപ്പത്തിയിൽ നിന്നു മാറി താമരയിൽ വോട്ടു ചെയ്യണമെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാകുന്നില്ലേ?

Aഅവർക്കു കാര്യങ്ങളെക്കുറിച്ചു ബോധ്യമുണ്ട്. ഈ മേഖലയിലെ ഉപതിരഞ്ഞെടുപ്പുകളിലും നിയമസഭയിലും എന്റെ തീരുമാനം ജനം ശരിവച്ചതാണ്.

Q കോൺഗ്രസിൽ നേതൃത്വമായിരുന്നോ പ്രശ്നം ?

Aരാജ്യത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രിക്കൊപ്പം നിൽക്കാനാണു ഞാൻ തീരുമാനിച്ചത്. ജാതി സെൻസസിനെ എതിർത്തിരുന്നവർ ഇന്നതിനെ പിന്തുണയ്ക്കുന്നു. ഇവിഎം വഴിയുള്ള തിരഞ്ഞെടുപ്പു ലോകത്തിനു തന്നെ മാതൃകയായിട്ടും പേപ്പർ ബാലറ്റിലേക്കു മടങ്ങണമെന്ന് അവർ പറയുന്നു. കോൺഗ്രസ് സ്വയം കണ്ണാടി നോക്കേണ്ട സമയമായി. 

Q അട്ടിമറി സംശയിക്കുന്നുണ്ടോ? ഇക്കുറി എത്ര ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു?

A4 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷത്തിൽ ഞാൻ വിജയിക്കും.

English Summary:

Jyotiraditya Scindia's campaign in guna assembly constituency in madhya pradesh for lok sabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com