ADVERTISEMENT

രണ്ടുതവണ നഷ്ടപ്പെട്ട സോലാപുർ മണ്ഡലം മകൾ പ്രണിതിയിലൂടെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണു സുശീൽകുമാർ ഷിൻഡെ. മഹാരാഷ്ട്രയുടെ ആദ്യ ദലിത് മുഖ്യമന്ത്രിയും മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അദ്ദേഹം 83–ാം വയസ്സിൽ മകൾക്കായി വോട്ട് പിടിക്കാൻ ഓടിനടക്കുന്നു. സോലാപുരിൽ നിന്നുള്ള എംഎൽഎയായ പ്രണിതി ഷിൻഡെ മഹാരാഷ്ട്ര കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കൂടിയാണ്. 

2014 ൽ മോദി തരംഗത്തിലും 2019 ൽ ദലിത് നേതാവ് പ്രകാശ് അംബേദ്കർ വോട്ടുകൾ ഭിന്നിപ്പിച്ചപ്പോഴുമാണു ഷിൻഡെയ്ക്കു സോലാപുരിൽ അടിപതറിയത്. പ്രണിതിക്ക് ഇത്തവണ പാർലെന്റിലെത്താനുള്ള യോഗം ഉണ്ടായേക്കുമെന്നാണു മണ്ഡലത്തിലെ കാഴ്ചകൾ സൂചിപ്പിക്കുന്നത്. പ്രകാശ് അംബേദ്കറുടെ പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡിയുടെ സ്ഥാനാർഥി നാടകീയമായി പിൻമാറിയതാണ് വലിയ അനുകൂലഘടകം. 

സോലാപുരിലെ മുതിർന്ന സിപിഎം നേതാവും മുൻ തിരഞ്ഞെടുപ്പുകളിൽ പ്രണിതിയുടെ എതിരാളിയുമായിരുന്ന നരസയ്യ ആദം പിന്തുണ പ്രഖ്യാപിച്ചതും അനുകൂല ഘടകമാണ്. ബീഡ് ജില്ലയിലെ മൽഷിറാസിൽ നിന്നുള്ള എംഎൽഎയായ രാം സത്പുതെയാണു ബിജെപി സ്ഥാനാർഥി. 

സുശീൽകുമാർ ഷിൻഡെ മനോരമയോട്:

∙മോദി സോലാപുരിന് നൽകിയ വാഗ്ദാനങ്ങൾ നടപ്പാകാത്തതിന്റെ മടുപ്പിലാണു വോട്ടർമാർ. സോലാപുരിൽ നെയ്യുന്ന തുണി ഉപയോഗിച്ച് സൈനികരുടെ യൂണിഫോം തയാറാക്കുമെന്ന മോദിയുടെ പ്രഖ്യാപനം പാഴായി. അദ്ദേഹം വ്യാജനാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 

∙വിലക്കയറ്റമടക്കം ജനങ്ങളുടെ പ്രശ്നങ്ങൾ കൂടുതലായി ചർച്ചയാകുന്നതിനാൽ, പ്രധാനമന്ത്രി അസ്വസ്ഥനാണ്. അദ്ദേഹം പച്ചയ്ക്കു വർഗീയത പറയുന്നു. മതപരമായ സംഘർഷങ്ങൾ വരെ ബിജെപി ഉണ്ടാക്കുമോയെന്നു ഞാൻ ഭയക്കുന്നു.

∙വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം കേന്ദ്രത്തിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണ്.

English Summary:

Sushilkumar shinde fighting to regain the lost Solapur constituency through his daughter Pranithi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com