ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രൻ കാർ കുറുകേ നിർത്തി കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ഡ്രൈവർ എൽ.എച്ച്.യദു ഹൈക്കോടതിയെ സമീപിക്കും. മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.  മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനാണ് യദുവിന്റെ തീരുമാനം.മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു. ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഡ്രൈവർ പരാതി നൽകിയെങ്കിലും കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യദു കോടതിയെ സമീപിക്കുന്നത്.

ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് നിലപാട്. ഡ്രൈവറെ തടഞ്ഞശേഷം മേയർ പൊലീസിൽ അറിയിച്ചിരുന്നു. കൺട്രോൾ റൂമിലും അറിയിച്ചു. മേയറുടെ പരാതി അന്വേഷിക്കുന്ന കൂട്ടത്തിൽ ഡ്രൈവരുടെ പരാതിയും അന്വേഷിക്കാമെന്ന നിലപാടിലാണ് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷന്‍ ഓഫിസിലേക്ക്് മാർച്ച് നടത്തി. ‘ഓവർ ടേക്കിങ് നിരോധിത മേഖല, മേയറുണ്ട് സൂക്ഷിക്കുക’ എന്നെഴുതിയ ഫ്ലക്സ് ബോർഡും സ്ഥാപിച്ചു. മേയർക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകൾ കെഎസ്ആർടിസി ബസുകളിൽ പതിപ്പിച്ചു. 

ഞായറാഴ്ച രാത്രിയിലെ സംഭവത്തെ തുടർന്ന് ഡ്രൈവറെ കെഎസ്ആർടിസി ഡ്യൂട്ടിയിൽനിന്ന് വിലക്കിയിരുന്നു. പ്രഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിച്ചശേഷം തുടർനടപടിയെടുക്കും. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ സിഗ്നലിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്താണ് മേയറുടെ കാർ ബസിനു കുറകേ നിർത്തിയത്. വിഡിയോ ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. കാറിനു സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്തെന്നും മേയർ വ്യക്തമാക്കുന്നു.

യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ്  പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തും.

English Summary:

KSRTC Driver - Arya Rajendran issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com