ADVERTISEMENT

ഇംഫാൽ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ സൈനിക വാഹനം തടഞ്ഞ് മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ സംഘം. കുമ്പി പ്രദേശത്ത് രാവിലെ പട്രോളിങ്ങിനിടെ പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും കൊണ്ടുപോയ സൈനിക വാഹനമാണ് തടഞ്ഞത്. മഹാർ റെജിമെന്റിലെ ഉദ്യോഗസ്ഥർ ചേർന്നാണ് 2 എസ്‌യുവികളിലായി കൊണ്ടുപോയ ആയുധങ്ങൾ പിടിച്ചെടുത്തത്. സൈനികരെ കണ്ടയുടൻ രണ്ട് വാഹനങ്ങളിലുമുണ്ടായിരുന്നവർ ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്.

കുറച്ചുസമയത്തിനു ശേഷം മെയ്തെയ് സ്ത്രീകളുടെ സിവിലിയൻ സംഘമായ ‘മീരാ പൈബിസ്’ അംഗങ്ങൾ സ്ഥലത്ത് തടിച്ചുകൂടുകയും ആയുധങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. നൂറുകണക്കിന് സ്ത്രീകൾ റോഡ് ഉപരോധിക്കുകയും സൈനിക വാഹനവ്യൂഹം തടയുകയും ചെയ്തു. കലാപം അവസാനിക്കുന്നതുവരെ ആയുധങ്ങൾ കണ്ടുകെട്ടരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സൈന്യം ആകാശത്തേയ്ക്കു വെടിവച്ചെങ്കിലും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാർ കൂട്ടാക്കിയില്ല.

സംഭവമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ചർച്ചയ്ക്കൊടുവിൽ ആയുധങ്ങൾ പൊലീസിനു കൈമാറാൻ ധാരണയായി. സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും സൈനികർ സംഭവസ്ഥലത്തുനിന്നു പിൻവാങ്ങിയതായും അധികൃതർ അറിയിച്ചു. പ്രതിഷേധക്കാരിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

English Summary:

Manipur: Army stopped by women-led protestors from taking away seized arms, ammunition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com