ADVERTISEMENT

ന്യൂഡൽഹി ∙ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ജെഡിഎസ് എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ഡ്രൈവർ കാർത്തിക്. പ്രജ്വലിന്റെ വിഡിയോ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ബിജെപി നേതാവായ ദേവരാജ് ഗൗഡയ്ക്കാണ് കൈമാറിയതെന്നും അദ്ദേഹമാണ് അതു പുറത്തുവിട്ടതെന്നുമാണ് കാർത്തിക് വെളിപ്പെടുത്തിയത്. പ്രജ്വൽ തന്റെ സ്വത്ത് തട്ടിയെടുത്തെന്നും ഭാര്യയെ മർദിച്ചെന്നും കാർത്തിക് ആരോപിച്ചു.

ദേവരാജ് ഗൗഡയുടെ നിർദേശപ്രകാരം പ്രജ്വലിനെതിരെ കേസ് കൊടുത്തെന്നും തന്റെ കൈവശമുള്ള പെൻഡ്രൈവിലെ വിവരങ്ങൾ വച്ച് ദേവരാജ് ബിജെപി നേതൃത്വത്തിന് കത്തയിച്ചിട്ടുണ്ടെന്നും കാർത്തിക് പറഞ്ഞു. കോൺഗ്രസ് നേതാവ് പവൻ ഖേര എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കത്തിലും ഇതേ കാര്യം പരാമർശിച്ചിട്ടുണ്ട്.

‘‘പതിനഞ്ചു വർഷത്തോളം ഞാൻ പ്രജ്വലിനും കുടുംബത്തിനുമൊപ്പം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജോലി വിട്ടത്. എന്റെ ഭാര്യയെ മർദിക്കുകയും സ്വത്തുക്കൾ പ്രജ്വൽ ഭീഷണിപ്പെടുത്തി സ്വന്തം പേരിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ഞാൻ അവിടെനിന്നു പോന്നത്. തുടർന്ന് ഞാൻ ബിജെപി നേതാവ് ദേവ്‌രാജ് ഗൗഡയുടെ സഹായത്തോടെ പ്രജ്വലിനെതിരെ നിയമയുദ്ധം ആരംഭിച്ചു. എനിക്ക് നീതി വാങ്ങി നൽകുമെന്ന് ഉറപ്പു പറഞ്ഞ് അദ്ദേഹം എനിക്ക് അഭിഭാഷകനെയും ഏർപ്പാടാക്കി നൽകി.

തുടർന്ന് അദ്ദേഹം എന്നോട് ഞാൻ നേരിട്ട ദുരനുഭവങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്താൻ നിർദേശിച്ചു. ദേവരാജും മാധ്യമങ്ങളോട് സംസാരിച്ചു. തുടർന്ന് പ്രജ്വൽ തനിക്കെതിരായ അശ്ലീല വിഡിയോകളൊന്നും പുറത്തുവിടരുതെന്ന് കാട്ടി കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. കോടതിവിധിയുടെ പകർപ്പ് ഞാൻ ദേവരാജിനെയും കാണിച്ചു. അദ്ദേഹം തനിക്കിതിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ചിത്രങ്ങളും വിഡിയോയും നൽകിയാൽ അത് ജഡ്ജിക്ക് സമർപ്പിച്ച് സ്റ്റേ നീക്കം ചെയ്യാമെന്നും അറിയിച്ചു.

ഞാൻ ദേവരാജിനെ വിശ്വസിച്ച് വിഡിയോയുടെ പകർപ്പ് അദ്ദേഹത്തിന് കൈമാറി. അദ്ദേഹം അത് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് എനിക്കറിയില്ല. ഞാൻ വക്കാലത്ത് ഒപ്പിട്ടു കൊടുക്കുക മാത്രമാണ് ചെയ്തത്. തുടർന്നാണ് ദേവരാജ് പത്രസമ്മേളനം വിളിച്ച് വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഞാൻ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും മിണ്ടാതിരിക്കാനുമാണ് പറഞ്ഞത്. ബിജെപി കേന്ദ്ര നേതൃത്വത്തിനും അദ്ദേഹം കത്തെഴുതി.

അദ്ദേഹം വീണ്ടും വാർത്താസമ്മേളനം വിളിച്ച് ഞാൻ ഈ പെൻഡ്രൈവ് കോൺഗ്രസ് നേതാക്കൾക്കും നൽകിയിട്ടുണ്ടെന്ന് കളവ് പറഞ്ഞു. ഞാൻ ഇത് ദേവരാജിന് മാത്രമാണ് നൽകിയത്. അയാൾ എന്നെ ചതിക്കുകയും ചെയ്തു. അയാൾ അത് ആർക്കൊക്കെ നൽകിയിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്നാൽ അയാൾക്ക് ഇതിൽനിന്നെല്ലാം കൈകഴുകാനായി, ഞാനാണ് നൽകിയതെന്നാണ് പറഞ്ഞത്.’’– കാർത്തിക് പറഞ്ഞു.

വിഡിയോ ദൃശ്യങ്ങൾ‌ പുറത്തുവന്നതിനു പിന്നാലെ പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. എസ്ഐടി അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്തിട്ടുമുണ്ട്.

English Summary:

'I Gave Pen Drive To BJP Leader': Prajwal Revanna's Ex-Driver Shares Shocking Details On Sex Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com