പൊലീസ് ഡ്രൈവർ: 190 പുതിയ തസ്തിക കൂടി, നിയമനം നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന്
Mail This Article
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ 190 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് ഇത്രയും പേർക്കു നിയമനം ലഭിക്കും.
2021 ജൂലൈ 15നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് ഇക്കൊല്ലം ജൂലൈ 14ന് അവസാനിക്കാനിരിക്കെയാണ് 190 പേർക്കുകൂടി നിയമനം ലഭിക്കാൻ അവസരം തുറക്കുന്നത്. ഇതുവരെ 759 പേർക്കാണ് ഈ ലിസ്റ്റിൽനിന്ന് നിയമന ശുപാർശ ലഭിച്ചത്.
∙നിയമനനില: ഓപ്പൺ മെറിറ്റ്–677, ഈഴവ–685, എസ്സി–സപ്ലിമെന്ററി 22, എസ്ടി–സപ്ലിമെന്ററി 16, മുസ്ലിം–792, എൽസി/എഐ–835, വിശ്വകർമ–981, ഹിന്ദു നാടാർ–713, എസ്സിസിസി–സപ്ലിമെന്ററി 8, ധീവര–860. ഒബിസി, എസ്ഐയുസി നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണ് നിയമനം.
പൊലീസ് ഡ്രൈവർ ഒഴിവ് റിപ്പോർട്ട് ചെയ്യണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം തൊഴിൽവീഥി ഡിസംബർ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
പുതിയ പരീക്ഷ ഏപ്രിൽ 16ന്
പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയുടെ പുതിയ പരീക്ഷ ഏപ്രിൽ 16നു നടത്താൻ പിഎസ്സി തീരുമാനിച്ചിട്ടുണ്ട്. പുരുഷൻമാർക്കൊപ്പം വനിതകൾക്കും ഇത്തവണ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. 17,846 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.