കായികപരീക്ഷ തോറ്റവരും ഉൾപ്പെട്ടു; ആംഡ് പൊലീസ് SI ലിസ്റ്റ് തിരുത്തി
Mail This Article
കായികക്ഷമതാ പരീക്ഷയിൽ തോറ്റവരും പങ്കെടുക്കാത്തവരുമടക്കം ഉൾപ്പെട്ട ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച പിഎസ്സി ലിസ്റ്റ് പിൻവലിച്ച് പുതിയത് പ്രസിദ്ധീകരിച്ചു.
സബ് ഇൻസ്പെക്ടർ ഷോർട് ലിസ്റ്റുകൾക്കൊപ്പം വന്ന ആംഡ് പൊലീസ് ബറ്റാലിയൻ എസ്ഐ പട്ടികയിലാണു പിഴവു സംഭവിച്ചത്. ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ തെറ്റു തിരിച്ചറിഞ്ഞതോടെ വെബ്സൈറ്റിൽനിന്ന് അതു പിൻവലിച്ചു. അനർഹമായി ഉൾപ്പെട്ടവരെ ഒഴിവാക്കി ശരിയായ ഷോർട് ലിസ്റ്റ് മാർച്ച് 2ന് പ്രസിദ്ധീകരിച്ചു.
സാങ്കേതിക പിഴവെന്ന് പിഎസ്സി
കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരും പങ്കെടുക്കാത്തവരും ഷോർട് ലിസ്റ്റിൽ ഉൾപ്പെടാൻ ഇടയായത് സാങ്കേതിക പിഴവുകൊണ്ടെന്ന് പിഎസ്സി വിശദീകരണം. മെയിൻ പരീക്ഷയും കായികക്ഷമതാ പരീക്ഷയും ജയിച്ചവരുടെ നമ്പരുകളാണ് ഇന്റർവ്യൂവിനുള്ള ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. മറ്റു 4 എസ്ഐ ലിസ്റ്റുകളും ഈ രീതിയിലാണ് പ്രസിദ്ധീകരിച്ചത്. ആംഡ് പൊലീസ് എസ്ഐ ലിസ്റ്റിൽ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടവരുടെയും പങ്കെടുക്കാത്തവരുടെയും നമ്പരുകൾ അബദ്ധത്തിൽ ഉൾപ്പെടുകയായിരുന്നു. തെറ്റു മനസിലാക്കിയ ഉടൻ വെബ്സൈറ്റിൽനിന്ന് ഷോർട് ലിസ്റ്റ് പിൻവലിച്ചതായും പിഎസ്സി അധികൃതർ വിശദീകരിച്ചു.