ADVERTISEMENT

പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് വീട്ടിൽ നിന്ന് യാത്രയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ തേപ്പുപെട്ടി ഓഫാക്കിയിരുന്നോ എന്നൊരു പേടി. പലരും തിരിച്ചുപോയി ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്. ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് എ.എസ്.സാവിയോൺ, അർജുൻ കൃഷ്ണ എന്നീ സ്കൂൾക്കുട്ടികൾ. തൃശൂർ മാള സ്‌നേഹഗിരി സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥികളാണ് ഇവർ. കഴിഞ്ഞദിവസം തിരുവനന്തപുരത്തു സമാപിച്ച ശാസ്ത്രമേള ഹൈസ്‌കൂൾ വർക്കിങ് മോഡൽ വിഭാഗത്തിലാണ് ഇവരുടെ പ്രോജക്ട് പ്രദർശിപ്പിച്ചത്.

തേപ്പുപെട്ടിയിൽ നിന്ന് കൈ എടുത്തുമാറ്റിക്കഴിഞ്ഞാൽ ഉടൻ തന്നെ ഇതു സെൻസർ വഴി മനസ്സിലാക്കുന്ന തേപ്പുപെട്ടി മോട്ടറുകളിൽ പ്രവർത്തിക്കുന്ന നാലുകാലിൽ ഉയർന്നു നിൽക്കും. ഇതുകാരണം തുണി ഉരുകുകയില്ല. ടച്ച് സെൻസർ, അർഡ്യുനോ, ഗൈറോസ്‌കോപിക് സെൻസർ റിലേ മൊഡ്യൂൾ, സെർവോ മോട്ടർ എന്നിവയാണ് ഈ മോഡലിനായി ഉപയോഗിച്ചത്. 

ഒരിക്കൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തേപ്പുപെട്ടി മറന്നുപോയോ എന്നൊരു സംശയം തോന്നിയതിനാൽ തിരിച്ചുവീട്ടിൽ പോയി നോക്കിയിട്ടുണ്ട്, ഇതെത്തുടർന്നാണ് ഈ തേപ്പുപെട്ടി വികസിപ്പിച്ചതെന്ന് സാവിയോൺ പറയുന്നു. തേപ്പുപെട്ടി ഉൾപ്പെടെ 2900 രൂപ മാത്രമാണ് ഇതിനായി ചെലവായത്. തേപ്പുപെട്ടികൾ ഏറെക്കാലമായി മനുഷ്യരുടെ ഉപയോഗത്തിനായുണ്ട്. ഇന്നത്തെ കാലത്ത് വൈദ്യുത തേപ്പുപെട്ടികളാണ് എല്ലായിടവും. എന്നാൽ അതിനു മുൻപ് പലവിധ രീതിയിൽ ചൂടാകുന്ന തേപ്പുപെട്ടികളുണ്ടായിരുന്നു. ചിരട്ടക്കരി ഉപയോഗിച്ചുള്ള തേപ്പുപെട്ടികളൊക്കെ നമ്മൾ ഇന്നും കാണാറുണ്ട്.

ബിസി ഒന്നാം നൂറ്റാണ്ടിൽ ചൈനയിലാണ് തേപ്പുപെട്ടിയുടെ ആദ്യരൂപം വികസിപ്പിച്ചത്. കൽക്കരി ഉപയോഗിച്ച് ചൂടാക്കാവുന്ന ഒരു ഇരുമ്പ് പെട്ടിയായിരുന്നു അത്. പിൽക്കാലത്ത് പല ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന തേപ്പുപെട്ടി എത്തി. മണ്ണെണ്ണ, എഥനോൾ, തിമിംഗല എണ്ണ തുടങ്ങി പലതും ഈ ഇന്ധനങ്ങളിൽ ഉൾപ്പെടും.

English Summary:

 Young innovators create fire-safety ironbox  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com