ADVERTISEMENT

തിരഞ്ഞെടുപ്പ് കാലം ജനാധിപത്യത്തിന്റെ ഉത്സവകാലമാണ്. എങ്ങും താളമേളങ്ങൾ. വീടു കയറി വോട്ട് ചോദിക്കാൻ എത്തുന്ന സ്ഥാനാർഥികളും പരിവാരങ്ങളും. തിരഞ്ഞെടുപ്പ് റാലികൾ. മഹാസമ്മേളനങ്ങൾ. പരിപാടിയുടെ അഴക് കൂട്ടാൻ റാലിയിൽ സ്ഥാനാത്ഥികളുടെ പടമുള്ള കുപ്പായമിട്ട, പാർട്ടി ചിഹ്നമുള്ള തൊപ്പിയും കൊടിയും കൈയിലേന്തിയ കുഞ്ഞുങ്ങളും സ്ഥിരം കാഴ്ചകളാണ്. എന്നാൽ ഇനി അത്തരത്തിലുള്ള കാഴ്ചകൾ വേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

ലോക്സ‌ഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടത്. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. പത്തുവോട്ട് അധികം കിട്ടാൻ കുട്ടികളെ കൈയിലേന്തി നിൽക്കുന്ന ചിത്രങ്ങളോ കുട്ടികൾക്ക് സമ്മാനം കൊടുക്കുന്ന ചിത്രങ്ങളോ ഉപയോഗിക്കാമെന്ന് കരുതണ്ട. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പിടിവീഴും.

കൂടാതെ പാർട്ടി സമ്മേളനങ്ങളിൽ കുട്ടികളുടെ കവിതയും കഥപറച്ചിലും നടത്താമെന്നും കരുതണ്ട. അതും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. കുട്ടികൾ രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതും രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതും നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും എതിർ സ്ഥാനാർഥിയെയോ രാഷ്ട്രീയ പാർട്ടിയെയോ വിമർശിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി.

അതേസമയം, രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത രാഷ്ട്രീയ നേതാവിന് ഒപ്പം തന്റെ രക്ഷിതാവിന്റെ കൂടെ കുട്ടി എത്തുന്നത് ചട്ടലംഘനമായി കണക്കാക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. 2016ൽ ഭേദഗതി വരുത്തിയ 1986ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം പാലിക്കാനുള്ള ബാധ്യത എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓർമിപ്പിച്ചു. രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെ ബോംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധി കൂടി ഉദ്ധരിച്ച് ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഈ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും റിട്ടേണിങ് ഓഫിസർമാർക്കും ഉത്തരവാദിത്തമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) ഒന്നിലധികം പരാതികൾ നൽകിയ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. 2022 ലെ ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ കോൺഗ്രസിന് എതിരെ നടപടി സ്വീകരിക്കാൻ കഴിയുമോയെന്നും ബാലാവകാശ പാനൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു.

English Summary:

Election commission draws line: barring children from election campaign propaganda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com