ADVERTISEMENT

ഡ്രാഗൺ ഫ്ലൈ എന്നാൽ ഭൂമിയിൽ കാണപ്പെടുന്ന ഒരു വലിയ തുമ്പിയിനമാണ്. ഒരു തുമ്പി കണക്ക് ഒരിടത്തു നിന്നു പറന്നു വേറൊരിടത്തേക്കു ചെന്നു നിന്ന്, വീണ്ടും പറന്ന് പര്യവേക്ഷണം നടത്തുന്ന ഒരു ബഹിരാകാശ ഡ്രോൺ നാസ തയാറാക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്.  ഇപ്പോഴിതാ ഈ ദൗത്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് നാസ. ശനിയുടെ ഉപഗ്രഹം ടൈറ്റനിലേക്കാണ് ഡ്രാഗൺഫ്ലൈ യാത്ര തിരിക്കുന്നത്. ശനിഗ്രഹം വാതകനിർമിതവും ജീവന് ഒരു സാധ്യതയുമില്ലാത്തതുമാണ്. എന്നാൽ ടൈറ്റനിൽ ജീവസാധ്യതയുണ്ടോയെന്ന് ഗവേഷകർക്ക് സംശയമുണ്ട്. 2026ൽ വിക്ഷേപിക്കുന്ന ഈ സവിശേഷ ഡ്രോൺ ദൗത്യം 2034 ൽ ലക്ഷ്യസ്ഥാനത്തെത്തും.

ശനിയെയും ഗ്രഹത്തിന്റെ ഉപഗ്രഹസംവിധാനങ്ങളെയും ദീർഘകാലം നിരീക്ഷിച്ച കസീനിയും ടൈറ്റനിൽ ഇറങ്ങിയ റോവർ ദൗത്യമായ ഹൈജൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡ്രാഗൺഫ്ലൈ നിർമിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തേക്കാൾ നാലുമടങ്ങ് സാന്ദ്രത കൂടിയ അന്തരീക്ഷമാണു ടൈറ്റനിൽ, ഭൂഗുരുത്വബലം കുറവും. അന്തരീക്ഷം പ്രധാനമായും നൈട്രജൻ നിറഞ്ഞതാണ്. മീഥെയ്ൻ നിറഞ്ഞ മേഘങ്ങൾ ഇടയ്ക്കിടെ മഴയായി പെയ്യും. –179 ഡിഗ്രിയാണ് താപനില. ടൈറ്റനെക്കുറിച്ചുള്ള പഠനം ഭൂമിയിലെ ജീവന്റെ ഉത്ഭവം ഉൾപ്പെടെ കാര്യങ്ങളെപ്പറ്റി അറിവു നൽകും.

ഷാംഗ്രില എന്നു പേരിട്ടിട്ടുള്ള ടൈറ്റനിലെ മേഖലയിലാണു ഡ്രാഗൺഫ്ലൈ ആദ്യം ഇറങ്ങുക. തുടർന്ന് പറന്ന് സാംപിളുകൾ ശേഖരിക്കും. ഓരോ പറക്കലും എട്ടുമീറ്ററോളം നീണ്ടു നിൽക്കും. 459 കിലോ ഭാരമുള്ള ഈ ഡ്രോണിന് മണിക്കൂറിൽ 36 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും 4 കിലോമീറ്റർ വരെ പൊക്കത്തിൽ പോകാനും ശേഷിയുണ്ട്. ടൈറ്റനിലെ പ്രശസ്തമായ സെൽക് ഗർത്തത്തിലെത്തിയും ദൗത്യം  സാംപിളുകൾ എടുക്കും. ആദിമകാലത്ത് ജലസാന്നിധ്യം ഉണ്ടായിരുന്നെന്നു കരുതപ്പെടുന്ന മേഖലയാണ് ഇവിടം.

175 കിലോമീറ്ററോളം ടൈറ്റനിൽ ഡ്രാഗൺഫ്ലൈ സഞ്ചരിക്കും. നാസയുടെ ന്യൂ ഫ്രോണ്ടിയേഴ്സ് പദ്ധതിയുടെ ഭാഗമാണു ഡ്രാഗൺഫ്ലൈ. പ്ലൂട്ടോയിലേക്കുള്ള ന്യൂ ഹൊറൈസൺസ്, വ്യാഴത്തിലേക്കുള്ള ജൂനോ, ബെന്നു എന്നുള്ള ഛിന്നഗ്രഹത്തിലേക്കുള്ള ഓസിരിസ് റെക്സ് എന്നിവയൊക്കെയാണ് ഇതിലെ മറ്റു പദ്ധതികൾ. നാസയുടെ പ്ലാനറ്ററി മിഷൻസ് പ്രോഗ്രാമിനാണ് ഇവയുടെ ചുമതല.

English Summary:

NASA's Dragonfly Mission to Saturn's Moon Titan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com