ADVERTISEMENT

കാക്കനാട്∙ ഉമേഷിനും വിഘ്നേശ്വരിക്കും ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കുടുംബ കാര്യം. ഒന്നര മാസമായി രണ്ടു പേരും വീട്ടുകാര്യം സംസാരിച്ചിട്ടേയില്ല. നേരിട്ടായാലും ഫോണിലായാലും ചർച്ച മുഴുവൻ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ. പരസ്പരം താങ്ങും തണലുമായി രണ്ടു ജില്ലകളിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ അമരത്തിരിക്കുമ്പോൾ ദാമ്പത്യ ബന്ധത്തേക്കാൾ ഔദ്യോഗിക ബന്ധത്തിന്റെ പരിവേഷമാണ് ഇരുവർക്കും.

തിരഞ്ഞെടുപ്പു കഴിയും വരെ അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടം.എറണാകുളം കലക്ടറും വരണാധികാരിയുമായ എൻ.എസ്.കെ.ഉമേഷും കോട്ടയം കലക്ടറും അവിടത്തെ വരണാധികാരിയുമായ ഭാര്യ വി.വിഘ്നേശ്വരിയും ഇപ്പോൾ പരസ്പരം ഫോണിൽ വിളിക്കുന്നതു തന്നെ തിരഞ്ഞെടുപ്പു സംശയങ്ങൾ തീർക്കാനാണ്.

എറണാകുളം കലക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ കോട്ടയം കലക്ടർ വി. വിഘ്നേശ്വരിയെ ഭർത്താവും എറണാകുളം കലക്ടറുമായ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചാനയിക്കുന്നു.
എറണാകുളം കലക്ടറേറ്റിൽ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ കോട്ടയം കലക്ടർ വി. വിഘ്നേശ്വരിയെ ഭർത്താവും എറണാകുളം കലക്ടറുമായ എൻ.എസ്.കെ. ഉമേഷ് സ്വീകരിച്ചാനയിക്കുന്നു. (ഫയൽ ചിത്രം)

ഭക്ഷണം, ഉറക്കം, വിനോദം, നാട്ടുവിശേഷം.... ഇതൊന്നും ഇവർക്കിടയിൽ തിരഞ്ഞെടുപ്പു വരെ ചർച്ചാ വിഷയങ്ങളേയല്ല. ജില്ലാ ഇലക്ഷൻ ഓഫിസറായി അതാതു ജില്ലകളിലെ മുഴുവൻ തിരഞ്ഞെടുപ്പ് നടപടികളും നിയന്ത്രിക്കുന്നതിനു പുറമേ വരണാധികാരിയെന്ന നിലയിൽ എറണാകുളം, കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു നടത്തിപ്പും ഉമേഷിന്റെയും വിഘ്നേശ്വരിയുടെയും ചുമതലയിലാണ്.

രണ്ടു പദവികളും ആദ്യമായാണ് ഇരുവരും സ്വതന്ത്രമായി വഹിക്കുന്നത്. വിഘ്നേശ്വരി വരണാധികാരിയായ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലം (പിറവം) ഉമേഷ് ഭരിക്കുന്ന എറണാകുളത്താണ്. പരസ്പരമുള്ള ചർച്ചകളും സംശയ നിവാരണങ്ങളും ചുമതല നിർവഹിക്കുന്നത് എളുപ്പമാക്കുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്. 2019ൽ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ സഹ വരണാധികാരിയായിരുന്ന മുൻപരിചയമുണ്ട് ഉമേഷിന്. 2015 ഐഎഎസ് ബാച്ചുകാരായ ഉമേഷും വിഘ്നേശ്വരിയും 2018ലാണ് വിവാഹിതരായത്. ഇരുവരും മധുര സ്വദേശികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com