ADVERTISEMENT

മൂന്നാർ ∙ മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിൽ സഞ്ചാരികളുടെ തിരക്കേറി. വെള്ളിയാഴ്ച മുതലാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്. മലയാളികളാണ് സന്ദർശകരിലധികവും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുമുണ്ട്. സന്ദർശകരിൽ ഭൂരിഭാഗവും രാവിലെ വന്നു വൈകിട്ട് മടങ്ങുന്നവരാണ്. താമസിക്കുന്നവരുടെ എണ്ണം കുറവായതിനാൽ മിക്ക ഹോട്ടലുകളിലും മുറികൾ കാലിയായി കിടക്കുകയാണ്.  

സന്ദർശകരുടെ തിരക്കു വർധിച്ചതോടെ മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളിലും പകൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി, കോളനി റോഡുകൾ, പഴയ മൂന്നാർ, മൂന്നാർ ടൗൺ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ രാജമലയിൽ വെള്ളിയാഴ്ച 2800, മാട്ടുപ്പെട്ടിയിൽ 2136, ഗവ.ബോട്ടാണിക്കൽ ഗാർഡനിൽ 3217, പഴയ മൂന്നാർ ബ്ലോസം പാർക്കിൽ 2500 പേരും സന്ദർശനം നടത്തി. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ.

തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ല ഭരണകൂടം, സ്വീപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ എത്തിച്ച ഡബിൾ ഡക്കർ ബസ്. ജസ്റ്റിൻ ഹെലിക്യാം പകർത്തിയ ദൃശ്യം
തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ല ഭരണകൂടം, സ്വീപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മൂന്നാറിൽ എത്തിച്ച ഡബിൾ ഡക്കർ ബസ്. ജസ്റ്റിൻ ഹെലിക്യാം പകർത്തിയ ദൃശ്യം

‍ഡബിൾ ഡക്കറിൽ കറങ്ങാം മൂന്നാർ
തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ല ഭരണകൂടം, സ്വീപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് തുടങ്ങിയത്. ഈ മാസം 16 വരെ മൂന്നാറിൽ ഡബിൾ ഡക്കർ ബസ് സർവീസ് ഉണ്ടായിരിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറിലെത്തിച്ച ഡബിൾ ഡക്കർ ബസ് കലക്ടർ ഷീബ ജോർജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറിലെത്തിച്ച ഡബിൾ ഡക്കർ ബസ് കലക്ടർ ഷീബ ജോർജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

∙ നിരക്ക്: സൗജന്യം
സന്ദർശിക്കുന്ന സ്ഥലങ്ങൾ: മൂന്നാറിൽ നിന്നു ആനയിറങ്കൽ വരെ സർവീസ്. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാരംഭിച്ച് സിഗ്നൽ പോയിന്റ്, ചൊക്രമുടി, ആനയിറങ്കൽ, ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിലൂടെ സർവീസ് നടത്തി തിരികെ ഡിപ്പോയിലെത്തും.

∙ സമയം:
രാവിലെ 9 മുതൽ 11 വരെ, ഉച്ചയ്ക്കു 1 മണി മുതൽ 3 മണി വരെ, വൈകിട്ടു 4 മണി മുതൽ 6 മണി വരെ
പരമാവധി കയറാവുന്ന ആളുകൾ: 50 പേർ
പ്രവേശനം: പാസ് മുഖേന
∙പാസ് ലഭിക്കാൻ : മൂന്നാറിലെ ഡിടിപിസി കൗണ്ടറിൽ ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപു പാസ് നൽകിത്തുടങ്ങും. സർവീസ് എന്നുവരെ: വരുന്ന ചൊവ്വാഴ്ച വരെ ബസ് സർവീസ് ഉണ്ടാകും

English Summary:

Explore Munnar in Style: Double-Decker Bus Service Elevates Election Awareness Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com