ADVERTISEMENT

വടകര ∙ മകനും സുഹൃത്തും രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്നതു ആദ്യം കണ്ടത് അക്ഷയിന്റെ അമ്മ ഷീബ. വ്യാഴാഴ്ച രാത്രി മുതൽ കാണാതായ മകനെ അന്വേഷിച്ച് രാവിലെ 8 ന് ഷീബ വീടിനടുത്തുള്ള കുനികുളങ്ങര ടവറിനു സമീപം എത്തിയപ്പോഴാണ് ഇതു കണ്ടത്. ഉടനെ നാട്ടുകാരെ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഈ ഭൂമി നേരത്തേ കാടു നിറഞ്ഞതായിരുന്നു. വീടുണ്ടായിരുന്നത് പൊളിച്ചു കളഞ്ഞ ശേഷം ലഹരി സംഘം തമ്പടിക്കുന്നതായി പരാതിയുണ്ട്. ബൈക്കിൽ പല ഭാഗത്തു നിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു.

കാടു വെട്ടിത്തെളിച്ച് ഇവിടെ ടർഫ് പോലുള്ള എന്തെങ്കിലും തുടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവാക്കൾ ഇവിടെ വന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. മരിച്ച 2 പേരുടെയും ദേഹത്ത് രക്തം പടർന്നിട്ടുണ്ട്. ഇവർ തമ്മിലോ മറ്റാരെങ്കിലുമായോ സംഘട്ടനം നടന്നോ എന്നു വ്യക്തമല്ല. സംഘട്ടനത്തിന്റെ ലക്ഷണങ്ങളില്ല. മരിച്ചവരുടെ മൊബൈൽ ഫോണുകൾ ആശുപത്രിയിലുള്ള ശ്രീരാഗിന്റെ കീശയിലായിരുന്നു. ഇയാൾക്ക് കഴിഞ്ഞ ദിവസം മുതലുള്ള കാര്യങ്ങൾ കൃത്യമായി പറയാൻ കഴിയുന്നില്ല.

പറമ്പിൽ പല ഭാഗത്തായി ഉപയോഗിച്ചതും അല്ലാത്തതുമായ സിറിഞ്ചുകൾ കണ്ടെത്തിയത് ഇവിടം ലഹരി സംഘത്തിന്റെ പിടിയിലാണെന്ന സൂചന നൽകുന്നു. വടകര ഡിവൈഎസ്പി കെ.വിനോദ് കുമാർ, എടച്ചേരി പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്ഐ വി.കെ.കിരൺ എന്നിവർ സ്ഥലത്തെത്തി. ഫൊറൻസിക്, ഡോഗ് സ്ക്വാഡുകൾ സ്ഥല പരിശോധന നടത്തി. എക്സൈസ് വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. കെ.കെ.രമ എംഎൽഎ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.നുസൈബ എന്നിവർ സ്ഥലത്തെത്തി.

ലഹരിമരുന്ന്  ഇരകളായി യുവാക്കൾ; ലഹരിസംഘങ്ങൾ സജീവം

വടകര∙ ഏറാമല, ഒഞ്ചിയം പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളുടെ അവസാനത്തെ ഇരയാണ് ഇന്നലെ മരിച്ച രൺദീപും അക്ഷയും. ഓർക്കാട്ടേരി ടൗൺ കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിന്റെ ഇരകളായി ഇതിനു മുൻപും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. 2 പഞ്ചായത്തിലുമായി നേരത്തേ നടന്ന 4 മരണങ്ങൾ ലഹരി ഉപയോഗത്തെ തുടർന്നുള്ളതാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ഡിസംബറിൽ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 2 പേർ മരിച്ച സംഭവം ഇതുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. ഇതും ലഹരി ഉപയോഗത്തെ തുടർന്നാണെന്നു സംശയമുണ്ട്.2 പഞ്ചായത്തുകളിലുമായി ബ്രൗൺ ഷുഗർ, എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ പൊലീസ് പലതവണ പിടികൂടിയിരുന്നു.

എന്നാൽ, ലഹരി സംഘം ഇപ്പോഴും സജീവമാണെന്നു നാട്ടുകാർ പറയുന്നു. ഓർക്കാട്ടേരി ടൗണിൽ ചില സ്ഥലത്ത് രഹസ്യമായി തമ്പടിച്ച് ചിലർ ലഹരി ഇടപാട് നടത്തുന്നതായി സൂചനയുണ്ട്. അതിഥിത്തൊഴിലാളികളെയും ലഹരി വിതരണത്തിനു കരുവാക്കുന്നുണ്ട്. ലഹരിക്ക് അടിമയാക്കി ഇവരെ വിൽപനയിലെ കണ്ണികളാക്കുകയാണ് തന്ത്രം. വിദ്യാർഥികൾ വരെ ഇത്തരം സംഘങ്ങളുടെ കെണിയിൽ പെട്ടതായി സംശയിക്കുന്നു.ഈ മേഖലയിൽ വ്യാപകമായ ലഹരി സംഘത്തെ ഇല്ലാതാക്കാൻ പൊലീസ് ശക്തമായ ഇടപെടൽ നടത്തണമെന്ന് കെ.കെ.രമ എംഎൽഎ ആവശ്യപ്പെട്ടു. ഓർക്കാട്ടേരി ടൗൺ കേന്ദ്രീകരിച്ച് ലഹരി സംഘം വ്യാപകമായെന്ന പരാതിയുണ്ട്. ഈ സംഘങ്ങളുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന മരണങ്ങളെപ്പറ്റിയും അന്വേഷിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com