ADVERTISEMENT

തിരുവനന്തപുരം∙ രണ്ടോ മൂന്നോ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ശക്തികേന്ദ്ര’ സമിതിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ഈ യോഗത്തിൽ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് ഒരുക്കത്തിന് ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി കേരളത്തിലെ 7000 ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തിൽ പങ്കെടുത്ത് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു പ്രവർത്തനത്തിന്തുടക്കമിടും. 

30ന് മുൻപ് തന്നെ പ്രധാന സീറ്റുകളിൽ ചിലതിൽ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാകും. തൃശൂർ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട എന്നീ സീറ്റുകളിൽ പ്രഖ്യാപനം നേരത്തെയുണ്ടാകും. തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി.മുരളീധരനും പാലക്കാട് സി.കൃഷ്ണകുമാറുമാകും മത്സരിക്കുക. പത്തനംതിട്ടയിൽ കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. പി.സി.ജോർജുമായി ധാരണയായാൽ ജോർജ് മത്സരിച്ചേക്കും. കോഴിക്കോട് ശോഭ സുരേന്ദ്രനും വടകരയിൽ എം.ടി.രമേശും മത്സരിക്കുമെന്നാണ് സൂചന. 

എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 27ന് കാസർകോട്ട് ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും 10 കിലോമീറ്റർ വീതമാണ് പദയാത്ര. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ പദയാത്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനാണ് അമിത് ഷാ എത്തുന്നത്. 23ന് പാലക്കാട്ട് സമാപനയോഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയേക്കും. 

 60 ദിവസത്തെ പ്രവർത്തന പദ്ധതിയാണ് ശക്തികേന്ദ്ര പ്രമുഖന്മാരുടെ യോഗത്തിൽ നൽകുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ, എല്ലാ വീടുകളിലേക്കും ഭരണ നേട്ടങ്ങളുടെ ബുക്‌ലെറ്റ് വിതരണം, വികസനനേട്ടങ്ങൾ വിവരിക്കുന്ന രഥ യാത്ര തുടങ്ങിയവ നടത്തും. ഓരോ ആഴ്ചയിലും ബൂത്ത് ഓഡിറ്റ് നടത്തി പ്രവർത്തനം വിലയിരുത്തും.

മോദി തൃപ്രയാറും സന്ദർശിക്കും
തൃപ്രയാർ (തൃശൂർ) ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി 17ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും. ഗുരുവായൂരിലെ ചടങ്ങുകൾക്ക് ശേഷം വലപ്പാട് ഗവ. ഹൈസ്കൂളിലെ ഗ്രൗണ്ടിൽ സജ്ജമാക്കുന്ന ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി 10.10 മുതൽ 11.10 വരെ  പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാകും.

21 വിദ്യാർഥികളുടെ വേദാർച്ചന, രാമായണത്തെ ആസ്പദമാക്കിയുള്ള ഭജന എന്നിവ ഒരുക്കും.  ബുധനാഴ്ച മോദി ഗുരുവായൂർ സന്ദർശിക്കുമ്പോൾ കനത്ത സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചു  സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) എഡിജിപി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കാലത്ത് 7.40ന് മോദി ക്ഷേത്രത്തിൽ എത്തുമെന്നാണ് ഇപ്പോഴത്തെ വിവരം.  ക്ഷേത്ര ദർശനത്തിനു ശേഷം 8.45ന് ക്ഷേത്രത്തിൽസുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് 9ന് മടങ്ങും.

English Summary:

Narendra Modi, Yogi Adityanath, Amit Shah and Nadda to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com