ADVERTISEMENT

തൃശൂർ ∙ മുഖ്യമന്ത്രിക്കു മേൽ ഇത്രയുംകാലം പൊലീസ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരുന്ന ‘സുരക്ഷാ ഭീഷണി’ തിരഞ്ഞെടുപ്പുകാലത്ത് അപ്രത്യക്ഷമായി. തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ ജില്ലയിൽ മുഖ്യമന്ത്രി എത്തിയതും പലയിടങ്ങളിലായി സഞ്ചരിച്ചതും അതിഭീകര സുരക്ഷയുടെ ബുദ്ധിമുട്ടുകളുണ്ടാക്കാതെ. നാടുമുഴുവൻ ഗതാഗതം തടഞ്ഞും അഗ്നിരക്ഷാസേന മുതൽ ആംബുലൻസ് വരെ ഉൾപ്പെടുന്ന വാഹനവ്യൂഹമൊരുക്കിയും വിവാദങ്ങളിൽ ഇടംപിടിച്ച ‘നവകേരള സദസ്സ്’ മോഡൽ സുരക്ഷാ സന്നാഹം ഒഴിവാക്കി ലളിതമായിട്ടായിരുന്നു പല സ്ഥലത്തേക്കുമുള്ള പ്രചാരണ യാത്രകൾ. 

വീഴാതെ നോക്കാല്ലേ ! തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം തൃശൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്‍റ്റേജിൽ നിന്ന് താഴേക്ക് നോക്കി നിന്നപ്പോൾ. കരുവന്നൂർ  സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ചും സ്വീകരിച്ച നടപടിയെ കുറിച്ചും പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
വീഴാതെ നോക്കാല്ലേ ! തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം തൃശൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്‍റ്റേജിൽ നിന്ന് താഴേക്ക് നോക്കി നിന്നപ്പോൾ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ചും സ്വീകരിച്ച നടപടിയെ കുറിച്ചും പ്രസംഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. പി.ബാലചന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കെ.പി.രാജേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ഇരിങ്ങാലക്കുടയിലും തൃശൂരിലും ചാവക്കാട്ടും മുഖ്യമന്ത്രിയെത്തിയതു ജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നവിധമുള്ള സുരക്ഷാ സന്നാഹങ്ങളില്ലാതെയാണ്. പൈലറ്റ്, എസ്കോർട്ട് പൊലീസ് വാഹനങ്ങൾക്കു പുറമെ അംഗരക്ഷകരുടെ വാഹനങ്ങളടക്കം അരഡസനിൽ താഴെ വാഹനങ്ങൾ മാത്രം ഉൾപ്പെട്ട വ്യൂഹമാണു മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ ഉണ്ടായിരുന്നത്. 7 ആയുധധാരികളടക്കം 25 കമാൻഡോകൾ ഉൾപ്പെട്ട ദ്രുതകർമസേന, 2 എസ്കോർട്ട് വാഹനങ്ങൾ, ഒരു പൈലറ്റ് വാഹനം, സ്ട്രൈക്കർ ഫോഴ്സ്, സ്പെയർ വാഹനം തുടങ്ങിയവ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ അണിനിരക്കുന്ന സുരക്ഷാ സന്നാഹം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അഗ്നിരക്ഷാ സേന, മെഡിക്കൽ സംഘം, ആംബുലൻസുകൾ തുടങ്ങിയവ നേരത്തെ ഏർപ്പെടുത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം മെറ്റൽ ഡിറ്റക്ടർ പോലുമുണ്ടായിരുന്നില്ല. മുൻകൂറായി ഗതാഗതം തടസ്സപ്പെടുത്തി റോഡ് ക്ലിയറിങ് പാർട്ടിയെ നിയോഗിക്കുന്ന രീതിയുമുണ്ടായില്ല. 

യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഭാരിച്ച സുരക്ഷയുടെ ശ്വാസംമുട്ടലില്ലാതെയാണു പങ്കെടുത്തത്. വേദിയുടെ ഏറെ മുന്നിൽ ജനത്തെ ബാരിക്കേഡ് കെട്ടി അകറ്റിയിരുത്തുന്ന രീതിയുമുണ്ടായില്ല. മുദ്രാവ‍ാക്യം വിളിക്കുന്ന പ്രവർത്തകർ അരികിൽ ചേർന്നു നിൽക്കെയാണു മുഖ്യമന്ത്രി ഇരിങ്ങാലക്കുടയിലെ വേദിയിലെത്തിയത്. തിരികെ പോകുമ്പോൾ മൈതാനത്തിന്റെ മതിൽ ചാടിക്കടന്നു ജനം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനരികിൽ റോഡിലുടനീളം നിന്നിരുന്നെങ്കിലും പൊലീസ് ലാത്തിയുമായി ചാടിവീണില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com