ADVERTISEMENT

തൃശൂർ ∙ 90 കൾ വരെ പലയിടത്തും കേട്ടിരുന്ന ടൈപ്പ് റൈറ്ററിന്റെ താളാത്മക ശബ്ദം. ശബ്ദങ്ങൾക്കനുസരിച്ച് ആ പഴയ യന്ത്രത്തിൽ പിന്നോട്ടു നൃത്തം ചെയ്യുന്ന വെളുത്ത പേപ്പറിൽ വരിയൊപ്പിച്ചു വിരിയുന്ന അക്ഷരങ്ങൾ. തൃശൂർ പൂരം പ്രദർശന കമ്മിറ്റി ഓഫിസിൽ ചെന്നാൽ ഈ പഴയ ചിത്രം ഇന്നും കാണാം. നിറം മങ്ങിയെങ്കിലും ഉശിരു കുറയാത്ത പഴയ ടൈപ്റൈറ്ററിന്റെ മുന്നിൽ ഇരിക്കുന്നതു രാമേട്ടനാണ്.

പാറമേക്കാവിന്റെ ‍ടൈപ്പിസ്റ്റ് എം.രാമചന്ദ്രൻ. 60 വർഷം മുൻപ് ആരംഭിച്ച പൂരം പ്രദർശന കമ്മിറ്റി ഓഫിസിൽ ഇന്നും ടൈപ് റൈറ്റർ ഉപയോഗിക്കുന്നു. ഒരു പക്ഷേ പൂരം പ്രദർശനത്തോളം പഴക്കം ഈ ടൈപ് റൈറ്ററിനും കാണും.1976 മുതൽ രാമേട്ടനു ടൈപ് റൈറ്ററിന്റെ ശബ്ദം ഹൃദയ താളമാണ്. അര നൂറ്റാണ്ടിനടുത്ത കാലം പൂരത്തിന്റെ നോട്ടിസുകളും പാറമേക്കാവ് ദേവസ്വത്തിന്റെ പ്രധാന എഴുത്തുകളും ആ യന്ത്രത്തിലൂടെയാണു പുറത്തിറങ്ങിയത്.

ടൈപ് റൈറ്റർ ഹയർ പാസായ ശേഷം ലിയോ മെഡിക്കൽസിലാണു ആദ്യം ജോലിക്കു ചേർന്നത്. പിന്നീട് പാറമേക്കാവിൽ ജോലി കിട്ടി. അന്നു മുതൽ ഇന്നു വരെയുള്ള എല്ലാ പൂരക്കാലത്തും രാമേട്ടൻ പാറമേക്കാവിന്റെ ഓഫിസിൽ ഉണ്ടാവും. രാവിലെ 10ന് എത്തിയാൽ രാത്രി 9.30 വരെ ഉണ്ടാവും ജോലിത്തിരക്ക്. നോട്ടിസുകളും ലെറ്ററുകളും പ്രധാനപ്പെട്ട ബില്ലുകളും ഇംഗ്ലിഷിൽ ടൈപ്പ് ചെയ്യും.

കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാനും അറിയാമെങ്കിലും വർഷങ്ങളായി പരിചയിച്ചതിനാൽ കംപ്യൂട്ടറിനേക്കാൾ എളുപ്പം ടൈപ്പ് റൈറ്റർ ആണെന്നാണു രാമേട്ടന്റെ പക്ഷം. ജനുവരി മുതൽ മേയ് വരെയാണു പൂരത്തിന്റെ ജോലികൾ ഉണ്ടാവുക. പേരക്കുട്ടി ജിതിൻ സ്മാർട്ട് ഫോൺ പരിചയിപ്പിക്കാൻ ഇടയ്ക്കു ശ്രമിക്കാറുണ്ടെങ്കിലും രാമേട്ടന് അതിനോടൊന്നും താൽപര്യമില്ല. ഫോൺ ഉപയോഗിക്കാറുമില്ല. ചെമ്പൂക്കാവിലാണു വീട്. ഭാര്യ ഉഷയ്ക്കും മകൾ രേഷ്മയ്ക്കും പേരക്കുട്ടിക്കുമൊപ്പമാണു താമസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com