ADVERTISEMENT

ഭൂമിയുടെ 71 ശതമാനത്തോളം ജലമാണ്. സൗരയൂഥത്തിൽ മറ്റൊരു ഗ്രഹത്തിനുമില്ലാത്ത രീതിയിൽ കടുംനീല നിറവും ജീവൻ ഉടലെടുക്കാനും നിലനിൽക്കാനുമുള്ള സാധ്യതയുണ്ടായതും വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടാണ്. ഭൂമിയിൽ ജലം എങ്ങനെയുണ്ടായി എന്നത് എന്നും ശാസ്ത്ര സമൂഹം ചർച്ച ചെയ്യുന്ന വിഷയമാണ്. 

പ്രപഞ്ചത്തിൽ നിറഞ്ഞ പൊടിയുടെയും വാതകങ്ങളുടെയും മേഘങ്ങളിൽനിന്നാണ് ഗ്രഹങ്ങൾ രൂപപ്പെട്ടത്. ആ കാലഘട്ടത്തിൽത്തന്നെ വെള്ളം ഈ രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഭൂമിയിൽ നിലനിന്നിരുന്നെന്നെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞർ വാദിക്കുന്നു. എന്നാൽ 2021 ൽ ഇറങ്ങിയ ഒരു പഠനം ഈ ധാരണയെ ഖണ്ഡിച്ചു. ബ്രിട്ടനിലെ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഡോ. ലൂക്ക് ഡാലിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനങ്ങൾ നടത്തിയത്. ഭൂമി ആരംഭദശയിൽ വരണ്ടുണങ്ങിയ ഒരു ഗ്രഹമായിരുന്നെന്ന് ഇവർ പറയുന്നു. അക്കാലത്ത് വെള്ളത്തിന്റെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നില്ല. ബഹിരാകാശത്തെ സ്രോതസ്സുകളിൽ നിന്നാണു വെള്ളം ഇവിടെയെത്തിയത്രേ.

ഇത്തോക്കാവ 25143 എന്ന ഛിന്നഗ്രഹം (Photo: X/@Astroguyz)
ഇത്തോക്കാവ 25143 എന്ന ഛിന്നഗ്രഹം (Photo: X/@Astroguyz)

ജപ്പാന്റെ ഹയാബൂസ എന്ന ദൗത്യം ഇത്തോക്കാവ 25143 എന്ന ഛിന്നഗ്രഹത്തിൽ ഖനനം നടത്തി അതിന്റെ സാംപിളുകൾ ഭൂമിയിൽ എത്തിച്ചിരുന്നു. ഈ സാംപിളുകളിൽ പഠനം നടത്തിയ ശാസ്ത്രജ്ഞർ ഇതിൽ ജലത്തിന്റെ സാന്നിധ്യം വർധിച്ച തോതിൽ കണ്ടെത്തി. ഈ കണ്ടെത്തലാണ് ലൂക്ക് ഡാലിയുടെയും സംഘത്തിന്റെയും സിദ്ധാന്തത്തിനു കാരണമായത്.

സൗരവാതം മൂലം പുറന്തള്ളപ്പെടുന്ന അതീവ ഊർജ കണികകളാണ് സൗരയൂഥത്തിൽ പരന്നിരുന്ന പൊടികളുമായും വാതകങ്ങളുമായും ഇടപെട്ട് ജല തന്മാത്രകളുടെ രൂപീകരണത്തിനു വഴി വച്ചതത്രേ. പിന്നീട് ഇവ മേഘങ്ങൾ പോലെ കൂടിച്ചേർന്ന് സൗരയൂഥത്തിൽ പരന്നു. ഭൂമി സൂര്യനെ ഭ്രമണം ചെയ്യുന്നതിനിടയിൽ ഈ മേഘങ്ങളെ തന്റെ അന്തരീക്ഷത്തിലേക്കു കൂടെക്കൂട്ടി. ഇവ പിന്നീട് വിവിധ പ്രക്രിയകളാൽ മഴയായും ഹിമമായും ഭൂമിയിൽ പെയ്തു നിറഞ്ഞു. വെള്ളം ഭൂമിയിൽ പടർന്നു.

എന്നാൽ ഭൂമിയിലെ സമുദ്രങ്ങളിലുള്ള ജലമെല്ലാം ഈ വിധത്തിലല്ല ഉണ്ടായതെന്ന് ഗവേഷക സംഘത്തിലെ മറ്റൊരു പ്രമുഖ ശാസ്ത്രജ്ഞനായ മാർട്ടിൻ ലീ പറയുന്നു. ആദിമ കാലത്ത് ഭൂമിയിൽ വന്നിടിച്ച ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലുമൊക്കെയുണ്ടായിരുന്ന ഹിമസാന്നിധ്യവും ഭൂമിയിലെ ജലസമ്പത്തിനു സംഭാവനകൾ നൽകി.

പ്രതീകാത്മക ചിത്രം. (Credit: phokin/ Istock)
പ്രതീകാത്മക ചിത്രം. (Credit: phokin/ Istock)

പ്രപഞ്ചത്തിലെ ജലസാന്നിധ്യം സംബന്ധിച്ച് കൗതുകരമായ പല വിവരങ്ങളും കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ ജലസ്രോതസ്സ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഭൂമിയിലെ സമുദ്രങ്ങളിലുള്ള മൊത്തം ജലത്തിന്റെ 140 ട്രില്യൻ മടങ്ങാണ് ഈ ജലസ്രോതസ്സിലുള്ളത്. ഒരു ട്രില്യനെന്നാൽ ഒരു ലക്ഷം കോടി. എത്രത്തോളം ബൃഹത്താണ് ഈ ജലനിക്ഷേപമെന്നറിയാൻ ഈ ഒരൊറ്റ കണക്ക് മതി.

യുഎസിലെ കാൾടെക് സർവകലാശാലയിലെ രണ്ട് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്. ക്വസാർ എന്നയിനത്തിലുള്ള തമോഗർത്ത സംവിധാനത്തിനു സമീപം നീരാവി രൂപത്തിലാണ് ഈ ജലം സ്ഥിതി ചെയ്യുന്നത്. എന്നാൽ ഈ ജലശേഖരം കണ്ടെത്താൻ പാടാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ നിന്ന് വളരെ വളരെ അകലെ വിദൂരമേഖലയിലാണ് ക്വസാർ സ്ഥിതി ചെയ്യുന്നത്.

അടുത്തകാലത്തായി സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. ഇത്തരം ഗ്രഹങ്ങൾ പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്നറിയപ്പെടുന്നു. ഒട്ടേറെ പുറംഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അടുത്തിടെ പഠനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രത്യേകതരം പുറംഗ്രഹങ്ങൾ അദ്ഭുതമായി മാറി. ഈ ഗ്രഹങ്ങളുടെ പകുതി പാറയും പകുതി വെള്ളവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചുവന്ന കുള്ളൻ നക്ഷത്രത്തെ വലംവയ്ക്കുന്ന രീതിയിലാണ് ഈ ഗ്രഹമുള്ളത്. സൂര്യന്റെ അഞ്ചിലൊന്നുമാത്രം പിണ്ഡവും ചെറിയ ആകൃതിയും തണുപ്പുനിറഞ്ഞ പരിതസ്ഥിതിയുമുള്ളവയാണ് ചുവന്ന കുള്ളൻ നക്ഷത്രങ്ങൾ. പ്രപഞ്ചത്തിലെ നക്ഷത്രങ്ങളിൽ 70 ശതമാനവും ഇത്തരം നക്ഷത്രങ്ങളാണെന്നു ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നു. പല ചുവന്ന കുള്ളൻ നക്ഷത്രങ്ങൾക്കു ചുറ്റും ഇത്തരം ഗ്രഹങ്ങളുണ്ടത്രേ. ചുരുക്കത്തിൽ പറഞ്ഞാൽ, വെള്ളം നിറഞ്ഞ ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ ധാരാളമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

The sun and nine planets of our system orbiting.
The sun and nine planets of our system orbiting.

2023 ൽ ഭൂമിയിലെ ജലസാന്നിധ്യം സംബന്ധിച്ച് മറ്റൊരു പഠനം നടന്നു. വരണ്ട, പാറനിറഞ്ഞ പരിതസ്ഥിതികളിൽ നിന്നാണു ഭൂമിയുടെ തുടക്കമെന്ന് ആ ഗവേഷകരും പറയുന്നു. ഭൂമി രൂപപ്പെട്ട് അനേകവർഷം കഴിഞ്ഞാണത്രേ ഗ്രഹത്തിൽ വെള്ളമെത്തിയതും നിറഞ്ഞതും. ഭൂമിയുടെ കാലം വച്ചുനോക്കിയാൽ വളരെ അടുത്തകാലത്താണു വെള്ളം എത്തിയതെന്നും ഗവേഷകർ പറയുന്നു. അതായതു ഭൂമിയുടെ മൊത്തം ജീവിതദൈർഘ്യത്തിന്റെ അവസാന 15 ശതമാനം സമയത്തുമാത്രമാണ് വെള്ളം പ്രത്യക്ഷപ്പെട്ടതത്രേ. ഭൂമിക്കുള്ളിലുള്ള മാഗ്മയുടെ രാസപരിശോധന നടത്തിയാണ് നിഗമനത്തിലേക്കു ശാസ്ത്രജ്ഞർ എത്തിച്ചേർന്നത്.

English Summary:

The Cosmic Journey of Water: Deciphering Earth's Blue Mystery Through Space Dust and Solar Winds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com