ADVERTISEMENT

വികാരങ്ങൾ അതിന്റെ ഏറ്റവും കൃത്യമായ രൂപത്തിൽ പ്രകടിപ്പിക്കാനുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. സന്തോഷമായാലും സങ്കടമായാലും അത് വ്യത്യസ്ത ഭാവങ്ങളിലൂടെ കൃത്യമായി പ്രകടിപ്പിക്കാൻ മനുഷ്യന് സാധിക്കും. എന്നാൽ മനുഷ്യൻ മാത്രമല്ല, കോഴികളും വികാരജീവികളാണെന്ന് പറയുകയാണ് ഒരു പഠനം. അതായത്, കോഴികളുടെ മുഖത്ത് നോക്കി അവയുടെ വികാരം എന്താണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന് ചുരുക്കം.

മനുഷ്യനെപ്പോലെ ഭാവങ്ങളല്ല മറിച്ച് മുഖത്തിന്റെ നിറമാണ് കോഴികളുടെ ഉള്ളിലെ വികാരമെന്താണെന്ന് വെളിവാക്കുന്നത്. ഉദാഹരണത്തിന് വളരെയധികം വിഷമത്തിലൂടെ കടന്നു പോകുന്ന സാഹചര്യങ്ങളിൽ അവയുടെ മുഖം കൂടുതൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. അഗ്രികൾച്ചറൽ സയൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐഎൻആർഎഇയിലെ ഗവേഷണ സംഘമാണ് കോഴികളുടെ വികാരപ്രകടനങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. മറ്റ് പലതരം പക്ഷികൾക്കും മൃഗങ്ങൾക്കും ഇത്തരത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് വ്യത്യസ്ത സാഹചര്യങ്ങളിൽ കോഴികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസം കൃത്യമായി കണ്ടെത്തുന്നത്. 

Photo Contributor: Sonsedska Yuliia/ Shutterstock
Photo Contributor: Sonsedska Yuliia/ Shutterstock

സന്തോഷം, ഉത്സാഹം, സങ്കടം, ഭയം തുടങ്ങിയ വ്യത്യസ്ത വികാരങ്ങളിലൂടെ കോഴികളും കടന്നു പോകുന്നുണ്ട്. ഇവയെല്ലാം പ്രതിഫലിക്കുന്നത് അവയുടെ മുഖത്തിലാണ്. സമ്മർദ്ദങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെയിരിക്കുന്ന അവസരങ്ങളിൽ മുഖത്തിന് ഇളം പിങ്ക് നിറമായിരിക്കും. നേരെമറിച്ച് ഭയം, ഉത്സാഹം തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ചുവപ്പു നിറമായി മാറുകയും ചെയ്യും. മൂന്നു മുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളിലാണ് പഠനം നടത്തിയത്. മൂന്നാഴ്ച്ചക്കാലം ഇവയെ പ്രത്യേക സ്ഥലത്ത് പാർപ്പിച്ച് പെരുമാറ്റ രീതികൾ പഠനത്തിന് വിധേയമാക്കി.

ഓരോ അവസ്ഥയിലും കോഴികൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാനായി വ്യത്യസ്ത സാഹചര്യങ്ങളിൽ കൂടി അവ കടന്നുപോകാനുള്ള അവസരം ഒരുക്കിയിരുന്നു. ചില സമയങ്ങളിൽ അവയ്ക്ക് ആവശ്യത്തിനുള്ള ഭക്ഷണം നൽകി. എന്നാൽ മറ്റു ചില സമയങ്ങളിലാകട്ടെ യാതൊരു മുന്നൊരുക്കവുമില്ലാതെ പിടികൂടാൻ ശ്രമിച്ചു. ഈ സമയങ്ങളിലെ അവയുടെ ഭാവപ്രകടനങ്ങൾ തിരിച്ചറിയാനായി പതിനെണ്ണായിരം ചിത്രങ്ങളാണ് പകർത്തിയത്. ഇമേജറി സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ പിന്നീട് മുഖത്തെ നിറത്തിന്റെ വ്യത്യാസം എത്രത്തോളം ഉണ്ടെന്ന് വിശകലനം ചെയ്യുകയായിരുന്നു. 

Photo Contributor: Stefan Witte Foto/ Shutterstock
Photo Contributor: Stefan Witte Foto/ Shutterstock

ഈ നിറവ്യത്യാസത്തിന് പിന്നിലെ കാരണവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത മനോവികാരങ്ങളിലൂടെ കടന്നു പോകുമ്പോൾ രക്തയോട്ടത്തിൽ ഉണ്ടാകുന്ന മാറ്റമാണ് മുഖത്തിലെ നിറം മാറ്റത്തിന് കാരണമാകുന്നത്. ഉദാഹരണത്തിന് ഭയമോ വിഷമമോ തോന്നുന്ന സാഹചര്യങ്ങളിൽ മുഖഭാഗത്തേക്കുള്ള രക്തയോട്ടം ക്രമാതീതമായി വർധിക്കും. എന്നാൽ ശാന്തമായിരിക്കുന്ന അവസരങ്ങളിൽ രക്തയോട്ടം സ്വാഭാവിക രീതിയിൽ തുടരുകയും ചെയ്യും. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമം ഏറെ മൃദുലമാണ്. അതുമൂലം രക്തയോട്ടത്തിലെ ഈ വ്യതിയാനം വളരെ വേഗത്തിൽ ദൃശ്യമാവുകയും ചെയ്യും.

English Summary:

Discover the Emotional World of Chickens: Beyond Human Expressions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com