ആടുകൾ ഉണ്ടായത് ഈ ജീവിയിൽ നിന്ന്; എങ്ങനെയാണ് മനുഷ്യർക്കൊപ്പം കൂടിയത്?
Mail This Article
മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ആടുകളുടെ ചരിത്രം. നമുക്ക് ഏറ്റവും പരിചിതമായ ജീവികളിലൊന്നും ആടുകളാണ്. കാലങ്ങളായി ആടുകളെ വിവിധ ജനസമൂഹങ്ങൾ പാലിനും മാംസത്തിനും രോമത്തിനുമായി വളർത്തുന്നു. പ്രാചീന സമൂഹങ്ങളിൽ പലതിന്റെയും നിലനിൽപിന്റെ ആധാരങ്ങളിലൊന്ന് ആടുവളർത്തലായിരുന്നു.
എന്നാൽ എങ്ങനെയാണ് ആടുകൾ മനുഷ്യർക്കൊപ്പം കൂടിയത്? നമ്മൾ കാണുന്ന ആടുകൾ എങ്ങനെയാണ് നമുക്കൊപ്പം ചേർന്നത്?
പതിനായിരം വർഷങ്ങൾ മുൻപ് ഇറാനിലാണ് ആദ്യമായി ആടുകളെ മെരുക്കിയെടുത്തു വളർത്താൻ തുടങ്ങിയതെന്നു കരുതപ്പെടുന്നു. മനുഷ്യർ ഏറ്റവുമാദ്യം ഇണക്കിവളർത്തിയ ജീവികളിലൊന്നും ആടുകളാണ്.
കാപ്ര ഈഗഗ്രസ് എന്ന കാട്ടാടുകളിൽ നിന്നാണ് ഇന്നത്തെ ആടുകൾ ഉദ്ഭവിച്ചത്. ഇക്കൂട്ടത്തിൽത്തന്നെ നാല് ഉപവിഭാഗങ്ങളുണ്ട്. ഇതിൽപെട്ട ബെസോർ ഐബക്‌സ് എന്ന കാട്ടാടിനെയാണ് ആദ്യമായി മെരുക്കിയതെന്നു കരുതപ്പെടുന്നു. ഇന്നത്തെ ഇറാനിലെ സാഗ്രോസ് മലനിരകളിൽ ഇവ ധാരാളമായി ഉണ്ടായിരുന്നു.
കാട്ടാടുകൾ ഇന്ന് വംശനാശഭീഷണി നേരിടുന്നവയാണ്. തുർക്കി, കോക്കസസ് മേഖല, ഏഷ്യ മൈനർ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളാണ് ഇവയുടെ വാസസ്ഥലം. അനധികൃത വേട്ട, മരംമുറിക്കൽ മൂലം വാസസ്ഥലം നഷ്ടപ്പെടുന്നത്, മേച്ചിൽപുറങ്ങൾ കുറയുന്നത് എന്നിവ ഇവയ്ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു.
കാട്ടാടുകൾ പൊതുവെ 120 മുതൽ 160 സെന്റിമീറ്റർ വരെ വലുപ്പവും 70 മുതൽ 100 സെന്റിമീറ്റർ വരെ ഉയരവുമുള്ളവയാണ്. സീസണുകൾ അനുസരിച്ച് ഇവയുടെ നിറത്തിൽ മാറ്റമുണ്ടാകും. നല്ല നീളമുള്ളതും വളഞ്ഞതുമായ കൊമ്പുകളാണ് ഇവയുടെ പ്രധാന പ്രത്യേകത.
ബെസോർ കാട്ടാടും സാധാരണ ആടുകളും തമ്മിലുള്ള സങ്കരയിനം ആടുകളെ തുർക്കിയിൽ വളർത്താറുണ്ട്. കാഴ്ചയിൽ ഇവ ബെസോറുകളെപ്പോലെ തന്നെയിരിക്കും. എന്നാൽ ബെസോറുകളുടെ അടയാളമായ വലിയ കൊമ്പുകൾ ഇവയ്ക്കില്ല. നീളം കുറവാണ്.