ADVERTISEMENT

വടക്കൻ ആഫ്രിക്കയിൽ പരന്നു കിടക്കുന്ന സഹാറ മരുഭൂമി ഉൽക്കകൾ മറഞ്ഞു കിടക്കുന്ന ഒരു അക്ഷയഖനിയാണ്. വിവിധ കാലഘട്ടത്തിലെ അപൂർവമായ ഉൽക്കകളും ഛിന്നഗ്രഹ ഭാഗങ്ങളും ഇവിടെ നിന്നു കണ്ടെത്തിയിട്ടുണ്ട്. 1995നു ശേഷം പതിനയ്യായിരത്തോളം ഇത്തരം ഉൽക്കകളും മറ്റും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നാണു കണക്ക്.

ഇവിടെ നിന്നുള്ള ഉൽക്കകൾ സംബന്ധിച്ച് ഒരു വലിയ അഭ്യൂഹമുണ്ട്. 1916ൽ ഫ്രഞ്ച് കോൺസുൽ ഓഫിസറായ ഗാസ്റ്റൺ റിപ്പെർട്ട് മൗറിട്ടാനിയയിലായിരുന്നു. ചിൻഗ്വെറ്റി എന്ന പട്ടണത്തിനു പുറത്ത് മലപോലുള്ള ഒരു ഉൽക്ക താൻ കണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 100 മീറ്റർ ഉയരമാണ് ഗാസ്റ്റൺ ഇതിനുണ്ടെന്നു പറഞ്ഞത്. ഈ സംഭവം വലിയ അലകളുയർത്തി. കാലാകാലങ്ങളായി ഈ ഉൽക്കയെ ശാസ്ത്രജ്ഞർ തേടുന്നുണ്ട്. അടുത്തിടെയും റഡാർ വിവരങ്ങളൊക്കെ ഉപയോഗിച്ച് ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ഇങ്ങനെയൊരു ഉൽക്കയില്ലെന്നും ഗാസ്റ്റൺ ചുമ്മാ തട്ടിവിട്ടതാണെന്നും വേറൊരു വാദമുണ്ട്.

Photo: X/@OuterSpaceRocks
Photo: X/@OuterSpaceRocks

ഏതായാലും ധാരാളം ഉൽക്കകളുള്ള ഒരു മേഖലയാണ് സഹാറയെന്നത് വസ്തുതയാണ്. കഴിഞ്ഞ വർഷം ചന്ദ്രനിൽ നിന്ന് ഉത്ഭവിച്ച് സഹാറയിൽ വീണ ഒരു ഉൽക്ക 18 കോടി രൂപയ്ക്കാണു വിറ്റുപോയത്. ആദിമകാല ചൊവ്വയിൽ നിന്നു തെറിച്ച ഒരു അപൂർവ ഉൽക്കയെ 2018ൽ കണ്ടെത്തിയതും വാർത്തയായിരുന്നു. ബ്ലാക്ക് ബ്യൂട്ടി എന്നായിരുന്നു ഇതിനു നൽകിയ പേര്. വിപണന സാധ്യത മനസ്സിലാക്കി ഈ മേഖലയിൽ അനധികൃതമായി ഉൽക്ക വേട്ടകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇവിടെ നിന്ന്  കണ്ടെത്തിയ ഇസി 002 എന്ന ഉൽക്കയ്ക്ക് ഭൂമിയേക്കാൾ പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ ഇടയ്ക്ക് കണ്ടെത്തിയിരുന്നു. 4600 കോടി വർഷം പ്രായം നിർണയിക്കപ്പെടുന്ന ഈ ഉൽക്ക ഇതുവരെ ഭൂമിയിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴക്കമേറിയതാണെന്നാണ് ലൂണർ ആൻഡ് പ്ലാനറ്ററി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ ആദിമ രൂപീകരണ കാലഘട്ടത്തിൽ ഒരു പ്രോട്ടോപ്ലാനറ്റിന്റെ ഭാഗമായിരുന്നു ഈ ഉൽക്ക. ഗ്രഹങ്ങൾ പൂർണമായി രൂപീകരിക്കപ്പെടുന്നതിനു മുൻപുള്ള അവസ്ഥയാണു പ്രോട്ടോ പ്ലാനറ്റ്.

എന്നാൽ കൂടുതൽ വലുപ്പമുള്ള ഒരു ഗ്രഹം ഈ പ്രോട്ടോപ്ലാനറ്റിനെ ഗുരുത്വശക്തി കൊണ്ട് തന്നോട് ചേർത്തപ്പോൾ ഇതു തെറിച്ചു പോയതാകാമെന്നാണു വിലയിരുത്തൽ. ഭൂമിയുൾപ്പെടെ സൗരയൂഥഗ്രഹങ്ങൾ ഇന്നത്തെ നിലയിലെത്തുന്നതിനു മുൻപായിരുന്നു ഈ സംഭവം. ആഫ്രിക്കൻ രാജ്യമായ അൾജിരീയയിലെ എർഗ് ചെച്ച് മേഖലയിലായിരുന്നു ഇതു കണ്ടെത്തിയത്. ഏകദേശം 70 പൗണ്ട് ഭാരം ഇതിനുണ്ടായിരുന്നു. മഞ്ഞ, പച്ച നിറത്തിലുള്ള വിവിധ ക്രിസ്റ്റലുകളും ഇതിൽ പറ്റിച്ചേർന്നിരുന്നു.

English Summary:

Sahara's Space Treasure Trove: Unveiling Meteorites Worth Millions and the Quest for a Mythical Mountain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com