സ്രാവുകളുടെ അസ്ഥികൂടങ്ങൾ, ആയിരക്കണക്കിന് തകർന്ന കപ്പൽ, വിചിത്ര വൃത്തങ്ങൾ: ദുരൂഹമായ പ്രാചീന മരുഭൂമി

Mail This Article
ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമിയെന്ന് കരുതപ്പെടുന്ന നമീബ് മരുഭൂമിയുടെ ചിത്രങ്ങൾ പങ്കുവച്ച് ബഹിരാകാശയാത്രികൻ. ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനിലെ ഡെൻമാർക്കിൽ നിന്നുള്ള യാത്രികനായ ആന്ദ്രേ മൊഗൻസനാണ് ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലാന്റിക് തീരത്തോട് ചേർന്നാണ് നമീബ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഊഷരമായ മേഖലകളിലൊന്നാണ് ഇത്. 3 രാജ്യങ്ങളിലായി 81000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. തദ്ദേശീയമായ നാമ ഭാഷയിൽ നമീബ് എന്ന വാക്കിന്റെ അർഥം ഒന്നുമില്ല എന്നതാണ്.
5.5 കോടി വർഷം പഴക്കം കണക്കാക്കുന്നതാണ് ഈ മരുഭൂമി. വേനൽക്കാലത്ത് 45 ഡിഗ്രി വരെ ചൂട് ഉയരുന്ന ഇവിടെ രാത്രിയിൽ വെള്ളം ഐസാകുന്ന തണുപ്പ് ഉടലെടുക്കും. ജീവയോഗ്യമല്ലാത്ത കടുത്ത സാഹചര്യങ്ങളാണ് ഇവിടെ സ്ഥിതി െചയ്യുന്നത്.എങ്കിലും ഓറിക്സ്, സ്പ്രിങ്ബോക്, ചീറ്റ, കഴുതപ്പുലി, സീബ്ര, ഒട്ടകപ്പക്ഷികൾ തുടങ്ങിയ ചില ജീവികൾ ഇവിടെ അധിവസിക്കുന്നുണ്ട്.
നമീബ് മരുഭൂമിയുടെ 500 കിലോമീറ്ററോളം തീരഭാഗം സ്കെലിട്ടൻ കോസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ സ്രാവുകളുടെ ധാരാളം അസ്ഥികൂടങ്ങളും ആയിരക്കണക്കിനു തകർന്ന കപ്പലുകളും കാണാം. കടുത്ത മഞ്ഞ് പ്രദേശത്ത് ഉടലെടുക്കുന്നതിനാലാണ് ഇവിടെ കപ്പലപകടത്തിനു കാരണമായത്.

ചൊവ്വാഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന പ്രകൃതിയാണ് നമീബ് മരുഭൂമിയിൽ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്. എന്നാൽ ഇതിനിടയിലും കൗതുകകരവും ദുരൂഹവുമായ ഒരു കാര്യം മരുഭൂമിയിൽ കാണാം. വൃത്താകൃതിയിലുള്ള ചില വിചിത്രഘടനകളാണ് ഇത്. ഇവയിൽ വട്ടംചുറ്റി പുല്ല് വളർന്നു നിൽക്കും. ഫെയറി റിങ്സ് എന്നറിയപ്പെടുന്ന ഈ ഘടനകൾ തദ്ദേശീയരായ ഹിംബ സമൂഹത്തിന്റെ വിശ്വാസപ്രകാരം അവരുടെ ദൈവമായ മുകുരുവിന്റെ കാലടികളാണ്.
ചിലരിത് അന്യഗ്രഹജീവികളുടെ പണിയാണെന്നാണു വിശ്വസിക്കുന്നത്. ഏതായാലും വ്യക്തമായ ഒരുത്തരം ഈ ഘടനകളെക്കുറിച്ചില്ല. പല വിശദീകരണങ്ങളും ഇതെക്കുറിച്ച് ഉയർന്നിരുന്നു. ചിതലുകളാണ് ഇവയ്ക്ക് കാരണമെന്നുൾപ്പെടെ. എന്നാൽ വ്യക്തമായ വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല.
Content Highlights: Namib Desert | Space | Environment