ADVERTISEMENT

കുതിച്ചും കിതച്ചുമുള്ള യാത്രയിൽ‌ അടിക്കടി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുക്കുമ്പോൾ ഈ പൊല്ലാപ്പൊന്നും ഇല്ലാത്ത ഓട്ടമാറ്റിക് ഗിയർബോക്സായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉപയോക്താക്കളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഒട്ടെല്ലാ നിർമാതാക്കളും ഓട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഈയിനത്തിലുള്ള ഒരു വാഹനം വാങ്ങാനൊരുങ്ങുമ്പോൾ ഓട്ടമാറ്റിക് ഗിയർബോക്സുകളുടെ വൈവിധ്യം അൽപം ചിന്താക്കുഴപ്പമുണ്ടാക്കാം. കൂടുതൽ ഇന്ധനക്ഷമത നൽകുന്നതേത്? ഹൈവേയിൽ മിന്നിക്കാൻ‌പറ്റുന്ന ലാഗില്ലാത്ത ഗിയർബോക്സ് ഏത്? സിറ്റി ഡ്രൈവിന് ഇണങ്ങുന്നതേത്? ഇങ്ങനെ സംശയങ്ങളും ചോദ്യങ്ങളും ഒട്ടേറെയുണ്ടാകും. 

പല പേരുകളിൽ അറിയപ്പെടുന്നുണ്ടെങ്കിലും പ്രധാനമായി അഞ്ചിനം ഓട്ടമാറ്റിക് ഗിയർബോക്സുകളാണു നിലവിലുള്ളത്. ഒാരോന്നിന്റെയും പ്രത്യേകതകൾ മനസ്സിലാക്കിയാൽ സ്വന്തം ഉപയോഗത്തിനും ഡ്രൈവിങ് ശൈലിക്കും ഇണങ്ങിയതു തിരഞ്ഞെടുക്കാൻ സാധിക്കും. 

Image Source: Longfin Media | Shutterstock
Image Source: Longfin Media | Shutterstock

TC (ടോർക്ക് കൺവെർട്ടർ)

ഒരു‌കാലത്ത് ഓട്ടമാറ്റിക് എന്നു പറഞ്ഞാൽ ഈയിനം ഗിയർബോക്സ് ആണെന്ന ധാരണയുണ്ടായിരുന്നു. അമേരിക്കൻ വാഹന നിർമാതാക്കൾ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നതും തന്മൂലം ഗൾഫ് രാജ്യങ്ങളിൽ പരക്കെ കാണപ്പെട്ടിരുന്നതുമായ സാങ്കേതികവിദ്യയാണെന്നതായിരുന്നു കാരണം. ക്ലച്ചിന്റെ സ്ഥാനത്ത് ഒരു ഹൈഡ്രോളിക് കപ്ലിങ്ങും സാധാരണ ഗിയർ ബോക്സിനു പകരം പ്രത്യേക തരത്തിലുള്ള ഒരു ഗിയർ സംവിധാനവുമാണ് ഇതിലുള്ളത്. സവിശേഷമായ ഒരു ദ്രാവകം (ട്രാൻസ്മിഷൻ ഫ്ലൂയിഡ്) ഉപയോഗിച്ച് എൻജിന്റെ ശക്തി ഗിയർ സംവിധാനത്തിലേക്കു പകരുന്നു. വാഹനം നേരിടുന്ന സാഹചര്യമനുസരിച്ച് (കയറ്റം, പെട്ടെന്നുള്ള വേഗം കൂട്ടൽ) ഗിയർ അനുപാതം സ്വയം ക്രമീകരിക്കപ്പെടും.  

ഗിയർ അനുപാതങ്ങൾ മാറുന്നതു ഡ്രൈവർക്കു പ്രകടമായി അനുഭവപ്പെടാത്ത, സൗമ്യമായ പ്രവർത്തനമാണിതിന്റെ പ്രത്യേകത. പെട്ടെന്നുള്ള വേഗമെടുക്കലിനായി ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടിയാൽ അനുയോജ്യമായ ഗിയർ അനുപാതം ലഭിക്കാൻ താമസമുണ്ടാകും. പൊതുവെ ശാന്തമായ രീതിയിൽ വാഹനം ഓടിക്കുന്ന ഒരാൾക്ക് ഇൗയിനം ഗിയർബോക്സ് മികച്ച അനുഭവം നൽകും. എൻജിൻ ശക്തിയുടെ ഒരു ഭാഗം ഫ്ലൂയിഡ് കപ്ലിങ് നഷ്ടപ്പെടുത്തുമെന്നതിനാൽ ഇന്ധനക്ഷമത മറ്റു ഗിയർ ബോക്സുകളെക്കാൾ അൽപം കുറവായിരിക്കും. അതുകൊണ്ടു ഡീസൽ വാഹനങ്ങളിലാണ് ഈയിനം ഗിയർബോക്സുകൾ കൂടുതലായി വിപണിയിലുള്ളത്. കൃത്യമായ ഇടവേളകളിൽ സർവീസ് ലഭ്യമാക്കിയാൽ ടോർക്ക് കൺവെർട്ടർ ഗിയർബോക്സ് ദീർഘകാലം നിലനിൽക്കും. 

Image Source: Soloviova Liudmyla | Shutterstock
Image Source: Soloviova Liudmyla | Shutterstock

വിപണിയിലുള്ളത്: ഡീസൽ: ഹ്യുണ്ടെയ്, കിയ, മഹീന്ദ്ര, പെട്രോൾ: മാരുതി (ബ്രസ്സ, എർട്ടിഗ)

CVT / IVT

ബെൽറ്റ് അല്ലെങ്കിൽ ചെയിൻ ചലിപ്പിക്കുന്ന കോൺ ആകൃതിയിലുള്ള രണ്ടു കപ്പികളാണിതിന്റെ അടിസ്ഥാന രൂപകൽപന. മറ്റു ഗിയർബോക്സുകളെ അപേക്ഷിച്ച് നിശ്ചിത ഗിയർ അനുപാതങ്ങൾ ഇതിലില്ല. അതുകൊണ്ടുതന്നെ ഗിയർ മാറ്റുന്ന പ്രതീതി ഒരിക്കലും ഡ്രൈവർക്ക് അനുഭവപ്പെടുന്നില്ല. ചില നിർമാതാക്കൾ പടിയുള്ള കപ്പി (സ്റ്റെപ്ഡ് പുള്ളി) ഉപയോഗിച്ച് നിശ്ചിത ഗിയർ അനുപാതങ്ങൾ ഉണ്ടെന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് അത്ര പ്രകടമായി തോന്നുകയില്ല. ഏറെ സൗമ്യമായ പ്രകടനമാണ് ഈയിനം ഗിയർ ബോക്സുള്ള വാഹനങ്ങളുടേത്. എന്നാൽ പെട്ടെന്നു വേഗം കൂട്ടാനുള്ള ശ്രമം നിരാശപ്പെടുത്തും. എൻജിൻ വേഗം വർധിക്കുന്ന ശബ്ദത്തിന് ആനുപാതികമായി വാഹനത്തിന്റെ വേഗം വർധിക്കുന്നതിന് ‘റബർ ബാൻഡ് ഇഫക്ട്’ എന്നാണു പറയുക. എന്നാൽ ഇന്ധനക്ഷമതയിൽ മുൻനിരയിലാണ് സിവിടി ഗിയർ ബോക്സുകൾ. അടിസ്ഥാനപരമായി സാങ്കേതികവിദ്യയ്ക്കു മാറ്റമില്ലെങ്കിലും ഇലക്ട്രോണിക് നിയന്ത്രണങ്ങൾ‌വഴി ക്ഷമത വർധിപ്പിച്ചിട്ടുണ്ട് എന്ന അവകാശത്തോടെയാണ് ഹ്യുണ്ടായ‌്യുടെയും കിയയുടെയും ഐവിടി ഗിയർ ബോക്സുകൾ എത്തിയിരിക്കുന്നത്. പൊതുവെ പെട്രോൾ കാറുകളിൽ മാത്രമാണ് ഇതു ലഭ്യമായിട്ടുള്ളത്. കൃത്യസമയത്തു സർവീസ് ലഭിച്ചാൽ സിവിടി ദീർഘകാലം നീണ്ടുനിൽക്കും. എന്നാൽ, ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ കുഴപ്പമുണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു മാത്രമല്ല, അറ്റകുറ്റപ്പണികൾക്കു കനത്ത ചെലവുണ്ടാകും എന്നും ഓർക്കണം. 

വിപണിയിലുള്ളത്: ഹോണ്ട, നിസാൻ, എംജി, ഹ്യുണ്ടെയ്, കിയ 

AMT

തുടക്കത്തിൽ ഭാഗിക (സെമി) ഓട്ടമാറ്റിക്കായിട്ടാണ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്ന ഈ ഗിയർബോക്സ് അറിയപ്പെട്ടിരുന്നത്. ഭാരവാഹനങ്ങളിലും സ്പോർട്സ് കാറുകളിലുമൊക്കെ ഉപയോഗിക്കുന്ന ഇതിന് ഇവിടെ പ്രചാരമുണ്ടാകാൻ പ്രധാന കാരണം തങ്ങളുടെ ശ്രേണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾക്ക് ഈ ഗിയർബോക്സ് നൽകിയ മാരുതിയാണ്. എഎംടി സംവിധാനത്തിൽ സാധാരണ‌പോലെ ഗിയർബോക്സും ക്ലച്ചുമുണ്ട്. പക്ഷേ, ക്ലച്ചിന്റെ നിയന്ത്രണവും ഗിയർ മാറ്റുന്ന പ്രക്രിയയും ഡ്രൈവറുടെ പക്കൽനിന്ന് ഒരു ഇലക്ട്രോ മെക്കാനിക്കൽ സംവിധാനം ഏറ്റെടുത്തിരിക്കുന്നു. സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു TCU (ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ്) വാഹനം നേരിടുന്ന സാഹചര്യത്തിനനുസൃതമായി ക്ലച്ച് പ്രവർത്തിപ്പിക്കുകയും ഗിയർ അനുപാതം തിരഞ്ഞെടുക്കുകയും ചെയ്യും. ഈ പ്രക്രിയയിൽ ഒരു നേരിയ കാലതാമസമുണ്ടാകുന്നത് അനുഭവപ്പെടുന്നതിനാൽ ഇതിന്റെ പ്രവർത്തനം അത്ര അനായാസമായി അനുഭവപ്പെടില്ല. 

Image Source: BigTunaOnline | Shutterstock
Image Source: BigTunaOnline | Shutterstock

ഇന്ധനക്ഷമതയുടെ കാര്യത്തിൽ മുന്നിലാണ് AMT. താരതമ്യേന ചെലവു കുറഞ്ഞ സംവിധാനമായതിനാൽ ഒരു സാധാരണ ഗിയർ ബോക്സുള്ള സമാന മോഡലിനെക്കാൾ ഏറെ വിലക്കൂടുതലില്ലാത്ത ഈയിനം ഗിയർബോക്സുള്ള കാർ വാങ്ങാൻ കഴിയും. കൃത്യമായ സമയത്തു സർവീസ് ലഭിച്ചാൽ ഇതിന്റെ ക്ലച്ച് സാധാരണ ഗിയർബോക്സുള്ള വാഹനത്തിന്റത്രയും കാലം നിലനിൽക്കും. അൽപം ക്ഷമയോടെ സമീപിച്ചാൽ ഇതിന്റെ പ്രവർത്തനത്തിലെ പ്രത്യേകതകളുമായി പൊരുത്തപ്പെടാനും തൃപ്തികരമായ യാത്രാനുഭവം നേടാനും  മിക്കവർക്കും സാധിക്കും. എന്നാൽ ആദ്യമായി വാഹനം വാങ്ങി ഉപയോഗിച്ചു തുടങ്ങിയവർക്കും മറ്റ് ഓട്ടമാറ്റിക് കാറുകൾ ഉപയോഗിച്ചു ശീലിച്ചവർക്കും AMTയുടെ പ്രകടനം ഇഷ്ടപ്പെടാതിരിക്കാനിടയുണ്ട്. 

വിപണിയിലുള്ളത്: ഡീസൽ – ടാറ്റ (നെക്സോൺ), മഹീന്ദ്ര XUV300പെട്രോൾ – മാരുതി, ടാറ്റ, നിസാൻ, റിനോ

IMT 

AMTയുടെ ഒരു വകഭേദം എന്നു പറയാവുന്ന ഇതു ഹ്യുണ്ടെയ്, കിയ വാഹനങ്ങളിലാണുള്ളത്. ഇതിൽ ക്ലച്ചിന്റെ നിയന്ത്രണമില്ലാതെ ഡ്രൈവർക്കു ഗിയർ മാറ്റാം എന്നതാണു പ്രത്യേകത. വാഹനത്തിന്റെ ഗിയർ ലിവറിൽ കൈവച്ചാലുടൻ ഒരു സെൻസറിന്റെ സഹായത്തോടെ ക്ലച്ചിന്റെ പ്രവർത്തനം ആരംഭിക്കുകയും തടസ്സമില്ലാത്ത ഗിയർമാറ്റം സാധിക്കുകയും ചെയ്യും. കൃത്യസമയത്ത് ഗിയർ മാറാൻ മറക്കാതിരിക്കാൻ വാഹനത്തിന്റെ നിയന്ത്രണയൂണിറ്റ് ഡ്രൈവർക്കു മുന്നറിയിപ്പു നൽകും. അഥവാ ഗിയർ സമയത്തു മാറിയില്ലെങ്കിൽപോലും എൻജിൻ നിന്നുപോവുകയില്ല. ഈയിനം ഗിയർബോക്സുള്ള വാഹനം ഓടിക്കാൻ അൽപം പരിശീലനം ആവശ്യമാണ്. ഗിയർ ലിവറിൽ സ്ഥിരമായി കൈവച്ചുകൊണ്ടുള്ള ഡ്രൈവിങ് രീതി ഉപേക്ഷിച്ചേ‌തീരൂ.  വശമായിക്കഴിഞ്ഞാൽ മികച്ച ഡ്രൈവിങ് അനുഭവത്തോടൊപ്പം ഉയർന്ന ഇന്ധനക്ഷമതയും നൽകുന്ന ഒന്നാണ് െഎഎംടി. 

വിപണിയിലുള്ളത്: (പെട്രോൾ/ഡീസൽ) ഹ്യുണ്ടെയ്, കിയ. 

DSG/DCT

രണ്ടു പേരുകളിലും അറിയപ്പെടുന്നത് ഇരട്ട ക്ലച്ചുള്ള ഗിയർബോക്സ്‌തന്നെയാണ്. ക്ലച്ചും ഗിയർബോക്സും നിലനിർത്തിയുള്ള ഓട്ടമാറ്റിക് ഗിയർബോക്സ് സംവിധാനമായ AMT, IMT എന്നിവയുടെ പല കുറവുകളും നികത്തിയ ഒരു രൂപകൽപനയാണ് സങ്കീർണമായ ഈ സംവിധാനം. രണ്ടു ക്ലച്ചുകളുപയോഗിച്ച് ഗിയർ മാറ്റത്തിനെടുക്കുന്ന കാലതാമസം തീരെ ഇല്ലാതാക്കി മികച്ച പ്രകടനം ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി ഒറ്റ അക്കം വരുന്ന (1, 3, 5) ഗിയറുകൾക്കു മറ്റൊരു ക്ലച്ചും പ്രവർത്തിക്കുന്നു. ക്ലച്ച്, ഗിയർ പ്രവർത്തനങ്ങളെല്ലാം മറ്റു യന്ത്രസംവിധാനങ്ങളും ചേർന്നു നടത്തും. ഫലത്തിൽ അനായാസമായ വേഗനിയന്ത്രണവും മികച്ച പ്രകടനവും ഡ്രൈവർക്കു ലഭ്യമാകുന്നു. 

ഡ്രൈവിങ് ആസ്വദിക്കുന്നവർക്കുവേണ്ടിയുള്ളതാണ് ഈയിനം ഗിയർബോക്സ്. ക്ഷമയോടെ ഉപയോഗിച്ചാൽ മാത്രം ഇന്ധനക്ഷമത മോശമാകാതിരിക്കും. നഗരത്തിരക്കിലൊക്കെ കൂടുതൽ നേരം ഇഴഞ്ഞാൽ ക്ലച്ചും ഗിയർബോക്സും ചൂടായി വാഹനം കുറച്ചുനേരം നിർത്തിയിടേണ്ടി‌വരാം. എന്നാൽ തടസ്സമില്ലാത്ത നിരത്തുകളിൽ ഇതിന്റെ പ്രകടനം ഡ്രൈവറുടെ മനം കവരും. ഓട്ടമാറ്റിക് ഗിയർ ബോക്സുകളിൽ‌വച്ച് ഏറ്റവും വില കൂടിയ വകഭേദമാണെന്നു മാത്രമല്ല, തകരാറിലായാൽ നന്നാക്കാൻ കനത്ത ചെലവുണ്ടാകും എന്നതിനാൽ ലഭ്യമായതിൽ ഏറ്റവും നീണ്ട വാറന്റിയോടുകൂടി മാത്രം വാങ്ങുന്നതാണു നല്ലത്. 

വിപണിയിലുള്ളത്‌: ഫോക്സ്‌വാഗൻ, സ്കോഡ, ഹ്യുണ്ടെയ്, ആഡംബരകാർ ബ്രാൻഡുകൾ.

English Summary:

Know More About Automatic Transmission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT