ADVERTISEMENT

ദുബായ് ∙ 'ആടുജീവിത'ത്തിലെ യഥാർഥ നായകൻ നജീബ് ഏറെ കാലത്തിന് ശേഷം മരുഭൂമിയിലെ പൊള്ളലിലേയ്ക്ക്. യുഎഇ സന്ദര്‍ശനത്തിന് കുടുംബസമേതമെത്തിയ അദ്ദേഹം അജ്മാന്‍ മരുഭൂമിയിലെ മസ്റ (ആട്, ഒട്ടക കൂടാരം) സന്ദർശിച്ചു. ഏറെ നേരം മസ്റയെയും ആടുകളെയും നോക്കി നിന്നപ്പോൾ പോയകാലത്തെ തീക്ഷ്ണമായ ഓർമകൾ നജീബിന്‍റെ കണ്ണുനനയിച്ചു.

സൗദിയിലെ മരുഭൂമിയിൽ താനനുഭവിച്ചതുമായി താരതമ്യം ചെയ്താൽ യുഎഇയിലെ മസ്റകളിലെ ജീവിതം അത്ര കഠിനമല്ലെന്ന് അദ്ദേഹം  പറഞ്ഞു. സൗദി മസ്റയില്‍ ഒരു കൂട്ടിൽ മാത്രം 150  ആടുകളെങ്കിലും കാണും. അവിടെ ഇത്തരത്തിലുണ്ടായിരുന്ന അഞ്ചോളം കൂടുകളിലെ  700 ആടുകളെയും ഇരുപത്തഞ്ചോളം ഒട്ടകങ്ങളെയും പരിചരിക്കലായിരുന്നു ജോലി. കൂട്ടത്തിൽ നാടൻ ആടുകളുമുണ്ടായിരുന്നു. അവ ഭീകരമായി ഇടിച്ച് തെറിപ്പിച്ചു കളയുമായിരുന്നു. മസ്റയ്ക്ക് പുറത്ത് കട്ടിലിട്ടായിരുന്നു കിടന്നിരുന്നത്.

നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ
നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ

മഴയത്തും വെയിലത്തും ജീവിക്കുക വളരെ കഠിനം. മരുഭൂമിയിലൂടെ രണ്ട് മണിക്കൂറോളം യാത്ര ചെയ്താലേ ആ മസ്റയിലെത്തുകയുള്ളൂ. ചുറ്റുംനോക്കിയാൽ മണൽക്കുന്നുകൾ മാത്രം. ഇവിടെയുള്ള മസ്റയായിരുന്നെങ്കിൽ ജോലി കുറച്ചുകൂടി എളുപ്പമായിരുന്നു. ഇവിടെ മസ്റകളിൽ നിന്ന് നോക്കിയാൽ ചുറ്റുവട്ടത്തും കെട്ടിടങ്ങളും ആളുകളെയും കാണാം. അന്നത്തെ സാഹചര്യം സൗദിയിൽ പോലും ഇപ്പോഴില്ല. ഇന്ന് എല്ലാവരും മൊബൈൽ ഫോണുമായാണ് ആട്, ഒട്ടകജീവിതം നയിക്കാൻ പോകുന്നത്. അന്ന് മൊബൈൽ പോയിട്ട് കത്തെഴുതാൻ പോലും അവസരമില്ലായിരുന്നു. നോവൽ വായിച്ചോ സിനിമ കണ്ടോ മസ്റകളിൽ നിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. പക്ഷേ, ഇപ്പോൾ നാട്ടിലുള്ള പലരും ഇത്തരം ജോലി ചെയ്തിരുന്നുവെന്ന് പറയാറുണ്ട്.

നജീബ്, ഭാര്യ നഫീസത്ത്, മകൻ സഫീർ എന്നിവർ അഫി അഹമ്മദിനോടൊപ്പം മസ്റയിൽ. ചിത്രം: മനോരമ
നജീബ്, ഭാര്യ നഫീസത്ത്, മകൻ സഫീർ എന്നിവർ അഫി അഹമ്മദിനോടൊപ്പം മസ്റയിൽ. ചിത്രം: മനോരമ

∙ ഗൾഫിൽ ഒരു ജോലി ശരിയാക്കാമെന്ന് ബ്ലെസ്സി; പക്ഷേ...
1993 കാലഘട്ടത്തിലാണ് നജീബ് സൗദി മരുഭൂമിയിലെ മസ്റയിൽ രണ്ടര വർഷത്തോളം ജീവിച്ചത്. അവിടെ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ശേഷം വീണ്ടും ബഹ്റൈനിലും ജോലി ചെയ്തു. എന്നാൽ ഗൾഫിനോട് സലാം പറഞ്ഞ് നാല് വർഷം മുൻപ് അവിടെ നിന്നും മടങ്ങി. ഇപ്പോൾ നാട്ടിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നു. ഗൾഫിൽ ഒരു ജോലി ശരിയാക്കാമെന്ന് ആടുജീവിതത്തിന്‍റെ സംവിധായകൻ ബ്ലെസി പറഞ്ഞിരുന്നെങ്കിലും ഇനിയുള്ള കാലം കുടുംബത്തോട് ജീവിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞു സന്തോഷത്തോടെ നിരസിക്കുകയായിരുന്നു. പ്രവാസലോകത്തെ വെറുത്തത് കൊണ്ടല്ല, കുറേക്കാലം കുടുംബത്തെ പിരിഞ്ഞാണല്ലോ ജീവിച്ചത്. ഇനി ബാക്കി കാലം അവരോടൊപ്പം ചെലവഴിക്കണം. മകൻ സഫീർ ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്.

നജീബ് സാമൂഹിക, ജീവകാരുണ്യപ്രവർത്തകൻ ഫാസിൽ മുസ്തഫയോടൊപ്പം. ചിത്രം: മനോരമ
നജീബ് സാമൂഹിക, ജീവകാരുണ്യപ്രവർത്തകൻ ഫാസിൽ മുസ്തഫയോടൊപ്പം. ചിത്രം: മനോരമ

∙ ഹക്കീം ഭാവനാസൃഷ്ടി; യഥാർഥജീവിതം നോവലിനേക്കാളും പൊള്ളുന്നത്
ബെന്യാമിൻ നോവലിൽ ഹക്കീം എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതടക്കം തന്‍റെ ജീവിതത്തിൽ നടക്കാത്ത പലതും പകർത്തിയിട്ടുണ്ടെന്നും അത് നോവലിസ്റ്റിന്‍റെ സ്വാതന്ത്ര്യമാണെന്നും നജീബ് പറഞ്ഞു. താൻ മാത്രമേ ആടുജീവിതം സിനിമ കണ്ടുള്ളൂ. റമസാൻ നോമ്പായതുകാരണം ഭാര്യയോ മക്കളോ കാണാൻ ചെന്നിട്ടില്ല. നാട്ടിൽ ചെന്നയുടനെ കുടുംബസമേതം കാണും. ഇതിനായി 20 ടിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. പാന്‍റസ് ധരിച്ചപ്പോൾ അഴിഞ്ഞുവീഴാൻ തുടങ്ങുകയും അപ്പോൾ ഒരു ചരടിട്ട് കെട്ടിയതുമടക്കം ഒട്ടേറെ രംഗങ്ങള്‍ സിനിമയിൽ കണ്ടപ്പോൾ കരഞ്ഞുപോയി. എങ്കിലും ആദ്യം നോവലും പിന്നീട് സിനിമയും വലിയ വിജയമാകുന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. ഏറെ കാലത്തിന് ശേഷമാണ് വീണ്ടും ഗൾഫിലെത്തുന്നത്. എന്‍റെ ഭാര്യ ഇതുവരെ ഗൾഫ് കണ്ടിട്ടില്ല. അത്തരമൊരു അവസരം തന്ന സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദിന് നന്ദി. അജ്മാൻ മസ്റയ്ക്ക് മേൽനോട്ടം വഹിക്കുന്ന പാക്കിസ്ഥാനി ഫിദയുമായും നജീബ് കൂടിക്കാഴ്ച നടത്തി. ഇരുവരും അവരുടെ ആടുജീവിതം പങ്കുവച്ചു.

നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ
നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ

മസ്റകളെക്കുറിച്ച് ഒരുപാടു കേൾക്കുകയും വിഡിയോ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ട് കണ്ടപ്പോൾ ഇതുപോലുള്ളൊരു സ്ഥലത്ത് നജീബിക്ക ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടല്ലോ എന്നോർത്ത് വലിയ വിഷമം തോന്നിയെന്ന് നജീബിന്‍റെ ഭാര്യ സഫിയത്ത് പറഞ്ഞു. മസ്റ നേരിട്ട് കണ്ടപ്പോൾ തന്‍റെ വാപ്പിച്ച അനുഭവിച്ച ദുരിതമോർത്ത് ഏറെ വിഷമം തോന്നുന്നു എന്നായിരുന്നു മകൻ സഫീറിന്‍റെ വാക്കുകൾ. വാപ്പിച്ച സൗദിയിലായിരുന്നപ്പോൾ ഒന്നും അറിയില്ലായിരുന്നു. പിന്നീട് നോവൽ വായിച്ചപ്പോഴാണ് ആ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞത്.

നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ
നജീബ് അജ്മാനിലെ മസ്റയിൽ. ചിത്രം: മനോരമ

ആടുജീവിതം നോവൽ വായിച്ചപ്പോഴും സിനിമ കണ്ടപ്പോഴും വല്ലാതെ മനസിനെ സ്പർശിച്ചുവെന്നും ഇത്തരത്തിലുള്ള പ്രവാസികളും ഗൾഫിൽ ഉണ്ടെന്ന് ഓർമപ്പെടുത്താനാണ് നജീബിനെ യുഎഇയിലേക്ക് കൊണ്ടുവന്നതെന്നും അഫി അഹമ്മദ് പറഞ്ഞു. സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫ, പാക്കിസ്ഥാൻ സ്വദേശിയും സോഷ്യൽമീഡിയ താരവുമായ തൈമൂർ, ഭാര്യ ശ്രീജ, സനോജ് തുടങ്ങിയവരും സംബന്ധിച്ചു.

English Summary:

Aadu Jeevitham Story's Real Character Najeeb in Gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com