ADVERTISEMENT

മനാമ ∙ ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയുമായി ലോകമെമ്പാടുമുള്ള വായനക്കാരുടെ കണ്ണ് നിറയിച്ച ആട് ജീവിതവും, നജീബും ലോക ഭാഷകളിൽ അഭ്രപാളികളിലേക്ക് പരിവർത്തനം ചെയ്യപ്പെടുമ്പോൾ സന്തോഷിക്കുന്ന ഒരു പ്രവാസിയുണ്ട്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി സുനിൽകുമാർ. എഴുത്തിനോടും സിനിമയോടും താല്പര്യമുള്ള,   സുനിൽകുമാർ നജീബിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കിൽ 'നജീബ് നയിച്ച ആട് ജീവിതം' പ്രവാസ ലോകത്തെ അധികം ആരും ശ്രദ്ധിക്കാതെ പോയ  മരുഭൂമി യാതന മാത്രമായി മാറുമായിരുന്നു. 

∙ സൽമാനിയ സ്റ്റുഡിയോയിലെ സായാഹ്നങ്ങൾ 
ബെന്യാമിന്‍റെ അടുത്ത സുഹൃത്തായ സുനിൽ നജീബിനെ കണ്ടുമുട്ടുന്നത്  അദ്ദേഹം അനുഭവിച്ചു തീർത്ത ദുരന്തപൂർണമായ 'ആട് ജീവിതത്തിനു' ശേഷമാണ്. സുനിലിന്‍റെ സുഹൃത്തും ബഹ്‌റൈനിലെ സൽമാനിയയിൽ വർഷങ്ങളായി സ്റ്റുഡിയോ നടത്തിവരുന്ന ഹുസൈനിന്‍റെ ഫോട്ടോ സ്റ്റുഡിയോ ആണ് ഇവരുടെ ആദ്യ സമാഗമ വേദി.

1989 ഡിസംബറിലെ ഒരു സായാഹ്നത്തിൽ ബഹ്‌റൈനിലേക്കുള്ള ആദ്യ യാത്രയ്ക്കായി മുംബൈ എയര്‍‌പോർട്ടിൽ കാത്തിരുന്നപ്പോഴാണ് സുനിൽ ഹുസൈനിനെ പരിചയപ്പെട്ടത്. ഒരേ വിമാനത്തിൽ ഇറങ്ങിയ ഇരുവരും പിന്നീട് സുഹൃത്തുക്കൾ ആവുകയായിരുന്നു. നല്ലൊരു പാട്ടുകാരൻ കൂടിയായ ഹുസൈനുമായുള്ള  സൗഹൃദം ഇങ്ങനെയൊരു വിഖ്യാത നോവലിന് കാരണമാകും എന്ന് ഒരിക്കലും അന്ന് സുനിൽ  കരുതിയിരുന്നില്ല. വെള്ളിയാഴ്ചകളില്‍ ഹുസ്സൈന്‍റെ സ്റ്റുഡിയോയില്‍ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെച്ചേർന്നുള്ള നാട്ടു കൂട്ടത്തില്‍ സുനിലും സ്‌ഥിരസാന്നിധ്യമാണ്. അങ്ങനെയൊരു വെള്ളിയാഴ്ചയാണ്‌ ഹുസ്സൈന്‍ നജീബിനെ സുനിലിന് പരിചയപ്പെടുത്തുന്നത്. ഹുസ്സൈന്‍റെ സഹോദരിയുടെ ഭർത്താവാണ് നജീബ്, കൂടാതെ ഹുസ്സൈന്‍റെ അമ്മാവന്‍റെ മകനും. നജീബിന്‌ എവിടെയെങ്കിലുമൊരു ജോലി തരപ്പെടുത്തണമെന്നതായിരുന്നു  ഹുസ്സൈന്‍റെ ആവശ്യം.

നജീബ് അന്ന് ബഹ്‌റൈനിൽ എത്തി അധിക കാലം ആയിട്ടില്ല. കാഴ്ചയില്‍ പാവം തോന്നിക്കുന്ന മനുഷ്യന്‍. അന്ന് തന്നെ ആ കണ്ണുകളില്‍ വേദനയുടെയോ, അനുഭവങ്ങളുടെയോ എന്തോ ഒരു തിളക്കം ആയിരുന്നു ഞാൻ കണ്ടതെന്നാണ് സുനിൽ ആ കൂടിക്കാഴ്ചയെപ്പറ്റി പറഞ്ഞത്. വെള്ളിയാഴ്ചകൾ പിന്നീടും വന്നു. നജീബുമായുള്ള കണ്ടുമുട്ടലുകളും. കൂട്ടത്തില്‍ ജോലിയെപ്പറ്റിയുള്ള അന്വേഷണങ്ങളും കൂടിക്കൂടി വന്നു. ഏതായാലും ഹുസൈനിന്‍റെ അളിയൻ തന്നെ വിടാൻ ഭാവമില്ലെന്ന് മനസിലായതോടെ നജീബിനോട് സുനിൽ വിശദമായി കാര്യങ്ങള്‍ തെരക്കി - ''എന്തുവരെ പഠിച്ചിട്ടുണ്ട്? എന്തൊക്കെ തൊഴിലുകള്‍ അറിയാം?''എന്നൊക്കെ. ''ഞാന്‍ എന്തു ജോലിയും ചെയ്യാം''. എന്നായിരുന്നു നജീബിന്‍റെ മറുപടി.

sunilkumar-on-najeeb-benyamin-aadujeevitham-prithviraj-blessy
ബെന്യാമിൻ, നജീബ്, സുനിൽകുമാർ (വലത്)

ഗൾഫിലേക്ക്  വരുന്ന പലരുടെയും നാവില്‍ നിന്നും സാധാരണ വാചകമായി മാത്രമേ ആദ്യം ആ മറുപടി കേട്ടപ്പോൾ തോന്നിയിരുന്നുവെങ്കിലും ''എന്‍റെയടുത്ത് ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞൊരു ജോലിയുണ്ട്, ചെയ്യാനാകുമോ?" എന്ന് ചോദിച്ചപ്പോൾ നജീബ്  ''ഞാന്‍ അനുഭവിച്ചത്രയും കഷ്ടപ്പാടുകള്‍ ഏതായാലും സുനിലേട്ടന്‍ തരാമെന്നു പറഞ്ഞ ആ ജോലിക്കു കാണില്ല, എനിക്കുറപ്പാണ്‌'' എന്നുള്ള  മറുപടിയിൽ നജീബിന്‍റെ നിശ്ചയ ദാർഢ്യവും ജോലി ചെയ്യാനുള്ള ആർജ്ജവവും സുനിൽ നേരിട്ടറിഞ്ഞു. "എന്നാല്‍ നാളെ മുതല്‍  കൂടെ പോരേ'' എന്നു സുനിൽ പറഞ്ഞതോടെ  ഒരു ലോട്ടറിയടിച്ച സന്തോഷമായിരുന്നു അപ്പോള്‍ നജീബിന്‍റെ മുഖത്തു കണ്ടതെന്ന് സുനിൽ ഇപ്പോഴും ഓർക്കുന്നു.

ഖരമാലിന്യങ്ങളിൽ നിന്ന് അലൂമിനിയം പോലെയുള്ള വീണ്ടും ഉപയോഗിക്കാവുന്ന ലോഹങ്ങൾ ശേഖരിക്കുക, വിവിധ ഇടങ്ങളിൽ നിന്ന് അത് ശേഖരിക്കുകയും തരം തിരിക്കുകയും യഥാസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ജോലിയാണ് നജീബിന് ലഭിച്ചത്. ഏതാണ്ട് 164 ഏക്കറിൽ പരന്നുകിടക്കുന്ന നേവി കോമ്പൌണ്ടിന്‍റെ ഓരോ മൂലയിലും ദിവസവും ഏതാണ്ട് രണ്ടും മൂന്നും തവണ നജീബിന്‌ എത്തിപ്പെടണം. കൃത്യമായി നജീബ് ആ ജോലി ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി.

ഒരു ദിവസം നാട്ടിലേക്കു കുറച്ചു പണമയക്കണമെന്നാവശ്യപ്പെട്ട് സുനിലിനെ കാണാനായി നജീബ് വന്നപ്പോള്‍ കരുവാളിച്ച മുഖവുമായി ആകെ വിയർത്ത് വല്ലാത്തൊരവസ്ഥയില്‍ ആയിരുന്നു നജീബ്, കയ്യില്‍ ഒരു കുപ്പി വെള്ളവുമുണ്ട്. പക്ഷേ നജീബിന്‍റെ കണ്ണുകളില്‍ അപ്പോഴും ആ തിളക്കമുണ്ട്, മുഖത്ത് ചിരിയും സന്തോഷവും.''ഇതെന്തൊരു മനുഷ്യന്‍ എന്ന് സുനിൽ  ചിന്തിച്ചുപോയി. '' നജീബേ, വേറെ വല്ല പണിക്കും നമുക്കു ശ്രമിക്കാം, ഇതു വല്ലാത്ത കഷ്ടപ്പാടാണല്ലോ'' സുനിൽ പറഞ്ഞുവെങ്കിലും, ഇതു നല്ല സുഖമുള്ള ജോലിയല്ലേ? ഇതിനെന്താ കുഴപ്പം? എന്നായിരുന്നു നജീബിന്‍റെ മറുപടി.

∙ ആട്ടിടയനിലേക്ക്.......
ഇത്രയും ആത്മാർത്ഥതയോടെ കഠിനമായ ജോലി സന്തോഷത്തോടെ ചെയ്യുന്ന നജീബിനേപ്പറ്റി കൂടുതലറിയാന്‍ തന്നെ സുനിൽ  തീരുമാനിച്ചു. പതുക്കെപ്പതുക്കെ നജീബിന്‍റെ പൂര്‍‌വ്വചരിത്രത്തിന്‍റെ ചുരുളുകള്‍ ഓരോന്നായി അഴിക്കാനായിരുന്നു സുനിലിന്‍റെ ശ്രമം. അങ്ങനെയാണ് നജീബും നാട്ടുകാരനായ ഹക്കീം എന്നൊരു ചെറുപ്പക്കാരനും കൂടി സൗദിയിലേക്ക് പോയ കഥയും കടന്ന് പോയ നരകയാതനകളും നജീബ് വിവരിക്കാൻ തുടങ്ങിയത്. ക്രൂരതയുടെ പര്യായമായ അറബിയുടെ കൊടിയ പീഢനങ്ങൾ മുതൽ അനുഭവിച്ചതത്രയും ബെന്യാമിന്‍ നോവലില്‍ വിവരിച്ചതത്രയുമോ അതിനുമപ്പുറമോ നടന്നതോരോന്നും എണ്ണിഎണ്ണിപ്പറയുകയായിരുന്നു നജീബ്. ആരെയും വിഷമിപ്പിക്കേണ്ടെന്ന് കരുതി സ്വന്തം ഭാര്യയോടു പോലും പറയാതിരുന്ന ആ കഥയാണ് , പിന്നീട്  ബെന്യാമിനിലൂടെ പുറം ലോകം അറിഞ്ഞത്.

sunilkumar-on-najeeb-benyamin-aadujeevitham-prithviraj-blessy
സുനിൽകുമാർ, ബെന്യാമിൻ, നജീബ്

∙ബെന്യാമിനിലേക്ക് ......
നജീബ് പറയുന്ന ഓരോ കാര്യങ്ങളും നേരിട്ട് കേൾക്കാനുള്ള ശക്തി പോലും തനിക്കുണ്ടായില്ല എന്നാണ് സുനിൽ പിന്നീട് അതേപ്പറ്റി പറഞ്ഞത്. ഒരു പക്ഷേ അതുകൊണ്ടുകൂടിയാകാം നജീബ്‌ അതെല്ലാം ആരോടും പറയാതിരുന്നതും എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. നജീബിന്‍റെ സൗദി ജീവിതകഥ മുഴുവൻ അറിഞ്ഞതോടെ സുനിലിന് പിന്നീട് ഉറക്കമില്ലാത്ത രാത്രികളായി. മനസ്സിലെ ഈ ഭാരം ഇറക്കിവയ്ക്കണമെന്നും ഇത്‌ പുറംലോകം അറിയേണ്ടതാണെന്നും സുനിലിന്  തോന്നി. എഴുതാനുള്ള കഴിവ് ഉണ്ടെങ്കിലും എങ്ങനെ, എവിടെ തുടങ്ങണം എന്നൊന്നും നിശ്ചയമില്ലാത്ത അവസ്‌ഥ. താനെഴുതിയാല്‍ ഇത് ചുരുങ്ങിയ വരികളില്‍ ഒതുങ്ങിപ്പോകുമോ എന്നൊരു തോന്നലും. ആ തോന്നൽ ശരിയായിരുന്നു എന്ന് പിനീട് ബെന്യാമിൻ നോവൽ എഴുതിയപ്പോൾ മനസ്സിലാവുകയും ചെയ്തു. ബെന്യാമിനെപ്പോലെ കഴിവുറ്റ ഒരെഴുത്തുകാരന്‍റെ കയ്യില്‍ ഈ കഥ ഭദ്രമാണെന്ന് അന്ന് തന്നെ സുനിലിന് തോന്നി. അതുകൊണ്ടുതന്നെ സുഹൃത്തു കൂടിയായ ബെന്യാമിനെ സമീപിക്കുകയായിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്‍റെ  'ആഡിസ് അബാബ' അടക്കമുള്ള പല കൃതികളും മുൻപ് വായിച്ചിരുന്നത് കൊണ്ടും ബെന്യാമിനിലെ എഴുത്തുകാരനെപ്പറ്റി നല്ല നിശ്ചയവും ഉണ്ടായിരുന്നു. 

അങ്ങനെ സുനിൽ  നജീബിന്‍റെ കഥ ബെന്യാമിനോടു വിവരിച്ചു, പക്ഷേ ബെന്യാമിന്‍ ആദ്യം അതത്ര കാര്യമാക്കിയില്ല. സുനിൽ നിര്‍‌ബന്ധിച്ചുകൊണ്ടേയിരുന്നു. 'താങ്കള്‍ നജീബില്‍ നിന്നു തന്നെ ആ കഥ കേൾക്കണം' എന്ന് ഒടുവിൽ ആവശ്യപ്പെടേണ്ടി വന്നു സുനിലിന്. സുനിലിന്‍റെ നിർബന്ധത്തിന് വഴങ്ങി  ബെന്യാമിന്‍ നജീബിനെ കണ്ടു. ആദ്യമാദ്യം നജീബ് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും ക്രമേണ ഒരിക്കൽ കൂടി തന്‍റെ കഥ(ജീവിതം) ബെന്യാമിന്  മുന്നിൽ വിവരിക്കാമെന്ന് നജീബ് ഏറ്റു. ഒടുവിൽ സംശയനിവാരണങ്ങളും, ഒട്ടേറേ കൂടിക്കാഴ്ചകളുമൊക്കെയായി ഏതാണ്ട് രണ്ടുവർഷം കൊണ്ടാണ് ആടുജീവിതം എന്ന മഹത്തായ കൃതി ബെന്യാമിൻ എഴുതിത്തീർത്തതെന്ന് സുനിൽ സാക്ഷ്യപ്പെടുത്തുന്നു.

ആടുജീവിതം യാഥാർഥ്യമാക്കുന്നതിനുവേണ്ടി ഒരുപാടു പഠനങ്ങളും അന്വേഷണങ്ങളും ബെന്യാമിന്‍ നടത്തിയിട്ടുണ്ട്. എന്നും നജീബിനേപ്പോലെ വളരെ കുറച്ചുമാത്രം സംസാരിക്കുന്നൊരു വ്യക്തിയില്‍ നിന്നും ലഭിക്കാവുന്ന വിവരങ്ങൾക്ക് വളരെ പരിമിതമായിരുന്നുവെന്നും സുനിൽ പറഞ്ഞു. മരുഭൂമിയിലെ ജീവിതത്തെയും അവിടത്തെ ആവാസവ്യവസ്ഥയെയുമെല്ലാം ബെന്യാമിൻ അതിമനോഹരമായിട്ടാണ്  വർണിച്ചിട്ടുള്ളത്.

∙ ഹക്കീമിനെ കൊന്ന ദിവസം 
ആടുജീവിതത്തിന്‍റെ രചനാവേളയിലുണ്ടായ നിരവധി അനുഭവങ്ങളാണ് സുനിൽ ഇന്നും ഓർമ്മിക്കുന്നത്.. ഉറക്കച്ചടവുള്ള കണ്ണുകളോടെ ഒരു ദിവസം ബെന്യാമിനെ സുനിൽ കാണാനിടയായി. ''എന്തുപറ്റി? ഉറങ്ങിയില്ലേ? മുഖത്തു വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടല്ലോ...?''എന്നുള്ള ചോദ്യത്തിന് ബെന്യാമിന്‍റെ ഉത്തരം കേട്ട് താൻ  ഞെട്ടിപ്പോയതായി സുനിൽ പറഞ്ഞു. 'ഞാന്‍ ഉറങ്ങിയിട്ടു രണ്ടുദിവസമായി...''. ''എന്തേ?'' എന്ന സുനിലിന്‍റെ  ചോദ്യത്തിനുത്തരമായി "ഞാനിന്നലെ ഹക്കീമിനെ കൊന്നു'' എന്നാണ് ബെന്യാമിൻ പറഞ്ഞത്. ''എന്ത്..!!! ആരെ കൊന്നൂ....?'' എന്ന ചോദ്യം അറിയാതെ തന്നെ എന്നില്‍  നിന്നുണ്ടായി. ''ആ ചെറുപ്പക്കാരനില്ലേ - നജീബിന്‍റെ നാട്ടുകാരന്‍, നജീബിനൊപ്പം സൗദിക്കു പോയ അയാളൂടെ മരണം ആണ്‌ ഞാനിന്നലെ രാത്രി എഴുതിയത്'' ബെന്യാമിന്‍ വിവരിച്ചു. ''മരിക്കുന്നതിനു മുൻപ് ഹക്കീം അനുഭവിച്ച വേദന, മരണസമയത്തെ അയാളൂടെ വെപ്രാളം.... എല്ലാം ഞാന്‍ അനുഭവിച്ചറിഞ്ഞു. എഴുതിക്കഴിഞ്ഞ്‌ ഞാന്‍ കരഞ്ഞു''. ആ നോവലിനോടും അതിലെ കഥാപാത്രങ്ങളോടും അത്രയ്ക്ക് ഇഴുകിച്ചേർന്നിരുന്നു ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍. ''വർഷങ്ങളായി  കൂടെയുണ്ടായിരുന്നൊരു സുഹൃത്ത് പെട്ടെന്നൊരുദിവസം ഇല്ലാതായാലുണ്ടായേക്കാവുന്ന മനോവ്യഥ. ഒരു പക്ഷേ അതിനേക്കാള്‍ വേദനയാണ്‌ താൻ  അനുഭവിച്ചത്'' എന്നാണ് ബെന്യാമിൻ അതേപ്പറ്റി പറഞ്ഞത്. അദ്ദേഹം നജീബിനെയും, ഹക്കീമിനെയുമെല്ലാം തന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമാക്കിയിരുന്നു ബോദ്ധ്യമായ നിമിഷങ്ങളായിരുന്നു അവ .

ആടുജീവിതത്തിന് നിരവധി അവാർഡുകൾ  ലഭിച്ച ശേഷം ബഹ്‌റൈനിലെ  ആദ്യത്തെ മലയാളം എഫ് എം റേഡിയോ പ്രക്ഷേപണകേന്ദ്രമായ റേഡിയോ വോയ്സില്‍ ഒരു അഭിമുഖസംഭാഷണം ലേഖകനായ  എനിക്കും  എടുക്കാനുള്ള നിയോഗം ഉണ്ടായിരുന്നു. അതിനുശേഷം ബെന്യാമിനും നജീബിനുമൊപ്പം  സുനിൽ നിരവധി വേദികൾ പങ്കിടാൻ അവസരം സുനിലിന്  ലഭിച്ചിരുന്നു.പിന്നീട് ബെന്യാമിൻ ബഹ്‌റൈൻ ജീവിതം അവസാനിപ്പിച്ച് പോയെങ്കിലും നജീബും സുനിലും പിന്നീടും പലപ്പോഴായി   അവധി ദിവസങ്ങളിൽ സൽമാനിയ സ്റ്റുഡിയോയിൽ കണ്ടുമുട്ടുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട്  നജീബും നാട്ടിലേക്ക് മടങ്ങിയതോടെ  കഥാപാത്രവും,കഥാകാരനും,ഇല്ലാത്ത സൽമാനിയ സ്റ്റുഡിയോയിലെ നാട്ടു കൂട്ടത്തിൽ സുനിലും ഹുസൈനും മാത്രം മുംബൈ എയർപോർട്ടിൽ നിന്നാരംഭിച്ച  സൗഹൃദം  പുതുക്കാൻ വെള്ളിയാഴ്ചകളിൽ ഒത്തുചേരുന്നു.

English Summary:

The Goat Life: Sunil Kumar on Najeeb, Benyamin and Aadujeevitham Movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT