ADVERTISEMENT

ദുബായ് ∙ സൂര്യനെ തടവിലാക്കി, ഒരു രാവും പകലും മുഴുവനെടുത്തിട്ടും പെയ്തു തീരാതെ മഴമേഘങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് രാജ്യത്ത് പെയ്തിറങ്ങുന്നത്. നിർത്താതെ പെയ്ത മഴ 7 എമിറേറ്റുകളെയും ബാധിച്ചു. 

ദുബായിലെ റോഡുകൾ ഉച്ച പിന്നിട്ടതോടെ പുഴകളായി. വെള്ളം കയറി ഓൺപാസീവ് മെട്രോ സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രധാന റോഡുകളും ടണലുകളും വെള്ളത്തിലായതോടെ ബസുകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും ഓട്ടം നിർത്തി. 

അബുദാബി ക്യാപിറ്റൽ മാളിനും മെസ് യ് മാളിനും മധ്യേയുള്ള റോഡിലെ വെള്ളക്കെട്ട്.
അബുദാബി ക്യാപിറ്റൽ മാളിനും മെസ് യ് മാളിനും മധ്യേയുള്ള റോഡിലെ വെള്ളക്കെട്ട്.

വാഹനങ്ങൾ പാർക്ക് ചെയ്യാൻ സുരക്ഷിത സ്ഥാനങ്ങൾ തേടി പലരും അലഞ്ഞു. സുരക്ഷിതമെന്നു കരുതിയ പല സ്ഥലങ്ങളിലേക്കും അതിവേഗം വെള്ളം ഇരച്ചെത്തി. ഉം സുഖീം റോഡിൽ ജുമൈറയ്ക്കുള്ള ടണലിൽ വെള്ളം കയറിയതോടെ ടൂറിസ്റ്റ് ബസ് അടക്കം കുടുങ്ങി. 

മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും കൂടി എത്തിയതോടെ അന്തരീക്ഷം കൂടുതൽ ഭയാനകമായി. സൂര്യപ്രകാശം വളരെ കുറച്ചു മാത്രമാണ് ഇന്നലെ ലഭിച്ചത്. ഇത് സന്ധ്യാസമയത്തെ പ്രതീതിയുണ്ടാക്കി.  ഇന്നത്തോടെ കാലാവസ്ഥ പൂർവ സ്ഥിതിയിലാകുമെന്നാണ് പ്രവചനം. ഉപരിതല മർദം കുറയുകയും അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന രണ്ടു തരംഗങ്ങൾ ഉണ്ടാവുകയും ചെയ്തതാണ് അതിരൂക്ഷ മഴയ്ക്കു കാരണമായത്. മഴ ഇന്നു മാറുമെങ്കിലും വെള്ളക്കെട്ടുകൾ മൂലമുള്ള ഗതാഗത കുരുക്ക് തുടരാം. രക്ഷാ പ്രവർത്തകരുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കുന്നത് തുടരുകയാണ്. പല സ്ഥലങ്ങളിലും വലിയ പമ്പുകൾ എത്തിച്ചു വെള്ളം കളയാനുള്ള ശ്രമം നടക്കുന്നുണ്ട്.

റദ്ദാക്കിയത് 47 വിമാനങ്ങൾ 

ദുബായ്∙ കനത്ത മഴയെ തുടരുന്നതിനാൽ ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു. 

ദുബായിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ മൊത്തം 47 വിമാനങ്ങൾ റദ്ദാക്കി. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകിട്ടു വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. 3 വിമാനങ്ങൾ മറ്റു എയർപോർട്ടിലേക്കു തിരിച്ചുവിട്ടു.യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. 

എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശിച്ചു. സ്വന്തമായി ചെക്ക് ഇൻ ചെയ്യാവുന്ന സെൽഫ് സർവീസ് ഉപയോഗിച്ചാൽ സമയം ലാഭിക്കാം.

ഉച്ചവരെ മഴ; റെഡ് അലർട്ട്

അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിൽ ഇന്നു രാവിലെ വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ മഴമേഘങ്ങൾ രൂപപ്പെട്ട പശ്ചാത്തലത്തിലാണ്  റെഡ് അലർട്ട്. ഇടിമിന്നലിന്റെ അകമ്പടിയോടെ മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. ചില പ്രദേശങ്ങളിൽ ഉച്ചവരെ മഴ തുടരും. 

വൈകിട്ടോടെ തീവ്രത കുറയുംവെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽനിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

ഇന്നും ഓൺലൈൻ ക്ലാസ്, റിമോട്ട് വർക്ക്
∙ ശക്തമായ കാറ്റും മഴയും തുടരുന്ന യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ഇന്നും ഓൺലൈൻ ക്ലാസ് തുടരും. ഇന്നലെ മാത്രം ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ച എമിറേറ്റുകളിലെ സ്കൂളുകൾ ഇന്നും ഓൺലൈൻ ക്ലാസിലേക്കു മാറുമെന്ന് അറിയിച്ചിട്ടുണ്ട്. 

ദുബായിലെ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് ഇന്നു കൂടി തുടരുമെന്ന് അധികൃതർ ‍അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്ക് വിദൂര ജോലി നൽകുന്നതാണ് ഉചിതം. അടിയന്തര വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ മതിയായ സുരക്ഷാ സംവിധാനം എടുത്തിട്ടുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

പാർക്കുകളും ബീച്ചുകളും അടച്ചു
∙ അബുദാബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ പാർക്കുകൾ തുറക്കില്ലെന്നും  നഗരസഭ അറിയിച്ചു.  പൊതുജന സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അജ്മാനിലെയും പാർക്കുകളും ബീച്ചുകളും അടച്ചു.

English Summary:

UAE Hit With Heavy Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT