ADVERTISEMENT

റിയാദ്∙ പ്രവാസികളിൽ നിരവധി പേർക്ക് വ്യാജ ഫോൺ വിളികളും മെസേജുകളും ഐഎംഒ പോലുള്ള ആപ്ലിക്കേഷനുകൾ വഴിയുള്ള തട്ടിപ്പ് കോളുകളും സ്ഥിരമായി ലഭിക്കുന്നതായി റിപ്പോർട്ട് . ഈ കോളുകളിലൂടെ, ബാങ്ക് ഉദ്യോഗസ്ഥരോ മറ്റ് ഏജൻസികളിലെ ജീവനക്കാരോ ആയി അഭിനയിച്ച്, ഇരകളെ വിശ്വസിപ്പിച്ച് അവരിൽ നിന്ന് ഒടിപി പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ തട്ടിയെടുക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച്, തട്ടിപ്പുകാർക്ക് ഇരകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാനോ അവരുടെ ഐഡന്‍റിറ്റി ദുരുപയോഗം ചെയ്യാനോ സാധിക്കും.

സാധാരണക്കാരും വിദ്യാസമ്പന്നരുമായ നിരവധി പ്രവാസികൾ ഈ തട്ടിപ്പുകാരുടെ കെണിയിൽ വീണതിനെ തുടർന്ന് നിയമ പ്രശ്നങ്ങളിൽ കുടുങ്ങിയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, ഇരകൾ കേസുകളിൽ പ്രതികളായി മാറുകയും ജയിൽ ശിക്ഷ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ, ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ രണ്ട് പ്രവാസി മലയാളി വനിതകളെ ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷിച്ചെടുത്ത സംഭവം വെളിപ്പെടുത്തി. സിദ്ദീഖ് തുവ്വൂർ ഇടപെട്ട് ഇവരുടെ നിരപരാധിത്വം തെളിയിക്കുകയും അവരെ കേസിൽ നിന്ന് രക്ഷിക്കുകയും ചെയ്ത സംഭവം  ബോധവൽക്കരണമെന്ന നിലയിലാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി വനിതാ നഴ്സ് അവധിക്ക് നാട്ടിലേക്ക് പോകാൻ ഓൺലൈനിൽ റീ എൻട്രി വീസയ്ക്ക് അപേക്ഷിക്കാൻ ശ്രമിച്ചപ്പോൾ പാസ്പോർട്ടിൽ യാത്രാനിരോധനം ഏർപ്പെടുത്തിയത് കണ്ടെത്തിയത്. യാത്രാനിരോധത്തിന്‍റെ കാരണം അന്വേഷിക്കാൻ ആശുപത്രിയുടെ പ്രതിനിധിയോടൊപ്പം ജവാസത്ത് (പാസ്പോർട്ട്) ഓഫിസിൽ എത്തിയ നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ സഹപ്രവർത്തക റിയാദിലെ സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവൂരിന്‍റെ സഹായം തേടി. സിദ്ദീഖ് തുവൂർ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരോട് വിവരം അന്വേഷിച്ചപ്പോൾ, റിയാദിൽ നിന്ന് വളരെ അകലെയുള്ള നജ്റാൻ പൊലീസ് സ്റ്റേഷനിൽ നഴ്സിനെതിരെ സാമ്പത്തിക കുറ്റകൃത്യത്തിന് കേസെടുത്തിട്ടുണ്ടെന്നും അവിടെ എത്തിച്ച് കൈമാറുമെന്നും അറിയിച്ചു. തുടർന്ന് സിദ്ദീഖ് തുവൂർ നജ്റാനിലെ സാമൂഹിക പ്രവർത്തകനായ സലീം ഉപ്പളയെ ബന്ധപ്പെട്ടു. സലീം ഉപ്പള നജ്റാൻ പൊലീസ് സ്റ്റേഷനിൽ എത്തി നഴ്സിനെതിരായ കേസിനെക്കുറിച്ച് വിശദാംശങ്ങൾ അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായില്ല. പബ്ലിക് പ്രൊസിക്യൂഷനുമായി ബന്ധപ്പെടാനാണ് നിർദ്ദേശം ലഭിച്ചത്. 

 സിദ്ദീഖ് തുവൂർ പൊലീസിനോട് കേസ് വിവരങ്ങൾ വിശദീകരിച്ചതിനെ തുടർന്ന്, നഴ്സിനെ നജ്റാനിലേക്ക് കൊണ്ടുപോയില്ല.റിയാദിൽ തന്നെ അന്വേഷണം പൂർത്തിയാക്കാൻ പൊലീസ് സമ്മതിച്ചു. അന്വേഷണം പൂർത്തിയാക്കിയതോടെ നഴ്സിനെ റിയാദിലെ വനിതാ ജയിലിലേക്ക് മാറ്റുകയും കേസ് ഫയൽ പബ്ലിക് പ്രോസിക്യൂട്ടറുടെ കൈവശം നൽകുകയും ചെയ്തു.

എന്നാൽ, നഴ്സിനെതിരായ തെളിവുകൾ ശക്തമായിരുന്നതിനാൽ പബ്ലിക് പ്രോസിക്യൂട്ടറുടെ മുമ്പിൽ നഴ്സിന്‍റെ നിരപരാധിത്വം തെളിയിക്കാൻ സാധിച്ചില്ല. താമസിയാതെ കേസ് കോടതിയിലെത്തി. ഈ സമയത്ത്, നഴ്സിന്‍റെ സുഹൃത്തുക്കൾ ഓർമ്മിപ്പിച്ച ഒരു നിർണ്ണായക വിവരം സംഭവത്തിന്‍റെ ഗതി മാറ്റി. ഒരു വർഷം മുമ്പ്, നഴ്സിന് ഒരു ഫോൺ കോൾ ലഭിച്ചിരുന്നു. ഈ കോളിൽ, മിനിസ്ട്രി ഓഫ് ഇന്‍റീരിയറിൽ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട തട്ടിപ്പുകാർ, നഴ്സിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 200 റിയാൽ തട്ടിയെടുത്തു. 

ഒരു വർഷം മുൻപ് നടന്ന തട്ടിപ്പും തൽഫലമായി നഷ്ടപ്പെട്ട പണം സംബന്ധിച്ച ഈ വിവരം നഴ്സിന് ഓർമ്മയില്ലാതെ പോയത് തിരിച്ചടിയായി. ഈ വിവരം കൃത്യസമയത്ത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിൽ നഴ്സിന്‍റെ നിരപരാധിത്വം തുടക്കത്തിലേ തന്നെ തെളിയിക്കാമായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ പറയുന്നു. തുടർന്ന്, സിദ്ദീഖ് തുവ്വൂർ നീതി ന്യായ മന്ത്രാലയത്തിന്‍റെ നജാസ് പോർട്ടലിലൂടെ കേസ് ഷീറ്റിന് മറുപടി നൽകി. കേസ് കോടതിയിൽ പരിഗണിക്കാൻ വന്നപ്പോൾ മലയാളം പരിഭാഷപ്പെടുത്താൻ ആളില്ലാത്തതിനാൽ സിദ്ദീഖ് തന്നെ പരിഭാഷകനായും പ്രവർത്തിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും എന്ന പേരിൽ വന്ന വ്യാജ ഫോൺ വിളിയുടെ വിശദാംശങ്ങൾ സിദ്ദീഖ് തന്നെ പരിഭാഷയിലൂടെ കോടതിയെ ബോധ്യപ്പെടുത്തി.

ഈ വിവരം നേരത്തെ അറിയിക്കാത്തതിനെക്കുറിച്ച് ജഡ്ജ് നഴ്സിനോട് ചോദിച്ചപ്പോൾ, ഓർമ്മയില്ല എന്നായിരുന്നു നഴ്സിന്‍റെ മറുപടി. വിശദാംശങ്ങൾ ബോധ്യപ്പെട്ടതോടെ കോടതി ഉടൻ തന്നെ അനുകൂല വിധി പുറപ്പെടുവിച്ച് കേസ് തള്ളി. അടുത്ത ദിവസം തന്നെ വിധിപകർപ്പ് ലഭ്യമാക്കിയ സിദ്ദീഖ് തുവ്വൂർ സീനിയർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപടിക്രമങ്ങൾ വേഗത്തിലാക്കി നഴ്സിനെ ജാമ്യത്തിൽ പുറത്തിറക്കി. നഴ്സിന്‍റെ അറിവില്ലാതെ തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന രണ്ട് സിം കാർഡുകൾ റദ്ദാക്കാനും സിദ്ദീഖ് തുവ്വൂർ നടപടിയെടുത്തു. ഈ സിം കാർഡുകൾ നഴ്സിന്‍റെ ഇഖാമ നമ്പറുമായി ബന്ധപ്പെട്ടതായിരുന്നു.

മൂന്ന് മാസം മുമ്പ്, നജ്റാനിലെ താർ എന്ന പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു മലയാളി നഴ്സ് സമാനമായ അനുഭവത്തിലൂടെ കടന്നുപോയിരുന്നു. യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ അവർക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചില്ല. ഈ സംഭവത്തിൽ, നഴ്സിന്‍റെ മൊബൈൽ നമ്പർ ഉപയോഗിച്ച് തട്ടിപ്പുകാർ 140,000 റിയാൽ തട്ടിയെടുത്തതായി കണ്ടെത്തി. നജ്റാനിലെ സാമൂഹിക പ്രവർത്തകനായ സലീം ഉപ്പള യാത്രാവിലക്ക് സംബന്ധിച്ച വിവരങ്ങൾ റിയാദിൽ അന്വേഷിക്കാൻ സിദ്ദീഖ് തുവൂരിന്‍റെ സഹായം തേടി.തുടർന്ന്, ഇന്ത്യൻ എംബസിയുടെ അനുമതി പത്രവുമായി സിദ്ദീഖ് തുവൂർ നജ്റാൻ പൊലീസ് സ്റ്റേഷനിൽ എത്തി കേസ് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് നഴ്സ് തട്ടിപ്പിന് ഇരയായതാണെന്ന് വ്യക്തമായത്.

പൊലീസ് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ സിദ്ദീഖ് തുവൂരിന്‍റെ സഹായത്തോടെ നഴ്സ് തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള വിശദാംശങ്ങളും തെളിവുകളും ഹാജരാക്കി. ഈ സംഭവത്തിൽ, തട്ടിപ്പുകാർ നഴ്സിന്‍റെ വിലാസം മാറ്റിയെഴുതിയിരുന്നു. തുടർന്ന്, സിദ്ദീഖ് തുവൂർ നഴ്സിന്‍റെ യഥാർഥ വിലാസം വിവിധ ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തി സുരക്ഷിതമാക്കി. ഇതോടെ നഴ്സിന് യാത്രാവിലക്ക് നീക്കം ചെയ്യാനും നാട്ടിലേക്ക് മടങ്ങാനും സാധിച്ചു.

റിയാദിലും നജ്റാനിലും തട്ടിപ്പിന് ഇരയായ രണ്ട് മലയാളി നഴ്സിമാരുടെ നിരപരാധിത്വം തെളിയിക്കാൻ സൗദി ഗവൺമെന്‍റിന്‍റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ എംബസിയുടെയും സഹകരണം നിർണായകമായിരുന്നു. ഈ സംഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ പങ്കുവെച്ച് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ അനധികൃത, തട്ടിപ്പ് ഫോൺ കോളുകളും വ്യാജ സന്ദേശങ്ങളും വരുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഇത്തരം കോളുകളിൽ അനുകൂലമായി പ്രതികരിക്കുകയോ ഒടിപി പോലുള്ള രഹസ്യ വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. തട്ടിപ്പ് കോളുകൾ സംബന്ധിച്ച് സംശയം തോന്നിയാൽ ഉടൻ തന്നെ അന്വേഷണ ഏജൻസികളെ അറിയിക്കണമെന്നും സിദ്ദീഖ് തുവ്വൂർ വ്യക്തമാക്കി.

English Summary:

Fraud Case: 2 Malayali Women Fell into Legal Entanglement, Siddiq Thuvvur Sharing Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com