ADVERTISEMENT

ലണ്ടൻ/കോട്ടയം ∙ കേരളത്തിൽ നിന്നും വിദേശരാജ്യത്തെ ആരോഗ്യസേവന രംഗത്ത് എത്തുന്ന ഏതൊരു നഴ്സിന്റെയും സ്വപ്നങ്ങളിൽ ഒന്നാണ് അവിടെ നിന്നും പുതിയതായി ലഭിക്കുന്ന അറിവുകളും നൂതനമായ പ്രവർത്തന രീതികളും സ്വന്തം നാടിനു കൂടി ഉപകാരപ്പെടുത്തുന്ന തലത്തിൽ നാട്ടിലെ ആരോഗ്യമേഖലയുമായി പങ്കവയ്ക്കാൻ ഒരു അവസരം ലഭിക്കുക എന്നത്. അത്തരത്തിൽ യുകെയിൽ വർഷങ്ങളോളം പ്രവർത്തിച്ച നഴ്സുമാർ ഒത്തുചേർന്നപ്പോൾ കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ചത് അപൂർവ്വ നേട്ടവും ബഹുമതിയുമാണ്. മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആൻഡ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രോജക്ട് ആണ് യുകെ നഴ്സുമാരുടെ പിന്തുണയോടെ നടപ്പിലായത്. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, ആലപ്പുഴ സ്വദേശി ബിജോയ്‌ സെബാസ്റ്റ്യൻ, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവരാണ് പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ച യുകെ നഴ്സുമാർ.

ഇവർക്കൊപ്പം യുകെയിൽ നഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. ഈ ആശയം ആദ്യം കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. വിനീത വി. നായർ എന്നിവരുമായി പങ്കുവച്ചപ്പോൾ പൂർണ സമ്മതം നൽകുകയായിരുന്നു. തുടർന്ന് യുകെയിലെ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യുകെയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബും പ്രസിഡന്റ്‌ പ്രിയാ രാജനും പ്രോജക്ടിന്റെ വിശദമായ റിപ്പോർട് ആരോഗ്യ മന്ത്രി വീണ ജോർജിന് മുന്നിൽ അവതരിപ്പിച്ചു. ചർച്ചകളിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി എ. പി. മുഹമ്മദ് ഹനീഷ് ഐഎഎസിനെ  മന്ത്രി നിയോഗിക്കുകയും ചെയ്തു. യാതൊരു വിധ സർക്കാർ ഫണ്ടുകളോ ഔദ്യോഗിക രേഖകളുടെ കൈമാറ്റമോ ഇല്ലാതെ നേരിട്ട്  നിരീക്ഷിച്ചും ആർജിത അറിവുകൾ പങ്കുവച്ചും ഓൺലൈൻ ക്ലാസുകൾ നൽകിയും പ്രോജക്ട് ആരംഭിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് വഴി ഒരു കാർഡിയോ തൊറാസിക് രോഗിയുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങളില്‍ സുരക്ഷയും നഴ്സിങ് കെയറിന്റെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നത് മികച്ച ഫലം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

malayali-nurses-from-uk-have-joined-hands-with-kottayam-medical-college
യുകെയിൽ നഴ്‌സായ അയർലൻഡ് സ്വദേശിനി മോന ഗഖിയൻ ഫിഷറും പ്രൊ ജക്ടിന് പിന്നിൽ പ്രവർത്തിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ ഐസിയു, തിയേറ്ററുകൾ, വാർഡുകൾ എന്നിവ ഉൾപ്പടെയുള്ള വിവിധ ക്ലിനിക്കൽ ഏരിയകളിലെ നഴ്‌സുമാരായ ഷൈബിമോൾ കുര്യൻ, എ. എം. ഷീബ, എ. ആർ. പ്രീതി, ജിൻസ്മോൻ, ത്രേസ്യാമ ഡൊമിനിക്, എം. ടി. ലത, ടി. എസ്. അനിജ, പി. സലിൻ, എം. ആർ. സുനിത എന്നിവരും പ്രോജക്ടിന് പിന്നിൽ പ്രവർത്തിച്ചു. മെഡിക്കൽ കോളജ് കാർഡിയോ തൊറാസിക് ഡിപ്പാർട്ടുമെന്റിന്റെ പശ്ചാത്തലവും നിലവിലുള്ള  പ്രവർത്തന രീതികൾ, അവയിൽ അത്യാവശ്യമായി വരുത്തേണ്ട മാറ്റങ്ങൾ എന്നിവയെക്കു റിച്ച് നിരന്തരമായ ഓൺലൈൻ സ്റ്റഡി സെഷനുകൾ നടന്നിരുന്നു. പ്രോജക്ടിൽ പ്രായോഗികമായ മാറ്റങ്ങൾ നടപ്പിൽ വരുത്തുന്നതോടൊപ്പം തന്നെ യുകെയിലെയും മറ്റു വിദേശ രാജ്യങ്ങളിലും നിലവിലുള്ള നൂതന സംവിധാനങ്ങളും  പ്രോട്ടോകോളുകളും ക്ലിനിക്കൽ ഗൈഡ് ലൈനുകളും വികസിപ്പിക്കുന്ന അറിവുകൾ പങ്കുവയ്ക്കുകയും കൂടാതെ  നഴ്‌സുമാരുടെ നേതൃത്വപാടവവും ടീം വർക്കും മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ  സമർപ്പിക്കുകയൂം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം.

നഴ്‌സിങ് മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയം ഉള്ള മിനിജ ജോസഫ്, നിലവിൽ  കിങ്‌സ് കോളജ് എൻ എച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ തീയേറ്റർ ലീഡ് നഴ്‌സ് ആണ്. ബിജോയ് സെബാസ്റ്റ്യൻ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ ക്രിട്ടിക്കൽ കെയർ ഇലക്ടീവ് സർജിക്കൽ പാത്ത് വെയ്‌സ് സീനിയർ നഴ്‌സ് ആയും, മേരി എബ്രഹാം കിങ്‌സ് കോളജ് എൻഎച്ച്എസ് ഐസിയു, എച്ച്‌ഡിയു വാർഡ് മാനേജരായും സേവനം അനുഷ്ഠിക്കുന്നു.

യുകെയിലെയും  അയർലാൻഡിലെയും ആശുപത്രികളിലെ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മോന ഗെക്കിയൻ ഫിഷർ 2018-2021 കാലഘട്ടത്തിൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് പേരിഓപ്പെറേറ്റിവ് പ്രാക്ടീസിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. മുൻ ധനകാര്യ മന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തിരുവല്ലയിൽ നടത്തിയ മൈഗ്രേഷൻ കോൺക്ലേവിലെ ആശയങ്ങൾ ഉൾക്കൊണ്ടു നടത്തുന്ന ഇത്തരം പദ്ധതികളിലൂടെ രാജ്യാന്തര നിലവാരത്തിലേക്ക് കേരളത്തിലെ ആരോഗ്യമേഖലയിലെ  പ്രവർത്തന രീതികൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് കൈരളി യുകെ ഭാരവാഹികൾ പറഞ്ഞു.

English Summary:

Malayali Nurses from UK have Joined Hands with Kottayam Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com