ADVERTISEMENT

സൂറിക് ∙ വീട് ഒഴിഞ്ഞ് ഒരു ട്രെയിൻ പാസും എടുത്ത് ഒന്നര വർഷമായി സഞ്ചരിക്കുന്ന ട്രെയിനിൽ താമസിക്കുന്ന ആരെയെങ്കിലും പരിചയമുണ്ടോ? ജർമൻകാരനായ ലാസെ സ്റ്റോളി എന്ന 17-കാരൻ, കഴിഞ്ഞ 18 മാസമായി ജർമൻ ട്രെയിനുകളിൽ ജീവിച്ചുവരവേയാണ്, അവിടെ റെയിൽ സമരം വരുന്നത്. ട്രെയിനുകൾ ഓട്ടം നിർത്തിയപ്പോൾ, ട്രെയിനിൽ നിന്നും ഇറങ്ങാൻ നിർബന്ധിതനായ ലാസെയുടെ വിശേഷങ്ങൾ  യൂറോപ്യൻ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

നമ്മുടെ നാട്ടിൽ ഒരു 17-കാരൻ മാതാപിതാക്കളുടെ തണലിലാവും. എന്നാൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ അത്ര സുഖകരമല്ലാത്ത ബാല്യം പിന്നിട്ട ലാസെ, ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ പ്രോഗ്രാമറായി ആരെയും ആശ്രയിക്കാതെയുള്ള ജീവിതം ആരംഭിച്ചു. ജീവിത ചെലവ് പരമാവധി ചുരുക്കാതെ മിനിമം വേതനത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് ലാസെ തുടക്കത്തിലേ തിരിച്ചറിഞ്ഞു. 

വീട്ട് വാടകയും അനുബന്ധ ചിലവുകളും എങ്ങനെ ലാഭിക്കുമെന്ന ലാസെയുടെ ചിന്തകളുടെ പ്ലാറ്റ്‌ഫോമിലേക്കാണ്‌ അങ്ങനെയിരിക്കെ ഡോയിഷെ ബാൻ (ജർമൻ റെയിൽ) ഹോൺ അടിച്ചെത്തുന്നത്. ട്രെയിനിനെ വീടാക്കുക എന്ന ആശയത്തിന് മണിമുഴങ്ങിയതോടെ, ജർമൻ റെയിലിന്റെ വാർഷിക പാസ് ഒരെണ്ണം എടുത്തു. തുടക്കത്തിൽ സെക്കൻഡ് ക്ലാസ് പാസ്സായിരുന്നു. എന്നാൽ ഈ വർഷം മുതൽ ലാസെ ഫസ്റ്റ് ക്ലാസ് പാസ്സിലേക്ക് മാറി.

ലാസെ സ്റ്റോളി
ലാസെ സ്റ്റോളി

തിരക്കേറിയ സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റുകൾ തന്റെ ലക്ഷ്യത്തിന് അനുയോജ്യമല്ലെന്ന തിരിച്ചറിവിലായിരുന്നു ലാസെയുടെ കമ്പാർട്മെന്റ് മാറ്റം. യുവാക്കൾക്ക് ഇളവ് ഉള്ളതിനാൽ വർഷത്തിൽ 5888 യൂറോയാണ് ചെലവ് വരുന്നത് (ഏകദേശം 5.3 ലക്ഷം രൂപ). ഒറ്റയടിക്ക് താമസ്സവും, യാത്രയും ഫ്രീ. ജീവിതം ട്രെയിനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി,  കൊണ്ടുനടക്കേണ്ട സാധനങ്ങൾ ലാസെ എന്ന കൗമാരക്കാരൻ ഒരു വലിയ ബാക്ക്പാക്കിനുള്ളിൽ കൊള്ളുന്നവിധമാക്കി ചുരുക്കി. ജോലിയുടെ ഭാഗമായി ഒരു അൺലിമിറ്റഡ് മൊബൈൽ ഡേറ്റ കണക്ഷനും എടുത്തു.

ജർമനിയിൽ എവിടെയും സഞ്ചരിക്കാമെന്നുള്ളതുകൊണ്ട്, അതാത് ദിവസമാണ് അന്നത്തെ യാത്ര ചാർട്ട് ചെയ്യുക. പകൽ എന്നപോലെ രാത്രിയിലും ദീർഘദൂര ട്രെയിനുകളോടാണ് 17 കാരന് പ്രിയം. ഇടയ്ക്കുള്ള ഇറക്കം ഒഴിവാക്കാമല്ലോ. റെയിൽ പാസ് ഇരിപ്പിടത്തിന് മാത്രമുള്ളതായതിനാൽ കിടക്കണമെന്ന് തോന്നിയാൽ സീറ്റുകൾക്കിടയിലോ, സ്ലിപ്പിങ് ബാഗ് വിരിച്ചു ബോഗിയിലെ ലഗേജ് സ്പെയിസിലൊ, റസ്റ്റ്റന്റ് കമ്പാർട്മെന്റിന്റെ  ഒഴിഞ്ഞ ഭാഗത്തോ കിടക്കുമെന്നും ലാസെ പറയുന്നു. ഭക്ഷണം  മിനിമം. വസ്ത്രങ്ങൾ ട്രെയിനിലെ ശുചിമുറികളിലോ, പ്ലാറ്റ് ഫോം ലോഞ്ചുകളിലോ കൈകൊണ്ട് അലക്കും.

ഇടയ്ക്ക് ജർമനിക്ക് പുറത്തും യാത്രകൾ നടത്തും. പരമാവധി ദുരം ജർമൻ റെയിലിൽ (ഡോയിഷെ ബാൻ) പോയിട്ടാവും അത്തരം യാത്രകൾ. ഇതിൽ ഏറ്റവും അവസാനത്തേത് സ്‌കാൻഡിനേവിയയ്ക്കായിരുന്നു. തന്റെ ട്രെയിൻ അനുഭവങ്ങൾക്കായി leben-im-zug.de ലേബൻ ഇമ്മ് സുഗ് (ട്രെയിൻ ജീവിതം) എന്ന പേരിൽ ഒരു ബ്ലോഗും ഈ 17 കാരൻ ഒരുക്കിയിട്ടുണ്ട്. യാത്രകളും, വിശേഷങ്ങളും, അനുഭവങ്ങളുമായി സ്വാതന്ത്ര്യം സ്വയം തിരഞ്ഞെടുത്ത ഒരു 17-കാരൻ നമ്മെ ഇതിൽ വിസ്മയിപ്പിക്കുന്നുണ്ട്. ഇങ്ങനെയും ജീവിക്കാമെന്ന് കാണിച്ചുതരുന്നുമുണ്ട്.

മികച്ച സേവന വ്യവസ്ഥകൾക്കായി സമരം നടത്തുന്നവരോട് തന്റെ യാത്ര മുടക്കിയിട്ടും, ലാസെ സ്റ്റോളി എന്ന 17-കാരന് അനുഭാവം മാത്രം. അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നാണ് അവന് പറയാനുള്ളത്. ട്രെയിൻ സമരം തുടങ്ങിയതോടെ ഫ്രാങ്ക്ഫർട്ട് എയർ പോർട്ടിലെ ബെഞ്ചിലും, മെയിൻ സ്റ്റേഷനിലെ ലോഞ്ചിലും മറ്റുമാണ് ഒരു പരാതിയുമില്ലാതെ ലാസെ കഴിയുന്നത്. അല്ലെങ്കിലും ദേശാടനക്കിളികൾ കരയാറില്ല എന്നല്ലേ പറയാറ്.

English Summary:

17 Years Old German Boy's Train Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com