ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കലിതുള്ളി പെയ്ത മഴയ്ക്കുശേഷം കാറും കോളും നീങ്ങി. ആകാശം തെളി‍​ഞ്ഞു. എങ്കിലും വിവിധ എമിറേറ്റുകളിലെ മഴക്കെടുതികൾ തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താൻ ഇനിയും സമയമെടുക്കും. 

യുഎഇയെ ഇരുട്ടിലാക്കി ഒരു പകലും രാത്രിയും ഇടിയും മിന്നലും കാറ്റും മഴയുമായി സംഭവ ബഹുലമായിരുന്നു ചൊവ്വാഴ്ച. തിമിർത്തു പെയ്ത മഴയ്ക്കുശേഷം അന്തരീക്ഷത്തിലെ പൊടിപടലങ്ങളെല്ലാം നീങ്ങിയെങ്കിലും മഴക്കെടുതിയിൽനിന്ന് കരകയറാനാകാതെ നട്ടംതിരിയുകയായിരുന്നു ജനം.

മഴയിൽ ദുബായ് ദെയ്റ മൊബൈൽ മാർക്കറ്റിലേക്കു വെള്ളം കയറി നശിച്ച ഉൽപന്നങ്ങൾ നടപ്പാതയിൽ ഉണക്കാനിട്ടിരിക്കുന്നു.
മഴയിൽ ദുബായ് ദെയ്റ മൊബൈൽ മാർക്കറ്റിലേക്കു വെള്ളം കയറി നശിച്ച ഉൽപന്നങ്ങൾ നടപ്പാതയിൽ ഉണക്കാനിട്ടിരിക്കുന്നു.

∙ കടകളിലും വീടുകളിലും നഷ്ടങ്ങളേറെ 
റെക്കോർഡ് മഴ ചരിത്രത്തിൽ ഇടംപിടിച്ചെങ്കിലും നഷ്ടക്കണക്കും ഒപ്പം ചേർത്തുവയ്ക്കേണ്ടിവരും. വീടുകളിലേക്കും കടകളിലേക്കും ഇരച്ചുകയറിയ വെള്ളത്തിലൂടെ നഷ്ടമായത് കോടികൾ. വിലപിടിപ്പുള്ള മൊബൈൽ ഫോണും ലാപ്ടോപ്പും കംപ്യൂട്ടറും മറ്റു ഉപകരണങ്ങളുമെല്ലാം വെള്ളത്തിലൂടെ ഒഴുകിനടന്നു. ഇന്നലെ ദെയ്റ മൊബൈൽ മാർക്കറ്റിലെ നടപ്പാതയിൽ ഉണക്കാനിട്ടവയിൽ ഏറ്റവും പുതിയ ഐഫോൺ മുതലുണ്ട്. മൊബൈൽ ബിസിനസിൽ മലയാളികൾക്കും ഇറാനികൾക്കുമാണ് മേൽക്കോയ്മ. ഇവിടെ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ളവരും. മഴ മുന്നറിയിപ്പിനെ തുടർന്ന് കടകളിലെ ഉൽപന്നങ്ങളെല്ലാം മുകൾ തട്ടിലേക്കു കയറ്റിവച്ചിരുന്നുവെങ്കിലും മഴവെള്ളം ഇരച്ചുകയറിയതോടെ എല്ലാം  ഒഴുകിപ്പോയി. കുറേ നഷ്ടപ്പെട്ടു. മറ്റുള്ളവ കുതിർന്ന് ഉപയോഗശൂന്യമായി. അവശേഷിച്ചത് മൊബൈൽകവറുകൾ. അവ വെയിലത്തുവച്ച് ഉണക്കുകയാണ് കച്ചവടക്കാരും ജീവനക്കാരും.

വീടുകളിലേക്കു ഇരച്ചുകയറിയ വെള്ളം തളംകെട്ടി നിൽക്കുന്നതിനാൽ ഇന്നലെയും പല കുടുംബങ്ങൾക്കും സ്വന്തം വില്ലയിലും ഫ്ലാറ്റിലും താമസിക്കാനായില്ല. താഴത്തെ നിലയിൽ കയറിയ വെള്ളം കോരി വറ്റിച്ചെങ്കിലും ഭൂഗർഭ നിലയിലുള്ള മുറികളിൽ അരയ്ക്കൊപ്പം കയറിയ വെള്ളക്കെട്ട് നീക്കാനാവാതെ മലയാളി കുടുംബങ്ങൾ പാടുപെട്ടു. ബഹുനില കെട്ടിടത്തിലെ ഭൂഗർഭ പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങളെല്ലാം എൻജിനിൽ വെള്ളം കയറി ഉപയോഗശൂന്യമായി.

∙ റൺവേകളിൽ അറ്റകുറ്റപ്പണി
വിമാന സർവീസുകൾ പൂർണ തോതിൽ പുനഃസ്ഥാപിക്കാത്തതും യാത്രക്കാരെ ബാധിച്ചു. ഇന്നലെയും പല വിമാനങ്ങളും റദ്ദാക്കുകയോ വൈകുകയോ ചെയ്തു. റൺവേയിലും മറ്റുമുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാലേ പൂർണ തോതിൽ സർവീസ് പുനഃസ്ഥാപിക്കൂ. ഇതേസമയം ഫ്ലൈ ദുബായുടെ സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു.

∙ ദുബായ് ട്രാം ഓടിത്തുടങ്ങി
ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈനുകളുടെയും സ്റ്റേഷനുകളുടെയും പ്രവർത്തനങ്ങൾ വീണ്ടെടുത്തു വരികയാണ്. അടച്ചിട്ട സ്റ്റേഷനുകളിൽ നിന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് സൗജന്യ ബസ് സർവീസും ഏർപ്പെടുത്തി. ദുബായ് ട്രാം സർവീസ് പുർണ തോതിൽ പുനഃസ്ഥാപിച്ചു. പൊതുഗതാഗത ബസുകളും സർവീസ് നടത്തി.

വിളികേൾക്കാതെ റിക്കവറി വാനുകൾ
വെള്ളക്കെട്ടിൽ കുടുങ്ങി എൻജിനിൽ വെള്ളം കയറി പണിമുടക്കിയ നൂറുകണക്കിന് വാഹനങ്ങൾ നീക്കാൻ റിക്കവറി വാൻ കിട്ടാതെ ജനം വലഞ്ഞു. വിളിപ്പുറത്ത് എത്തിയിരുന്ന ഓപ്പറേറ്റർമാർ മടിച്ചു നിന്നു. വെള്ളക്കെട്ടിലിറങ്ങിയാൽ റിക്കവറി വാഹനം കെട്ടിവലിക്കേണ്ടിവരുമെന്ന ഭീതിയിൽ ഒഴിയുകയായിരുന്നു പലരും. വെള്ളം ഇറങ്ങിയ ഇടങ്ങളിൽനിന്ന് വാഹനങ്ങൾ മാറ്റുന്നത് ഇന്നലെ ഇടതടവില്ലാതെ തുടർന്നതോടെ ഗാരിജുകൾ നിറഞ്ഞു. പരിസരത്തെ റോഡുകൾക്കു സമീപമാണ് പല വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നത്.

∙ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും
പ്രളയം മൂലം വീടു വിട്ടിറങ്ങേണ്ടിവന്ന കുടുംബങ്ങൾക്ക് ഷാർജ സർക്കാർ താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരുന്നു. ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നു തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

∙ ഇന്നും നാളെയും കൂടി ഇ–ലേണിങ് 
യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ഇന്നും നാളെയും ഇ–ലേണിങ് തുടരുമെന്ന് ദി എമിറേറ്റ്സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ അറിയിച്ചു. ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റിലെ ചില സ്വകാര്യ സ്കൂളുകളും ഇ–ലേണിങ് അനുവദിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ റോഡിലെ വെള്ളക്കെട്ട് നീക്കാനുള്ള പ്രവർത്തനങ്ങൾ ഇന്നലെയും പുരോഗമിക്കുകയാണ്.

∙ അസ്ഥിര കാലാവസ്ഥ മാറി
രാജ്യത്ത് അസ്ഥിര കാലാവസ്ഥ പൂർണമായും മാറിയെന്ന് ഇന്നലെ വൈകുന്നേരം ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ കാലാവസ്ഥ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി ഇറക്കിയ വാർത്താ കുറിപ്പിൽ പറ‍ഞ്ഞു.  മഴക്കെടുതിയിലെ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള ശ്രമം ഊർജിതമായി പുരോഗമിക്കുകയാണ്. ഇതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ്, പൊലീസ് എന്നിവർ യോജിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

English Summary:

UAE Rain : Heavy Rain Disrupt Life in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com