ADVERTISEMENT

അജ്മാൻ ∙  ഇന്നലെ (ചൊവ്വ) അജ്മാനിൽ പെയ്ത കനത്ത മഴയിൽ മഴവെള്ളം ഇരച്ചുകയറി മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിന് നാശനഷ്ടമുണ്ടാവുകയും അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആട്, കോഴി, മുയൽ, മയിൽ തുടങ്ങിയവയ്ക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഫാമിന് മേൽനോട്ടം വഹിച്ചിരുന്ന പാക്കിസ്ഥാനി യുവാവിനെ മുനിസിപാലിറ്റി അധികൃതരെത്തി അടുത്തുള്ള പള്ളിയിലേയ്ക്ക് മാറ്റി. ഷാർജയിലെ യുവ വ്യവസായി കണ്ണൂർ സ്വദേശി തൻവീർ, യുഎഇ സ്വദേശി അബ്ദുല്ല അല്‍ ഷംസിയോടൊപ്പം ഹെലിയോയിലെ സുബൈർ എന്ന മരുഭൂ പ്രദേശത്ത് നടത്തുന്ന ഫാമിലാണ് വെള്ളംകയറിയത്. ഇവിടെ വളർത്തിയിരുന്ന ആയിരത്തോളം ആടുകൾ,  250ലേറെ മുയൽ, ആറോളം മയിൽ, കോഴി തുടങ്ങിയവയാണ് വെള്ളത്തിൽ മുങ്ങിച്ചത്തത്. ഒട്ടേറെ മാനുകൾ വെള്ളംകുടിച്ച് അവശനിലയിലാണ്. ഫാംഹൗസിലെ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടെലിവിഷൻ, ഫർണീച്ചർ എന്നിവയെല്ലാം വെള്ളം കേറി ഉപയോഗശൂന്യമായി. ഫാമിലേക്കുള്ള വഴികളിലെല്ലാം വെള്ളംനിറഞ്ഞ് പുഴപോലെയായതിനാൽ നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല. സാമ്പത്തിക നഷ്ടത്തേക്കാൾ നാൽക്കാലികളുടെ ജീവൻ പൊലിഞ്ഞത് തന്നെ ഏറെ വേദനിപ്പിക്കുന്നതെന്ന് തൻവീർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

വർഷങ്ങൾക്ക് മുൻപാണ് ഫാം ആരംഭിച്ചത്. വിശാലമായ സ്ഥലത്ത് പ്രത്യേകം തയാറാക്കിയ കൂടുകളിലായിരുന്നു നാൽക്കാലികളെയും മയിൽ, കോഴി, ഉന്നത ഇനത്തിൽപ്പെട്ട മുയലുകൾ എന്നിയെ വളർത്തിയിരുന്നത്. ഇതിന് മുൻപ് ഇൗ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നെങ്കിലും ഒരിക്കലും ഫാമിലേയ്ക്ക് വെള്ളം കയറിയിരുന്നില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഇപ്രാവശ്യം മഴവെള്ളം ഇരച്ചുകയറിയത്. അത് വേദനിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിച്ചത്. ഇതുവരെ ഫാം സന്ദർശിക്കാനാകാത്തതും വിഷമിപ്പിക്കുന്നുവെന്ന്  തൻവീർ പറഞ്ഞു. 

uae-floods-rain-plays-spoilsport-for-farm-owners-including-malayali
ചത്തുകിടക്കുന്ന ആടുകൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം ഇന്നലെ  സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അൽഐനിലെ ഖതം അശ്ശക്‌ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനു ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവ്വാഴ്ച മുതലുള്ള തോരാ മഴ. അപൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖര തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ. 

English Summary:

UAE Floods: Rain Plays SpoilSport for Farm Owners Including Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com