ADVERTISEMENT

ഷാർജ ∙ പ്രളയ മേഖലയിലെ ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ്. ഷാർജയിലെ സൗദി മസ്ജിദ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. റെയ്ൻ സപ്പോർട്ട് ഗ്രൂപ്പ്, ഐസിഎഫ്, കെഎംസിസി, അക്കാഫ്, ഇൻകാസ് തുടങ്ങിയ സന്നദ്ധസംഘടനകളും വ്യക്തിഗത വൊളന്റിയർമാരും ഇവിടെ എത്തി റജിസ്റ്റർ ചെയ്യണം. സംഘടനകളും വ്യക്തികളും സമാഹരിക്കുന്നതും സ്ഥാപനങ്ങൾ സംഭാവന ചെയ്യുന്നതുമായ ഭക്ഷണം, ശുദ്ധജലം, മരുന്ന് തുടങ്ങി ദുരിതാശ്വാസ വസ്തുക്കൾ ഇവിടെ എത്തിച്ച് റജിസ്റ്റർ ചെയ്ത ശേഷമേ വിതരണം ചെയ്യാവൂ.

വിവിധ മേഖലകളിലെ വിതരണവും സാമൂഹിക സേവന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാക്കി. എല്ലാ മേഖലകളിലും താമസിക്കുന്നവർക്ക് അവശ്യസാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് പരിഷ്കാരം. മലയാളികളും മറുനാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് വ്യക്തികളും സംഘടനകളും സേവന പ്രവർത്തനങ്ങളിൽ രാപകൽ സജീവമായിരുന്നു. 

പ്രളയമേഖലയിൽ കുടുങ്ങിയ ആയിരങ്ങൾക്ക് യഥാസമയം സഹായം എത്തിക്കാൻ മുന്നിട്ടിറങ്ങിയത് ദുരിതത്തിന്റെ ആഘാതം കുറച്ചു. പ്രദേശം വെള്ളക്കെട്ടിൽ അകപ്പെട്ടപ്പോൾ സ്വന്തം ആരോഗ്യം മറന്നാണ് മലയാളികൾ അടിയന്തര സഹായം എത്തിച്ചത്. പത്തും പതിനഞ്ചും അതിലേറെയും നിലയുള്ള കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ താമസക്കാർ ബക്കറ്റ് കയറിൽകെട്ടി ഇട്ടുകൊടുത്താണ് ശുദ്ധജലവും ഭക്ഷണവും വാങ്ങിയത്. പ്രളയ ബാധിതരെ സഹായിക്കാൻ മാത്രം തുറന്ന വാട്ട്സാപ് കൂട്ടായ്മകളിൽ ഏഴായിരത്തോളം പേരാണ് അംഗങ്ങളായത്. 

ഇതിനായി വെബ്സൈറ്റ് തുടങ്ങിയത് ആയിരങ്ങൾക്ക് ആശ്വാസമായി. ആവശ്യക്കാരും ദാതാക്കളും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തോ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചോ ആണ് സഹായം സ്വീകരിച്ചത്. പ്രളയമേഖലയിലെ താമസക്കാരെ ആശുപത്രിയിൽ കൊണ്ടുപോകാനും ബന്ധുക്കളുടെ വീടുകളിലേക്കു മാറ്റാനും മരുന്ന് എത്തിക്കാനും ലീവെടുത്ത്  ഇറങ്ങിയവരുമുണ്ട്. സർക്കാരിന്റെ പിന്തുണ കൂടി വന്നതോടെ ഇനി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനാകും. മേഖലയിൽ വെള്ളം കുറയുന്നതും ആശ്വാസം പകരുന്നു.

English Summary:

Sharjah Social Service Department steps up to coordinate charity activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com