ADVERTISEMENT

ദുബായ് ∙വേനൽച്ചൂടിന് ആശ്വസമേകി ആർത്തിരമ്പിയെത്തിയ മഴയുടെ മട്ടുമാറിയതോടെ വടക്കൻ മേഖലകളിൽ പ്രളയ പ്രതീതി. ഇന്നലെ മഴ കുറവായിരുന്നെങ്കിലും താഴ്ന്ന മേഖലകൾ ഇപ്പോഴും വെള്ളത്തിലാണ്. പലയിടങ്ങളിലും ഇന്നലെ പുലർച്ചെയും ശക്തമായ മഴ പെയ്തു. രാത്രിയും തുടരാനിടയുള്ളതിനാൽ അധികൃതർ അതീവ ജാഗ്രതാ നിർദേശം നൽകി. പല സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.

dubai-rain
ഖോർഫക്കാനിൽ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ പോകുന്ന വാഹനങ്ങൾ.

വെള്ളമിറങ്ങാത്തതിനാൽ മുറികളിൽ തന്നെ കഴിയുകയാണെന്നു താമസക്കാർ പറഞ്ഞു. അസ്ഥിര കാലാവസ്ഥ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന. സൈന്യം, പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ  നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനത്തിൽ സന്നദ്ധസംഘടനകളും പങ്കെടുക്കുന്നു.

fujairah-rain
കനത്ത മഴയെ തുടർന്നു വെള്ളത്തിൽ മുങ്ങിയ ഫുജൈറ ഫസീൽ മേഖലയിലെ ദൃശ്യങ്ങൾ.

വെള്ളം കയറിയ വീടുകളിൽ നിന്നു താമസക്കാർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കും ഹോട്ടലുകളിലേക്കും മാറി. ചില ഹോട്ടലുകാർ സൗജന്യമായി ഭക്ഷണം നൽകി. വാദികൾ, മലനിരകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാദി അൽ ബയ്ഹ്, വാദി ഗലീല ഡാം എന്നിവ നിറഞ്ഞൊഴുകുന്നതിനാൽ സമീപ മേഖലകൾ പൂർണമായും വെള്ളത്തിലായി. 

ഒമാൻ അതിർത്തിയോടു ചേർന്ന റാസൽഖൈമ മേഖലകൾ ഏറെക്കുറെ ഒറ്റപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ചില വീടുകൾ ഭാഗികമായി തകർന്നു. വെള്ളമിറങ്ങിയ റോഡുകളിലും പാർക്കിങ്ങിലും ചെളിനിറഞ്ഞു. ശുചീകരണ ജോലികളും പുരോഗമിക്കുന്നു.

uae-rain
ഖോർഫക്കാനിൽ വെള്ളം കയറി ഒറ്റപ്പെട്ട മേഖല.

 

ഖോർഫക്കാനിലേക്കുള്ള  റോഡുകൾ അടച്ചു

 

∙  മലയോരങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചതായി പൊലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയിൽ ദുർഘട മേഖലയിൽ വാഹനങ്ങൾ കുടുങ്ങുന്നത് സങ്കീർണ സാഹചര്യങ്ങളുണ്ടാക്കാം.

യുഎഇയിൽ കനത്ത മഴയെത്തുടർന്നു വെള്ളക്കെട്ടിലായ ഫുജൈറ ഫസീൽ മേഖല.
യുഎഇയിൽ കനത്ത മഴയെത്തുടർന്നു വെള്ളക്കെട്ടിലായ ഫുജൈറ ഫസീൽ മേഖല.

∙ ഖോർഫക്കാൻ റോഡിൽ ഇരുദിശകളിലേക്കുമുള്ള ഗതാഗതം നിരോധിച്ചെന്നും യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ഷാർജ പൊലീസ് നിർദേശിച്ചു. 

 

∙  ഖോർഫക്കാനിലേക്കുള്ള ദഫ്ത റോഡിലൂടെയും വാഹനങ്ങൾ വിടുന്നില്ല. 

 

sharjah-rolla-flood
കനത്ത മഴയെ തുടർന്നു റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ കളിക്കുന്ന കുട്ടികൾ. ഷാർജ റോളയിൽ നിന്നുള്ള ദൃശ്യം

സഹായം തേടാം

 

ഫുജൈറയിൽ പെരുമഴയെ തുടർന്നു താഴ്ന്ന മേഖലകളിൽ വെള്ളം കയറിയപ്പോൾ.
ഫുജൈറയിൽ പെരുമഴയെ തുടർന്നു താഴ്ന്ന മേഖലകളിൽ വെള്ളം കയറിയപ്പോൾ.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ കിഴക്കൻ മേഖലയിലേക്കുള്ള യാത്ര തൽക്കാലത്തേക്ക് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പർ: 999. 

 

വീട്ടിലിരുന്നു ജോലി ചെയ്യാം

ഫുജൈറ, ഷാർജ, റാസൽഖൈമ എമിറേറ്റുകളിൽ സ്വകാര്യ ജീവനക്കാർക്കടക്കം ഇന്നലെയും ഇന്നും വീടുകളിലിരുന്നു ജോലി (വർക് ഫ്രം ഹോം) ചെയ്യാൻ അനുമതി നൽകി. അടിയന്തര സേവന രംഗങ്ങളിലുള്ളവരെ ഒഴിവാക്കി. 

 

ബസ് സർവീസ് നിർത്തിവച്ചു

കിഴക്കൻ മേഖലയിലേക്കുള്ള ചില ബസ് സർവീസുകൾ ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇന്നലെ നിർത്തിവച്ചു. ഫുജൈറ വഴി ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലേക്കുള്ള ലൈൻ 116, ലൈൻ 611 സർവീസുകളാണ് നിർത്തിവച്ചത്. കാലാവസ്ഥ അനുകൂലമായ ശേഷം സർവീസുകൾ തുടരും. 

 

ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 3,897 പേർ

ദുബായ് ∙ ഷാർജ, ഫുജൈറ എമിറേറ്റുകളിലെ പ്രളയ ബാധിതമേഖലകളിൽ നിന്ന് 3,897 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചു. വെള്ളമിറങ്ങി വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകും വരെ ഇവർ ഇവിടെ തുടരും. വിവിധ മേഖലകളിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 870 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. 20 ഹോട്ടലുകളിലും അധികൃതർ താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് 50ൽ ഏറെ ബസുകൾ ഉപയോഗിക്കുന്നു.  രക്ഷാ ദൗത്യങ്ങളിൽ സുരക്ഷാസേനയ്ക്കൊപ്പം നൂറിലേറെ വൊളന്റിയർമാരും മറ്റു സന്നദ്ധ പ്രവർത്തകരുമുണ്ട്.

 

ഡ്രൈവിങ് കരുതലോടെ...

fujaira-flood-pic-1
കനത്ത മഴയിൽ ഫുജൈറയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ

 

അബുദാബി ∙ മഴയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പൊലീസ് മാർഗ നിർദേശമിറക്കി.

fujaira-flood-pic-2
കനത്ത മഴയിൽ ഫുജൈറയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ
fujaira-flood-pic-3
കനത്ത മഴയിൽ ഫുജൈറയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ

∙ വാഹനത്തിന്റെ വൈപ്പർ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണം.

∙ കട്ട തേഞ്ഞ ടയറാണെങ്കിൽ വെള്ളത്തിൽ ഇറക്കരുത്.

∙ മഴ പെയ്യുമ്പോൾ പകലാണെങ്കിലും വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഓൺ ചെയ്യുക. മുന്നിലുള്ള വാഹനങ്ങൾക്ക് നമ്മളെ കാണാൻ കഴിയുന്നുവെന്ന് ഉറപ്പു വരുത്തണം.

∙ മുന്നിൽ പോകുന്ന വാഹനവുമായി പരമാവധി സുരക്ഷിത അകലം പാലിക്കുക.

∙ റോഡിൽ നിർദേശിച്ചിരിക്കുന്നതിൽ കൂടുതൽ സ്പീഡ് ഉപയോഗിക്കാതിരിക്കുക. വഴിയിലെ സൈൻ ബോർഡുകൾ കൃത്യമായി മനസിലാക്കുക.

∙ റോഡിലെ വെള്ളക്കെട്ടിലൂടെ വണ്ടി ഓടിക്കുന്നത് ഒഴിവാക്കുക.

∙ ഫോൺ ഉപയോഗം ഉൾപ്പടെ ശ്രദ്ധ മാറ്റുന്ന പ്രവൃത്തികൾ ഡ്രൈവിങ്ങിനിടെ ഒഴിവാക്കുക.

 

ഇത്തവണ പെയ്തത് ഇരട്ടിയിലേറെ മഴ

ദുബായ് ∙ കഴിഞ്ഞ 27 വർഷത്തിനിടെ യുഎഇയിൽ ലഭിച്ച റെക്കോർഡ് മഴയാണിതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലേറെ മഴ പെയ്തു. എല്ലാ എമിറേറ്റുകളിലും മഴ ലഭ്യത കൂടിയെങ്കിലും വടക്കൻ മേഖലകളിലാണ് കൂടുതൽ. കഴിഞ്ഞദിവസങ്ങളിൽ ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഈ മാസം 25ന് രാത്രി 10.30 മുതൽ ഇന്നലെ രാവിലെ 9.18 വരെ 234.9 മില്ലീമീറ്റർ മഴ പെയ്തു.

മസാഫി 209.7 മില്ലീമീറ്റർ, ഫുജൈറ വിമാനത്താവള മേഖല 187.9 മില്ലീ മീറ്റർ എന്നിങ്ങനെയും. ക്ലൗഡ് സീഡിങ് മൂലം ഓരോ വർഷവും മഴ ലഭ്യത കൂടുന്നുണ്ട്. മഴവെള്ളം സംഭരിച്ച് കാർഷിക പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇതിനായി കൂടുതൽ  ജലസംഭരണികൾ നിർമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com