ADVERTISEMENT

പുകയിലയ്‌ക്ക്‌ പകരം അല്‍പം കൂടി സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ്‌ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്‌. നിക്കോട്ടീനും പ്രോപ്പിലീന്‍ ഗ്ലൈക്കോളും ഫ്‌ളേവറുകളും ചില രാസവസ്‌തുക്കളും ചേര്‍ന്ന ദ്രവരൂപത്തിലുള്ള മിശ്രിതമാണ്‌ ഇ-സിഗരറ്റിലുള്ളത്‌. ഇവ ചൂടാകുമ്പോള്‍ ഉണ്ടാകുന്ന നീരാവിയാണ്‌ വേപ്പര്‍മാര്‍ ശ്വാസകോശത്തിലേക്ക്‌ എടുക്കുന്നത്‌.
എന്നാല്‍ സിഗരറ്റ്‌ വലി പോലെ തന്നെ ഒട്ടും സുരക്ഷിതമല്ല ഇ-സിഗരറ്റുകളെന്നും ഇവ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

1.7 ലക്ഷം പേരെ 45 മാസത്തേക്ക്‌ നിരീക്ഷിച്ചാണ്‌ ബാള്‍ട്ടിമോറിലെ മെഡ്‌സ്‌റ്റാര്‍ ഹെല്‍ത്ത്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. ഇതില്‍ 3242 പേര്‍ക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടായി. ഇ-സിഗരറ്റ്‌ ഉപയോഗിച്ചവര്‍ക്ക്‌ അത്‌ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം അധികമാണെന്ന്‌ ഈ ഡേറ്റകളില്‍ നിന്ന്‌ ഗവേഷകര്‍ നിരീക്ഷിക്കുന്നു.

smoking-DjelicS-istockphoto
Representative image. Photo Credit:DjelicS/istockphoto.com

ഇ-സിഗരറ്റ്‌ ഉപയോഗം ഹൃദയപേശികളെ കട്ടിയാക്കുമെന്നും ഹൃദയത്തിലേക്കുളള രക്തക്കുഴലുകളുടെ ആവരണങ്ങളെ നശിപ്പിക്കുമെന്നും പുതിയ രക്തക്കുഴലുകളുടെ വികസനത്തെ നിയന്ത്രിക്കുമെന്നും ശരീരത്തിലെ നീര്‍ക്കെട്ട്‌ വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയെല്ലാം ഹൃദയസ്‌തംഭനത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്‌.

ഇ-സിഗരറ്റുകളില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ക്ക്‌ പ്രത്യേക ഗുണനിലവാര മാനദണ്ഡങ്ങള്‍ ഇല്ലാത്തത്‌ ഇവ ചൂടാകുമ്പോള്‍ ഹാനികരമായ രാസവസ്‌തുക്കള്‍ പുറത്തെത്താന്‍ കാരണമാകും. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗസങ്കീര്‍ണ്ണതകളിലേക്കും ഇവയുടെ ഉപയോഗം നയിക്കാം.

ഇന്ത്യയില്‍ ഇ-സിഗരറ്റുകളുടെ നിര്‍മ്മാണവും ഇറക്കുമതിയും വില്‍പനയും നിരോധിച്ചിട്ടുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഈ ഉത്‌പന്നങ്ങള്‍ ലഭ്യമാകുന്നതായി സംശയിക്കപ്പെടുന്നു. ഇന്ത്യക്കാരില്‍ 23 ശതമാനം പേര്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ എട്ട്‌ ശതമാനം പേര്‍ നിത്യവും ഇത്‌ ഉപയോഗിക്കുന്നതായും പ്രീവന്റീവ്‌ മെഡിക്കല്‍ റിപ്പോര്‍ട്‌സില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു സര്‍വേ പറയുന്നു.

English Summary:

E-Cigarettes Linked to a 19% Increase in Heart Attack Risk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com