ADVERTISEMENT

ഭാഗികമായോ പൂര്‍ണ്ണമായോ ഭക്ഷണപാനീയങ്ങള്‍ ഒരു നിശ്ചിത സമയത്തേക്ക്‌ ഉപേക്ഷിക്കുന്നതിനെയാണ്‌ ഉപവാസം എന്ന്‌ പറയുന്നത്‌. റംസാന്‍ മാസത്തെ നോമ്പ്‌ നോക്കല്‍ പോലെ മതപരമായ കാരണങ്ങളാലും ഫിറ്റ്‌നസിനു വേണ്ടിയും ശസ്‌ത്രക്രിയകള്‍ക്കും പരിശോധനകള്‍ക്കും വേണ്ടിയുമൊക്കെ ഉപവാസം അനുഷ്‌ഠിക്കുന്നവരുണ്ട്‌. കാര്‍ബോഹൈഡ്രേറ്റ്‌ പോലെ ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ മാത്രം ഒഴിവാക്കി ഉപവസിക്കുന്നവരുമുണ്ട്‌. 
ഏത്‌ തരം ഉപവാസമാണെങ്കിലും അത്‌ ശരീരത്തിന്‌ കേടില്ലാത്ത വിധം ആരോഗ്യകരവും സുരക്ഷിതവുമായി ചെയ്യുക എന്നതാണ്‌ വെല്ലുവിളി. ഇക്കാര്യത്തില്‍ നാം നടത്തുന്ന തയ്യാറെടുപ്പ്‌ മുഖ്യമാണ്‌. 

ഉപവാസത്തിന്റെ കാലയളവില്‍ ശരീരത്തിന്റെ ആരോഗ്യവും ഊര്‍ജ്ജത്തിന്റെ തോതും നിലനിര്‍ത്താന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും. 

1. ക്രമമായി ഇതിലേക്ക്‌ എത്തുക
പെട്ടെന്നൊരു ദിവസം ഉപവാസം ആരംഭിക്കുന്നത്‌ ശരീരത്തിന്‌ ഞെട്ടലുണ്ടാക്കാം. ഇതിനാല്‍ കുറച്ച്‌ ദിവസത്തേക്ക്‌ ക്രമത്തില്‍ ഭക്ഷണ പാനീയങ്ങള്‍ കുറച്ച്‌ കൊണ്ട്‌ വരുന്നത്‌ ഗുണം ചെയ്യും. നോമ്പെടുക്കാന്‍ നിശ്ചയിക്കുന്ന ദിവസത്തിന്‌ ആഴ്‌ചകള്‍ക്ക്‌ മുന്‍പ്‌ തന്നെ ഈ ഭക്ഷണനിയന്ത്രണം ക്രമമായി ആരംഭിക്കാം. 


Representative image. Photo Credit:photohasan/Shutterstock.com
Representative image. Photo Credit:photohasan/Shutterstock.com

2. പഞ്ചസാര നിയന്ത്രിക്കാം
ഉപവാസം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഉയര്‍ന്ന തോതിലുള്ള മധുരം കഴിക്കരുത്‌. കാരണം ഉപവാസം ആരംഭിച്ച ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത്‌ താഴാന്‍ ഇടയുണ്ട്‌. വലിയ വ്യതിയാനങ്ങള്‍ പഞ്ചസാരയുടെ തോതില്‍ ഉണ്ടാകുന്നത്‌ അത്യധികമായ വിശപ്പുണ്ടാക്കുകയും ശരീരത്തെ ദുര്‍ബലമാക്കുകയും ചെയ്യാം.

നോമ്പെടുക്കുന്നവര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത്‌ ഹോള്‍ ഗ്രെയ്‌ന്‍, ബ്രൗണ്‍ റൈസ്‌, ഉരുളക്കിഴങ്ങ്‌ പോലുള്ള കോംപ്ലക്‌സ്‌ കാര്‍ബോഹൈഡ്രേറ്റ്‌, മാംസം, ബീന്‍സ്‌, പയര്‍ വര്‍ഗ്ഗങ്ങള്‍ പോലുള്ള പ്രോട്ടീനുകള്‍ എന്നിവ കഴിക്കേണ്ടതാണ്‌. ദീര്‍ഘനേരം ശരീരത്തിന്‌ ഊര്‍ജ്ജം നല്‍കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ സഹായിക്കും. 

3. മരുന്നുകളെ പറ്റി ഡോക്ടറുമായി ചര്‍ച്ച ചെയ്യാം
ഏതെങ്കിലും മരുന്നുകള്‍ കഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഉപവാസം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ ഡോക്ടറെ കണ്ട്‌ ഇക്കാര്യത്തില്‍ വിദഗ്‌ധ നിര്‍ദ്ദേശം തേടണം. ചില മരുന്നുകള്‍ ഭക്ഷണത്തിന്‌ മുന്‍പും ശേഷവുമൊക്കെ നിശ്ചിത സമയത്ത്‌ കഴിക്കേണ്ടതായിരിക്കും. ചുഴലിദീനം പോലുള്ളവയ്‌ക്കുള്ള മരുന്നുകള്‍ പെട്ടെന്ന്‌ നിര്‍ത്തിയാല്‍ ഗുരുതരമായ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകളുടെ സമയം ക്രമീകരിക്കേണ്ടത്‌ ഇതിനാല്‍ അത്യാവശ്യമാണ്‌. 

4. ജലാംശം നിലനിര്‍ത്തണം
ഉപവാസ സമയത്ത്‌ ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഫിറ്റ്‌നസിനു വേണ്ടി ഉപവസിക്കുന്നവര്‍ ഇതിനാല്‍ തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. മതപരമായ കാരണങ്ങള്‍ക്കായി ഉപവസിക്കുന്നവര്‍ ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ അനുവദനീയമായ സമയത്ത്‌ ആവശ്യത്തിന്‌ ജലം ഉള്ളിലെത്തിക്കാനും ഉപവാസ സമയത്ത്‌ അവ സംരക്ഷിക്കാനും ശ്രദ്ധിക്കണം. വയര്‍വേദന, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന്‌ ജലാംശം ഉണ്ടെങ്കില്‍ ഒഴിവാകും.

Representative image. Photo Credit: Ibrakovic/istockphoto.com
Representative image. Photo Credit: Ibrakovic/istockphoto.com

5. ശാരീരിക അധ്വാനം കുറയ്‌ക്കാം
ഉപവാസ സമയത്ത്‌ അധികം ശരീരം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രമിക്കണം. ഭക്ഷണപാനീയങ്ങള്‍ ഇല്ലാതിരിക്കുന്ന നേരത്തെ കഠിനമായ വ്യായാമങ്ങളും ഒഴിവാക്കണം. ദീര്‍ഘനേരത്തേക്ക്‌ കഴിക്കാനോ കുടിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ ശരീരത്തിന്റെ ഊര്‍ജ്ജം സംരക്ഷിച്ച്‌ നിര്‍ത്തേണ്ടത്‌ അത്യാവശ്യമാണ്‌. 

6. ഉപവാസം നിര്‍ത്തുന്നതും ക്രമത്തിലാകണം
നോയമ്പെടുക്കുന്നവര്‍ ഇതിന്‌ ശേഷം പഴയ ഭക്ഷണക്രമത്തിലേക്കും നേരെ എടുത്ത്‌ ചാടരുത്‌. ക്രമേണ ദിവസങ്ങളോ ആഴ്‌ചകള്‍ കൊണ്ടോ വേണം പഴയ ഭക്ഷണക്രമത്തിലേക്ക്‌ പൂര്‍ണ്ണമായും മടങ്ങാന്‍. ശരീരത്തിലെ പഞ്ചസാരയുടെ തോതില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത്‌ സഹായിക്കും. 

ഉപവാസം ആരോഗ്യകരമായ രീതിയില്‍ ചെയ്‌താല്‍ ശാരീരിക, മാനസിക ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌. ഭാരവും കൊളസ്‌ട്രോളും കുറയ്‌ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഊര്‍ജ്ജതോത്‌ സന്തുലിതമാക്കാനുമൊക്കെ ഉപവാസം സഹായകമാണ്‌. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Healthy Way of Fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com