ADVERTISEMENT

1. ഇലപ്പുള്ളിരോഗം

വാഴയിൽ സാധാരണ കാണുന്ന രോഗമാണ് ഇലപ്പുള്ളിരോഗം. മൈക്കോസ്ഫേറെല്ല കുമിളാണ് രോഗഹേതു. മേയ്–ജൂൺ മാസങ്ങളിൽ മഴക്കാലാരംഭത്തോടെയാണ് പൊതുവേ രോഗം കണ്ടു തുടങ്ങുക. ഇലയുടെ മുകൾഭാഗത്ത് മഞ്ഞ കലർന്ന പച്ചനിറത്തിൽ ചെറിയ പുള്ളികളായി ആദ്യം കാണുന്നു. പിന്നീടവ വലുതായി മധ്യഭാഗം കരിഞ്ഞു ചാരനിറമോ തവിട്ടുനിറമോ ആകും. തുടർന്ന് പുള്ളികളുടെ ചുറ്റുമുള്ള ഭാഗം മഞ്ഞളിക്കുന്നു. പുള്ളികൾ കൂടിച്ചേർന്നു താമസിയാതെ ഇല കരിഞ്ഞ് ഒടിഞ്ഞു തൂങ്ങും.

കോർഡാന എന്ന കുമിൾമൂലമുള്ള പുള്ളികളും വാഴയിൽ സാധാരണമാണ്. ഇലയുടെ പുറത്ത്, കണ്ണിന്റെ ആകൃതിയിൽ, കാപ്പിപ്പൊടി നിറത്തിൽ കാണുന്ന പാടുകളാണ് തുടക്കം. ക്രമേണ അടുത്തടുത്ത പാടുകൾ ഒന്നിച്ചു ചേർന്ന് ഇല കരിയുന്നു. ഇലയുടെ അരികുകളിൽനിന്നു മുകളിലേക്ക് ത്രികോണാകൃതിയിൽ കരിയുന്ന ഡിജിടോണിയെല്ല ഇലപ്പുള്ളിരോഗവും കുറവല്ല. ഇലയുടെ മുകൾഭാഗത്തു പുള്ളികൾ പ്രത്യക്ഷപ്പെടുന്ന ഫ്രക്കിൾ ഇലപ്പുള്ളി രോഗവും ചില ഇനങ്ങളിൽ കണ്ടുവ‌രുന്നു. ഏതിനം കുമിൾരോഗബാധയായാലും അത് വാഴയുടെ ആരോഗ്യത്തെയും ഉൽപാദനത്തെയും ബാധിക്കും.

നിയന്ത്രിക്കാം

നടീലിനു മുൻപ് സ്യൂഡോമോണാസ് (50 ഗ്രാം ഒരു  ലീറ്റർ വെള്ളത്തിൽ) ലായനിയിൽ കന്നുകൾ മുക്കുക. വെള്ളക്കെട്ടില്ലാത്ത നല്ല നീർവാർച്ച സൗകര്യമുള്ള സ്ഥലം നോക്കി കൃഷി ചെയ്യുക. 

തോട്ടവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തൈകൾ ശരിയായ അകലം പാലിച്ചു നടുക. 

രോഗാക്രമണം തടയാനായി മുൻകരുതൽ എന്ന നിലയ്ക്ക് സ്യൂഡോമോണാസ് 20 ഗ്രാം+ ബേക്കിങ് സോഡ 2.5 ഗ്രാം + സസ്യ എണ്ണ 2.5 മില്ലി എന്നിവ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച്  തൈകളിൽ തളിക്കുക. അതല്ലെങ്കിൽ, പെട്രോളിയം അടിസ്ഥാനമാക്കിയുള്ള ധാതു എണ്ണ 10 മില്ലി ഒരു  ലീറ്റർ വെള്ളത്തിൽ ചേർത്തു തളിച്ചുകൊടുക്കുകയോ ഗോമൂത്രം 10 ഇരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു തളിക്കുകയോ ചെയ്യുക. രാസകുമിൾനാശിനികളായ കാർബെൻഡാസിം ഒരു  ഗ്രാം  ഒരു ലീറ്റർ വെള്ളത്തിലോ ടെബുകൊണസോൾ ഒരു ഗ്രാം  ഒരു ലീറ്റർ വെള്ളത്തിലോ ഡൈഫെൻകൊണസോൾ 1ഗ്രാം ഒരു ലീറ്റർ വെള്ളത്തിലോ ചേർത്തു തളിക്കുന്നതും ഫലപ്രദമാണ്.

തോട്ടത്തിലെ കളകൾ യഥാസമയം നീക്കുക. തടത്തിലെ ഉണങ്ങിയ ഇലകൾ തീയിട്ടു നശിപ്പിക്കുക. അധികമുള്ള കന്നുകൾ നീക്കം ചെയ്യണം. രോഗം ബാധിച്ച ചെടികളില്‍ രോഗബാധയുള്ള ഇലകൾ വെട്ടിമാറ്റിയ ശേഷം ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം ഇലകളുടെ ഇരുവശത്തും വീഴത്തക്ക രീതിയിൽ തളിക്കണം. രോഗകാഠിന്യം അനുസരിച്ച് 2-3 ആഴ്ച ഇടവിട്ട് ഈ കുമിൾനാശിനിപ്രയോഗം ആവർത്തിക്കുക.

Read also: 75 സെന്റിൽനിന്ന് 6 ടൺ പടവലം; 3 ഏക്കറിൽ ഇഞ്ചിയും 2 ഏക്കറിൽ വാഴയും: കൃഷിയിൽ ലക്ഷങ്ങൾ കൊയ്യുന്ന കർഷകൻ

banana-disease-panama

2. ഫുസേറിയം വാട്ടം / പാനമ വാട്ടം

രോഗഹേതു മണ്ണിൽ വസിക്കുന്ന ഫുസേറിയം  കുമിളാണ്. മഴക്കാലം തുടങ്ങുന്നതോടെ ആക്രമണം തുടങ്ങുന്നു. മണ്ണിലുള്ള കുമിളുകൾ വേരുകളിൽക്കൂടി മാണത്തിൽ എത്തും. ചെടി വെള്ളം ആഗിരണം ചെയ്യുന്ന കുഴലുകൾ തടസ്സപ്പെടുകയും ചെടിക്കുള്ള ജലലഭ്യത കുറയുകയും ചെയ്യും. ആദ്യം പുറത്തെ ഇലകളും ക്രമേണ ഉള്ളിലെ ഇലകളും കേടാകും. വാഴപ്പിണ്ടിയുടെ ചുവട്ടിൽ വിള്ളലുകൾ വീഴും. രോഗം മൂർച്ഛിക്കുമ്പോൾ വാഴ തടയോടെ മറിഞ്ഞുവീഴുന്നു. (ഇവയുടെ മാണം മുറിച്ചു നോക്കിയാൽ തവിട്ടുനിറത്തിലും ചുവപ്പുനിറത്തിലും വലയങ്ങൾ കാണാം). വേരുപടലവും അഴുകി ചീഞ്ഞുപോകുന്നു.

നിയന്ത്രിക്കാം

വാഴയ്ക്കൊപ്പം മറ്റു വിളകൾകൂടി ഉൾപ്പെടുത്തിയുള്ള വിളപരിക്രമണം ഉറപ്പാക്കുക. പാനമ വാട്ടം കൂടുതൽ ബാധിക്കുന്ന പൂവൻ ഇനം ഒഴിവാക്കി പകരം നേന്ത്രൻ, പാളയൻകോടൻ, റോബസ്റ്റ ഇനങ്ങൾ പരീക്ഷിക്കുക. രോഗമുള്ള വാഴയുടെ കന്ന് എടുക്കാതിരിക്കുക. രോഗസാധ്യതയുള്ള ഇനങ്ങളുടെ കന്നുകൾ കാർബെൻഡാസിം (2 ഗ്രാം ഒരു  ലീറ്റർ വെള്ളത്തിൽ) ലായനിയിൽ മുക്കി നടുക. മിത്രകുമിളായ ട്രൈക്കോഡെർമകൊണ്ട് സമ്പുഷ്‌ടീകരിച്ച ജൈവവളം കന്നുകൾ നടുമ്പോൾ ചേർക്കുക. വാഴയൊന്നിന് 500 ഗ്രാം കുമ്മായം ചേർക്കുക. രോഗത്തിന്റെ തുടക്കത്തിൽത്തന്നെ കാർബെൻഡാസിം (2 ഗ്രാം ഒരു  ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ) ചെടിയുടെ ചുവട്ടിൽ മണ്ണ് കുതിരും വിധം ഒഴിക്കുക.

3. മാണം അഴുകൽ

യെർവീനിയ എന്ന ബാക്ടീരിയയാണ് രോഗഹേതു. നീർവാർച്ച കുറഞ്ഞ ഇടങ്ങളിൽ ഈ രോഗം സാധാരണം. തുടക്കത്തിൽ പുറമേയുള്ള ഇലകൾ വാടി മഞ്ഞളിച്ചു കാണും. രോഗം രൂക്ഷമാകുമ്പോൾ വാഴ കടയോടെ ചരിഞ്ഞു വീഴുന്നു. വാഴമാണം ഉൾഭാഗം ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായിരിക്കും.

നിയന്ത്രിക്കാം

നീർവാർച്ച ഉറപ്പു വരുത്തുക. രോഗം ബാധിച്ച ചെടികൾ കടയോടെ പിഴുതു നശിപ്പിക്കുക. രോഗമുള്ള വാഴയുടെ കന്ന് എടുക്കരുത്.  രോഗത്തിന്റെ തുടക്കത്തിൽ കോപ്പർ ഓക്‌സിക്ളോറൈഡ് 3 ഗ്രാം ഒരു  ലീറ്റർ വെള്ളത്തിൽ ചേർത്ത ലായനി വാഴകളുടെ കടയ്ക്കൽ മണ്ണു കുതിരും വിധം ഒഴിക്കുക. തോട്ടത്തിലുള്ള ഇടച്ചാലുകളിൽ ബ്ലീച്ചിങ് പൗഡർ വിതറുകയോ കിഴികെട്ടിയിടുകയോ ചെയ്യുക.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, കാർഷിക കോളജ്, വെള്ളായണി. ഫോണ്‍: 8547621889

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Fungal Diseases in Banana and its Control Measures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT