75 സെന്റിൽനിന്ന് 6 ടൺ പടവലം; 3 ഏക്കറിൽ ഇഞ്ചിയും 2 ഏക്കറിൽ വാഴയും: കൃഷിയിൽ ലക്ഷങ്ങൾ കൊയ്യുന്ന കർഷകൻ

HIGHLIGHTS
  • വീടിനോട് ചേർന്നുളള 75 സെന്റ് സ്ഥലത്താണ് സണ്ണിയുടെ പച്ചക്കറിക്കൃഷി. പ്രധാനമായും പടവലം, പയർ, പാവൽ എന്നിവയാണ് കൃഷി ചെയ്യുക. ഇപ്പോൾ പടവലമാണ് മികച്ച വിളവു നൽകി പന്തലിച്ചു നിൽക്കുന്നത്
sunny-farmer-1
സണ്ണി പടവലം വിളവെടുപ്പിൽ
SHARE

പതിറ്റാണ്ടുകളായി സണ്ണിക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണ്. തലമുറകൾ പകർന്നുനൽകിയ കൃഷി പാരമ്പര്യം കൈവിടാതെ നെഞ്ചോടു ചേർന്ന് കോട്ടയം മോനിപ്പള്ളി അഞ്ചാംതടത്തിൽ എ.ജെ.സണ്ണി മണ്ണിലേക്കിറങ്ങുമ്പോൾ മണ്ണും മികച്ച വിളവ് അദ്ദേഹത്തിനു നൽകുന്നു. പത്തും അൻപതും നൂറും മേനി വിളവ് കൃഷിയിടം സണ്ണിക്ക് സമ്മാനിക്കും. പടവലവും വാഴയും ഇഞ്ചിയുമാണ് അദ്ദേഹത്തിന്റെ പ്രധാന വിളകളെങ്കിലും ഏറെ പ്രിയം ഇഞ്ചിയോടുതന്നെ. 

സ്ഥിരവരുമാനത്തിന് പച്ചക്കറി

വീടിനോട് ചേർന്നുളള 75 സെന്റ് സ്ഥലത്താണ് സണ്ണിയുടെ പച്ചക്കറിക്കൃഷി. പ്രധാനമായും പടവലം, പയർ, പാവൽ എന്നിവയാണ് കൃഷി ചെയ്യുക. ഇപ്പോൾ പടവലമാണ് മികച്ച വിളവു നൽകി പന്തലിച്ചു നിൽക്കുന്നത്. നീളം കുറഞ്ഞ ഹൈബ്രിഡ് ഇനം ഇവിടെ നട്ടിരിക്കുന്നു. വിപണിയിലെ ഡിമാൻഡ് കണ്ടുകൊണ്ടാണ് സണ്ണിയുടെ ഈ നീക്കം. നീളമേറിയ പടവലങ്ങയ്ക്ക് ആവശ്യക്കാരില്ലെന്നുമാത്രമല്ല കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും പെട്ടെന്ന് ചതവുണ്ടായി കേടാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ, നീളംകുറഞ്ഞ ഹൈബ്രിഡ് ഇനത്തിന് ആ ബുദ്ധിമുട്ടില്ല. പശുക്കൾക്ക് കാലിത്തീറ്റ എത്തിക്കുന്ന ചാക്കിൽ അടുക്കി അനായാസം കൈകാര്യം ചെയ്യാം. അതുകൊണ്ടുതന്നെ കച്ചവടക്കാർക്കും പ്രിയമെന്ന് സണ്ണി. കുറുപ്പുന്തറയിലെ സംഘമൈത്രി മാർക്കറ്റിലാണ് വിൽപന.

sunny-farmer-4
പടവലങ്ങ വിൽപനയ്ക്കായി ചാക്കിലാക്കുന്നു

തടമെടുത്തശേഷം കുമ്മായമിട്ട് തടമൊരുക്കി ചാണകവും എല്ലുപൊടിയും ചേർത്തിളക്കുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് വിത്തിടുക. 5 വിത്ത് ഒരു തടത്തിൽ നടും. മുളയ്ക്കുന്നവയിലെ ഏറ്റവും കരുത്തുള്ള 3 ചുവട് നിർത്തിയശേഷം മറ്റുള്ളവ നീക്കംചെയ്യും. ചാണകവും പിണ്ണാക്കും പുളിപ്പിച്ച മിശ്രിതം നേർപ്പിച്ച് നൽകുന്നതാണ് പ്രധാന വളം. ആവശ്യമെങ്കിൽ അൽപം രാസവളവും നൽകാറുണ്ട്. രണ്ടു മാസം പ്രായത്തിൽ ആദ്യ വിളവെടുക്കാം. ആഴ്ചയിൽ രണ്ട് എന്ന രീതിയിലാണ് ഇപ്പോൾ വിളവെടുക്കുന്നത്. 

sunny-farmer-2

മൂത്ത കായ്കൾ കത്തി ഉപയോഗിച്ച് മുറിച്ചെടുത്ത് ചാക്കിൽ നിറച്ച് കുറുപ്പുന്തറ മാർക്കറ്റിലെത്തിക്കുന്നു. നിലവിൽ കിലോയ്ക്ക് 15 രൂപയാണ് ലഭിക്കുക. കഴിഞ്ഞ തവണ കിലോയ്ക്ക് 30 രൂപവരെ ലഭിച്ചിരുന്നെന്നും സണ്ണി. 75 സെന്റിൽനിന്ന് നിലവിൽ ഓരോ വിളവെടുപ്പിലും 400–600 കിലോ പടവലങ്ങ ലഭിക്കുന്നുണ്ട്. ഈ സീസണിൽ 6000 കിലോയാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി പറയുന്നു. ഒരു ലക്ഷത്തോളം രൂപയാണ് പ്രതീക്ഷിക്കുന്ന വരുമാനം. അതേസമയം, 20,000 രൂപയോളം ചെലവുണ്ട്. ഭാര്യ മേരിയും മക്കളും സഹായിക്കുന്നതുകൊണ്ടുതന്നെ ചെലവു ചുരുക്കി കൃഷി ചെയ്യാൻ കഴിയുന്നുവെന്നും സണ്ണി.

കായീച്ചയാണ് പച്ചക്കറിത്തോട്ടത്തിലെ പ്രധാന ശത്രു. അവയെ പിടികൂടുന്നതിനായി ഫിറമോൺ കെണിയാണ് ഉപയോഗിക്കുന്നത്. ഓൺലൈനിൽ വാങ്ങിയ കെണി അങ്ങിങ്ങായി കെട്ടിവച്ചിട്ടുണ്ട്. പടവലത്തിനുശേഷം ഇതേ കൃഷിയിടത്തിൽ പയർ നടും. അധ്വാനമേറുമെങ്കിലും മറ്റ് പച്ചക്കറിയിനങ്ങളേക്കാൾ ലാഭം നൽകുന്ന വിള പയറാണെന്നാണ് സണ്ണിയുടെ പക്ഷം. 

മികച്ച നേട്ടുവുമായി വാഴയും ഇഞ്ചിയും

വിളവെടുപ്പ് പൂർത്തിയാക്കാതെ ഇട്ടിരുന്ന കഴിഞ്ഞ വർഷത്തെ ഇഞ്ചി ഇപ്പോൾ മികച്ച നേട്ടം നൽകുന്നുവെന്ന് സണ്ണി. കഴിഞ്ഞ വർഷം വിളവെടുപ്പുകാലത്ത് കിലോയ്ക്ക് 40 രൂപയായിരുന്നു ഇഞ്ചിക്ക് ലഭിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കിലോയ്ക്ക് 175–200 രൂപ വിലയുള്ളതുകൊണ്ടുതന്നെ വിളവെടുക്കാതിട്ടിരുന്നത് ഗുണം ചെയ്തെന്നും ഈ കർഷകൻ പറയുന്നു. ഈ വർഷം പാട്ടത്തിനെടുത്ത മൂന്നേക്കറിലാണ് ഇഞ്ചിക്കൃഷി. വിത്തുകൾ മുളച്ചുതുടങ്ങിയതേയുള്ളൂ. ഒക്ടോബർ മുതൽ വിളവെടുത്തുതുടങ്ങാനാകുമെന്ന് സണ്ണി പറയുന്നു. കഴിഞ്ഞ വർഷം ഏകദേശം 10 ലക്ഷം രൂപയുടെ ഇഞ്ചി വിറ്റു. ഈ വർഷം 25 ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ.

sunny-farmer-5

രണ്ടേക്കറിലാണ് വാഴക്കൃഷി. നിലവിൽ റബറിന് ഇടവിളയായി ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷം 1500 വാഴകളായിരുന്നു നട്ടത്. ശരാശരി 10 കിലോ തൂക്കമുള്ള കുലകൾ കിലോയ്ക്ക് 40 രൂപ നിരക്കിൽ വിൽക്കാൻ കഴിഞ്ഞു. 5 ലക്ഷം രൂപയോളം വരുമാനം വാഴയിൽനിന്ന് ലഭിച്ചു. ചെലവ് ഒരു ലക്ഷം രൂപയോളം വന്നിട്ടുണ്ട്. ഈ വർഷത്തെ തൈകൾക്ക് മൂന്നു മാസത്തിൽ താഴെയാണ് പ്രായം. 

ഫോൺ: 9495497740

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

English summary: A success story of a farmer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS