ADVERTISEMENT

നിത്യജീവിതവൃത്തിക്ക് ആയിരങ്ങൾ ആശ്രയിക്കുന്ന മേഖലയാണ് മൃഗസംരക്ഷണം. ആട്, കോഴി, പശു, എരുമ, കാട, മുയൽ തുടങ്ങി വിവിധയിനം പക്ഷിമൃഗാദികളെ കർഷകർ വളർത്തി ഉപജീവനം കഴിക്കുന്നു. ഇതിൽ 98 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സംരംഭങ്ങൾക്ക് സർക്കാരിന്റെ ധനസഹായവും അനുകൂലമായ, നയപരമായ തീരുമാനങ്ങളും ആവശ്യമാണ്. എന്നാൽ, ഇന്ന് ഈ മേഖലയുടെ നിലനിൽപ്പ് പ്രതിസന്ധിയിലാണ്. ചില കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താം. 

1. കുട്ടനാടൻ കർഷകരും പക്ഷിപ്പനിയും

2014 മുതൽ കുട്ടനാട് മേഖലയിലും, കേരളത്തിന്റെ ചില ഭാഗങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മിക്കവാറും ഒക്ടോബർ മുതൽ ജനുവരി വരെയുളള മാസങ്ങളിലാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. H5N1 ഇനത്തിൽ വരുന്ന വൈറസ് രോഗമാണിത്. പക്ഷികളിൽ അസുഖം വന്നാൽ കൂട്ടത്തോടെ മരണപ്പെടും. പക്ഷികളുമായി സമ്പർക്കത്തിലുള്ള മനുഷ്യരിലും രോഗം പടരാം. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നിട്ടില്ല. എന്നാൽ, ഈ വൈറസിന് ചെറിയ രൂപാന്തരം സംഭവിച്ചാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുന്ന മരണത്തിന് കാരണമായേക്കാവുന്ന ഒരു രോഗമായിത്തീരും. അതിനാൽ ഈ രോഗം റിപ്പോർട്ട് ചെയ്താൽ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെ നോക്കിക്കാണുകയും രോഗം വന്ന പക്ഷികളെ നശിപ്പിക്കുന്നതിനോടൊപ്പം ചുറ്റുപാടുമുള്ള പക്ഷി വർഗത്തിൽപ്പെട്ട എല്ലാ ജീവികളേയും, അവയുടെ മുട്ട ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നശിപ്പിക്കുകയും ചെയ്യും. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതോടൊപ്പം പക്ഷികളെ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. 

ഈ വാർത്ത പുറത്തു വരുന്നതോടെ ഇറച്ചിക്കോഴിക്കും മറ്റു പക്ഷിവർഗങ്ങൾക്കും ആവശ്യക്കാരില്ലാതെ വരികയും വില ക്രമാതീതമായി കുറയുകയും ചെയ്യും. പക്ഷിപ്പനി മേഖലയില്‍ കൊല്ലുന്ന പക്ഷികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്. എന്നാൽ, കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ വളരുന്ന കോഴികൾക്കും താറാവുകൾക്കും പക്ഷിപ്പനി ഭീതിമൂലമുള്ള വിലത്തകർച്ച ഭയാനകമാണ്. ഇത്തരം സാഹചര്യത്തിൽ കര്‍ഷകർക്കുണ്ടാകുന്ന നഷ്ടത്തിന് യാതൊരു നഷ്ടപരിഹാരവും ലഭിക്കില്ല.  

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുള്ള ‘സീസണാ’യ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ താറാവുകളെ കൂട്ടിലിട്ടു വളർത്തണമെന്നും പാടങ്ങളിൽ ഇറക്കരുതെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം സ്വാഗതാർഹമാണ്. ഇതിനൊപ്പം മുൻകാലങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ, പക്ഷികളിൽനിന്ന് രക്തപരിശോധന‌‌‌,‌‌ കൂടുതൽ താറാവുകളെ വളർത്തുന്ന കർഷകർ ലൈസൻസ് എടുക്കണം, വിവരങ്ങൾ പഞ്ചായത്തിൽ അറിയിക്കണം എന്നുതുടങ്ങിയ തീരുമാനങ്ങളും മികച്ചവയാണ്. ഈ വർഷം ജനുവരി ആദ്യവാരമാണ് സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടുതന്നെ കരുതൽ നടപടികൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താൻ വകുപ്പ് ശ്രദ്ധിക്കണം. ദേശാടനപ്പക്ഷികളാണ് ഈ അസുഖത്തിന്റെ വാഹകരെന്ന് പൊതുവെ കരുതപ്പെടുന്നു. അതിനാൽ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുന്നതിനൊപ്പം വളർത്തു പക്ഷികൾ ദേശാടനപക്ഷികളുമായി സമ്പർക്കത്തിൽ വരുന്നതും ഒഴിവാക്കണം. ചെക്ക് പോസ്റ്റുകളിൽ കർശന നിരീക്ഷണം വേണം. 

ഈ മേഖലയിൽ വളർത്തുന്ന താറാവുകൾ ഉൾപ്പെടെയുള്ള പക്ഷി വർഗത്തിന്റെ എണ്ണവും വാങ്ങിയതിന്റെ വിശദാംശങ്ങളും അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ അറിയിക്കാൻ കർഷകർക്ക് നിർദേശം നൽകണം. ബന്ധപ്പെട്ട അധികാരികൾ കർഷകർ നല്‍കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്തണം. കേരളത്തിലെ എല്ലാ കർഷകർക്കുമായി പല കാര്യങ്ങൾക്കായി ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് പക്ഷിപ്പനി ബാധിക്കുന്ന ചുരുക്കം ചില മേഖലയിലെ കർഷകർക്കായി നൽകുന്നത്. ഇത് ഈ മേഖലയിലെ വികസനപ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ കാര്യക്ഷമമായ മുൻകരുതലുകൾ സർക്കാർ തലത്തിൽ ഈ അസുഖത്തിനെതിരെ സ്വീകരിക്കാനുള്ള നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 

2. ഫലപ്രദമല്ലാത്ത ചെക്ക്പോസ്റ്റ് പരിശോധനകൾ

ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് പ്രസ്താവന കണ്ടു. നല്ല കാര്യം. കള്ളന്മാരെ പിടിക്കാമല്ലോ? പക്ഷേ അതുവഴി വരുന്ന അപകടകാരികളായ ബാക്ടീരിയ, വൈറസ് എന്നിവയെ കാമറയിലൂടെ കണ്ടെത്താൻ കഴിയില്ലല്ലോ?

ഈ ചെക്ക് പോസ്റ്റുകൾ, വർഷങ്ങൾക്കു മുൻപ് കാലിവസന്ത എന്ന രോഗം കന്നുകാലികളിൽ പടർന്നുപിടിച്ചപ്പോൾ രോഗം ബാധിച്ച കന്നുകാലികൾ കേരളത്തിലേക്ക് കടന്നുവരുന്നില്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി സ്ഥാപിച്ചതാണ്. അന്നത്തെ സാഹചര്യത്തിലുള്ള പരിമിതമായ സൗകര്യങ്ങളും സ്റ്റാഫുമാണിന്നുമുള്ളത്. വെറ്ററിനറി ഡോക്ടറോ, ലാബ് സൗകര്യമോ, രോഗനിർണയത്തിനുള്ള ഉപകരണങ്ങളോ, അടച്ചുറപ്പുള്ള കെട്ടിടമോ, അസുഖം ബാധിച്ച കന്നുകാലികളെ തിരിച്ചറിഞ്ഞാൽ മാറ്റിപ്പാർപ്പിക്കാനുള്ള ക്വാറന്റൈൻ സംവിധാനങ്ങളോ ചെക്ക് പോസ്റ്റുകളിലില്ല. വർഷങ്ങൾക്കു മുൻപേ കാലിവസന്ത നിർമാർജനം ചെയ്തു കഴിഞ്ഞു. അതിന്റെ പേരിലുള്ള ഇടിഞ്ഞ് വീഴാറായ ഒരു കെട്ടിടവും ഒന്നോ രണ്ടോ സ്റ്റാഫും മാത്രമാണ് നമ്മുടെ ചെക്ക് പോസ്റ്റുകളിലുള്ളത്. 

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണല്ല പോലുള്ള ബാക്ടീരിയകൾ കോഴികളെ ബാധിക്കാറുണ്ട്. ദിവസവും അന്യസംസ്ഥാനത്ത് നിന്നും കടന്നു വരുന്ന ആയിരക്കണക്കിന് ഇറച്ചിക്കോഴികളിൽ പക്ഷിപ്പനി, സാൽമൊണല്ല പോലുള്ള അപകടകാരികളായ ബാക്ടീരിയ തുടങ്ങിയവയുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 

Read also: ചർമമുഴ, ആഫ്രിക്കൻ പന്നിപ്പനി, ഒടുവിൽ പക്ഷിപ്പനി: പകച്ച് കർഷകർ, അമൂലും പെട്ടു

ചെക്ക് പോസ്റ്റുകളുടെ ചരിത്രമെടുത്ത് നോക്കിയാൽ ഏതെങ്കിലും കന്നുകാലികളെയോ പക്ഷികളെയോ അസുഖം ബാധിച്ചതു മൂലം തടഞ്ഞുവയ്ക്കുകയോ തിരിച്ചയച്ചതായോ ഉള്ള ചരിത്രം ഈ സമീപകാലത്തൊന്നുമില്ല. കേരളത്തിൽ അടുത്തിടെ കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയ ആഫ്രിക്കൻ പന്നിപ്പനിയുടെ സാഹചര്യത്തിൽ അതിർത്തികടന്നുള്ള പന്നിവരവ് സംസ്ഥാന സർക്കാർ നിരോധിച്ചെങ്കിലും പന്നികളുമായി വാഹനങ്ങൾ ദിനംപ്രതി കേരളത്തിലേക്ക് കടന്നിരുന്നു. കർഷകർ പിന്തുടർന്ന് ഇത്തരം വാഹനങ്ങൾ പിടികൂടുകയും സമരം ചെയ്യുകയും ചെയ്തതുമൂലം വാഹനങ്ങളുടെ കാര്യം പുറംലോകമറിഞ്ഞു. ചെക്ക്പോസ്റ്റുകളിലൊന്നും ഇത്തരം പരിശോധനയോ തടയലോ ഉണ്ടായില്ല.

നിരോധനം ലംഘിച്ചു പന്നിയെ കയറ്റിവന്ന വാഹനങ്ങൾ വടക്കഞ്ചേരി പന്നിയങ്കരയില്‍ കര്‍ഷകര്‍ ത‌ടഞ്ഞപ്പോൾ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.
നിരോധനം ലംഘിച്ചു പന്നിയെ കയറ്റിവന്ന വാഹനങ്ങൾ വടക്കഞ്ചേരി പന്നിയങ്കരയില്‍ കര്‍ഷകര്‍ ത‌ടഞ്ഞപ്പോൾ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.

അതിർത്തി വഴി വരുന്ന കന്നുകാലികളും ആയിരക്കണക്കിന് കോഴികളും അസുഖം ബാധിച്ചതല്ലെന്ന് തീർത്തു പറയാൻ കഴിയുമോ? ഒരെണ്ണത്തിനെപ്പോലും തിരിച്ചയയ്ക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്തില്ലെന്ന് വന്നാൽ ശരിയായ പരിശോധന നടക്കുന്നില്ലെന്ന് വേണ്ടേ അനുമാനിക്കാൻ?

പണ്ട് ക്ഷീര വികസന വകുപ്പിലെ ചെക്ക് പോസ്റ്റിൽ നിന്നും മായം കലർന്ന പാൽ പിടികൂടിയപ്പോഴുണ്ടായ കോലാഹലം നമ്മൾ കണ്ടതാണ്. അതിനു ശേഷം അത്തരം വാർത്തകൾ ആ ചെക്ക് പോസ്റ്റിൽ നിന്നും വരുന്നില്ല? എല്ലാം ശരിയായതു കൊണ്ടാണോ? അതോ ഉദ്യോഗസ്ഥർ ഭയപ്പെടുന്നതു കൊണ്ടാണോ?

അടിയന്തരമായി കുറഞ്ഞപക്ഷം ഈ മാർച്ച് വരെയെങ്കിലും മൃഗസംരക്ഷണ ചെക്ക് പോസ്റ്റിൽ പക്ഷിപ്പനി നിരീക്ഷണത്തിനു വേണ്ട ഡോക്ടർമാരെയും സ്റ്റാഫിനെയും മറ്റു പ്രാഥമിക സൗകര്യങ്ങളും ചെക്ക്പോസ്റ്റുകളിലുണ്ടാവാൻ അങ്ങയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണം. 

3. എങ്ങുമെത്താത്ത ‘പാൽ സ്വയംപര്യാപ്തത’

2016 മുതൽ നമ്മൾ കേട്ടു തുടങ്ങിയതാണ് പാൽ സ്വയം പര്യാപ്തത. വർഷം ഇത്രയും പിന്നിട്ടിട്ടും അതിലേക്കെത്താൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് ആവശ്യമായ പാൽ പൂർണമായും ഉൽപാദിപ്പിക്കാൻ സംസ്ഥാനത്തിന് ശേഷിയില്ല. അതുകൊണ്ടുതന്നെ എങ്ങനെ നാം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും? അങ്ങേയ്ക്ക് ഒരുപക്ഷേ ശരിയായ കണക്കുകൾ ലഭിക്കുന്നുണ്ടാവില്ലായിരിക്കാം. കാരണം കേരളത്തിലെ ക്ഷീരമേഖല തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. സംഘടിതരല്ലാത്ത, തീർത്തും സാധാരണക്കാരായ ക്ഷീരകർഷകരെ നേരിട്ടു കേൾക്കാൻ അങ്ങ് തയ്യാറാവണം. അപ്പോൾ അങ്ങേയ്ക്ക് കാര്യങ്ങൾ മനസ്സിലാകും. മുൻപ് 5 ഉം അതിലധികവും പശുക്കളുണ്ടായിരുന്ന കർഷകർ പശുക്കളുടെ എണ്ണം കുറയ്ക്കുകയോ, പൂർണമായും ഈ മേഖല ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. ചില വൻകിട ഫാമുകൾ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലു ചെറുകിട കർഷകർ മേഖല ഉപേക്ഷിക്കുകയാണ്. മികച്ച പാലുൽപാദനമുള്ള പശുക്കളുടെ അഭാവവും, തീറ്റവില വർധനയും കർഷകരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കുന്നത്. ഈ വിഷയം പരിശോധനയ്ക്ക് വിധേയമാക്കണം. അന്യസംസ്ഥാനത്തുനിന്ന് ചുരുക്കം ചില പഞ്ചായത്തുകളിൽ ചുരുക്കം ചില കർഷകർക്ക് പശു വാങ്ങി നൽകിയാൽ കേരളത്തിലെ പാലുൽപാദനം സ്വയംപര്യാപ്തമാകില്ല. ഇവിടെ ജനിക്കുന്ന കുട്ടികൾ വളർന്ന് വലുതായി നമ്മുടെ കേരളത്തിനു പറ്റിയ പശുവായി മാറുകയാണ് വേണ്ടത്. അതിനു വേണ്ടി 12,500 രൂപ സബ്സിഡിയോടു കൂടി കന്നുകുട്ടികൾക്ക് കാലിത്തീറ്റ നൽകുന്ന പദ്ധതിയുണ്ടായിരുന്നു. കർഷകർക്ക് ആശ്വാസമായ ഈ പദ്ധതി നിലച്ചിട്ട് ഒരു വർഷമായി. വളർത്താൻ നിർവാഹമില്ലാതെ കന്നുകുട്ടികൾ അറവുശാലയിലേക്ക് പോകുന്നുണ്ട്. ഈ സഹചര്യത്തിൽ പുതിയ പശുക്കളുണ്ടാവില്ല. സമീപ ഭാവിയിൽ ഇതും ക്ഷീരമേഖലയെ തളർച്ചയിലേക്കു നയിക്കും. 

ഉൽപാദനച്ചെലവ് വളരെ വലുതാണ്. 80 ശതമാനവും തീറ്റച്ചെലവാണ്. കേരളത്തിൽ കാലിത്തീറ്റ ഗുണനിലവാര പരിശോധനയ്ക്ക് ബില്ലും സംവിധാനവും വരുന്നു എന്നു കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. പൊന്നും വിലയ്ക്കാണ് കർഷകർ കാലിത്തീറ്റ വാങ്ങി നൽകുന്നത്. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ നൽകുക വഴി ഉൽപാദനം കുറയുകയും ആരോഗ്യം ക്ഷയിക്കുകയും ചെയ്യും. മാസങ്ങൾക്കു മുൻപ് കാലിത്തീറ്റ വിഷബാധ കന്നുകാലികളെ ബാധിക്കുകയും സംവിധാനങ്ങൾ സടകുടഞ്ഞെഴുന്നേറ്റ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയ്ക്കുകയും ചെയ്തു. നാളിതുവരെ അതിന്റെ റിപ്പോർട്ട് പൊതുസമൂഹത്തിന് കിട്ടിയിട്ടില്ല. ഇത്തരം വിഷയങ്ങൾ എന്തു കൊണ്ടാണെന്ന് പരിശോധിക്കണം. കാലിത്തീറ്റയ്ക്കുള്ള ബദല്‍ സംവിധാനങ്ങളെക്കുറിച്ച് പഠിക്കണം. മുൻപ് അങ്ങ് പ്രഖ്യാപിച്ച അന്യസംസ്ഥാനത്തു നിന്നുള്ള വൈക്കോൽ, നമ്മുടെ സംസ്ഥാനത്തുനിന്നു തന്നെ ചോളം ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾ തുടങ്ങിയവ നടപ്പിലാകാത്തതെന്തുകൊണ്ടാണെന്ന് പരിശോധിക്കണം. 

മുൻപ് കർഷകർക്ക് ലഭ്യമായിക്കൊണ്ടിരുന്ന ഇൻഷുറൻസ് പലിശ, സബ്സിഡി, കാലിത്തീറ്റ, സബ്സിഡി, ധാതുലവണ മിശ്രതം, പാലിന് സബ്സിഡി തുടങ്ങിയവ മുടക്കം കൂടാതെ കർഷകർക്ക് ലഭ്യമാക്കണം. KLD ബോർഡിൽ നിന്നും നൽകുന്ന ബീജം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണം. മികച്ച പാലുൽപാദനമുള്ള പശുക്കളെ ഉൽപാദിപ്പിക്കാനുള്ള ശ്രമം കർഷകരുടെ പശുക്കളിൽ കുത്തിവയ്ക്കുന്ന ബീജത്തിൽനിന്നുതന്നെ തുടങ്ങണം. തങ്ങൾ ആവശ്യപ്പെടുന്ന ബീജം പശുക്കളിൽ ആധാനം ചെയ്തുനൽകുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.

ഉൽപാദനച്ചെലവും വിപണി വിലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്ന യാഥാർഥ്യബോധത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചാൽ തന്നെ കർഷകർ ഈ മേഖലയിൽ തുടരും. പുതിയവർ കടന്നു വരും. 

4. സർക്കാരിന് സാമ്പത്തിക ഞെരുക്കമുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണ്. അതിനാൽ മുൻഗണനാക്രമം പുതുക്കി നിശ്ചയിക്കണം. ഏതു മേഖലയിൽ, ആർക്ക് എന്തു നൽകണമെന്ന് കണ്ടെത്തണം. കോടിക്കണക്കിന് രൂപ ജനകീയാസൂത്രണ പദ്ധതി വഴി ഓരോ പഞ്ചായത്തിലും ആട്, കോഴി, പശു തുടങ്ങിയവയ്ക്കായി നൽകുന്നുണ്ട്. കഴിഞ്ഞ 25 വർഷമായി ഇത്തരം മേഖല സ്വയംപര്യാപ്തമാകാത്തതെന്തുകൊണ്ട്? പഠനവിധേയമാക്കണം. കാര്യക്ഷമമായി മുൻഗണനാക്രമം നിശ്ചയിച്ച് ഒന്നോ രണ്ടോ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ചെലവാക്കുന്ന കോടികൾ ശരിയായി, വേണ്ടവിധം, ശരിയായ കർഷകർക്ക് നൽകിയാൽ തന്നെ നല്ലൊരു മാറ്റമുണ്ടാകും. 

5. തെരുവുനായ്ക്കളുടെ പ്രശ്നം പറയാതിരിക്കാൻ നിർവാഹമില്ല. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഉദ്ഘാടനം നടത്തി നടപ്പിലാക്കി തുടങ്ങിയ ‘തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ’ കുത്തിവയ്പ് ഫലം കണ്ടു എന്നു വിശ്വസിക്കാനാകുന്നില്ല. അക്രമണകാരികളായ തെരുവ് നായ്ക്കൾ ഇപ്പോഴും അലഞ്ഞു തിരിഞ്ഞ് നടക്കുന്നുണ്ട്. നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ABC പദ്ധതി വഴിയുള്ള വന്ധ്യംകരണം നിലച്ചു. അത് കോടതിവിധിക്ക് വിധേയമായേ ഇനി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഈ വിഷയത്തിൽ  നമുക്ക് എന്തുകൊണ്ടാണ് കോടതിയിൽ നിന്നും ഒരനുകൂലവിധിയുണ്ടാകാത്തത്? കണ്ണൂരിൽ നിന്നും മുൻപ് വന്നതു പോലെയുള്ള തെരുവുനായ അക്രമണം കൊണ്ടുള്ള മരണവാർത്തകൾ വരുന്നത് വരെ നമ്മള്‍ കാത്തിരിക്കേണ്ടതുണ്ടോ? എന്തുകൊണ്ടാണ് നമ്മുടെ സംവിധാനങ്ങൾ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തത്? എന്തുകൊണ്ടാണ് പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാകാത്തത്? 

6. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും പൊതുജനാരോഗ്യപ്രശ്നങ്ങളും

മൃഗചികിത്സാ രംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സഞ്ചരിക്കുന്ന മൃഗാശുപത്രികളും, രാത്രികാല സേവനങ്ങളും എടുത്തു പറയേണ്ടതാണ്. എന്നാൽ, ഇപ്പോഴും കര്‍ഷകർ സ്വന്തമായും, മെഡിക്കൽ സ്റ്റോറിൽ നിന്നും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക്കുകളും മറ്റും മരുന്നുകളും വാങ്ങി മൃഗങ്ങൾക്കു നൽകുന്നുണ്ട്. ഇത്തരം അശാസ്ത്രീയ മരുന്നുപയോഗം മൂലം പാലിലൂടെയും മുട്ടയിലൂടെയും ആന്റിബയോട്ടിക് അംശം മനുഷ്യരിലേക്ക് എത്തുകയും പിന്നീട് ഈ മരുന്നുകൾ മനുഷ്യന് അസുഖം വന്നാൽ ഫലപ്രദമാകാതാവുകയും ചെയ്യും. ലോകാരോഗ്യസംഘടന അതിഗൗരവത്തോടെ കാണുന്ന ഈ വിഷയത്തിൽ ദീർഘകാല പരിഹാരം കാണേണ്ടിയിരിക്കുന്നു. ഇതിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വെറ്ററിനറി കൗൺസിലിന് കാര്യക്ഷമമായി ഇടപെടാൻ കഴിയും. ഈ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനു വേണ്ട പരിശോധനകൾ നടത്തി, നടപടികൾക്ക് ശുപാർശ ചെയ്യുന്നതിനു വേണ്ടുന്ന നിർദേശം അങ്ങയുടെ ഭാഗത്തുനിന്നുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com