ADVERTISEMENT

13 പശുക്കൾ നഷ്ടപ്പെട്ട് ഇൻഷുറൻസ് ഇല്ലാത്തതുമൂലം ജീവിതം വഴിമുട്ടിയ കുട്ടിക്കർഷകരുടെ വാർത്താദിനത്തിലൂടെ കടന്നുപോകുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകത ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് സംവിധാനം സർക്കാർ തലത്തിൽ നിർത്തലാക്കിയത് ക്ഷീരകർഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. കുട്ടിക്കർഷകരുടെ വാർത്ത ലോകം മുഴുൻ കണ്ടു. അവരെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കാൻ നന്മയുള്ള മലയാളികൾ മടിച്ചില്ല. എന്നാൽ, പലപ്പോഴും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സാധാരണക്കാരായ കർഷകർക്ക് കാര്യമായ നഷ്ടപരിഹാരമോ പരിഗണനയോ ലഭിക്കുന്നില്ലെന്നുള്ളത് വാസ്തവമാണ്. മൃഗസംരക്ഷണ മേഖലയിൽ 2024ൽ എടുക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ഈ മേഖലയിലുള്ളവർ പ്രതികരിക്കുന്നു– പരമ്പര തുടങ്ങുന്നു. 

എടുത്തു പറയത്തക്ക വൻ പദ്ധതികളോ, വലിയ ചലനങ്ങളോ സൃഷ്ടിക്കാൻ കഴിയാതെയാണ് 2023 മൃഗസംരക്ഷണ മേഖലയിലൂടെ കടന്നു പോയത്. മിൽമയുടെ വിപണന വില 50 രൂപയിൽനിന്ന് 56 രൂപയാക്കി ഉയർത്തിയതു വഴി കർഷകന് ലഭിക്കുന്ന വിലയിലും ആനുപാതിക വർധനയുണ്ടായത് കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസമായി. അതേസമയം കാലിത്തീറ്റ വിലയിൽ അടിക്കടിയുണ്ടാകുന്ന വർധന ക്ഷീരകർഷകരെ പിറകോട്ടടിക്കുന്നതു ഈ കാലയളവിൽ നാം കണ്ടു. 

കന്നുകുട്ടി പരിപാലനപദ്ധതി, സമഗ്ര കന്നുകാലി ഇൻഷുറൻസ് തുടങ്ങി കർഷക സൗഹൃദ പദ്ധതികൾ നിന്നു പോയതും 2023ലാണ്. ഇറച്ചിക്കോഴിവില അന്യസംസ്ഥാന ലോബി നിയന്ത്രിക്കുന്ന പ്രവണത 2023 ലും തുടർന്നു. കിലോയ്ക്ക് 90 രൂപ മുതൽ 140 രൂപ വരെയുള്ള ഉയർച്ച താഴ്ചകളുണ്ടായതു വഴി തദ്ദേശീയരായ കോഴികർഷകരുടെ നിലനിൽപു തന്നെ അപകടത്തിലായി. 

വില നിയന്ത്രണത്തിനുള്ള ഹ്രസ്വകാല പദ്ധതികളോ ദീർഘകാല പദ്ധതികളോ ഈ കാലയളവിൽ സർക്കാരിൽ നിന്നുണ്ടായില്ല. ഒരുപാടു പ്രതീക്ഷയുമായി തുടങ്ങിയ കേരള ചിക്കനും, വിലയുടെ കാര്യത്തിൽ അന്യസംസ്ഥാന ലോബിയുടെ ഇടപെടലുകൾക്കനുസരിച്ച് ചാഞ്ചാടി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. വില സ്ഥിരത കൊണ്ടു വരാൻ കേരള ചിക്കനു കഴിഞ്ഞില്ല. അത്തരത്തിലുള്ള ഒരു വളർച്ച കേരളാ ചിക്കന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഈ മേഖലയിൽ മാറ്റങ്ങൾ കൊണ്ടു വരേണ്ട പൗൾട്രി ഡവലപ്മെന്റ് കോർപറേഷന്‍ മുൻവർഷങ്ങളെ പോലെ തീർത്തും കാഴ്ചക്കാരായി നിലകൊണ്ട വർഷമാണ് 2023.

പക്ഷിപ്പനിപോലുള്ള മാരക രോഗങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തില്ലെന്നുള്ള ആശ്വാസമുണ്ട്. എന്നാൽ കേരളത്തിലെ പന്നിക്കർഷകരെ ആകെ നിരാശരാക്കിയ ആഫ്രിക്കൻ പന്നിപ്പനി ഭീഷണിമൂലം പന്നികളെ കൊന്നൊടുക്കേണ്ടി വന്നതും 2023ൽ നാം കണ്ടു. പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുന്ന അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി പ്രകാരം മിക്കവാറും എല്ലാ പഞ്ചായത്തിലും മുട്ടക്കോഴി വിതരണം നടന്നു. എന്നാൽ വർഷാവർഷം നൽകുന്ന ലക്ഷക്കണക്കിന് മുട്ടക്കോഴിക്കുഞ്ഞുങ്ങളിൽ നിന്നും എത്രത്തോളം മുട്ട ഉൽപാദനം ഗ്രാമീണ മേഖലയിൽ ഉണ്ടാകുന്നു എന്നുള്ള ഒരു കണക്കെടുപ്പ് കഴിഞ്ഞ വർഷങ്ങളിലൊന്നും നടന്നിട്ടില്ല. 2023 ലും അത്തരം ഒരു കണക്കെടുപ്പുണ്ടായില്ല.

പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത നേടാനായില്ല. ഇതിനായി ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയുടെ നമുക്ക് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. തീറ്റച്ചെലവ് കുറയ്ക്കാനായി കേരളാ ഫീഡ്സിന്റെ നേതൃത്വത്തിൽ തുടങ്ങിയ ചോളക്കൃഷി പദ്ധതി എങ്ങുമെത്താതെ അവസാനിച്ചു. പഞ്ചാബിൽനിന്ന് വൈക്കോൽ വരുമെന്ന് പ്രതീക്ഷിച്ച കർഷകരും നിരാശരായി. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കൊണ്ടു വരുമെന്ന് പ്രഖ്യാപിച്ച കാലിത്തീറ്റ ഗുണനിലവാരബിൽ 2023ലും നടപ്പിലായില്ല. 

dairy-farming-3
സിദ്ദിക്കും ഭാര്യ ഫാത്തിമയും ഡെയറി ഫാമിൽ

കോവിഡിന്റെ തുടക്കത്തിലാണ് കൊല്ലം, അഞ്ചൽ പനച്ചവിള മഠത്തിൽ വീട്ടിൽ സിദ്ദിക്കും ഭാര്യ ഫാത്തിമയും പശുവളർത്തൽ തുടങ്ങിയത്. യുഎഇയിലെ റാസൽ ഖൈമയിൽ നല്ല നിലയിൽ കഴിഞ്ഞിരുന്ന ഇരുവർക്കും കോവിഡിനെ തുടർന്ന് ജോലി നഷ്ടമായി തിരിച്ചു വരേണ്ടി വന്ന സാഹചര്യത്തിലാണ് പശു വളർത്തൽ ആരംഭിച്ചത്. തുടക്കം രണ്ടു പശുവിൽനിന്ന്. പരിപാലനത്തിന്റെ രീതികൾ മനസ്സിലാക്കിവരാൻ 6 മാസമെടുത്തു. തുടർന്ന് ഘട്ടംഘട്ടമായി 33 പശുക്കളുള്ള ഒരു ഫാം ആക്കി മാറ്റി. ഇപ്പോൾ 435 ലീറ്റർ പാൽ പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ 135 ലീറ്റർ 56 രൂപ നിരക്കിൽ പ്രാദേശികമായി വിൽക്കുന്നു. ബാക്കി 300 ലീറ്റർ പാൽ സൊസൈറ്റിക്കു നൽകുന്നു. ലിറ്ററിന് 41 രൂപ ശരാശരി നിരക്കിൽ.

33 പശുക്കളെ വളർത്തി 435 ലീറ്റർ പാൽ ഉൽപാദിപ്പിച്ച് ലീറ്ററിന് ശരാശരി 41 രൂപ നിരക്കിൽ പാൽ സൊസൈറ്റിയിൽ 300 ലീറ്റർ വിൽക്കുകയും പ്രാദേശികമായി 56 രൂപയ്ക്ക് 135 ലീറ്റർ വിൽക്കുകയും ചെയ്യുമ്പോൾ, ഫാമിൽ ഉൽപാദിപ്പിക്കുന്ന ഒരു ലീറ്റർ പാലിന് ശരാശരി 45 രൂപയേ വില കിട്ടുന്നുള്ളൂ. എന്നാൽ, 10 പശുക്കളെ മാത്രം വളർത്തി പ്രാദേശികമായി 56 രൂപ നിരക്കിൽ 135 ലീറ്റർ പാൽ വിൽക്കുന്നതാണ് 33 പശുക്കളെ വളർത്തുന്നതിനേക്കാൾ ലാഭം. അതിനാൽ 10 പശുക്കളെ മാത്രം വളർത്തിയാലോ എന്ന് ആലോചിക്കുകയാണ്. 

സിദ്ദിക്കും ഫാത്തിമയും മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ

  1. അന്യസംസ്ഥാനങ്ങളിൽനിന്നും പദ്ധതിപ്രകാരം 5 പശുക്കളെ കൊണ്ടു വന്നു അസുഖം പിടിപെട്ട്, രക്തപരിശോധന നടത്തിയപ്പോൾ 4 എണ്ണത്തിന് തൈലേറിയ അസുഖം. സമയത്തിന് ചികിത്സിച്ചതു കൊണ്ടു മാത്രം രക്ഷപ്പെട്ടു. മറ്റു പശുക്കൾക്ക് പടർന്നതുമില്ല. അതിനാൽ വൻ നഷ്ടം ഒഴിവായി. എന്നാൽ മറ്റു കർഷകർ കൊണ്ടു വന്ന പശുക്കൾ പലതും ചത്തു. ചിലത് അസുഖം വന്നതിനാൽ ഇറച്ചി വിലയ്ക്ക് വിറ്റു. കർഷകർ കടത്തിലുമായി. ഒരു പശുവിന് 30,000 രൂപയാണ് സർക്കാർ സബ്സിഡി നൽകുന്നത്. മറ്റു സംസ്ഥാനത്തുനിന്ന് പശുവിനെ കൊണ്ടു വരുന്ന പദ്ധതിക്കു പകരം അത്രയും തന്നെ തുക കന്നുകുട്ടിക്കു തീറ്റ നൽകാൻ കൊടുത്താൽ ഇവിടെ തന്നെയുള്ള കുട്ടികളെ വളർത്തി വലുതാക്കാൻ കഴിയും. ഇപ്പോൾ 5 മാസം പ്രായമെത്തുമ്പോൾ കുട്ടികളെ വിൽക്കുകയാണ് പതിവ്. 
  2. ഉൽപാദനച്ചെലവ് കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുക. 
  3. കാലിത്തീറ്റ സബ്സിഡി നിരക്കിൽ ലഭിക്കണം. 
  4. മിൽമയ്ക്ക് നൽകുന്ന പാലിന് ലിറ്ററിന് 50 രൂപയെങ്കിലും കിട്ടണം. 
  5. ചാക്കിലാക്കിയ ഉണക്കച്ചാണകം VFPCK വഴി വിൽക്കാനുള്ള സൗകര്യം ഒരുക്കണം. 

2024ൽ ഉൽപാദനച്ചെലവും, പാൽ വിലയും തമ്മിലുള്ള അന്തരം സർക്കാർ ഇടപെട്ട് കുറയ്ക്കുമെന്നാണ് ഇവരുവരുടെയും പ്രതീക്ഷ. അല്ലെങ്കിൽ ഈ മേഖലയിൽ നിന്ന് ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ പേര് പുറത്തു പോകുമെന്ന് ഈ ദമ്പതികൾ അഭിപ്രായപ്പെട്ടു. 

‘‘ജനുവരി മുതൽ മാർച്ച് അവസാനം വരെ ആട്, കോഴി, പോത്ത്, പശു തുടങ്ങിയവയുടെ വിതരണത്തിന്റെ തിരക്കിലായിരിക്കും മിക്ക ആശുപത്രികളും, അവിടത്തെ ഉദ്യോഗസ്ഥരും ഡോക്ടർമാരും. വെറ്ററിനറി ബിരുദം നേടി ചികിത്സിക്കാൻ മാത്രം പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ തലയിൽ വിതരണത്തിന്റെ ചുമതലയും അതുവഴി അമിത രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകുമ്പോൾ, ചികിത്സിക്കാൻ ഡോക്ടർമാർക്ക് സമയം കിട്ടുന്നില്ല’’

‘‘വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോയി’’ എന്ന ചൊല്ലുപോലെയാണ് ഇതര സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്ന പശുക്കളുടെ കാര്യം എന്നാണ് മൃഗസംരക്ഷണവകുപ്പിൽ നിന്നും അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ഡോ. വി.ഡി.അനിൽ കുമാറിന്റെ അഭിപ്രായം. പണ്ടെങ്ങും കേട്ടുകേൾവി പോലുമില്ലാതിരുന്ന തൈലേറിയ, അനാപ്ലാസ്മ പോലുള്ള അസുഖങ്ങൾ കേരളത്തിൽ വ്യാപകമാകാനുള്ള കാരണം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പശുക്കളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അസുഖമുള്ള പശുക്കൾ നാട്ടിലുള്ള മറ്റു പശുക്കൾക്ക് കൂടി അസുഖം പടർത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇത് ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

ജനുവരി മുതൽ മാർച്ച് അവസാനം വരെ ആട്, കോഴി, പോത്ത്, പശു തുടങ്ങിയവയുടെ വിതരണത്തിന്റെ തിരക്കിലായിരിക്കും മിക്ക ആശുപത്രികളും, അവിടത്തെ ഉദ്യോഗസ്ഥരും ഡോക്ടർമാരും. വെറ്ററിനറി ബിരുദം നേടി ചികിത്സിക്കാൻ മാത്രം പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ തലയിൽ വിതരണത്തിന്റെ ചുമതലയും അതുവഴി അമിത രാഷ്ട്രീയ ഇടപെടലുകളും ഉണ്ടാകുമ്പോൾ, ചികിത്സിക്കാൻ ഡോക്ടർമാർക്ക് സമയം കിട്ടുന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിന് പറയാനുള്ളത്. ജനുവരി മുതൽ മാർച്ച് അവസാനം വരെയുള്ള കാലയളവിലാണ് കൂടുതലും പദ്ധതി നടത്തിപ്പിന്റെ തിരക്ക്. ഈ സമയത്ത് കർഷകർക്കു ചികിത്സ ലഭിക്കുന്നില്ലെന്നുള്ള പരാതി വ്യാപകമാകുന്നു. ഡോക്ടറും പൊതുജനങ്ങളും തമ്മിലുള്ള വാക്കേറ്റം വരെ ഉണ്ടാകാറുണ്ട്. വിതരണകാര്യത്തില്‍ ബദൽ സംവിധാനം കണ്ടെത്തി സ്വതന്ത്രമായി ഡോക്ടർമാർക്ക് ചികിത്സിക്കാനുള്ള അവസരം ഒരുക്കുന്നതു വഴി ശരിയായ മൃഗാരോഗ്യം ഉറപ്പു വരുത്താൻ കഴിയുമെന്നാണ് അദ്ദേഹത്തിനു പറയാനുള്ളത്.

ഫോൺ: 9446290897 (വാട്സാപ് മാത്രം)

നാളെ: മാറുന്ന കർഷകരും മാറ്റമില്ലാത്ത മൃഗസംരക്ഷണവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com