ADVERTISEMENT

പച്ച നിറത്തിൽ ഇലകളുള്ള പരമ്പരാഗത പൂച്ചെടികളെക്കാൾ ഉദ്യാനപ്രേമികള്‍ക്കു പ്രിയം പച്ചയ്‌ക്കൊപ്പം വെള്ളയോ മഞ്ഞയോ നിറത്തിൽ ഇലകളുള്ള പൂച്ചെടികളാണ്. പൂവില്ലാക്കാലത്തു പോലും കാണാൻ അഴകുള്ള ഇവയെ ജനിതക പരിവർത്തനം വഴിയാണ് തയാറാക്കുന്നത്. ഇവയിൽ പലതും വളരെ സാവധാനമേ വളരുകയും പൂവിടുകയും ചെയ്യാറുള്ളൂ. ചെടിവളർച്ചയ്ക്കു വേണ്ട ഭക്ഷണം തയാറാക്കാൻ ആവശ്യമായ ഹരിതകത്തിന്റെ കുറവാണ് ഇതിനു മുഖ്യ കാരണം.  അതുകൊണ്ടുതന്നെ ഇവയിൽ പലതും ഉദ്യാനത്തിൽ കൂടുതലായി വളർത്താറില്ല. ഹരിതകത്തിന്റെ കുറവ് നികത്താൻ ഇവ സാവധാനം കൂടുതൽ പച്ച നിറമുള്ളതോ അല്ലെങ്കിൽ മുഴുവനായി പച്ച നിറമുള്ളതോ ആയ ഇലകൾ ഉല്‍പാദിപ്പിക്കുകയും അങ്ങനെ ചെടിയുടെ ഭംഗി നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ,‍ ചിലയിനങ്ങളിൽ ഇലകളുടെ ഇരട്ട നിറ സ്വഭാവം  നിലനിൽക്കും, ചെടി കരുത്തോടെ വളരുകയും ചെയ്യും. ഇത്തരം ചെടികൾ പൂന്തോട്ടത്തില്‍ നടാന്‍ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ല.  മിക്കവയും കമ്പു മുറിച്ചു നട്ട് വളർത്തിയെടുക്കാം. നിത്യഹരിത പ്രകൃതമുള്ള ഇവയെല്ലാം നല്ല വെയിൽ കിട്ടുന്നിടത്ത് വളർത്തിയാൽ മാത്രമേ ഇലകൾക്കു  ഭംഗിയുണ്ടാവുകയും ചെടി സമൃദ്ധമായി പുഷ്പിക്കുകയുമുള്ളൂ. നൈട്രജൻ അധികം അടങ്ങിയ വളങ്ങൾ കൂടുതലായി നല്‍കിയാല്‍ ഇലയുടെ ഭംഗിയുള്ള  വേരിഗേറ്റഡ് നിറം മാറി പച്ചയാകും. വേരിഗേറ്റഡ് ചെടികളിൽ ജനപ്രീതിയേറിയ നൂതനയിനങ്ങള്‍ പരിചയപ്പെടാം. 

ഗോൾഡൻ ഡ്യു ഡ്രോപ് 

നീലപ്പൂക്കള്‍ സമൃദ്ധമായ പൂങ്കുലയും സ്വർണമാല കോർത്തതുപോലെ കടും മഞ്ഞ ബോൾ ആകൃതിയിലുള്ള കായ്‌കളുമായി ഗോൾഡൻ ഡ്യൂ ഡ്രോപ്. അരികിൽ നേർത്ത കുതകളോടു കൂടിയ ഇലകൾക്ക് പച്ചയ്ക്കൊപ്പം ഐവറി കൂടി കലർന്ന നിറം. പൂവില്ലാക്കാലത്തും ഇലകള്‍ വേരിഗേറ്റഡ് ചെടിയെ സുന്ദരിയാക്കുന്നു. ഡുറാന്റ എന്നും വിളിപ്പേരുള്ള ഈ ചെടിയുടെ പൂക്കൾ ചെറുതേനീച്ചകളുടെ ഇഷ്ട പുഷ്പം. അതിർചെടിയായി നിരയായി നടാനും കൂട്ടമായി വളർത്താനും നന്ന്.   കമ്പുകൾക്ക്, സ്വാഭാവികമായി ചാഞ്ഞു വളരുന്ന പ്രകൃതം. കമ്പു കോതിയാൽ 2 അടിക്കു താഴെ ഉയരത്തിൽ ആകർഷകമായി നിലനിർത്താം. പൂക്കൾ ഇളം ശാഖകളുടെ അഗ്രത്തിലാണ് ഉണ്ടായി വരിക. ശാഖകൾ തിങ്ങി വളരുന്ന പ്രകൃതമുള്ള ചെടിയിൽ ശാഖകൾ കോതി, ഇളം തണ്ടുകളിൽ വെയിൽ കിട്ടിയാൽ ചെടി സമൃദ്ധമായി പുഷ്പിക്കും.

johncreeper
ജോൺ ദ് ക്രീപ്പർ

ജോൺ ദ് ക്രീപ്പർ

പൂവിടും വള്ളിച്ചെടികളിൽ ചിലയിനങ്ങള്‍ക്കു വേരിഗേറ്റഡ് ഇലകളുണ്ട്. അവയില്‍ നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ച ചെടിയാണ് പോഡ്രാനിയ എന്നും വിളിപ്പേരുള്ള ജോൺ ദ് ക്രീപ്പർ. പരമ്പരാഗത ഇനം പോലെ വേഗത്തിൽ വളരുന്ന പ്രകൃതം. 3-4 ഇളം പിങ്ക് പൂക്കൾ വീതമുള്ള ചെറു കുലകള്‍ ശാഖാഗ്രങ്ങളിൽ കാണാം. പൂക്കൾക്ക് 2-3 ദിവസത്തെ ആയുസ്സേ ഉള്ളെങ്കിലും പൂവില്ലാക്കാലത്തും ഇതു സുന്ദരിതന്നെ. വെള്ളയും പച്ചയും ഇടകലർന്ന, അത്ര അധികം വലുപ്പമില്ലാത്ത ഇലകളുള്ള തണ്ടുകൾ താങ്ങിൽ പടർന്നു കയറും. പെർഗോള, ട്രെല്ലീസ് ഇവയിൽ വളർത്താൻ പറ്റിയത്. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയിലാണ് ഈ വള്ളിച്ചെടി നന്നായി പൂക്കുക. വിരിഞ്ഞു വരുന്ന പൂക്കൾക്ക് നേർത്ത സുഗന്ധം. പൂവിട്ടു കഴിഞ്ഞ ശാഖകൾ മുറിച്ചു നീക്കിയാൽ ചെടി നന്നായി പൂവിടും .  

യെസ്റ്റർഡേ ടുഡേ ടുമോറോ
യെസ്റ്റർഡേ ടുഡേ ടുമോറോ

യെസ്റ്റർഡേ ടുഡേ ടുമോറോ 

പർപ്പിൾ നിറത്തിൽ, വശ്യസുഗന്ധത്തോടെ വിരിഞ്ഞു വരുന്ന പൂക്കൾ പിന്നീട് ലാവെന്‍ഡർ നിറമാകും.  കൊഴിയുന്നതിനു മുന്‍പ് വെള്ളനിറവും. ഇങ്ങനെ നിറം മാറുന്ന പൂക്കളുള്ള യെസ്റ്റർഡേ ടുഡേ ടുമാറോ എന്ന കുറ്റിച്ചെടിയുടെ കുള്ളൻ സസ്യപ്രകൃതിയിൽ വെള്ളയും മഞ്ഞയും ഇടകലർന്ന നിറത്തിൽ ഇലകളുമായി വേരിഗേറ്റഡ് സങ്കരയിനം വിപണിയിൽ ലഭ്യമാണ്. കടുത്ത മഴ കഴിഞ്ഞാൽ സമൃദ്ധമായി പൂവിടുന്ന ഈ ചെടി കൊമ്പു കോതി നിർത്തി 2-3 അടി ഉയരത്തിൽ അതിര്‍വേലി ഒരുക്കാനും വലിയ ചട്ടിയിൽ വളർത്താനും പുൽത്തകിടിയുടെ നടുവിൽ കൂട്ടമായി നടാനും പറ്റിയത്. 

nanthiyarvattam
നന്ത്യാർവട്ടം

നന്ത്യാർവട്ടം

വലിയ കുറ്റിച്ചെടിയുടെ പ്രകൃതമുള്ള നാടൻ നന്ത്യാർവട്ടത്തിന്റെ അതേ സ്വഭാവമുള്ള വേരിഗേറ്റഡ് ഇനം ഇലയുടെ ഭംഗികൊണ്ട് നാടനെക്കാൾ സുന്ദരം. മങ്ങിയ വെള്ളയും പച്ചയും ഇലകളുള്ള ഈ ചെടിയുടെ നേർത്ത സുഗന്ധമുള്ള വെള്ളപ്പൂക്കൾക്കു നല്ല വലുപ്പവുമുണ്ട്. പൂക്കൾ ചെറുകൂട്ടമായി ശാഖാഗ്രങ്ങളിൽ ഉണ്ടായി വരും. കാലഭേദമന്യേ പുഷ്പിക്കുന്ന ഈ അലങ്കാരച്ചെടി ഒറ്റയ്ക്കും അതിരു തിരിക്കാൻ നിരയായും  വളർത്താന്‍ നല്ലത്. വെള്ളം അധിക സമയം തങ്ങിനിന്നാൽ ഇല പൊഴിക്കുന്ന പ്രകൃതമുള്ളതുകൊണ്ട് മഴക്കാലത്തു നല്ല ശ്രദ്ധ നൽകണം. വലിയ കുറ്റിച്ചെടിയുടെ പ്രകൃതമുള്ള ഈ ഇനം കൊമ്പു കോതി 2-3 അടി ഉയരത്തിൽ വളർച്ച ക്രമീകരിച്ചു നിര്‍ത്താം. ആവശ്യത്തിനു വലുപ്പമായതു തിരഞ്ഞെടുത്തു നടണം. 

clockvine
സ്കാർലെറ്റ് ക്ലോക്ക് വൈൻ

സ്‌കാർലെറ്റ് ക്ലോക്ക് വൈൻ

പൂവിടും വള്ളിയിനങ്ങളിൽ പൂന്തോട്ടത്തിലെ മറ്റൊരു താരമാണ് സ്‌കാർലെറ്റ് ക്ലോക്ക് വൈൻ. പെർഗോളയിലും ട്രെല്ലിയിലും പടര്‍ത്തി വളര്‍ത്താം. പൂക്കളുമായി ഞാന്നു കിടക്കുന്ന കുലകളാണ് ഈ ചെടിയുടെ ആകർഷണം. നമ്മുടെ ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ പൂക്കൾ പാതിയേ വിരിയുകയുള്ളൂ. പൂക്കൾ കൊഴിഞ്ഞ പൂങ്കുലയിലെ വർണ ഇലകൾ കുറെക്കാലം കൂടി ചെടിയിൽ നില്‍ക്കും. 

പ്രാദേശിക പരിസ്ഥിതി അനുസരിച്ച് പൂക്കൾക്ക് നേരിയ നിറവ്യത്യാസം ഉണ്ടാകും. സ്കാർലെറ്റ് ക്ലോക്ക് വൈനിന്റെ വേരിഗേറ്റഡ് ചെടികൾക്ക് വിപണിയിൽ നല്ല ഡിമാൻഡാണ്. പരമ്പരാഗത ഇനം പോലെ വേഗത്തിൽ വളരുന്ന ഈ വള്ളിച്ചെടി കമ്പു നട്ട് വളർത്തിയെടുക്കാം. പച്ചയും വെള്ളയും ഇടകലർന്ന വലിയ ഇലകളുള്ള ഈ വള്ളിച്ചെടിയുടെ ബലം കുറഞ്ഞ ഇളം കമ്പുകൾ താങ്ങിൽ അനായാസം പടർന്നു കയറും. ഏകദേശം ഇതേപോലെ  സസ്യപ്രകൃതിയും പൂങ്കുലകളുമുള്ള മൈസൂർ ട്രംപെറ്റ് വൈൻ പക്ഷേ നമ്മുടെ കാലാവസ്ഥയിൽ വളരുമെങ്കിലും പൂവിടാറില്ല.  

വിവരങ്ങൾക്ക്: തറപ്പേൽ നഴ്സറി, വയനാട്. ഫോൺ: 9745569355

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com