ADVERTISEMENT

‘‘ആകെ ഇത്തിരി സ്ഥലമേയുള്ളൂ, അവിടെ എന്തു കൃഷി ചെയ്യാനാ?’’ ഇങ്ങനെ പറയുന്നവർ ചാലക്കുടിക്കാരി റുബീനയുടെ വീട്ടുമുറ്റം ഒന്നു കാണണം. നാലര സെന്റ് ഭൂമിയിൽ വീടിനു ശേഷമുള്ള സ്ഥലത്തും, ചുറ്റു മതിലിലുമാണ് റുബീനയുടെ കൃഷി. എല്ലാത്തരത്തിലുള്ള പച്ചക്കറികളും ഒപ്പം 50 ഇനം താമരയും ഈ ഇത്തിരി സ്ഥലത്ത് ഈ വീട്ടമ്മ കൃഷി ചെയ്യുന്നു. ഏഴു വർഷമായി വീട്ടിലേക്കു വേണ്ടതെല്ലാം ഈ കുഞ്ഞൻ കൃഷിയിടത്തിൽനിന്ന് റുബീന വിളയിച്ചെടുക്കുന്നതിനൊപ്പം ചെറിയ വരുമാനവും നേടുന്നു.

കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഗ്രോബാഗിലാണ് ഏറിയ പങ്കും കൃഷി. പലതരം പയർ, മുളക്, തക്കാളി, വഴുതനങ്ങ, ബീൻസ്, ചുരയ്ക്ക, മത്തൻ, റെഡ് ലേഡി പപ്പായ, കോവൽ, മുരിങ്ങ, 5 ഇനം ചീരകൾ, ബട്ടർ നട്ട്, ചേന, ചേമ്പ്, കാച്ചിൽ ഇഞ്ചി, ചോളം, കരിമ്പ് തുടങ്ങിയെല്ലാം കൃഷിയിടത്തിലുണ്ട്. ഇതു കൂടാതെ  കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി, ഖോൽ റാബി, ക്യാരറ്റ് തുടങ്ങിയവയും കൃഷിയിടത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികൾ മൂന്നു പേരും സ്കൂളിൽ പോയശേഷമുള്ള ഒഴിവുസമയം എങ്ങനെ വിനിയോഗിക്കാം എന്ന ചിന്തയിൽനിന്നാണ് ജൈവകൃഷി എന്ന ആശയം ആദ്യമായി റുബീനയുടെ മനസ്സിലേക്ക് എത്തുന്നത്. അങ്ങനെ മുറ്റത്തുതന്നെ ഗ്രോബാഗുകളിൽ ചെറിയ കൃഷി പരീക്ഷണങ്ങൾ നടത്തി. പരീക്ഷണം വിജയം കണ്ടപ്പോൾ കൂടുതൽ സമയവും കൃഷിയിൽ തന്നെയായി. കയ്യിൽ കിട്ടിയ വിത്തുകൾ എല്ലാം തന്നെ പരീക്ഷിച്ചു. അവയ്ക്കൊപ്പം തന്നെ സമയം ചെലവഴിച്ചപ്പോൾ ചെടികളെ ഓരോ ഘട്ടത്തിലും ആക്രമിക്കുന്ന കീടരോഗസാധ്യതകളും തിരിച്ചറിഞ്ഞു. പിന്നെ അതിനുള്ള മാർഗങ്ങൾ തേടി.

റുബീന
റുബീന

കീടങ്ങൾ ആക്രമിക്കുന്നതിനു മുൻപു തന്നെ ആഴ്ചയിലൊരിക്കൽ എന്ന രീതിയിലാണ് ഇപ്പോൾ ജൈവകീടനാശിനി പ്രയോഗം. വേപ്പെണ്ണ മിശ്രിതം, വെളുത്തുള്ളി- കാന്താരി മിശ്രിതം തുടങ്ങിയവയാണ് പ്രധാനമായും കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. ശീമക്കൊന്നയില ഗോമൂത്രത്തിൽ തുല്യ അളവിൽ അഴുകിച്ച് കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്. ചെടികളുടെ വളർച്ചയ്ക്കും രോഗസാധ്യതകൾ ഇല്ലാതാക്കാനും സ്യൂഡോമൊണാസ് ബിവേറിയ തുടങ്ങിയ ജീവാണുവളങ്ങളും ഉപയോഗപ്പെടുത്താറുണ്ട്. കടലപ്പിണ്ണാക്ക്, ചാണകം, ശർക്കര എന്നിവ അഞ്ചു ദിവസം പുളിപ്പിച്ച് ഒരു കപ്പിന് 10 കപ്പ് വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ ഒഴിച്ചു കൊടുക്കുന്നതാണ് കൂടുതൽ വിളവിന് കാരണമാകുമെന്നും റുബീന പറയുന്നു. ഇതുകൂടാതെ ശർക്കര–മത്തി കഷായം ഒരു ലീറ്റർ വെള്ളത്തിൽ 5മില്ലി എന്ന രീതിയിൽ എടുത്ത് ചെടികൾക്ക് സ്പ്രേ ചെയ്തും നൽകാറുണ്ട്. രോഗങ്ങൾ പ്രതിരോധിക്കാനും നല്ലൊരു വളമായും കഞ്ഞിവെള്ളം പുളിപ്പിച്ച് ചാരം ചേർത്ത് നേർപ്പിച്ചും ചെടികൾക്ക് ഒഴിച്ചു കൊടുക്കാറുണ്ട്. ചെടികൾക്ക് അടിവളമായി വീട്ടിൽ തന്നെയുള്ള അടുക്കള അവശിഷ്ടങ്ങൾ ഉപയോഗിച്ച് കംപോസ്റ്റ് തയാറാക്കി ഉപയോഗിക്കുന്നു. ഗ്രോ ബാഗുകളിലോ അല്ലെങ്കിൽ പോട്രകളിലോ ആണ് വിത്തുകൾ പാകുന്നത്. ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ഇട്ട് മണ്ണ് പാകപ്പെടുത്തിയശേഷമാണ് തൈകൾ പറിച്ചു നടുന്നത്. പോട്ടിങ് മിശ്രിതത്തിൽ ചാണകപ്പൊടി അല്ലെങ്കിൽ കംപോസ്റ്റ്, ആട്ടിൻ കാഷ്ഠം, കോഴിവളം, ചകിരിച്ചോറ് തുടങ്ങിയവ ചേർക്കുന്നു.

rubeena-7
സ്ഥലം പാഴാക്കാതെ കൃഷി

മികച്ച വിത്തുകൾ ലഭിക്കാൻ ഓൺലൈൻ കാർഷിക ഗ്രൂപ്പുകൾ സഹായിക്കുന്നു. തൈ വിതരണക്കാരായ വില്ലേജ് അഗ്രോയിൽ നിന്നും വാങ്ങാറുണ്ട്. കൃഷിയുടെ തുടക്കത്തിൽ വിത്തുകളുടെ ഗുണമേന്മ ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് റൂബിന പറയുന്നു. ഹൈബ്രിഡ് വിത്തുകൾ കൂടാതെ നാടൻ വിത്തുകളും ശേഖരിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തുമുള്ള സുഹൃത്തുക്കൾ പോസ്റ്റ് വഴി വ്യത്യസ്ത വിത്തിനങ്ങളും അയച്ചു തരാറുണ്ടെന്ന് റുബീന. വിത്ത് ആവശ്യപ്പെടുന്നവർക്ക് അയച്ചു കൊടുക്കാറുമുണ്ട്.

rubeena-3

വ്യത്യസ്ത നിറങ്ങളിലുള്ള ചീരകളാണ് ചേച്ചിയുടെ കൃഷിയിടത്തിന്റെ പ്രത്യേകത. വ്ലാത്താങ്കര ചീര, പാൽ ചീര, മയിൽപീലി ചീര, റെഡ് റോസ്, സുന്ദരിചീര, co1 ചീര തുടങ്ങി ഇനങ്ങളാണ് കൃഷിയിടത്തിൽ പ്രധാനമായും ഉള്ളത്. ഒപ്പം മഴവിൽ ചോളം, ചുവന്ന ചോളം, മഞ്ഞ ചോളം, മധുര ചോളം തുടങ്ങിയവയും അതിരായി നിൽക്കുന്നു. വീട്ടുമുറ്റത്തെ സ്ഥലം കൂടാതെ റോഡിന് ഇരുവശങ്ങളും വൃത്തിയാക്കി ഗ്രോ ബാഗിൽ ചീര, വെണ്ട, പയർ, തക്കാളി, ചോളം തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. മഴക്കാലത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാനയിലേക്ക് ഒഴുകിവരുന്ന മണ്ണാണ് കൃഷിക്കായി വിനിയോഗിക്കുന്നത്.

rubeena-6

പച്ചക്കറി പോലെ തന്നെ പൂക്കളെയും ഇഷ്ടപ്പെടുന്ന റുബീന 50 തരം താമരകളും മുറ്റത്ത് വളർത്തുന്നു. കുടുംബശ്രീയുടെ സഹായത്തോടെ ചെറിയ വായ്പ തരപ്പെടുത്തിയാണ് താമരക്കൃഷി തുടങ്ങിയത്. ഗുണമേന്മയുള്ള ചെടികൾക്കായി താമരക്കൃഷിയിൽ ഏറെ പരിചയമുള്ള കർഷകരിൽ നിന്നായിരുന്നു കിഴങ്ങുകൾ വാങ്ങിയത്. കൈവശമുള്ളവയിൽ ട്രോപ്പിക്കൽ- സെമി ട്രോപ്പിക്കൽ ഇനങ്ങളുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളിൽ മണ്ണിര കംപോസ്റ്റ്, ആട്ടിൻകാഷ്ഠം തുടങ്ങിയവ മണ്ണുമായി ചേർത്തായിരുന്നു കിഴങ്ങ് നട്ടത്. നല്ല വെയിൽ ലഭ്യമാകുന്ന ഇടമായതിനാൽ ഒന്നര മാസം കൊണ്ടുതന്നെ പൂക്കളുണ്ടാകാറുണ്ട്. വലിയ പാത്രങ്ങൾ തിരഞ്ഞെടുത്താൽ പൂക്കളുടെ വലുപ്പം കൂടുതലായിരിക്കുമെന്നും റുബീന. കൃത്യമായി പരിചരിച്ചാൽ താമരക്കൃഷി വീട്ടമ്മമാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുമെന്ന് റുബീന. കിഴങ്ങുകൾ ആവശ്യക്കാർക്ക് കുറിയർ വഴി അയച്ചു നൽകാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനം പുതിയ ഇനങ്ങൾ വാങ്ങാൻ ഉപയോഗിക്കും. കൂടുതൽ പൂക്കളുണ്ടാകുന്ന ലക്ഷ്മി, പിങ്ക് ക്ലൗഡ്, മിറക്കിൾ, തമോ, ബുച്ച, വൈറ്റ് പിയോണി, കർണ്ണ, ഗ്രീൻ ആപ്പിൾ, കാവേരി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. താമരക്കൃഷിയിലെ പ്രധാന വെല്ലുവിളി ഒച്ചാണ്. കാബേജിന്റെ ഇലയും സാലഡ‍് വെള്ളരിയും ഉപയോഗപ്പെടുത്തി ഒച്ചിനെ ആകർഷിച്ചു കൂട്ടത്തോടെ നശിപ്പിക്കുകയാണ് പതിവ്. താമരകൃഷി കൂടാതെ ഗ്ലാഡിയോലസും ഇവിടെ കൃഷി ചെയ്ത് വിജയം നേടിയിട്ടുണ്ട്.

rubeena-5
പാതയോരത്തും കൃഷി

മക്കൾക്ക് വിഷമമില്ലാത്ത ഭക്ഷണം നൽകാൻ എല്ലാവരും അൽപസമയം കൃഷിക്കായി വിനിയോഗിക്കണമെന്നും കൃഷിയിൽ നിന്ന് ലഭിക്കുന്ന സന്തോഷം അനുഭവിക്കണമെന്നുമാണ് റുബീനയുടെ പക്ഷം. റുബീനയ്ക്ക് കൃഷി സ്നേഹത്തിന് പൂർണ്ണ പിന്തുണയുമായി ഭർത്താവ് ഷാബുവും മക്കളായ അനസ്, അഫ്സൽ, അൽ ആമീൻ എന്നിവരും കൂടെയുണ്ട്. ഇവർ മൂന്നുപേരും ചെറിയ രീതിയിൽ മീൻ കൃഷിയും ചെയ്യുന്നുണ്ട്. ഗപ്പി, ഫൈറ്റർ ഫിഷ് തുടങ്ങിയവ ബ്രീഡ് ചെയ്തു വിപണിയിലേക്ക് എത്തിക്കുകയാണ് പതിവ്.

ഫോൺ: 9562246805

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com