ADVERTISEMENT

ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണിക്കൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അ‍ഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ ഒരേക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറച്ചു സ്ഥലത്തുനിന്ന് പ്രതിവ ർഷം 30 ടൺ പച്ചക്കറിയാണ്  വിപണിയിലെത്തിക്കുന്നത്. അതും പ്രീമിയം വിലയ്ക്ക്. കിലോയ്ക്ക്  കുറഞ്ഞത് 30 രൂപ ശരാശരിവില കണക്കാക്കിയാൽപോലും 9 ലക്ഷം രൂപ വരുമാനം കിട്ടുന്നുണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ഉൽപാദനച്ചെലവാകട്ടെ, 2 ലക്ഷം രൂപ മാത്രം. 

ഒരേക്കർ എട്ടരയേക്കറിനെ തോൽപിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ. സാങ്കേതികത്തികവാണ് ഉണ്ണിക്കൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ  ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർ ഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും  ഈ മികവുതന്നെ. കംപ്യൂട്ടർ ഹാർഡ്‌വേർ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽനിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളില്‍ കൃഷി  തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി.നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അദ്ദേഹമാണ് കൃത്യതാക്കൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

vegetable-unnikrishnan-1
വീട്ടിൽനിന്നുതന്നെ വിൽപന

എന്നും വില്‍ക്കാന്‍ ഉല്‍പന്നം 

കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും.  ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതില്‍ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെനിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ  വിപണിവിലയെക്കാള്‍  അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കൃഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ടത്രെ. ഇപ്രകാരം 3 സീസണുകളിലായി 6 തവണയാണ് കൃഷിയിറക്കുക. 

കൃഷിച്ചെലവ് ഓരോ വർഷവും വർധിക്കുന്നുണ്ടെങ്കിലും പച്ചക്കറിവില ആനുപാതികമായി കൂടുന്നില്ല. മാത്രമല്ല, പല ഇനങ്ങൾക്കും 10 വർഷം മുൻപുള്ള വിലയാണ് ഇപ്പോഴും. അതിനാൽ പരമാവധി ഉൽപാദനക്ഷമത നേടിയാലേ കൃഷിക്കാരനു പിടിച്ചുനിൽക്കാനാകൂ എന്ന്  ഉണ്ണിക്കൃഷ്ണൻ പറയുന്നു. ഇതിന് ഫെർട്ടിഗേഷനും പുതയിടലും മാത്രം മതിയാകില്ല. ഓരോ ഇനം പച്ചക്കറിക്കുമുള്ള  പോഷകലഭ്യതക്കുറവ്  അവയുടെ ബാഹ്യലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ കഴിയും. പ്രധാന മൂലകങ്ങൾ മുതൽ സൂക്ഷ്മ മൂലക ങ്ങൾവരെയുള്ളവയുടെ അപര്യാപ്തത നിരീക്ഷണത്തിലൂടെ തിരിച്ചറിയാൻ കർഷകരെ പ്രാപ്തരാക്കിയാൽ കൃത്യതാക്കൃഷി വൻവിജയമാകുമെന്ന് ഉണ്ണിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.  

പച്ചക്കറികൾ നടാൻ മണ്ണൊരുക്കുന്നതു മുതൽ വിളവെടുപ്പു വരെ കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് ഉണ്ണിക്കൃഷ്ണൻ മുൻപോട്ടുപോകുന്നത്. ഏതൊരു കർഷകനും മാതൃകയാക്കാവുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ കൃഷി. 

മികച്ച വിപണി

കേരളത്തിൽ ഏറ്റവും ഉൽപാദനക്കമ്മിയുള്ളതും ഉപഭോഗമുള്ളതുമായ കാർഷികോൽപന്നം ഏതാണ്? സംശയം വേണ്ട– പച്ചക്കറി തന്നെ. ഇവിടെയുള്ളതു തികയില്ല, മറുനാടനോടു താൽപര്യവുമില്ല. ഇതാണ് സ്ഥിതി. ഡിമാൻഡ്–സപ്ലൈ  തത്വപ്രകാരം വിപണിയില്‍ എന്നും നേട്ടത്തിന്റെ കൊയ്ത്തുകാലമാവണം പച്ചക്കറിക്കര്‍ഷകര്‍ക്ക്. എന്നാൽ അങ്ങനെ സംഭവിക്കുന്നുണ്ടോ? കൃഷിക്കാരോടു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി, പച്ചക്കറിക്കൃഷിയെ  അഗ്രിബിസിനസ് സംരംഭമായി കണ്ടാല്‍ സംതൃപ്തിയും സമ്പാദ്യവും നേടാമെന്നുതന്നെ. എന്നാൽ കൃഷിയോടു നല്ല താൽപര്യവും സ്ഥിരോത്സാഹവും കഠിനാധ്വാനവും കൂടി യേ തീരൂ. 

സമീപകാലത്ത് വാണിജ്യപച്ചക്കറിക്കൃഷിയിലേക്കു  വന്ന ഒട്ടേറെ ചെറുപ്പക്കാർ കേരളത്തിൽ പുതിയൊരു കാർഷികസംസ്കാരത്തിനു  തുടക്കം കുറിച്ചിട്ടുണ്ട്.  വേണ്ടത്ര കൃഷിഭൂമി കിട്ടാനില്ലെന്ന പ്രശ്നത്തിനു പാട്ടക്കൃഷിയിലൂടെ പരിഹാരം കണ്ടെത്തിയ അവർ സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചു കൂലിച്ചെലവും സമയവും ലാഭിക്കുകകൂടി ചെയ്തപ്പോള്‍  ടൺകണക്കിനു നാടൻ പച്ചക്കറികളാണിപ്പോള്‍ നമ്മുടെ  വിപണിയിലെത്തുന്നത്. ആനുപാതികമായി അവര്‍ സാമ്പത്തികനേട്ടവുമുണ്ടാക്കുന്നു. 

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പച്ചക്കറിക്കൃഷി അഗ്രിബിസിനസായി വികസിപ്പിച്ചു വിജയികളായ ചിലരെ ഒക്ടോബർ ലക്കം കർഷകശ്രീ മാസികയിൽ പരിചയപ്പെടാം. കൃഷിയിലും വിപണനത്തിലും അവര്‍ സ്വീകരിക്കുന്ന പുതുരീതികളും തന്ത്രങ്ങളും അറിയാൻ കർഷകശ്രീ മാസിക മറക്കാതെ സ്വന്തമാക്കുക. 

ഓൺലൈനായും കർഷകശ്രീ വരിക്കാരാകാം https://rb.gy/xgcdo3

English summary: Profit Efficiency of Smallholder Vegetable Farms in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com