ADVERTISEMENT

പി.കെ.പോക്കർ മലയാളത്തിന്റെ ഫിലോസഫറാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും അത്തരം കള്ളികളിലൊതുക്കേണ്ട ആളല്ല അദ്ദേഹം. സാംസ്കാരിക സാഹിത്യ വിമർശകൻ എന്നു അൽപ്പം കൂടി വിപുലീകരിച്ചാലും പൂർണമാകുമോ എന്നറിയില്ല. 'ബഹുസംസ്കാരവും ജ്ഞാനോദയവും' എന്ന പുതിയ പുസ്തകം വർത്തമാനകാലത്തിന്റെയും സൈദ്ധാന്തിക വിമർശനമായിത്തീരുന്നുണ്ട്.

23 ലേഖനങ്ങളടങ്ങിയ ഈ ഗ്രന്ഥം വായിക്കുമ്പോൾ പല ചോദ്യങ്ങൾ മനസ്സിലുയരുകയും ഇതിൽ നിന്നു തന്നെ ഉത്തരങ്ങൾ ഉരുത്തിരിച്ചെടുക്കാനാവുകയും ചെയ്യുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത്, എന്താണ് തത്വചിന്തയും സാമാന്യ ജനജീവിതവും തമ്മിലുള്ള ബന്ധം എന്നതു തന്നെ. വായനക്കാരുൾപ്പെടെ, എല്ലാ മനുഷ്യരും തത്വചിന്തയോ തർക്കശാസ്ത്രമോ ഒന്നും സ്ഥിരമായി വായിക്കാറില്ലല്ലോ. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം വായിച്ചിട്ടല്ല, ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തു നിൽക്കുന്നതും പ്രവർത്തകരാവുന്നതും.

pk-pokker-book

എങ്കിലും സാഹിത്യമെന്ന പോലെ തത്വചിന്തയും സമൂഹബാഹ്യമായ ഒന്നല്ല. അത് കൃത്യമായി സാമൂഹ്യചലനങ്ങളെ ബാധിക്കുന്നുണ്ട്. വർത്തമാനസമൂഹം എങ്ങനെയുണ്ടായി, അതിന്റെ ഘടന, സാമൂഹ്യബന്ധങ്ങൾ, ചൂഷണവ്യവസ്ഥ, സാമ്പത്തിക ബാഹ്യമായ സ്വാധീനങ്ങൾ ഇവയെയൊക്കെ കൃത്യമായി അനാവരണം ചെയ്യാൻ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിനാകുന്നുണ്ടല്ലോ. അതിലൂടെയുണ്ടായതു തന്നെയാണ് തുല്യതയിലധിഷ്ഠിതമായ സോഷ്യലിസ്റ്റ് കാഴ്ചപ്പാടും സാമൂഹിക വിപ്ലവങ്ങളുമൊക്കെ. മുതലാളിത്ത വ്യവസ്ഥിതിയുടെ കിരാതത്വം തിരിച്ചറിയാൻ സിദ്ധാന്തങ്ങൾ, അതു വായിച്ചവരെ മാത്രമല്ല, അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെയും സഹായിക്കുന്നുവല്ലോ. ശുദ്ധ ശാസ്ത്രവാദികൾക്ക് സാധ്യമാകാത്തവിധം കലയെയും സാഹിത്യത്തെയും തത്വചിന്തയെയും പുതുക്കിപ്പണിയാൻ മാർക്സിന്റെ വായന പ്രേരണ നൽകുന്നു.

അമൂർത്തങ്ങളിൽ കുടുങ്ങിക്കിടക്കേണ്ട ഒന്നല്ല തത്വശാസ്ത്രം, മൂർത്തമായ സാഹചര്യങ്ങളെ ചേർത്ത് തന്നെ അതിനെ പഠിക്കുകയും നവീകരിക്കുകയും ചെയ്യേണ്ടതാണ് എന്നതിൽ ഗ്രന്ഥകാരന് സന്ദേഹമില്ല. വർത്തമാനാനുഭവങ്ങളും തത്വശാസ്ത്ര ചരിത്രവും വെച്ചു കൊണ്ടു തന്നെ അദ്ദേഹത്തിനത് സമർത്ഥിക്കാനാവുന്നുണ്ട്.

എന്താണ് ജ്ഞാനോദയം കൊണ്ടുദ്ദേശിക്കുന്നത്? എന്താണ് വികസനത്തെപ്പറ്റിയുള്ള തത്വശാസ്ത്ര വിശകലനം? അധികാരവും ഭാഷയും അഥവാ, സാഹിത്യവും തമ്മിലുള്ള ബന്ധമെന്താണ്? ശാസ്ത്രം എങ്ങനെ മതം പോലൊരു ബൃഹത് ആഖ്യാനമാവുന്നു, അതിന്റെ അധികാരശക്തിയെന്താണ്? ഇങ്ങനെ തുടങ്ങി വംശീയതയും അധികാരവും തമ്മിലുള്ള ബന്ധം, അതിന്റെ ആഗോളാനുഭവങ്ങൾ, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ ഇവയെപ്പറ്റിയൊക്കെ അനവധി ദാർശനികരുടെ അനുഭവങ്ങളും ഉദ്ധരണികളും ഉപയോഗിച്ച് വിശകലനം ചെയ്യുന്നു ഗ്രന്ഥകാരൻ.

മാർക്സിസം പരാജയമോ?

മാർക്സിസത്തിന്റെ പ്രയോഗവൽക്കരണത്തിൽ ഉണ്ടായ പിഴവുകളെപ്പറ്റി ബോധവാനാണ് ഗ്രന്ഥകാരൻ. തൊഴിലാളിവർഗ സർവ്വാധിപത്യത്തിൽ അന്തർഭവിച്ച അമിതാധികാരപ്രവണതകളും ബഹുസ്വരതാ നിരാസവുമാണ് പലയിടങ്ങളിലും അതിന്റെ ശിഥിലീകരണത്തിനു കാരണമായത് എന്നദ്ദേഹം കൃത്യമായി തിരിച്ചറിയുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച മാത്രമല്ല, ഉക്രെയിൻ - റഷ്യ സംഘർഷം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നും. ഏറെക്കാലം, എഴുപതു വർഷങ്ങൾ, സോഷ്യലിസ്ററ് ആശയത്തിന്റെ ചരടാൽ ഒന്നിക്കപ്പെട്ടിരുന്നവയായിട്ടും ഭാഷാപരവും സാംസ്കാരികവുമായ സ്വത്വബോധം ചെറുരാഷ്ട്രങ്ങൾക്കിടയിൽ സംഘർഷസാധ്യതയുണ്ടാക്കിയല്ലോ.

കറുത്ത വർഗക്കാരുടെ സൈദ്ധാന്തികനും പോരാളിയുമായ ഫ്രാൻസ് ഫാനന്റെ വാചകം  ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നത് കാണുക- 'കീഴാളജ്ഞാന വ്യവസ്ഥയ്ക്കു വേണ്ടി മാർക്സിസത്തെ ചെറുതായൊന്നു വലിച്ചു നീട്ടണം'. ജാതി വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ ഇത് പ്രാവർത്തികമാക്കുന്നതിൽ പറ്റിയ പിഴവിനെപ്പറ്റി ഇന്ന് നാം, പ്രത്യേകിച്ച് അധഃസ്ഥിതരാക്കപ്പെട്ടിരുന്നവർ, ചർച്ച ചെയ്യുന്നുമുണ്ടല്ലോ.

നവോത്ഥാനത്തിലെ പാളിച്ചകൾ

സ്വന്തം യുക്തി ഉപയോഗിക്കാൻ വിദ്യാഭ്യാസം മാത്രം പോരാ, ധീരത കൂടി വേണം.യുക്തി പരസ്യമായി ഉപയോഗിക്കാനുള്ള ശേഷിയെയാണ് ഇമ്മാനുവൽ കാന്റ് ജ്ഞാനോദയം അല്ലെങ്കിൽ പ്രബുദ്ധത (Enlightment) ആയി നിർവചിച്ചത്. ഇന്ത്യയിലെ അധീശ പ്രത്യയശാസ്ത്ര വ്യവസ്ഥയായ (Hegemony- അന്റോണിയോ ഗ്രാംഷി) ബ്രാഹ്മണിസത്തെ ചോദ്യം ചെയ്തു കൊണ്ട് നട്ടെല്ലിൽ നിവർന്നു നിൽക്കാൻ മനുഷ്യർ തയ്യാറായ സന്ദർഭത്തെയാണ് ജ്ഞാനോദയമായി കാണേണ്ടത് എന്ന് ഗ്രന്ഥകർത്താവ്. നിർഭാഗ്യവശാൽ ഈ ആശയാധികാര വ്യവസ്ഥയെ നവോത്ഥാന ഉണർവിനോടൊപ്പം കണ്ണി ചേർത്തു തുടർന്നു വായിക്കാൻ നമുക്കായില്ല.

അതു കൊണ്ടാണ് എല്ലാം വീണ്ടും തിരികെയെത്തുന്നതെന്നും പുരോഗമന ജൈവ ബുദ്ധിജീവികൾക്കു പോലും തങ്ങളകപ്പെട്ട ജാതി വരേണ്യതയെ കുടഞ്ഞു കളയാനാവാതെ പോവുന്നതെന്നും കേരളീയാവസ്ഥയെ നിരൂപണം ചെയ്തു കൊണ്ട് അദ്ദേഹം പറയുന്നു. ദേശീയ തലത്തിലും നമ്മളിതേ വിഡ്ഢിത്തം കൂടുതൽ മാരകമായ, രാഷ്ട്രപിതാവിനെത്തന്നെ ഇല്ലാതാക്കാനായ, നവബ്രാഹ്മണിസ അധികാരവ്യവസ്ഥയോടു കാണിച്ചു എന്നതും സത്യമാണ്. സഹിഷ്ണുതയല്ല, ജ്ഞാനേയ ബഹുസ്വരതയാണു വേണ്ടത്.

മാർക്സിസത്തിന്റെ പ്രായോഗിക എക്സ്റ്റൻഷൻ ആയി മൗഷെ (അന്റോണിയോ ഗ്രാംഷി സ്പെഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന തത്വചിന്തകൻ)  നിർദ്ദേശിക്കുന്ന സംഘർഷാത്മക സഹവർത്തിത്വത്തെപ്പറ്റി അതായത്, അഭിപ്രായ ഭിന്നതയോടെ സഹകരിക്കുന്ന ഒരു ജനാധിപത്യമുണ്ടാവുക എന്ന പോംവഴിയെപ്പറ്റി  പി.കെ. പോക്കർ സംസാരിക്കുന്നത് അതിനേക്കാൾ ശ്രേഷ്ടമായ മറ്റൊരു ഇന്ത്യൻദർശനം വെച്ചു കൊണ്ടാണ്. Solidarity എന്ന ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രയോഗത്തെ സഹിഷ്ണുത എന്ന വാക്കു കൊണ്ടല്ല, സാഹോദര്യമെന്നോ സർവോദയമെന്നോ മൊഴിമാറ്റം നടത്തുമ്പോഴുള്ള വ്യത്യാസം എത്ര വലുതാണോ, അതു പോലെയാണ് ഈ ബദലിനെപ്പറ്റി ഗ്രന്ഥകാരൻ പറയുമ്പോൾ ഓർത്തു പോയത്.

കുമാരനാശാൻ
കുമാരനാശാൻ

'അവനവനാത്മസുഖത്തിനാ ചരിക്കുന്നവ - യപരന്നു സുഖത്തിനായി വരേണം' എന്നെഴുതി വെച്ച, 1924ൽ സർവ മതസമ്മേളനം നടത്തിയ, പാഠശാലകളിൽ എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്നു നിഷ്കർഷിച്ച, നാരായണ ഗുരുവിന്റെ ജ്ഞാനേയ ബഹുസ്വരത (Gnostic Pluralism) ആണത്. പരസ്പരം അറിയുന്നതിലൂടെയുണ്ടാവുന്ന സർഗാത്മക സഹകരണം എന്നത് സഹിഷ്ണുതയല്ല തന്നെ. നാരായണ ഗുരുവിന്റെ ദർശനങ്ങളും, നവോത്ഥാന പങ്കാളിത്തവും മാത്രമല്ല, കവിത്വവും വിശദമാക്കുന്ന രണ്ടു ലേഖനങ്ങൾ ഇതിലുണ്ട്. കൂടാതെ കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയെ പല രീതിയിൽ നോക്കിക്കാണുന്ന ലേഖനത്തിലും ഗുരു സാന്നിധ്യമുണ്ട്.

ദാർശനികനായ ഗുരു

'ഇനമേതെന്ന് കേൾക്കില്ല

നിനവും കണ്ണുമുള്ളവർ'

എന്ന് എഴുതി വെച്ച നാരായണ ഗുരുവിനെ കവിയായോ ദാർശനികനായോ നമ്മുടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നില്ല എന്നത് മലയാളിയുടെ ദുരവസ്ഥയെന്ന് പോക്കർ മാഷ്. നിനവ് എന്ന വാക്കിന് വലിയ മാനങ്ങളുണ്ട് എന്നദ്ദേഹം. ഓർമ്മ, വിചാരം എന്നൊക്കെ അർത്ഥ വിവക്ഷയുള്ള ആ വാക്ക് ഇമ്മാനുവൽ കാന്റിന്റെ ചരിത്രവൽക്കരണം എന്നതിനോട് സമം എന്നദ്ദേഹം. ബഹുസംസ്കാര ജനാധിപത്യം വേരുറക്കാൻ നാരായണഗുരുവിനെ വിദ്യാഭ്യാസ കാലത്തു തന്നെ കുട്ടികൾ പരിചയപ്പെടേണ്ടതുണ്ട്. എന്തു ചെയ്യാം, കയ്യിലുള്ള ശ്രേഷ്ഠമായ ആയുധത്തെ മറക്കുന്നവരാണല്ലോ എപ്പോഴും നമ്മൾ!

ഗുരുവിന്റെ 'കുണ്ഡലിനിപ്പാട്ടി'നെ കണ്ടെത്താൻ അവസാനം ഒരു ടി.എം. കൃഷ്ണ വരേണ്ടി വന്നു എന്നുമദ്ദേഹം സൂചിപ്പിക്കുന്നു. ഹോമിയോ രീതിയിലുള്ളതാണ് ഗുരുവിന്റെ സാമൂഹ്യവിമർശനം എന്നത് ഏറെ ശരിയായി തോന്നി. ആ ഈഴവശിവനിലുള്ളത് രോഗകാരകത്തെത്തന്നെ നേർപ്പിച്ചുപയോഗിക്കുന്ന ബ്രാഹ്മണ്യ ഘണ്ഡനമല്ലാതെ മറ്റെന്താണ്! തത്വചിന്തയുടെ പ്രയോഗവൽക്കരണമാണ് എപ്പോഴും ഗുരു നടത്തിയത്. ശങ്കരാചാര്യരുടെയും രാമാനുജന്റെയും അദ്വൈത ദർശനം പ്രയോഗത്തിൽ വരാത്ത ഒന്നാണല്ലോ. വിവേകാനന്ദൻ പറഞ്ഞ പോലെ മനച്ചുരുക്കം വന്നവരാണവർ, അദ്വൈതം പറയുകയും ജാതീയതയെ ഈട്ടിയുറപ്പിക്കുകയും ചെയ്തവർ.

വര∙ ശ്രീകാന്ത് കെ. വി
വര∙ ശ്രീകാന്ത് കെ. വി

കുമാരനാശാനിലെ വീഴ്ചകൾ

'ഇത്ര സുലഭവുമാശ്ചര്യവുമായി  സിദ്ധിക്കും സ്വാതന്ത്രൃ സൗഖ്യമെങ്കിൽ -

ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു -

ബദ്ധരായ് മേവുമോ ജാതി ജേലിൽ!'

എന്നു ദുരവസ്ഥയിൽ അത്ഭുതം കൂറുന്നു കുമാരനാശാൻ. ബ്രാഹ്മണ്യത്തിന്റെ സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും മറികടക്കാൻ മിശ്രവിവാഹത്തിനാവുമെന്ന് തന്റെ കാവ്യത്തിലൂടെ അദ്ദേഹം പറയാൻ ശ്രമിക്കുകയാണല്ലോ. അപ്പോഴും കവി, ചാത്തനിലുള്ള ഗുണങ്ങൾ ചണ്ഡാലരിൽ കാണുന്നതല്ല, ബ്രാഹ്മണ സമാനമാണവ എന്നുര ചെയ്യുമ്പോൾ സ്വയം അകപ്പെട്ടു പോവുന്ന ജാതിക്കുഴിയെ മനസ്സിലാക്കാതെ പോകുന്നുമുണ്ട്. നാരായണ ഗുരുവിനോളം ഉയരാനായിട്ടില്ല പല കാര്യങ്ങളിലും ശിഷ്യന് എന്നതല്ലേ സത്യം! ഉയരാനുള്ള ആയുർദൈർഘ്യവും അദ്ദേഹത്തിനു ലഭിച്ചില്ലല്ലോ.

വികസനത്തിലെ മിഥ്യകൾ 

ആദിവാസികളുടെ പാട്ടുശീലത്തെപ്പറ്റി നാഞ്ചിയമ്മ പറയുന്ന വാക്കുകൾ ആമുഖമായി ചേർത്ത 'വാൻ ഗോഗിന്റെ ഷൂസും വികസന പരിപ്രേക്ഷ്യവും' എന്ന ലേഖനത്തിലൂടെ വികസനമെന്നാൽ സാമൂഹിക വികസനമാണെന്ന് അദ്ദേഹം അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെയ്ക്കുന്നു. സാമൂഹികജീവിതം മെച്ചപ്പെടുത്തുന്ന, ഉത്പാദനത്തിനും വിതരണത്തിനും താങ്ങാവുന്ന ഒന്നാണ് അടിസ്ഥാനപരമായി വികസനം. പകരം പാവപ്പെട്ടവന്റെ വാസസ്ഥലികളും ജീവന മാർഗങ്ങളും നഷ്ടപ്പെടുത്തുന്ന, ദണ്ഡനീതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന, ചോരയിൽ  കുതിർന്ന ഓർമ ബാക്കിയാക്കുന്ന നാഗരികതയാണ് വികസനമെന്നാൽ പലരുടെയും കണ്ണിൽ.

'ദണ്ഡനീതിയാണ് എല്ലാ വിദ്യകളുടെയും സാരം' എന്നുദ്ഘോഷിക്കുന്ന അർത്ഥശാസ്ത്രം മാനേജ്മെൻറ് പഠനത്തിന്റെ ഭാഗമാക്കണം എന്ന് പുതിയ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടത്രെ! 

നിലനിൽക്കുന്ന ജൈവിക ആവാസവ്യവസ്ഥയ്ക്ക് ഒരു മാററവും സംഭവിക്കരുതെന്നല്ല, അതിന്റെ അടിസ്ഥാന ജൈവികഘടനയും സ്വഭാവവും അട്ടിമറിയ്ക്കും വിധമായാൽ അത് പ്രകൃതിദുരന്തങ്ങളായി നമ്മെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ടു് വികസനവാദികൾക്ക് . പാരിസ്ഥിതികാഘാതത്തെപ്പറ്റി സംസാരിക്കുന്നവരെയെല്ലാം വികസന വിരോധികളാക്കുന്നതും അവിവേകമെന്ന് അദ്ദേഹം.

ഇന്ത്യൻ ബ്രാഹ്മണിക ഫാഷിസം

'ബാബരി പള്ളി പൊളിക്കലും ഇന്ത്യൻ ഫാഷിസവും' എന്ന ലേഖനത്തിലൂടെ വിശദമായും പുസ്തകത്തിലെ മറ്റനേകം ലേഖനങ്ങളിലൂടെ വിശാലമായും,  ഹിന്ദുത്വ ഫാഷിസത്തെ വിശകലന വിധേയമാക്കുന്നുണ്ട് ഗ്രന്ഥകാരൻ. ബഹുഭാഷാ സംസകാരത്തിനു കത്തിവെക്കുന്ന ഏകഭാഷാ പ്രചാരണത്തിലും നിയമവാഴ്ചയുടെ ദുരുപയോഗത്തിലും നോട്ടു നിരോധം പോലെയുള്ള അകാരണമായ പ്രഖ്യാപനങ്ങളിലും കൂടി അനാവൃതമായതാണല്ലോ അതിന്റെ മനുഷ്യവിരുദ്ധത. 1993ൽത്തന്നെ ഐജാസ് അഹമ്മദ് 'ഇന്ത്യൻവ്യവസ്ഥയുടെ ഒരു ഗ്രാംഷിവായന' എന്ന ഗ്രന്ഥം എഴുതിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന ബുദ്ധിജീവികളിൽ മാത്രം അതിൻ്റെ വായന ഒതുങ്ങിയെന്നും ഇന്ത്യയിലെ മുഖ്യധാരാ സെക്യുലർ പ്രസ്ഥാനങ്ങൾ വരാൻ പോകുന്ന ഫാഷിസത്തിന്റെ വ്യാപ്തി മനസ്സിലാക്കിയില്ല എന്നും ഗ്രന്ഥകാരൻ  നിരീക്ഷിക്കുന്നു.

ഇന്ത്യയെന്ന കാഫ്കാലാന്റ്!

2014ൽത്തന്നെ മനീഷാ സേത്തി 'കാഫ്കാലാന്റ്' എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നുണ്ട്. നിയമ വ്യവസ്ഥയുടെ കാര്യത്തിൽ ഒരെത്തും പിടിയും കിട്ടാത്ത രാജ്യം. നിയമങ്ങൾ ആരുടെ സുരക്ഷയാണ് ഉറപ്പാക്കുന്നത് എന്ന് സ്റ്റാൻ സാമിയുടെ, ഹാനിബാബുവിന്റെ ഉദാഹരണങ്ങൾ ചൂണ്ടി ഗ്രന്ഥകാരൻ ചോദിക്കുന്നു. അടിമത്തം, ജാതി, പൗരോഹിത്യം എന്നീ ജനവിരുദ്ധ വ്യവസ്ഥകൾ  നിയമപരമായി സംരക്ഷിച്ച നൂറ്റാണ്ടുകളെയാണ് അംബേദ്ക്കർ 1927 ഡിസംബർ 21 ന് മനുസ്മൃതി കത്തിക്കുന്നതിലൂടെ പ്രതീകാത്മകമായി കരിച്ചു കളഞ്ഞത്. പക്ഷേ, ആ ജനവിരുദ്ധ കാലത്തിന്റെ താൽക്കാലിക ഇടവേള മാത്രമായിരുന്നു  ഭരണഘടനാ നിർമിതിയിലൂടെ ഇന്ത്യയിൽ ഉണ്ടായി വന്നത് എന്നതല്ലേ നിരാശപ്പെടുത്തുന്ന യാഥാർത്ഥ്യം? എല്ലാം ഇന്ന് തിരികെ വരികയാണല്ലോ!

bhimrao-ramji-ambedkar-manorama-illustration
ബി. ആർ. അംബേദ്കർ

ബ്രാഹ്ണ്യത്തിന്റെ ഘടനയിൽത്തന്നെ വെറുപ്പുണ്ട്. മനുസ്‌മൃതിയനുസരിച്ച് ബ്രാഹ്മണർ ഒരു തെറ്റിനും ശിക്ഷാർഹരല്ല. നിഗൂഢമായി മനുസ്മൃതിവൽക്കരണം നടന്നുകൊണ്ടിരിക്കുന്നുവെന്നതിനാൽ കൂടിയാണ്, അതിക്രൂരമായ കൂട്ടബലാൽസംഗവും കൊലയും നടത്തിയ ബൽക്കീസ് ബാനു കേസിലെ പ്രതികൾ ഇളവനുവദിക്കപ്പെട്ട് പുറത്തിറങ്ങിയത്. ഇരയുടെ വീടിനു മുമ്പിൽ പടക്കക്കട തുടങ്ങി പരോക്ഷ ഭീഷണിയുയർത്താൻ അവർ ധൈര്യപ്പെടുന്നതും കാണുക.

കവിയും എം.പിയും വക്കീലുമായ ഇഹ്സാൻ ജഫ്രിയേയും അദ്ദേഹത്തിന്റെ വീട്ടിൽ അഭയം തേടിയവരെയും ചുട്ടു കൊല്ലാൻ മടി തോന്നാത്തത് വെറുപ്പിന്റെ അധികാരശക്തി കൂടെയുണ്ടെന്നുള്ള ഉറപ്പു കൊണ്ടാണ്. ജെഫ്രിയുടെ വിധവയ്ക്കു വേണ്ടി കേസു വാദിച്ച ടീസ്റ്റ സെററിൽവാദ് ഇന്ന് ശിക്ഷ നേരിടുന്ന കുറ്റവാളിയാണ്. ഗുജറാത്ത് കലാപം സത്യസന്ധമായി അന്വേഷിച്ച ആർ.ബി. ശ്രീകുമാറും! ഇതേതു കാഫ്കാലാന്റ് എന്ന് ചോദിക്കാതിരിക്കുന്നതെങ്ങനെ? ആധുനികമായ സംഘാടനവും പ്രാകൃതമായ ആശയാധികാരവും കൂട്ടിച്ചേർത്ത് രൂപം കൊടുത്തതാണ് ഇന്ത്യയിലെ നവഫാഷിസം.

ചരിത്ര പാഠങ്ങൾ മറക്കരുത്!

ഹിറ്റ്ലറുടെ തടങ്കൽ പാളയത്തിൽ പീഡനങ്ങൾക്ക് വിധേയനായി പിന്നീട് രക്ഷപ്പെട്ട പ്രിമോ ലെവി അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതിയിൽ ('ഇതൊരു മനുഷ്യനായിരുന്നെങ്കിൽ') അനാവൃതമാക്കുന്ന ഞെട്ടിക്കുന്ന ഒരു സത്യമുണ്ട്. പി.കെ. പോക്കർ മറ്റൊരു പുസ്തകത്തിലും രേഖപ്പെടുത്തിയ അഗംബന്റെ 'നഗ്ന മനുഷ്യൻ' എന്ന പ്രയോഗവും ഇതിനോട് ചേർത്തുവായിക്കാം. നാസിക്യാമ്പുകളിൽ ശാരീരികമായ നഗ്നരാക്കപ്പെടുക മാത്രമല്ല, മറ്റനേകം ചെയ്തികൾ കൊണ്ട്  സ്വയം അപകർഷതയും ആത്മനിന്ദയുമുണ്ടാക്കി ഗ്യാസ് ചേമ്പറിൽ സഹതടവുകാരെ ചുട്ടുകൊല്ലാൻ സന്നദ്ധമാകുംവിധം ഭയചകിതരും ശരീരവും മനസും തമ്മിൽ വേർപെടുത്തപ്പെട്ടവരും ആയിത്തീർന്നവരെയാണ് നഗ്നമനുഷ്യർ എന്നു അഗംബൻ വിളിച്ചത്.

അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)
അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)

പ്രിമോലവിയുടെ നേരനുഭവത്തിൽ ഇത്തരം തുച്ഛരാക്കപ്പെട്ട മനുഷ്യരെ ജയിലധികാരികൾ 'മുസൽമാൻ' എന്നാണത്രെ സംബോധന ചെയ്തിരുന്നത്! അവർ ജൂതരായിരുന്നിട്ടും പീഡനത്തിനർഹരെന്നു കരുതിയിരുന്നവരെ മുസൽമാൻ എന്നു വിളിച്ചതിന്റെ കാരണമെന്തായിരിക്കാം? ചരിത്രപരമായ വെറുപ്പിന്റെ ബാക്കിപത്രമായിരുന്നോ അത്? ഇന്നത്തെപ്പോലെ മുസ്ലിം തീവ്രവാദമോ ഇസ്ലാമോഫോബിയയോ മെനഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലല്ലോ അന്ന്! ഒന്നാം ലോകമഹായുദ്ധത്തിൽ ഒട്ടോമൻ സാമ്രാജ്യം കീഴടക്കപ്പെടുംവരെ സംസ്കാരത്തിന്റെയും ഭരണസ്ഥിരതയുടെയും പരിവേഷമുള്ളവയായിരുന്നല്ലോ അറബ് ദേശങ്ങൾ. യുദ്ധങ്ങൾ ഉണ്ടാക്കിയ വൈരം നെടുനാൾ നീണ്ടു നിൽക്കുന്ന മുസ്ലിം വിരുദ്ധതയായി പരിണമിച്ചു എന്നായിരിക്കുമോ?

ഏതായാലും ഇന്ത്യയിലും സമാനമായ  ഇസ്ലാമോഫോബിയ അല്ലെങ്കിൽ വെറുപ്പ്, തന്നെയാണ് അതിനൂതന സാങ്കേതിക വിദ്യകളുടെ പ്രചരണ സാധ്യത കൂടി വിളക്കിച്ചേർത്ത് നവയാഥാസ്ഥിതിക അധികാര ബ്രാഹ്മണിസം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ശാസ്ത്രമെന്ന ബൃഹദാഖ്യാനം

ശാസ്ത്രപുരോഗതി മനുഷ്യനെ ആധുനികനാക്കാൻ ഏറെ സഹായിച്ച പ്രധാനപ്പെട്ട വസ്തുത തന്നെയാണ്. അന്ധവിശ്വാസങ്ങളെ പ്രത്യക്ഷ സത്യങ്ങൾ കൊണ്ട് റദ്ദുചെയ്യാനും വേദഗ്രന്ഥങ്ങളുടെ അപ്രമാദിത്വത്തിൽ നിന്ന് രക്ഷപ്പെടാനും, ജീവിത സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്താനും, രോഗങ്ങൾ ഭേദപ്പെടുത്താനും മനുഷ്യാവകാശങ്ങളെപ്പററിയുള്ള ആഗോള ചിന്തകൾ പങ്കുവെയ്ക്കാനും ഒക്കെ ശാസ്ത്രം സഹായകമായി. പക്ഷേ ശുദ്ധ ശാസ്ത്രവാദം പലപ്പോഴും മനുഷ്യവിരുദ്ധമാകുന്നതും നാം കാണുന്നു. കാരണം മനുഷ്യൻ മനസ്സും ചിന്തകളും വികാരങ്ങളും സ്വന്തം ചരിത്രവും കൂടിയുള്ളവരാണ്. ശുദ്ധ ശാസ്ത്രവാദം ഇവയെയൊക്കെ അപ്രധാനമാക്കുന്നു. ശാസ്ത്രത്തിലുള്ള അമിതമായ വിശ്വാസം പലപ്പോഴും നിലനിൽക്കുന്ന വ്യവസ്ഥയെ താങ്ങി നിർത്തുന്നവയായിത്തീരുന്നതും നമുക്കു കാണാം. ശാസ്ത്രത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കമ്പോളമാണ്, ആഗോള വ്യാപാരശക്തികളാണ് എന്ന സത്യത്തെ പലരും വിസ്മരിക്കുന്നതായാണ് കാണുന്നത്.

വൈദ്യശാസ്ത്ര രംഗത്തെ നിഗൂഢതകൾ

വൈദ്യശാസ്ത്ര രംഗത്ത് ശാസ്ത്രാധികാരം കൂടുതൽ ശക്തവും നിഗൂഢവുമാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ വരുന്നത് കോർപ്പറേറ്റ് കമ്പോള താൽപ്പര്യങ്ങൾ വികസിപ്പിക്കാൻ മാത്രമായി തീരുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥ സാധാരണക്കാരിലും ഉണ്ടായി വന്നത് അതുകൊണ്ടാണ് താനും. അത് കേവലം അജ്ഞതയോ ശാസ്ത്ര വിരുദ്ധതയോ ആയി മുദ്ര കുത്താൻ വ്യഗ്രതപ്പെടുന്നതാണ് പക്ഷേ, പൊതുവേ കാണാനാവുക.

വൈദ്യശാസ്ത്രത്തെ സാമൂഹ്യ ശാസ്ത്രത്തിനും പ്രകൃതി ശാസ്ത്രത്തിനും (ബയോളജി) മധ്യേയുള്ള ഒന്നായി നിർമൽ സാറുകായി നിർവചിക്കുന്നുണ്ട് എന്ന് ഗ്രന്ഥകാരൻ. ത്രിശങ്കു എന്ന വാക്കാണ് അദ്ദേഹം അതിനായി ഉപയോഗിക്കുന്നതും. പുതിയ ടെക്നോളജിയുടെ കാലത്ത് ചികിത്സകർ എത്ര മാത്രം ഇത് പരിഗണിക്കുന്നുണ്ട് എന്നതാണ് ചോദ്യം.

യുക്തിവാദത്തിന്റെ അപചയം

സമൂഹ ശരീരത്തിലേക്ക് കടന്നു ചെല്ലാത്ത യുക്തിവാദശാസ്ത്രത്തെയും ഗ്രന്ഥകാരൻ വിമർശിക്കുന്നു. അത് വരേണ്യധാരകളെയും ആശയാധികാര വ്യവസ്ഥയെയും ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. അപരവൽക്കരിക്കപ്പെടുന്നവരുടെ വേദന അവരറിയുന്നില്ല. അല്ലെങ്കിൽ അതിനു നേരെ മൗനം പാലിച്ചുകൊണ്ട് തങ്ങളുടെ യുക്തിവാദ വാചോടാപങ്ങൾ അവർ തുടരുന്നു. എത്ര സത്യം!

ശാസ്ത്രാധികാരവും തൊഴിൽമേഖലയും

ശാസ്ത്രം അദൃശ്യാധികാരം ചെലുത്തുന്ന മറ്റൊരു രംഗം തൊഴിൽ മേഖലയാണ്. പുതിയ കാലത്ത് തൊഴിലാളിയും അധ്വാനവും മാറിയിട്ടുണ്ടല്ലോ. ബുദ്ധിപരമായ തൊഴിൽ ചെയ്യുന്നവരെ ബഹുരാഷ്ട്ര കമ്പനികൾ ചൂഷണം ചെയ്യുന്നത് മാനസികമായ തലത്തിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടാണ്. 'ബി പോസിറ്റീവ്', 'നിങ്ങൾക്ക് നേട്ടമുണ്ടാക്കാം' എന്നൊക്കെ ഉത്തേജിപ്പിച്ചു കൊണ്ട്  അച്ചടക്കത്തെ അവർ പുതിയ രീതിയിൽ പരിവർത്തിപ്പിക്കുകയാണ്. ചൂൽ ഹാൻ ഇതിനെ അമിതമായ പോസിറ്റീവിറ്റി എന്നു തന്നെ വിളിക്കുന്നു. സ്വയം ഏറ്റെടുക്കുന്ന ജോലിത്വരയിലും ദുരയിലും അവർ എരിഞ്ഞടങ്ങുന്നു, ബന്ധങ്ങളോ സൗഹൃദങ്ങളോ ഊഷ്മളമായി സൂക്ഷിക്കാനാവാതെ, പ്രകൃതിയെ കാണാതെ, തനിയ്ക്കു പുറത്തുള്ള ലോകത്തിന്റെ, രാജ്യത്തിന്റെ പ്രശ്നങ്ങളെ ഗൗനിക്കാതെ അവർ ജീവിച്ചു പോകുന്നു.

പലരും അകാലത്തിൽ രോഗികളുമാവുന്നു. ഈയിടെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ ടെക്കികൾകളോട് 'ആഴ്ചയിൽ 80 മണിക്കൂർ (അതായത്, ഞായറാഴ്ച ഉൾപ്പെടെ ദിവസം ഏകദേശം 12 മണിക്കൂർ) നിങ്ങളുടെ നാടിനു വേണ്ടി ജോലി ചെയ്യൂ' എന്ന ഉപദേശം കൊടുക്കുന്നത് കേൾക്കുകയുണ്ടായി. നാട് എന്നാൽ കോർപ്പറേറ്റുകൾ എന്നായി മാറിയ കാലമാണല്ലോ. ശാസ്ത്രജ്ഞാനാധീശത്വം പരമ്പരാഗതമായി ജ്ഞാനാധികാര കുത്തകയുണ്ടായിരുന്നവരുമായി കൈകോർക്കുമ്പോൾ അതിന്റെ മനുഷ്യവിരുദ്ധത ശതഗുണീഭവിക്കുന്നു. ആസ്ഥാനകവികൾക്കു പകരം ഇന്ന് ആ സ്ഥാന ശാസ്ത്ര വികസനവാദികൾ!

ഇസ്രായേൽ പലസ്തീൻ പ്രദേശത്ത് തിയഡോർ ഹർസന്റെ വംശശുദ്ധിവാദത്തിലധിഷ്ഠിതമായ വാഗ്ദത്തഭൂമിവാദമുയർത്തുന്ന പ്രത്യയശാസ്ത്രവും ബഹുരാഷ്ട്ര ശക്തികളുടെ സാമ്പത്തിക താൽപ്പര്യങ്ങളും ചേർന്നു പ്രവർത്തിച്ചപ്പോൾ സയണിസ്റ്റു ഫാസിസം യാഥാർത്ഥ്യമായി തീർന്നുവല്ലോ!

അവസാനത്തെ ലേഖനത്തിന്റെ പേര് 'ബൃഹദ് ആഖ്യാന വിമർശനവും വളരുന്ന ചിന്തയും' എന്നാണ്. ഏതൊക്കെയാണ് ബൃഹദാഖ്യാനങ്ങൾ? മതങ്ങളും അവയുടെ വേദഗ്രന്ഥങ്ങളും, ശാസ്ത്രത്തിന്റെ തീർപ്പുകൾ, പിന്നെ മാർക്സിസം പോലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ഇവയൊക്കെത്തന്നെ. ദൈവവചനങ്ങൾക്ക് തെറ്റുപറ്റില്ല, ശാസ്ത്രം ചോദ്യം ചെയ്യാനാവാത്ത അവസാനവാക്കാണ് എന്നീ വാദങ്ങൾ പോലെത്തന്നെ, മനുഷ്യമനസ്സുകളിൽ ആഴ്ന്നിറങ്ങി പ്രവർത്തിക്കുന്നവയാണ് പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളും.

ബുദ്ധൻ വേദങ്ങളുടെ, സനാതന ധർമ്മമെന്നു വിളിക്കപ്പെടുന്നതിന്റെ, അപ്രമാദിത്തത്തെ തള്ളിക്കളഞ്ഞു, ചോദ്യം ചെയ്തു. ബുദ്ധമതാനുയായികളെ മാത്രമല്ല, പാലിഭാഷയെയും നിഷ്കാസനം ചെയ്തു കൊണ്ടാണ് ബ്രാഹ്മണ വൈദിക പാരമ്പര്യം പിന്നീട് തിരികെയെത്തിയത്. എന്നിട്ടും നാരായണ ഗുരുവും നവോത്ഥാന പ്രസ്ഥാനങ്ങളും കാഞ്ച എലയ്യ എന്ന ദാർശനിക എഴുത്തുകാരനും ഇവിടെ ഉണ്ടായി. ഇന്ന് സനാതന ധർമ്മത്തെ വിമർശിക്കുന്ന ശ്യാംകുമാർ ആക്രമിക്കപ്പെടുന്നു, എങ്കിലും അദ്ദേഹത്തെപ്പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുന്നു. നവയാഥാസ്ഥിതിക ഹിന്ദുത്വയുടെ ഗോപ്യമാക്കി വെച്ച കീഴാളവിരുദ്ധതയെ പുറത്തു കൊണ്ടുവരാൻ അതേ വഴിയുള്ളു.

ബൃഹദാഖ്യാനങ്ങൾക്കെതിരെ പ്രതിചിന്തകൾ

ഗ്രന്ഥകാരന്റെ പ്രയോഗ മാർക്സിസ അപഗ്രഥനം നേരത്തേ സ്പർശിച്ചു കഴിഞ്ഞു. മാവോയാണ് ചൈനയിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചരിത്രവൽക്കരിക്കുകയും പ്രാദേശിക വൽക്കരിക്കുകയും ചെയ്ത നേതാവ് എന്നു പറയുന്നു ഗ്രന്ഥകാരൻ. അതും ഭാഗികം മാത്രമായിരുന്നു. കമ്പോള താൽപ്പര്യങ്ങൾ അതിനെപ്പോലും റദ്ദു ചെയ്യുകയും ചെയ്തു.റോസ ലക്സംബർഗും ലൂയി അൽത്തൂസറും എറിക് ഹോബ്സ്മാനുമൊക്കെ ഈ വഴിയിൽ  ആശയപരമായും താത്വികമായും സഞ്ചരിച്ചവരാണല്ലോ. 

Yuval Noah Harari of Hebrew University of Jerusalem attends a session at the 50th World Economic Forum (WEF) annual meeting in Davos, Switzerland, January 21, 2020. REUTERS/Denis Balibouse
യുവാൽ നോവ ഹരാരി, Image Credit: Reuters/Denis Balibouse

ശാസ്ത്രത്തിൻ്റെ അധീശത്വം ആത്യന്തികമായി മനുഷ്യന് നാശമേ വരുത്തൂ എന്നു പറയുന്ന സിനിമകൾ (ഗൊദാർദ്) എഴുത്തുകൾ (യുവാൽ നോവ ഹരാരി) ഇതിനകം ഇറങ്ങിയിട്ടുണ്ടല്ലോ. ഇന്നും ഇറങ്ങുന്നുമുണ്ട്.വ്യവസ്ഥാപിതത്വത്തെ അസ്ഥിരപ്പെടുത്താൻ കഴിയുന്ന പ്രതിചിന്തകൾക്ക്, എതിർ നിഗമനങ്ങൾക്ക് സഹായകരമായ കണ്ടെത്തലുകൾക്കും തർക്കരൂപങ്ങൾക്കും വേണ്ട അന്വേഷണം വികസിപ്പിക്കാൻ പ്രേരിപ്പിക്കുന്നു, തത്വചിന്തകൻ ലിയോത്താർ തന്റെ ആശയങ്ങളിലൂടെ. ഭീമൻ സ്ഥാപനങ്ങൾ ഭീമൻ മൂലധനം കൊണ്ട് അറിവിനെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കാലത്ത് ആ അറിവുകളെ ചോദ്യം ചെയ്യേണ്ടതുണ്ട്. അവരുണ്ടാക്കുന്ന സത്യങ്ങളും മൂലധന താൽപ്പര്യങ്ങളും വേർതിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞാണ് നിൽക്കുന്നു എന്നതിനാൽ!

സന്ദേഹിയാവുക എന്ന സാമൂഹ്യ പ്രതിബദ്ധത

ബൃഹദാഖ്യാനങ്ങളിൽ അവിശ്വാസം ഉണ്ടാവുന്നത് സത്യത്തോടും നീതിയോടും പ്രതിബദ്ധതയുണ്ടാവുമ്പോഴാണ്. കോവിഡ് വാക്സിൻ ഗവേഷണം പൊടിപൊടിക്കുന്ന കാലത്താണ് ഞാൻ ജോസഫ് സ്റ്റെഗൻഗയുടെ മെഡിക്കൽ നിഹിലിസത്തെ പറ്റി വായിക്കുന്നത്. വൈദ്യശാസ്ത്ര ചിന്തകനായ ജോസഫ് സ്റ്റെഗൻഗ മെഡിക്കൽ നിഹിലിസം എന്നത് ഒരു പോസിറ്റീവ് സമീപനമായി രേഖപ്പെടുത്തുന്നുണ്ട്. 'നിലവിലുള്ള വ്യവസ്ഥാപിത ഗവേഷണ രീതികളോടും ചികിത്സയോടും  മൂല്യബദ്ധവും ജാഗ്രത്തുമായ പുതിയ ബന്ധം സ്ഥാപിക്കലാണ്, അതു നൽകുന്ന ഉറപ്പുകളെ, വേണ്ടെന്നു വെച്ചു കൊണ്ടു തന്നെ' എന്നദ്ദേഹം മെഡിക്കൽ നിഹിലിസത്തെ നിർവചിക്കുന്നു.

ഗ്രന്ഥകാരന്റെ പ്രസക്തമായ ഒരു വാചകത്തോടെ ഈ ഗ്രന്ഥവായന നിർത്താം. 'ആണുങ്ങളുടെ ആഖ്യാനങ്ങളിൽ സ്ത്രീകൾക്കും, ആൺ-പെൺ ആഖ്യാനങ്ങളിൽ ഭിന്നലിംഗക്കാർക്കും, വെളുത്തവരുടെ ആഖ്യാനങ്ങളിൽ കറുത്തവർക്കും, സാമ്രാജ്യത്വ കോർപ്പറേറ്റ് ആഖ്യാനങ്ങളിൽ വിമോചന പ്രസ്ഥാനങ്ങൾക്കും ഭരണകൂട ആഖ്യാനങ്ങളിൽ പ്രജകൾക്കും സവർണ ബ്രാഹ്മണ ആഖ്യാനങ്ങളിൽ കീഴാളർക്കും ഉണ്ടാവുന്ന സന്ദേഹം വാസ്തവത്തിൽ ചൂഷണവ്യവസ്ഥയിൽ ഉണ്ടാവുന്നതും ഉണ്ടാകേണ്ടതുമായ ഒന്നാണ്.'

English Summary:

P K Pokker Bahu samskaravum gnanodayavum book analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com