ADVERTISEMENT

പോയകാലത്തിന്റെ കാവ്യഭാഷ, ശൈലി, ഹൃദയസ്പന്ദങ്ങൾ എന്നിവയിൽ പ്രിയം നഷ്ടപ്പെടാത്തവർക്കു മാത്രമായാണ് ഒടുവിൽ പുറത്തുവന്ന കവിതാസമാഹാരം ‘തമിഴ്പ്പാവ’ കവി വിജയലക്ഷ്മി സമർപ്പിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല, ഹൃദയം കീറിമുറിക്കുന്ന വ്യഥയോടെ. തന്നെത്തന്നെ സമർപ്പിച്ചിട്ടും, സ്നേഹം പൂർണമായി കൊടുത്തിട്ടും തിരിഞ്ഞുപോലും നോക്കാത്ത തിരസ്കാരത്തിനു വീണ്ടും സ്നേഹം സമർപ്പിക്കുന്ന നിസ്സഹായതയോടെ. വിജയലക്ഷ്മിയുടെ നൊമ്പരം അവഗണിക്കേണ്ടതല്ല, മലയാളം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമാണ് ഈ കവിതാ ദിനത്തിലെങ്കിലും.  പോയകാലത്തിന്റേതു മാത്രമായി ഒരു കാവ്യഭാഷയുണ്ടോ? ഇന്നത്തെ കാലത്തിന്റെ കാവ്യ ഭാഷ ഏതാണ്. വരാനിരിക്കുന്ന കാലത്തിന് കാവ്യവും  ഭാഷയുമുണ്ടാകുമോ...? സ്നേഹം തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. എത്രയുജ്വലമാണ് ആ നിമിഷം. ആ അറിവിൽ ജീവിക്കുന്ന ഓരോ നിമിഷങ്ങളും. വിജയലക്ഷ്മിയുടെ കവിത വായിക്കുമ്പോൾ തോന്നുന്നതും അതേ നിറവു തന്നെയല്ലേ. 

book-thamizhppava-by-vijayalakshmi

ആഴിയേക്കാളുമഗാധമായി, 

ആകാശത്തേക്കാളുമുച്ചമായി, 

നീലമായ്, ശാന്തമായ്, നിത്യമായ് 

ചൂഴുമീയേകാന്തതയ്ക്കു വിളക്ക് വയ്ക്കെ... 

ആമുഖം വേണ്ട, അവതാരികയും. എത്ര സൗമ്യവും ആർദ്രവുമായാണ് മനസ്സ് ഈ കവിതയിൽ ലയിക്കുന്നത്. ആത്മാവ് ആത്മാവിനോട് മന്ത്രിക്കുന്ന ഭാഷ. ആത്മാവിൽ മുട്ടിവിളിക്കുന്ന വാക്കുകൾ. ഈ ഭാഷ എങ്ങനെയാണ് പോയ കാലത്തിന്റേതാകുന്നത്. ഇതിൽ തുടിക്കുന്ന ഹൃദയം കാലാഹരണപ്പെട്ടതാകുന്നതെങ്ങനെ. ഇതിൽ ആർക്കാണു പ്രിയം നഷ്ടപ്പെടുന്നത്. 

vijayalakshmi-poet
വിജയലക്ഷ്മി, ബാലചന്ദ്രൻ ചുള്ളിക്കാട്

കാലം മാറിയെങ്കിലും കാവ്യ ഭാഷ മാറി എന്നതൊരു യാഥാർഥ്യമല്ല. മാറ്റങ്ങളുണ്ട് എല്ലായിടത്തും. ആ മാറ്റം കവിതയിൽ പ്രത്യക്ഷമായത് പ്രധാനമായും ഭാഷയിൽ തന്നെയാണ്. എഴുത്തഛനും ആശാനും ഉള്ളൂരും വള്ളത്തോളും ഒക്കെ ഉൾപ്പെട്ട കവികളും അവരുടെ കാവ്യങ്ങളും പാഠഭാഗങ്ങളിൽ മാത്രമായി ചുരുങ്ങി. പഠനം പരീക്ഷയ്ക്കു വേണ്ടി മാത്രമായതോടെ, വിദ്യാർഥികൾക്കും അധ്യാപകർക്കും പോലും അക്കാദമിക് താൽപര്യം മാത്രമായി. കവിത്രയത്തിനു ശേഷം വന്ന ആധുനിക ഭാഷയിൽ  കവിതയെഴുതിയവരുടെ വംശവും കാലത്തോടു വിട പറയവേ, അവശേഷിക്കുന്നത് ഗദ്യകവിതകളാണ്. പ്രത്യേകിച്ചൊരു അനുഭൂതിയും സൃഷ്ടിക്കാത്ത വാക്കുകളുടെ ഇരുട്ട് നിറഞ്ഞ കാട്. വല്ലപ്പോഴും മാത്രം തെളിയുന്ന കവിതയുടെ വെളിച്ചം. ഏതാണ്ട് എല്ലാവരും തന്നെ എളുപ്പമുള്ള ഗദ്യത്തിലേക്കും ഗദ്യഭാഷയിലേക്കും തിരിഞ്ഞതോടെ കവിത വരണ്ടു എന്നതു സത്യം, ഇരുകരകളും മുട്ടി എന്നും ഒഴുകിയിരുന്ന നിള ഓർമയിൽ മാത്രം ജീവിക്കും പോലെ. മണൽക്കാട് പോലും അകാതെ, അവശേഷിച്ച മൺപരപ്പ് പോലെ. എന്നാൽ, എല്ലാവരും ആ കവിതകൾ ആസ്വദിക്കുന്നു എന്നും അവയിൽ തൃപ്തരാണെന്നും ധരിക്കുന്നതു തെറ്റാണ്. എഴുതപ്പെടുന്ന കവിതകളിൽ വ്യാപകമായി തിരഞ്ഞിട്ടും ഒന്നും കിട്ടാതെ നിരാശപ്പെട്ട് വീണ്ടും വീണ്ടും തിരയുക മാത്രമാണ് ഇന്നു മലയാളം. വല്ലപ്പോഴും ലഭിക്കുന്ന മികച്ച കവിതകൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതു സാർഥകമാകുന്നത് വിജയലക്ഷ്മി ഉൾപ്പെടെയുള്ളവരുടെ കവിത വായിക്കുമ്പോഴാണ്. അവർ, പോയ കാലത്തിന്റെ ഹൃദയസ്പന്ദനങ്ങളെ ആഘോഷിക്കുന്നവർ മാത്രമല്ല. അവരുടേത് കാലാഹരണപ്പെട്ട കാവ്യഭാഷയല്ല. എന്നും തുടിക്കുന്ന ഹൃദയം പോലെ,  ഒരിക്കലും വിരസമാകാത്ത, ഏതു കാലത്തിനും യോജിക്കുന്ന മലയാളത്തിന്റെ മാന്ത്രിക സൗന്ദര്യം തന്നെയാണ്. 

അറിയുന്നതെന്തിന്? സ്നേഹം, അതൊന്നുമേ

പറയാതെ കൂടെയുള്ളപ്പോൾ? 

പറയുന്നതെന്തിന്, പാതിജീവൻ 

പകുത്തതുനൽകി 

യൊപ്പമുള്ളപ്പോൾ....? 

അനിയന്ത്രിതമായി ചെയ്തുപോയ വിജനനൃത്തം എന്നാണ് തന്റെ കവിതകളെക്കുറിച്ച് വിജയലക്ഷ്മി എഴുതുന്നത്. ആ കവിതകൾ വായിക്കുമ്പോൾ മനസ്സും നിയന്ത്രിക്കാനാവാതെ തുടിക്കുകയാണ്. കവിതയുടെ നിറവെളിച്ചത്തിൽ കത്തിച്ചുവച്ച വിളക്കു പോലെ സ്നേഹം പരത്തുകയാണ്. മൂന്നിൽ രണ്ടു ഭാഗവും കഴിഞ്ഞ നൂറ്റാണ്ടിലായിരുന്ന, ഒരന്തർമുഖ ജീവിതത്തിന്റെ പരിമിതികളും പ്രത്യേകതകളും തന്റെ കവിതകൾക്കുണ്ടെന്നു കവി പറയുന്നു. എന്നാൽ, നൂറ്റാണ്ട് മാറിയെന്നതു സത്യമാണെങ്കിലും പരിമിതികളും പ്രത്യേകതകളും കവിതയുടേതു മാത്രമല്ല. അതു പങ്കുവയ്ക്കുന്ന എത്രയോ പേരുണ്ട്. സമാന ഹൃദയ, നിനക്കായ് പാടുന്നേൻ എന്നു പാടിയ സുഗതകുമാരിയെപ്പോലെ, സമാന ഹൃദയമുള്ളവർ കാത്തിരിക്കുന്നുണ്ട് കാലപ്രവാഹം പോലും തോറ്റുപോകുന്ന കവിതയുടെ അക്ഷയ സൗന്ദര്യത്തിനായി. 

sugathakumari-1
സുഗതകുമാരി

ഒരു പക്ഷേ ഇത് എന്റെ കവിതാസമാഹാരങ്ങളിൽ ഒടുവിലത്തേത് ആയിരിക്കുമെന്ന പേടി വിജയലക്ഷ്മി തമിഴ്പ്പാവയുടെ ആമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. കവിതയുടെ ലോകത്തോട് വിട പറയുന്നു എന്നൊരിക്കൽ സുഗതകുമാരിയും എഴുതിയതാണ്, വേദനയോടെ പാടിയതാണ്. കവിതയെ ജീവനു തുല്യം കരുതുന്നവർക്ക് ദുരനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നു എന്ന വിജയലക്ഷ്മിയുടെ വാക്കുകളും സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കവിതകൾ സമാന ഹൃദയരിൽ എത്തുന്നില്ലെന്നും അവർ കാത്തിരിക്കുന്നില്ലെന്നും പോലും കവികൾ ഇന്നു ഭയപ്പെടുന്നു. ഇനിയീ മനസ്സിൽ കവിതയില്ലെന്നു പറഞ്ഞ സുഗതകുമാരിയോട്

കൈ പിടിക്കുക സോദരീ, സോദരീ കൈത പൂത്ത വരമ്പിൽ വഴുക്കുമേ

എന്നാണ് സച്ചിദാനന്ദൻ മറുപടിയായി എഴുതിയത്.  

K-Sachidanandan-1
സച്ചിദാനന്ദൻ

അറിയില്ല കൃഷ്ണ നീ എന്നെ... എന്നു പാടിയപ്പോൾ,

അറിയുന്നു നിന്നെ ഞാൻ നീ നിന്നെ അറിയുന്നതേക്കാൾ അധികമായ് എന്നാണു അയ്യപ്പപ്പണിക്കർ ഗോപിയെക്കൊണ്ട് ചൊല്ലിച്ചത്. 

വിജയലക്ഷ്മിയുടെ അവസാന കവിതാസമാഹാരം പുറത്തുവന്നു എന്നു കരുതാൻ മലയാളം തയാറല്ല. ആകരുത്. ശുദ്ധകവിതയുടെ തെളിനീര് ഇനിയും നമ്മുടെ ഭാഷയ്ക്കു വേണം. ഭാഷയുടെ ജീവനാഡി മാത്രമല്ല അത്, ജീവന്റെ ഉറവും നിറവുമാണ്. കവിതയെ, നല്ല കവിതയെ, വായിക്കുന്ന മാത്രയിൽ തന്നെ മനസ്സിൽ കയറുന്ന, കാവ്യഗുണമുള്ള കവിതകളെ സ്നേഹിക്കുന്നവർ ഇനിയും ബാക്കിയാണ്. അവർ കാത്തിരിക്കുന്നു. അവരുടെ അംഗീകാരമുണ്ട്. സ്നേഹവും പരിഗണനയുമുണ്ട്. ഇനിയും ഇനിയും വിജയലക്ഷ്മി എഴുതണം. പഴയ തലമുറയ്ക്കു വേണ്ടി മാത്രമല്ല, എല്ലാ തലമുറയിലും ഉൾപ്പെട്ടവർക്കുവേണ്ടി. വായിക്കാൻ, എഴുതാൻ, ചൊല്ലാൻ, ഏറ്റുചൊല്ലാൻ സമാന ഹൃദയമുള്ളമുവരുമുണ്ട്. 

Vijayalakshmi-p
ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി

പ്രണയവേദനയുടെ വാക്കുകൾ കൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ സന്ദർശനത്തിലെ വരികളിൽ വിജയലക്ഷ്മിയുടെ കവിതകളോടുള്ള പ്രണയം കൂടി വായനക്കാനാവുന്നു.  ആ കവിതകൾ മനസ്സിൽ സൃഷ്ടിക്കുന്ന വികാരപ്രപഞ്ചവും ആ പ്രപഞ്ചം ഒരിക്കലും അസ്തമിക്കുകയില്ല എന്ന പ്രതീക്ഷയും വീണ്ടും തളിരിടുന്നു. 

ചില നിമിഷത്തിലേകാകിയാം പ്രാണൻ 

അലയുമാർത്തനായ് ഭൂതായനങ്ങളിൽ 

ഇരുളിലപ്പോഴുദിക്കുന്നു നിൻമുഖം 

കരുണമാം ജനനാന്തര സാന്ത്വനം

നിറമിഴിനീരിൽ മുങ്ങും തുളസി തൻ 

കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ...

English Summary:

World Poetry Day Special

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com