ADVERTISEMENT

നാട്ടിലെ വായനശാലയിൽ നിന്നെടുത്ത, ചങ്ങമ്പുഴയുടെ ‘വാഴക്കുല’യെന്ന കവിത വായിച്ചു ത്രസിച്ച കുട്ടിക്ക് അതു കുറിച്ചുവയ്ക്കാൻ കടലാസു കിട്ടിയില്ല. കുമ്മായം തേച്ച വീട്ടുചുവരിനെ വെള്ളത്താളായി സങ്കൽപ്പിച്ച് പെൻസിൽ കൊണ്ട് കവിത അവിടെ കുറിച്ചിട്ടു. ആ കുട്ടി വളർന്നപ്പോൾ മലയാളകവിതയുടെ മേൽവിലാസങ്ങളിലൊന്നായി. കവിയെന്നുപറഞ്ഞാൽ ആ പേരാണ് ഏറെക്കാലം മലയാളികളുടെ മനസ്സിലേക്കു വന്നിരുന്നത്. സംസ്കൃതാധിക്യത്തിന്റെ നെടുമ്പാതകളിൽ നിന്നു നാടൻശീലുകളുടെ ഇടവഴികളിലൂടെ, അതിന്റെ ഹൃദ്യമായ മനോഹാരിതയിലൂടെ മലയാളകവിതയെ പാട്ടിലാക്കിക്കൊണ്ടുപോയ ഒ.എൻ.വി. കുറുപ്പായിരുന്നു അത്. 

ഒഎൻവി, ചിത്രം: മനോരമ
ഒഎൻവി, ചിത്രം: മനോരമ

കവിയായതിനെക്കുറിച്ച് ഒഎൻവി എഴുതിയിട്ടുണ്ട്: ‘‘ഔഷധച്ചെടികളുടെ ചങ്ങാതിയായിത്തീർന്ന കുട്ടിയോട് അച്ഛൻ പറയുന്നു. ‘നീ വൈദ്യനാവണ്ട’. ആയില്ല. രാഷ്ട്രീയാദർശങ്ങൾ ആത്മാവിൽ വെളിച്ചം പകർന്നപ്പോഴും ഉള്ളിലിരുന്നാരോ വിലക്കി: ‘രാഷ്ട്രീയപ്രവർത്തകനാകേണ്ട!’. അതുമായില്ല. പിന്നെയൊരിക്കൽ നീയാരാണെന്ന ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരം ടഗോറിന്റെ ഒരു പ്രഭാഷണത്തിൽ കണ്ടെത്തി: ‘അമീ കവി’(ഞാൻ കവിയാണ്)’’. കവിതയല്ലാതെ മറ്റൊന്നും കൊതിച്ചില്ല, പാട്ടുകളാകട്ടെ കാവ്യവൃക്ഷത്തിൽ നിന്നു പടർന്നുനീണ്ട കവരങ്ങൾ മാത്രം. കവിത തിരിച്ചു കനിഞ്ഞനുഗ്രഹിക്കുകയും ചെയ്തു, ജ്ഞാനപീഠമടക്കമുള്ള മഹാപുരസ്കാരങ്ങളാൽ.

onv-books-poems

കനം കൂട്ടി കള്ളത്തൊണ്ടയിൽ പാടാൻ വയ്യെന്നും ഏകാന്തതയുടെ അമാവാസിയിൽ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത എന്നുമെഴുതിയ കവി. മലയാള കവിതയുടെ ജനകീയവൽക്കരണത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. നാട്ടുമൊഴ‍ികളുടെ നറുംവെളിച്ചത്തിൽ ആ കവിത  വിളങ്ങി. വായ്ത്താരികളുടെയും കൃഷിപ്പാട്ടുകളുടെയും നാടോടിപ്പാട്ടുകളുടെയും അയത്നലളിതമായ ശീലുകൾ ഒ.എൻ.വിയെ അഗാധമായി സ്വാധീനിച്ചിരുന്നു. വരേണ്യത വിട്ടുള്ള കാവ്യപ്രയാണത്തിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകി. അതേസമയം കവിതയിൽ അന്ധമായ പാരമ്പര്യനിഷേധകനായിരുന്നില്ല.

ചങ്ങമ്പുഴയുടെ സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഒഎൻവിയുടേതു വേറിട്ടൊരു കാവ്യവഴിയായിരുന്നു. ആളലല്ല, അടക്കമായിരുന്നു അതിന്റെ പൊരുൾ. ഏതു വികാരത്തള്ളിച്ചയെയും ഒരുചുവടു മാറിനിന്നു വീക്ഷിക്കാനുള്ള പാകതയുണ്ടായിരുന്നു. വ്യക്തിപരമായ ദുഃഖാനുഭവങ്ങളും ആനന്ദാന്വേഷണങ്ങളും സാമൂഹികമായ അടിപ്പടവുകളിലേക്കു നീണ്ടിറങ്ങിച്ചെല്ലുന്നത് ഒഎൻവി കവിതകളുടെ പ്രത്യേകതയായിരുന്നു. ഒഎൻവിയും വയലാറും പി. ഭാസ്കരനും തുടക്കത്തിൽ കവിതയിൽ ചുവന്ന സൂര്യനെ തോറ്റിയുണർത്തിയവരാണ്. ഐക്യകേരളത്തിന്റെ സ്വരമായി അവർ.

ഒഎൻവി, വര: വിഷ്ണു വിജയൻ
ഒഎൻവി, വര: വിഷ്ണു വിജയൻ

ഒഎൻവിക്കവിതയിൽ അമ്മയും പ്രകൃതിയും സർവംസഹയായിരുന്നു; അല്ലാതെ, മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുന്ന നിണമഹാകാളിയായിരുന്നില്ല. മാതൃദായക്രമം നിലനിന്നിരുന്ന പഴയ കേരളീയ സമൂഹത്തിലെ കുടുംബബന്ധങ്ങൾ അദ്ദേഹത്തിന്റെ കാവ്യസങ്കൽപ്പങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഉള്ളംകയ്യിലെ നെല്ലിക്ക പോലെ ലോകകവിത പരിചിതമായിരുന്നിട്ടും അതിലെ പുതു തരംഗങ്ങളെ ഇവിടേക്കു പകർത്തിയില്ല. തീർത്തും കേരളീയമായൊരു ആഖ്യാനവഴിയാണ് ആ കവിതകൾ പിന്തുടർന്നത്. ‘ഇവിടെ വിരിയുന്ന മുല്ലപോൽ, മുക്കുറ്റി പോൽ ഇനിയ നിൻ കാലൊച്ച കേൾക്കുവാൻ’ കാതോർത്തിരുന്ന കവിതയാണത്. അതേസമയം വിപുലമായ കാവ്യാനുശീലനം ഭാവനയുടെ ചക്രവാളങ്ങൾ വികസിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു. കാളിദാസ കാവ്യങ്ങളുമായുള്ള നിരന്തര പരിചയമാണ് ‘ഉജ്ജയിനി’ പോലൊരു രചനയെഴുതാൻ അദ്ദേഹത്തിനു ബലമായത്.

‘എവിടെയുമെനിക്കൊരു വീടുണ്ടെ’ന്നു വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്തു ഒ.എൻ.വി. വേദനകളുടെ സാർവദേശീയമായൊരു സാഹോദര്യത്തെ തിരിച്ചറിയുകയും ചെയ്തു. ‘കറുത്തപക്ഷിയുടെ പാട്ട്’ ലോകാലോകങ്ങളുടെ കവിതയാണ്. പോൾ റോബ്സൻ അതിനു നിമിത്തമായെന്നു മാത്രം. നിസ്വരായ മനുഷ്യരുടെ നിശ്വാസങ്ങൾ അവിടെ മാറ്റൊലിക്കൊണ്ടു. 

ഒഎൻവി, ചിത്രം: മനോരമ
ഒഎൻവി, ചിത്രം: മനോരമ

‘ഭൂമിക്കൊരു ചരമഗീതം’ എന്നതൊരു കവിത മാത്രമല്ല, ഒരു പരിസ്ഥിതി പ്രസ്ഥാനം തന്നെയായിരുന്നു. അതുണർത്തിയ പാരിസ്ഥിതികാവബോധത്തോളം ശക്തമായ ഒന്നും, ഒരുപക്ഷേ സൈലന്റ് വാലി സമരമൊഴിച്ചാൽ, കേരളം കണ്ടിട്ടില്ല. അതിലെ വരികൾ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ പോലും ചുണ്ടത്തുണ്ടായിരുന്നു. ഏഴുപതിറ്റാണ്ടോളം കാവ്യസപര്യയിൽ തുടരുകയെന്നതു നിസ്സാരമായ കാര്യമല്ല. ഒഎൻവി സാധിച്ചതും അതാണ്. ഭൂമിമലയാളത്തിന്റെ പ്രകൃതിയും അതിലെ മനുഷ്യരും നിരന്തരം മാറുന്നതും ഈടുവയ്പുകളെല്ലാം അന്യാധീനപ്പെടുന്നതും കവി അറിയുകയും ആത്മസംഘർഷമായി അനുഭവിക്കുകയും ചെയ്തിരുന്നു. 

‘വെറുതെ’യെന്നൊരു വാക്കിൽ ജീവിതത്തിൻ

പൊരുളുകളാകെയുൾച്ചേർന്നുവല്ലേ?

ഒടുവിലീത്താളിലെൻ ശേഷപത്രം

ഒരുവാക്കിൽ ഞാനെഴുതാം: ‘വെറുതെ’

onv-books

വാഴ്‌വിന്റെ ബാക്കിപത്രം ‘വെറുതെ’ എന്ന ഒറ്റ വാക്കിൽ കുറിക്കാമെന്നു കവി കരുതിയിരുന്നു. ‘ഭൂമി’യെന്ന കവിതയിൽ ഒഎൻവി എഴുതി:

‘പൂവിന്നൊരു പകൽ; പൂർണേന്ദുവിനൊരു

രാ, വൊരുഷസ്സിനു തിരുനെറ്റിയിലെ–

പൂ വിരിയും വരെ;യൊരു പുരുഷായു–

സ്സൊരുപിടി നീർപ്പോളകൾ പൊലിയും വരെ!’

അശുഭാപ്തിവിശ്വാസമായിരുന്നില്ല അത്. ജീവിതത്തിന്റെ പൊരുകളെ സംഗ്രഹിക്കുന്ന മറ്റൊരു പദമില്ലെന്ന തിരിച്ചറിവാണത്; തീപോൽ പൊള്ളുന്നത്. സുഗേയത്വമായിരുന്നു ആ കവിതകളുടെ മുഖമുദ്ര. പാട്ടുകൂടുതലും കവിത കുറവുമെന്നുള്ള വിമർശനത്തെ ഒഎൻവി വകവച്ചില്ല. ‘പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനെ’ന്നും ‘എന്നിലെപ്പാട്ടുകാരൻ തെല്ലു കാതോർത്തു നിൽക്കവേ’യെന്നും അദ്ദേഹം മടി കൂടാതെ എഴുതി. എന്നാൽ പാട്ടിനെ ചാരി തന്റെ കവിത്വത്തെ നിഷേധിക്കാൻ ശ്രമിച്ചവരോട് അദ്ദേഹം ഉദാരമതിയായതുമില്ല. ‘വിഹ്വല നിമിഷങ്ങളേ, നിങ്ങളീ വീടൊഴിയുക! നിറവാർന്ന കേവലാഹ്ലാദമേ പോരിക’ എന്നു പാടിയ കവി ആ കാവ്യപാനപാത്രങ്ങളിലായി കരുതിവച്ചതും അതുതന്നെ: കാവ്യാനന്ദത്തിന്റെ മുന്തിയ മാത്രകൾ!

English Summary:

8th death anniversary of Onv Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com