ADVERTISEMENT

‘എവിടെ മനുഷ്യനവിടെയെല്ലാം

ഉയിർത്തെഴുന്നേൽക്കുമെന്റെയീ ഗാനം’

 

ഒഎൻവി ഒരു തുള്ളിയല്ല, പല തുള്ളി വെളിച്ചം കാവ്യലോകത്തിനു സമ്മാനിച്ച സ്നേഹസൂര്യൻ. ഒരായിരം പേരറിയാപ്പൂക്കളുടെ പൂംപുലർക്കണി. ‘കവിത’ യുടെ പര്യായമായ ത്ര്യക്ഷരം. ഒരിക്കലും തിര വറ്റാത്ത തോന്ന്യാക്ഷരങ്ങളുടെ കടൽ.

 

വിശ്വകാവ്യഹൃദയത്തിന്റെ വിഹ്വല തലങ്ങളിൽ പെയ്തിറങ്ങിയ തോരാ മഴയായിരുന്നു ഓരോ ഒ എൻവി കവിതയും. മനുഷ്യനിൽനിന്നു മാറിനിന്നൊരു കവിത കവിക്ക് ഉണ്ടായിരുന്നില്ല. വായനക്കാരന്റെ ചുമൽ ചേർന്നു ചാരത്തു തന്നെയവ നിന്നു. നഷ്ടസ്മൃതികളുടെ വർണപ്പൊട്ടുകളും തേടി ഓർമകളുടെ തീരത്ത് അവർക്കൊപ്പം നടന്നു.

 

വിപ്ലവം ചൊല്ലി. വേദന പാടി. ജീവിതമെഴുതി.

‘സ്നേഹിതാ, ഏതു തരം വീഞ്ഞിനാണേറ്റവും ലഹരി?

മറ്റൊന്നുമാലോചിക്കാതെ ഞാൻ പറഞ്ഞു: ജീവിതത്തിന് ! മറ്റാർക്കും ദാസ്യം വഹിക്കാത്ത ജീവിതത്തിന്’ എന്നാണു കവിവചനം. 

 

ഭൂമിയുടെ തീരാനോവുകളെ തന്റേതായി അനുഭവിച്ചിരുന്നു ഒഎൻവി. പ്രപഞ്ചത്തിന്റെ ഓരോ കണികയിലും പൊടിയുന്ന കണ്ണുനീരിന്റെ ചൂടും നനവും  പേനത്തുമ്പിലേക്ക് അദ്ദേഹം പകർന്നു. മനുഷ്യരാശിയുടെ മുഴുവൻ ആധിയും തോളിലേറി നടന്ന ചുമട്ടുകാരനെ അദ്ദേഹത്തിന്റെ കവിതകളിൽ കണ്ടു. പാവപ്പെട്ടവന്റെ ദയനീയതകൾ ആ ഹൃദയത്തിന്റെ പതിവുവേദനകളായി. ചിരിച്ചു മരിച്ച് അഹങ്കരിച്ചു മത്തു പിടിച്ചു നിൽക്കുന്നവന്റെ കൂടെയല്ല, കരയുന്നവന്റെ, കഷ്ടപ്പെടുന്നവന്റെ കൂടെയാണ് കവി നിൽക്കേണ്ടതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

 

‘ വേദനിക്കിലും വേദനിപ്പിക്കിലും 

വേണമീ സ്നേഹ ബന്ധങ്ങളൂഴിയിൽ’

 

പ്രണയമെഴുതിയപ്പോഴൊക്കെ ഒഎൻവി മാന്ത്രികനായി. ആ അസുലഭ നിർവൃതിയിൽ പുഴയും മഴയും പൂവള്ളിക്കുടിലിലെ കുയിലുകളും ഏറ്റുപാടിയ എത്രയെത്ര പ്രണയങ്ങൾ. ആത്മാവിൽ മുട്ടി വിളിച്ചുണർത്തിയവ. പ്രണയിക്കുന്നവരുടെ ഉൾപ്പൂവു തൊട്ട സങ്കീർത്തനങ്ങൾ. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ... എന്നു കവി മൂളിയപ്പോൾ ഒരു മാത്രയെങ്കിലും അതു നിനച്ചുപോകാത്തവരായി ആരുണ്ട് !

 

പ്രണയിനി അരികിലുള്ളപ്പോൾ ഹൃദയത്തിന്റെ മധുപാത്രം നിറയുന്നുവെന്നു പാടിയതിലും അതിശയോക്തിയില്ല. ഒരു പൂമേട്ടിലും മറന്നു വയ്ക്കാഞ്ഞ പ്രണയപ്പാട്ടുകളുടെ തേൻകുടം ആ കയ്യിൽ ഭദ്രമായിരുന്നല്ലോ; പ്രണയിക്കാനറിയാത്തവരെ പോലും ഭാവഗായകരാക്കുന്ന ചാരുത സ്വന്തവും.

ഗൃഹാതുരത്വങ്ങളുടെ തിരുമുറ്റങ്ങളിലേക്കു വായനക്കാരെ കൂട്ടി യാത്ര പോകാനും ഒഎൻവി മറന്നില്ല. 

 

കവിയോർമകളിലെ നെല്ലിമരവും കായ്മണികളും കിണറും കുയിലിന്റെ പാട്ടും മലയാളികൾക്കെല്ലാം എന്നും സുഖമുള്ള നോവാണ്. വെറുതെയെന്നറിയുന്ന പല മോഹങ്ങളും പിന്നെയും വെറുതെ മോഹിക്കുവാനുള്ള പ്രേരണയും അദ്ദേഹം തന്നെ. ആ കാവ്യസാഗരം ശാന്തമായിട്ട് നാലു വർഷം. ഒഎൻവി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 89 വയസ്സ്. യാത്ര പറയാതെ പോയ കവിയെ ഓർത്ത് ശരപഞ്ജരത്തിലൊരു പക്ഷി ഇന്നും കേഴുന്നുണ്ടാകണം. പാതി പാടും മുമ്പേ മാഞ്ഞു പോയ മാരിവില്ലിന് തരൂ ഒരു ജന്മം കൂടി എന്നു പറയുന്നുണ്ട് മലയാളവും.

 

‘ആയിരമുഷസ്സുകൾ ഒന്നിച്ചുദിച്ചു നിൽക്കും 

ആ മുഖമരികിൽ എന്നു കാണും? എന്ന ചോദ്യത്തിന് ഒഎൻവി പ്രണയികളായ എല്ലാ മലയാളികൾക്കും മറുപടിയായി പറയാനുള്ളതും 

അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. 

‘ഋതു ചക്രം പല വട്ടം തിരിയുവോളം 

വാഴ്‍വിൻ വടവൃക്ഷ ശിഖരത്തിൽ 

നമ്മൾ പാടും. 

ഒടുവിൽ മൃതി വന്നു വേട്ടയാടും;

നമ്മൾ വിടവാങ്ങുന്നില്ല-

ന്ത്യമെത്തുന്നീല. 

നമ്മൾ വിടവാങ്ങുന്നില്ല-

ന്ത്യമെത്തുന്നീല. 

 

English Summary : ONV Kurup's Poems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com