ADVERTISEMENT

കഥയുടെ മാന്ത്രികച്ചരടിൽ ലോകമെങ്ങും വായനക്കാരെ കുടുക്കിയിട്ട ഗബ്രിയേൽ ഗാർസിയ മാർകേസ് ഇതു പറയുമ്പോൾ മറക്കാത്ത കഥകളുടെ രഹസ്യം കൂടിയാണ് വെളിപ്പെടുത്തിയത്. എല്ലാ നല്ല കഥകളുടെയും ആധാരം ഓർമയാണ്. ഓർമകളില്ലാത്ത ജീവിതം ഓർത്തിരിക്കേണ്ടതുമല്ല. എന്നാൽ, ഓർമകളെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിധിയായി സ്നേഹിച്ച മാർക്കേസിനും ഓർമകൾ നഷ്ടപ്പെട്ടു അവസാനകാലത്ത്. മറവിരോഗം അദ്ദേഹത്തെ കീഴടക്കി. പക്ഷേ, അതിനു മുമ്പുതന്നെ, എന്നെന്നും ഓർത്തിരിക്കുന്ന കഥകൾ അദ്ദേഹം ലോകത്തിനു സമ്മാനിച്ചിരുന്നു. 

ഫയറിങ് സ്ക്വാഡിനെ നേരിട‌ുമ്പോഴുള്ള കേണൽ അറീലിയാനോ ബുവേൻഡിയയുടെ ഓർമയിൽ നിന്നാണ് 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' അദ്ദേഹം തുടങ്ങിയത്. കുടുംബസ്ഥലം വിൽക്കാൻ അമ്മ തന്നെ കൂട്ടിക്കൊണ്ടുപോയ ദിവസത്തെക്കുറിച്ച് ഓർമിച്ചുകൊണ്ട്  ആത്മകഥയും. ഓർമയിൽ നിന്ന് സൃഷ്ടിച്ച ഇതിഹാസങ്ങളുടെ സാക്ഷ്യമായിരുന്നു മാർക്കേസിന്റെ സാഹിത്യജീവിതം. 

ഡോ. സൂസി ബാബു സാമുവലിന്റെ ഓർമകൾ വായിക്കുമ്പോൾ മാർക്കേസിനെ ഓർമിക്കാൻ കാരണം അവരിരുവർക്കും ഓർമകൾ പ്രിയപ്പെട്ടതായതു കൊണ്ടാണ്. ഓർമകളിൽ നിന്ന് ഇരുവരും പുസ്തകങ്ങൾ സൃഷ്ടിച്ചതു കൊണ്ടാണ്. 

'The Bear Wore a Swimsuit' എന്ന പുസ്തകത്തിലൂടെ ഡോ.സൂസി ഒരു കഥ പറയുകയാണ്. ഭാവനയല്ല. യാഥാർഥ്യം. ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരും ഉൾപ്പെട്ട ഒരു വംശവൃക്ഷത്തിന്റെ സ്നേഹാതുരമായ കഥ. മധ്യതിരുവിതാംകൂറിലെ ഗ്രാമത്തിൽ നിന്നു തുടങ്ങി മദ്രാസ് വഴി, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൾ, യുകെ എന്നിങ്ങനെ വിദേശരാജ്യങ്ങളും കടന്ന് മദ്രാസിൽ തിരിച്ചെത്തിയ കഥ വായിക്കുമ്പോൾ കണ്ണീർ നിറയുന്ന കണ്ണുകളെ നിഷ്‌പ്രഭമാക്കുന്ന ചിരി ചുണ്ടിൽ വിടരും. ജീവിതത്തോടുള്ള സ്നേഹമാണ് ആ നിറകൺചിരി. നിഷ്കളങ്ക സ്നേഹത്തിന്റെ തിളക്കം. ദയയുടെ, കാരുണ്യത്തിന്റെ, സാഹോദര്യത്തിന്റെ, സഹാനുഭൂതിയുടെ ആർദ്രത. ഡോ.സൂസിയുടെ പുസ്തകം പ്രിയപ്പെട്ടതാകുന്നത് അതു ദുഃഖത്തെ അംഗീകരിച്ചും ഉൾക്കൊണ്ടും കൊച്ചു കൊച്ചു സന്തോഷങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നതു കൊണ്ടാണ്. ജീവിതം ജീവിക്കാൻ കൊള്ളാവുന്നതാണെന്നു ബോധ്യപ്പെടുത്തുന്നതു കൊണ്ടാണ്. കുറേക്കൂടി നന്നായി സ്നേഹിക്കാനും ജീവിക്കാനും പ്രേരിപ്പിക്കുന്നതിനാലാണ്. അപൂർവം പുസ്തകങ്ങൾക്കു മാത്രം പകരാൻ കഴിയുന്ന ശാന്തിയും സമാധാനവും നൽകുന്നതിനാലാണ്.  

കേരളത്തിലെ വേരുകളിൽ നിന്നു വളർന്ന് വിദേശ രാജ്യങ്ങളിലുൾപ്പെടെ സ്വന്തം മുദ്ര പതിപ്പിച്ച പ്രവാസികൾ ഒട്ടേറെപ്പേരുണ്ട്. വിവിധ മേഖലകളിൽ മികവു കാട്ടിയവർ. ഓർമിക്കപ്പെടുന്നവർ. അവർക്കൊക്കെ കഥകളുണ്ട്; ഓർമകളും. എന്നാൽ കഥ പറയാനുള്ള കഴിവാണ് ഡോ. സൂസിയെ വ്യത്യസ്തയാക്കുന്നത്. പിന്നിട്ട ജീവിതത്തിൽ നിന്നു തിരഞ്ഞെടുത്ത ഓരോ ഓർമയ്ക്കുമുണ്ട് പ്രത്യേക ചാരുത. അവ അവതരിപ്പിക്കുന്നത് അന്യാദൃശമായ ശൈലിയിലും. 

സാധാരണ കുടുംബത്തിൽ ജനിച്ച് സ്നേഹമുള്ള മാതാപിതാക്കളുടെ വാത്സല്യം അനുഭവിച്ച്, കഷ്ടപ്പെട്ടും അധ്വാനിച്ചും പഠിച്ച് ഡോക്ടർമാരായ സൂസിയും ഭർത്താവും ക്ഷയരോഗികളെ ശുശ്രൂഷിക്കാൻ ജീവിതം സമർപ്പിച്ചവർ കൂടിയാണ്. ഇന്ത്യയിൽ മാത്രമല്ല, അയൽ രാജ്യങ്ങളിലെ വിദൂരമായ ഗ്രാമങ്ങളിൽ വരെയെത്തി അശരണർക്കും ആലംബഹീനർക്കും ആശ്വാസവും സാന്ത്വനവും പകർന്നവരാണ്.  

ക്രിസ്ത്യൻ പുരോഹിതനായിരുന്ന അച്ഛൻ പകർന്ന കരുണയുടെ കരുത്തുറ്റ സന്ദേശം വ്യത്യസ്ത വഴിയിലൂടെ സഞ്ചരിക്കാൻ സൂസിയെ പ്രേരിപ്പിച്ചിട്ടുണ്ട്. സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും മൂല്യം സമൃദ്ധമായി പഠിപ്പിച്ച കുടുംബാംഗങ്ങളുടെ പിന്തുണയുമുണ്ട്. 

സൂസി എഴുതുന്ന പല സംഭവങ്ങളും ഏറെക്കാലം മനസ്സിൽ തങ്ങിനിൽക്കുന്നവയാണ്. ചിലത് ചിരിപ്പിക്കുന്നവയാണെങ്കിൽ മറ്റു ചിലത് കണ്ണു നനയിപ്പിക്കുന്നവ. അച്ഛനമ്മമാരുടെ മരണത്തെക്കുറിച്ചുള്ള അധ്യായങ്ങൾ ആണ് ഏറ്റവും ആർദ്രമായത്. ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന എഴുത്ത്. ഓരോ വാക്കിലും വരിയിലും തുടിക്കുന്ന സ്നേഹവും നൻമയും. ഡോക്ടർ ആയിട്ടു കൂടി പിതാവിന്റെ അന്ത്യ നിമിഷങ്ങളിൽ സൂസി മകൾ മാത്രമായിരുന്നു. അമ്മയ്ക്കു ശേഷം അച്ഛനും വിട്ടുപോകുന്നത് ഉൾക്കൊള്ളാനാകാതെ, അദ്ഭുതത്തിനു വേണ്ടി കാത്തുനിന്ന നിരാലംബയായ കുട്ടി. പല വരികളും കണ്ണീർത്തണ്ടുകൾ കൊണ്ടാണ് എഴുതിയിരിക്കുന്നത്. ഒന്നുറപ്പാണ്. ഏതു സൂക്ഷ്മ ദർശിനി കൊണ്ടു വായിച്ചാലും വരികൾ എത്ര സൂക്ഷ്മം വിശകലനം ചെയ്താലും ഈ കൃതിയിൽ ഒരിടത്തുപോലും കാലുഷ്യത്തിന്റെയോ വിദ്വേഷത്തിന്റെയോ കണിക പോലും കണ്ടെത്താൻ കഴിയില്ല.  

പുസ്തകം തുടങ്ങുന്നത് സൂസി ജനിക്കുന്നതിനു മുമ്പുള്ള സംഭവങ്ങളിൽ നിന്നാണ്. പറഞ്ഞുമാത്രം കേട്ട ആ സംഭവങ്ങൾ വായിക്കുമ്പോൾ അവയ്ക്കു ദൃകസാക്ഷിയാകുന്ന അനുഭവമാണു വായനക്കാർക്കു ലഭിക്കുന്നത്. 

രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാൻ ആക്രമണത്തിൽ മരിച്ചവരിൽ അന്ന് സിംഗപ്പൂരിലായിരുന്ന ഡാഡിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കുടുംബം വിശ്വസിച്ചിരുന്നത്. വർഷങ്ങളോളം അദ്ദേഹത്തെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒടുവിൽ പതിറ്റാണ്ടുകൾക്കു ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോൾ ഒരാൾ പോലും തിരിച്ചറിഞ്ഞില്ല. എന്റെ മമ്മി പോലും. ഡാഡി മരിച്ചെന്ന ഉറച്ച വിശ്വാസത്തിൽ വിധവയുടെ ജീവിതമാണ് മമ്മി നയിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ ഡാഡിയെ ഒരാൾ മാത്രം തിരിച്ചറിഞ്ഞു. ഒരേയൊരാൾ. അതു ഡാഡിയുടെ വിശ്വസ്തനായ കെ9 ആയിരുന്നു. സുന്ദർ എന്നു പേരുള്ള ജർമൻ ഷെപ്പേർഡ്.! ‌

പുരോഹിതനായിരുന്ന ഡാഡി, മമ്മിയെ മെഡിക്കൽ വിദ്യാഭ്യാസത്തിനായി മദ്രാസിലേക്ക് അനുഗമിച്ച സംഭവം കൂടി എഴുതാതിരിക്കാനാവില്ല. അന്ന് മറ്റു പുരോഹിതൻമാർ ഉൾപ്പെടെയുള്ളവർ ആ യാത്രയ്ക്ക് എതിരായിരുന്നു. അവർ ബിഷപ്പിനെ പറഞ്ഞു തെറ്റിധരിപ്പിച്ചു. മദ്രാസിലേക്കു പുറപ്പെട്ട ട്രെയിനിൽ ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം അവസാന നിമിഷം ഓടിക്കയറി. യാത്ര അരുതെന്ന് അവർ ഡാഡിയോടു പറഞ്ഞു. ബിഷപ് പറയുന്നത് അനുസരിക്കാമെന്നു ഡാഡി സമ്മതിച്ചു. യാത്ര മതിയാക്കി ട്രെയിനിൽ നിന്ന് ഇറങ്ങാമെന്നും. എന്നാൽ, ഭാര്യയുടെ യാത്ര മുടക്കില്ല എന്ന് അദ്ദേഹം തീർത്തുപറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം നേടാനുള്ള ഭാര്യയുടെ ആഗ്രഹത്തെ പിന്തുണയ്ക്കുമെന്നും തടസ്സപ്പെടുത്തില്ലെന്നും സൗമ്യമെങ്കിലും ധീരമായി അദ്ദേഹം പറഞ്ഞു. 

സ്നേഹിച്ചാൽ സ്നേഹം തിരിച്ചുകിട്ടുമെന്നു ജീവിതം കൊണ്ടു തെളിയിക്കുന്ന ഡോ.സൂസി മരണാസന്നരായ ഒട്ടേറെപ്പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. ഓർമകളുടെ പുസ്തകത്തിൽ അവർ അക്ഷരങ്ങൾ കൊണ്ടു നടത്തുന്നതും ചികിത്സ തന്നെയാണ്. ശുശ്രൂഷയാണ്. പരിചരണമാണ്. ദുഃഖവും ദുരിതവും വേദനയും അനുഭവിക്കുന്നവർക്കുള്ള സാന്ത്വന ചികിത്സ. ഓരോ വാക്കും ഇവിടെ ശമനൗഷധമാണ്. വിവരിക്കുന്ന ഓരോ സംഭവവും വേദനാ സംഹാരിയും. ദീർഘമായ ഓർമകൾ ഒരൊറ്റ വരിയിൽ ഉപസംഹരിക്കുമ്പോൾ അവിശ്വാസികൾ പോലും സൂസിയുടെ വാക്കുകൾ ആവർത്തിക്കാം: ദൈവമേ നന്ദി... 

Experience the Power of Love and Healing in Dr. Susie's Memoir - The Bear Wore a Swimsuit:

The article introduces a book called "The Bear Wore a Swimsuit" written by Dr. Susie, which tells a story of a family tree spanning different countries and emphasizes the power of love and small joys.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com