ADVERTISEMENT

"ജ്ഞ എന്നതിനർഥം അറിയുക എന്നാണെന്നറിയുക. പക്ഷേ അറിഞ്ഞതെല്ലാം ശ്രദ്ധയിൽ വയ്ക്കാവുന്നതല്ല, ജീവിതത്തിന് ആവശ്യമായ ഏതു ജ്ഞാനമാണോ ശ്രദ്ധയിൽ വയ്ക്കുക. അതാണ് ശരിയായ ജ്ഞാനം." ശിവജി സാവന്ത് എഴുതിയതുപോലെ എഴുത്തുകാരൻ ഡോ. രജത് താൻ ഗ്രാഹ്യമാക്കിയ ജ്ഞാനം ആധികാരികമായി ഉൾപ്പെടുത്തി എഴുത്തിലൂടെ പകർത്തിയിടുകയാണ് സസ്പെൻസ് ജീൻ എന്ന നോവലിൽ.

ഡോക്ടർ രജതിന്റെ മൂന്നാമത്തെ പുസ്തകമാണ് സസ്പെൻസ് ജീൻ. മോഡേൺ സയൻസിലൂടെ കുറ്റകൃത്യങ്ങൾ എങ്ങനെ തെളിയിക്കാൻ സാധിക്കും എന്നു പറഞ്ഞ രണ്ടു പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ 'ബോഡിലാബും' 'ഒന്നാം ഫോറൻസിക് അധ്യായവും'. ഈ രണ്ടുപുസ്തകങ്ങളിലും അദ്ദേഹം തന്റെ പ്രൊഫഷനെ, കൃത്യതയോടെയും വൈകാരികമായും അടയാളപ്പെടുത്തിയിട്ടുണ്ട്.

കർണ്ണാടകയിലെ പവിത്രമഠ് മെഡിക്കൽ കോളേജിൽ നടക്കുന്ന ഡോക്ടർ അലക്സിന്റെയും ഡോക്ടർ ആരോണിന്റെയും ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങളുടെ അന്വേഷണമാണ് ഈ നോവൽ. പവിത്രമഠ് മെഡിക്കൽ കോളേജിലെ ഇളം മഞ്ഞനിറം പെയിന്റ് ചെയ്ത ആശുപത്രി കെട്ടിടങ്ങളും, നാനോ ലാബും, ആൾപ്പെരുമാറ്റം അധികമില്ലാത്ത കാടുപിടിച്ച മറ്റിടങ്ങളും ഹൃദയമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഡോക്ടറുടെ എഴുത്തിന്റെ പ്രത്യേകതയും അതാണ് അനുഭവിപ്പിച്ചു ആസ്വദിപ്പിക്കുക.

suspense-gene

ഡോക്ടർ അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർ ഹരീഷ് അർബുദത്തിനെതിരെ നാനോ മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു. നാനോമരുന്നുകളെ കുറിച്ചുള്ള ഗഹനമായ അറിവുകൾ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്നുണ്ടിവിടെ. കണ്ടുപിടിത്തങ്ങൾ വലിയ വാർത്തയാകുമ്പോൾ പരാജയങ്ങൾ  പലപ്പോഴും ആരും അറിയാതെ പോകുന്നു. മരുന്നുൽപ്പാദന പരീക്ഷണങ്ങൾ പരാജയപ്പെടുമ്പോളുണ്ടാകുന്ന അനന്തരഫലങ്ങൾ, ഉപയോഗ്യശൂന്യമായതെന്ന് കരുതുന്ന മരുന്നുകൾ പലതിന്റെയും ദോഷവശങ്ങളും മാരകശേഷിയും നാം അറിയാതെ പോകുന്നു. അതിനെക്കുറിച്ച് കൃത്യമായ നിരീക്ഷണപാടവത്തോടെ കുറിച്ചിടുന്നുണ്ട് ഡോക്ടർ.

ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ടുണർന്ന ഡോക്ടർ ഹരീഷ്, നാനോലാബിലെ ഇരുട്ടുമുറിയിൽ ഒരു പ്ലാസ്റ്റിക് കവറിൽ ഫ്ലൂറസെന്റ് നിറത്തിൽ വിചിത്രമായി തിളങ്ങുന്ന ശവശരീരം കണ്ടെത്തുന്നു. ആ ഭയത്തിൽ പെട്ടെന്ന് തിരിച്ചു നടക്കുകയും, പിന്നീട് വന്നു നോക്കിയപ്പോൾ അത് അപ്രത്യക്ഷമായിരുന്നത് കണ്ട് ഭയന്ന് അസ്വസ്ഥനാവുകയും ചെയ്യുന്നു. ഇതൊക്കെ തന്റെ മായക്കാഴ്ചകളാണെന്ന് വിശ്വസിച്ചുകൊണ്ട്, അത് മറക്കാൻ ശ്രമിച്ചുകൊണ്ട് അയാളുടെ ലക്ഷ്യത്തിലേക്കയാൾ നടന്നു. അപ്പോഴാണ് അയാൾക്കു മാത്രം തിരിച്ചറിയാനാകുമായിരുന്ന മണങ്ങൾ അയാളോർത്തത്.

ഓരോ മനുഷ്യരിലും ഓരോ ജനിതകരഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട് ഹരീഷിലുള്ളത് പോലെ. ഗുണപ്രിയയിലെ രഹസ്യങ്ങൾ ഡോക്ടർ ബെന്നിയിൽ മാത്രം ഒതുങ്ങിയത് പോലെ!

മരണങ്ങളും കേസന്വേഷണങ്ങളും ഉന്നതരുടെ ഭാഗധേയങ്ങൾക്കനുസരിച്ചു അടിവരയിട്ടു പോകുമ്പോഴും സത്യം അതിന്റെ നേർരേഖയിലൂടെ മാത്രമേ സഞ്ചരിക്കൂ എന്നത് ഡോക്ടർ ഹരീഷും ഇൻസ്‌പെക്ടർ ശേഖറും കാണിച്ചു തരുന്നു. ഡോക്ടർ അലക്സ് തന്റെ ജീവിതം കൊണ്ട് എന്താണ് അടയാളപ്പെടുത്തിയത്. എല്ലാവരും അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെ സ്നേഹിക്കുമ്പോഴും ബെന്നി മാത്രം അയാളിൽ നിന്നകന്നത് എന്തിനായിരുന്നു? ബെന്നിയുടെ അമ്മ അയാളോട് ചെവിയിൽ മന്ത്രിച്ചത് എന്തായിരുന്നു? ഡോക്ടർ ഹരീഷും ഡോക്ടർ ബെന്നിയും സസ്പെൻസ് ജീനിന്റെ പരീക്ഷണങ്ങളിൽ വിജയിച്ചോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതിലടങ്ങിയിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ, അതിജീവനത്തിന്റെ നാളുകൾ, ആരോഗ്യമേഖലയെയും സന്നദ്ധപ്രവർത്തകരെയും വീണ്ടും ഓർമ്മിപ്പിക്കുന്നു എഴുത്തുകാരൻ. എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് മരണം. അവസാന ശ്വാസംവരെ പ്രിയപെട്ടവരുടെ കൂടെ നിൽക്കുമ്പോഴാണ് ബന്ധങ്ങൾ പൂർണ്ണമാകുന്നത്. അത് മാത്രമാണ് നമുക്ക് അവർക്ക് വേണ്ടി ചെയ്യാനുള്ളത് എന്നത് വീണ്ടും അടിവരയിട്ട് ഓർമ്മിപ്പിക്കുന്നു. 

മെഡിക്കൽ ഴാണറിലുള്ള എഴുത്തുകൾ ഒരു മടുപ്പുമില്ലാതെ ആകാംക്ഷയോടെ വായിക്കാൻ സാധിക്കുന്നത് അതിന്റെ ലളിതസുഭഗമായ ഭാഷയിലുള്ള അവതരണമാണ്. സാധാരണന്മാർക്കും മനസ്സിലാകുന്ന രീതിയിലുള്ള വിശദീകരണങ്ങളാണ് ആ ശൈലി. ഡോക്ടറുടെ മൂന്നാമത്തെ പുസ്തകത്തിലും മികച്ച എഴുത്തിന്റെ പ്രതിഫലനങ്ങൾ കഥയുടെ അന്തസത്തയോട് നീതിപുലർത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

ഓരോരുത്തരുടെയും ജീൻ അവരവർക്കിണങ്ങുന്ന ജീനിനെ തിരഞ്ഞു പിടിക്കുന്നതായിരിക്കാം. അങ്ങനെയെങ്കിൽ താൻ എന്താണ് ആരേയും തിരയാത്തത്! തിരയാൻ തോന്നുന്നില്ല എന്നതായിരിക്കും തന്റെ ജീനിന്റെ സാവിശേഷത. ചിലപ്പോൾ ഓരോരുത്തർക്കും ഉണ്ടാകുമായിരിക്കും ഇതുപോലെ സവിശേഷമായ ഒരു ജീൻ ആരെയും ബുദ്ധിമുട്ടിക്കാത്ത മറ്റാർക്കും ബുദ്ധിമുട്ട് തോന്നേണ്ടതില്ലാത്ത സസ്പെൻസ് ജീൻ!

ത്രില്ലർ പുസ്തകങ്ങൾ ഇഷ്ടപെടുന്നവർക്ക് ഈ വായന വളരെയിഷ്ടപെടും വിധമാണ് എഴുതിയിട്ടുള്ളത്. മെഡിക്കൽ എത്തിക്സിനെക്കുറിച്ചും മെഡിക്കൽ ഫീൽഡിലെ അപചയങ്ങളെകുറിച്ചും പറഞ്ഞുവെക്കുന്നു ഡോക്ടർ.

സസ്പെൻസ് ജീൻ

രജത് ആർ

ഡിസി ബുക്സ്

വില 310 രൂപ

English Summary:

Dive into the Chilling World of 'Suspense Gene': Must-Read Medical Suspense Thriller from Rajad R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com