ADVERTISEMENT

മാനവികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഇന്നത്തെ മനുഷ്യർ. ധാർമ്മികതയെയും  ദാർശനികതയെയുമൊക്കെപ്പറ്റി അവർ ആയിരക്കണക്കിന് വർഷങ്ങളായി സംസാരിച്ചു കൊണ്ടേയിരിക്കുന്നു. ഭൂമിയിലെ ജീവിവർഗ്ഗത്തിൽ സമുന്നതരാണ് തങ്ങളെന്ന് സ്ഥാപിക്കാനാണോ എന്നും ഇതുപോലുള്ള വിഷയങ്ങളിൽ മനുഷ്യർ അഭിരമിക്കുന്നത്? ആദിമന്മാരിൽനിന്ന് ഏറെയേറെ വളർന്നുവെന്ന് സ്വയം സ്ഥാപിക്കാൻ മാത്രമാണോ ഇത്തരം ചിന്തകളെ മനുഷ്യർ കൊണ്ടാടുന്നത്? പക്ഷേ, തരംകിട്ടുമ്പോഴെല്ലാം അവനിൽനിന്ന് പഴയ വന്യത മറ നീക്കി പുറത്തുവരും. പഴയ നായാടിത്തത്തിന്റെ ജീനിൽനിന്ന് ഒരിക്കലും മനുഷ്യർക്ക് മോചനമുണ്ടാവില്ലേ?

ഉണ്ടാവില്ല. ജനിതക ഗോവണിയുടെ സങ്കീർണ്ണതകൾ അപ്രകാരമാണ്. 'നിയാണ്ടർത്താൽ- ഹോമോസാപ്പിയൻസ് പ്രണയം' എന്ന മനോഹരമായ നോവെല്ലയുടെ ഘടനയിലൂടെ ആ തിയറിയെ ഗുപ്തമായൊരു ഭാഷയിൽ കൗതുകമുണർത്തുന്നവിധം അവതരിപ്പിച്ചത് ഏറെ ഇഷ്ടമായി.

'കൂടുവിട്ടു കൂടുമാറൽ' എന്നൊരു മാന്ത്രികവിദ്യക്ക് ഏറെ പ്രസിദ്ധമായ നാടായിരുന്നു ഇന്ത്യ എന്നൊരു വിശ്വാസമുണ്ടായിരുന്നു. ഇന്ത്യൻ നാടോടിക്കഥകളിലൂടെയായിരിക്കണം മിക്കവാറും ആ വിശ്വാസം പ്രചരിപ്പിച്ചത്. അങ്ങനെ ഒരു വച്ചുമാറലിന്റെ ഒട്ടും മാന്ത്രിക സ്പർശമില്ലാത്ത, തീർത്തും മനുഷ്യസ്പർശമുള്ള മറ്റൊരു കഥയാണ് 'സൂപ്പർസ്റ്റാർ അനുമോദ് കുമാർ ഖാൻ'! മനുഷ്യർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് വച്ചുമാറാൻ തോന്നും. മൻഷ്യനല്ലേ പുള്ളേ... സ്വാഭാവികം!

'നഖമില്ലായ്മ അഥവാ മുലയില്ലായ്മ' എന്ന കഥ പലയിടത്തും പത്മരാജന്റെ 'ശൂർപ്പണഖ'യെ ഓർമിപ്പിച്ചു. പക്ഷേ, ഇതു മറ്റൊരു കഥയാണ്. മറ്റൊരു ശൂർപ്പണഖാങ്കം!

ഭയത്തിന്റെ മേമ്പൊടി തൂവിയ 'ഇന്ദ്രജാലമൃത്യു' ചോരമണം നൽകുന്ന വായനാനുഭവമാണ്. കഥയിലെ വൃദ്ധനായ ജൂതമാന്ത്രികനിലേക്ക് മുഴുകുമ്പോൾ പുരാതനമായ ശവക്കോട്ടയുടെ ഭീതിതമായ മണവും ഇരുട്ടും മൂക്കിലടിക്കും. ബ്രാംസ്റ്റോക്കറുടെ ജൊനാഥൻ, ട്രാൻസിൽവാനിയൻ കോട്ടയിലെ ഡ്രാക്കുള പ്രഭുവിന്റെ അഗാധഗർത്തം പോലുള്ള വായ തുറന്നപ്പോൾ ശവം ചീഞ്ഞുനാറുന്ന ആ അനുഭവപ്പെടൽപോലെ...

അഞ്ചു നോവെല്ലകളുടെ സമാഹാരത്തിനു നൽകിയ പേരാണ് 'ചാരവെടിച്ചാത്തൻ'. ജാരസംസർഗ്ഗമുള്ളിടത്ത് - അവിഹിതവേഴ്ചകളുള്ളിടത്ത് പ്രത്യക്ഷനാവുന്ന ചാത്തന്റെ കഥയാണ് ചാരവെടിച്ചാത്തൻ. മനുഷ്യന്റെ കാമനകളുടെ നിയന്ത്രണംവിട്ടുപോകുന്ന രതിരാവുകളിൽ പൊടുന്നനെ അവതാരംകൊള്ളുന്ന മൂർത്തി!

അഞ്ചു നോവെല്ലകളും പറയുന്നത് ആത്യന്തികമായി മനുഷ്യരെക്കുറിച്ചാണ്. മനുഷ്യരിൽ ഉണരാൻ സമയം കാത്തു ഉറക്കംനടിച്ചു കിടക്കുന്ന ശീലങ്ങളെക്കുറിച്ചാണ്. ഉദ്വേഗത്തെ മുന്നിൽനടത്തി കഥപറയുന്ന കൗശലം കൊണ്ട് രസമുള്ള വായനാനുഭവം നൽകുന്ന പുസ്തകം. 

ചാരവെടിച്ചാത്തൻ

ശ്രീജേഷ് ടി. പി.

മനോരമ ബുക്സ്

വില: 220 രൂപ

'ചാരവെടിച്ചാത്തൻ' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്)

English Summary:

Malayalam Book ' Charavedichathan ' Written by Sreejesh T. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com