ADVERTISEMENT

ഇരുപത്താറു വയസ്സ്. ജേണലിസത്തിൽ ബിരുദം. പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളിലൂടെ കേരളത്തിലെ പുതുതലമുറയിലെ റൈറ്റിങ് സെൻസേഷൻ. ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന പുസ്തകം ഒരു വർഷത്തിനുള്ളിൽ വിറ്റഴിഞ്ഞത് അരലക്ഷം കോപ്പികൾ. മലയാളിയുടെ വായനയിലും വായനാചർച്ചകളിലും ഇന്ന് ഏറ്റവും മുഴങ്ങിക്കേൾക്കുന്ന പേരായി മാറിയിരിക്കുകയാണ് നിമ്ന വിജയ്. കോഴിക്കോട് സ്വദേശിയായ നിമ്ന ഇന്ന് ആദ്യ സിനിമ സൂപ്പർഹിറ്റായ ഒരു നായികയ്ക്കു തുല്യമായ പ്രശസ്തി സാഹിത്യലോകത്ത് കൈവശപ്പെടുത്തിക്കഴിഞ്ഞു. പുതിയ തലമുറ ഏറ്റവുമധികം സമയം ചെലവിടുന്ന സമൂഹ മാധ്യമങ്ങളിലും തരംഗം നിമ്ന തന്നെ. ‘എഴുത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്ത എന്റെ അക്ഷരങ്ങളെ വിശ്വസിച്ചു കൈയ്യിലെ കാശ് മുടക്കി ആദ്യ പുസ്തകം വാങ്ങി വായിച്ചു രണ്ടാമതൊരു പുസ്തകമെന്ന വലിയ ദൂരം താണ്ടാൻ കരുത്തു തന്ന നിങ്ങൾക്ക് വേണ്ടി...’. ആമുഖത്തിൽ ഈ എഴുതിയിരിക്കുന്നതു പോലെ തന്നെ, ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ നിമ്ന സമർപ്പിച്ചിരിക്കുന്നത് പ്രിയ വായനക്കാർക്കാണ്. കാരണം അവരാണല്ലോ എഴുത്തിന്റെ യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത, തലതൊട്ടപ്പൻമാരോ അമ്മമാരോ ഇല്ലാത്ത നിമ്നയെ ഇന്നു ബെസ്റ്റ് സെല്ലർ എഴുത്തുകാരി ആക്കി മാറ്റിയത്. 

nimna-vijay-book-popular

‘പുസ്തകത്തെക്കുറിച്ചു വലിയ വാഗ്ദാനമൊന്നും നൽകാനില്ല. ഒരുപക്ഷേ, ജീവിതത്തെക്കുറിച്ച് ആരും പറയാത്ത ചില സത്യങ്ങൾ, പഠിപ്പിക്കാത്ത ചില പാഠങ്ങൾ ഈ പുസ്തകം നിങ്ങൾക്ക് കാണിച്ചു തന്നേക്കാം. പിന്നെ എപ്പോഴും പറയാറുള്ളതു പോലെ വരികൾക്കിടയിൽ എവിടെയെങ്കിലും വച്ച് നിങ്ങളെയോ പ്രിയപ്പെട്ട ആരെയെങ്കിലുമൊക്കെയോ കണ്ടുമുട്ടിയേക്കാം’. നിമ്ന എഴുതിയതു പോലെ തന്നെ കൃത്യമായി വായനക്കാരോടു റിലേറ്റ് ചെയ്യാൻ സാധിച്ചതുകൊണ്ടു തന്നെയാണ് ഈ പുസ്തകം ഇത്രയധികം വായിക്കപ്പെട്ടതും ചർച്ചയായതും. പലരുടെയും ജീവിതത്തിലെ ആദ്യ വായനാവിഭവമായി ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ മാറി. അതിലൂടെ അവർ വലിയൊരു രുചിപ്രപഞ്ചത്തിലേക്കു പ്രവേശിച്ചു. പലവിധ വിഭവങ്ങൾ രുചിച്ചു നോക്കി അവരൊക്കെയും തന്നെ രുചിയാസ്വാദകരായി മാറി.

തന്റെ പുസ്തകം ആദ്യമായി വായിച്ച ശേഷം തുടർച്ചയായി 50 പുസ്തകങ്ങൾ വായിച്ച ഒരാളെക്കുറിച്ച് ഈ ഇന്റർവ്യൂവിൽ നിമ്ന പറയുന്നുണ്ട്. ആ വ്യക്തി അവസാനം വായിച്ച പുസ്തകം ‘ഖസാക്കിന്റെ ഇതിഹാസം’ ആണ്. അങ്ങനെ നോക്കുമ്പോൾ നിമ്നയുടെ പുസ്തകമൊരു നാഴികക്കല്ല് തന്നെയാണെന്നു പറയേണ്ടിവരും. സമൂഹമാധ്യമ അഡിക്‌ഷൻ ബാധിച്ചൊരു തലമുറയെ അക്ഷരങ്ങൾ അച്ചടിച്ച താളുകളിലേക്കും വായനയിലേക്കും തിരിച്ചുകൊണ്ടുവന്ന നാഴികക്കല്ല്. എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട് നിമ്‌ന മനസ്സ് തുറന്നപ്പോൾ. 

∙നിമ്ന എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ്? ആരായിരുന്നു പ്രചോദനം?

ചെറുപ്പത്തിൽ എപ്പോഴോ മനസ്സിൽ കയറിക്കൂടിയ വലിയ ഒരാഗ്രഹമായിരുന്നു എഴുത്ത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ സ്കൂളിലെ അധ്യാപകരിലൊരാൾ യുപിയിലെ കുട്ടികളുടെയെല്ലാം രചനകൾ ഉൾക്കൊള്ളിച്ച് ഒരു പുസ്തകം തയാറാക്കി. എൽപിയിൽ ആയിരുന്നതിനാൽ എനിക്ക് അന്ന് അതിൽ ഉൾപ്പെടുവാൻ സാധിച്ചില്ല. അതു വലിയ സങ്കടമായി. അപ്പോൾ, വലുതായാൽ എന്റെ എഴുത്തും ഇതുപോലെ പ്രസിദ്ധീകരിക്കാമല്ലോ എന്നൊരു ചിന്ത അന്നേ എന്റെ മനസ്സിലുണ്ടായിരുന്നു. അന്ന് എനിക്കു വലിയ വായനയൊന്നും ഇല്ല. പക്ഷേ, സ്കൂളിൽ നടന്ന ഈ സംഭവം എന്നെ സ്പർശിച്ചു. അങ്ങനെ എഴുത്തിനെയും വായനയെയും ഞാൻ കുറച്ചുകൂടി ഗൗരവത്തിൽ കാണാൻ തുടങ്ങി. ലൈബ്രറിയൊക്കെ കാണുന്നതുതന്നെ അതിനുശേഷമാണ്. 

മൂന്നാം ക്ലാസിലെ വേനലവധിക്കാലത്ത് ഞാൻ കുറച്ചു കഥകളൊക്കെ എഴുതി തുന്നിക്കെട്ടി വച്ചു. അടുത്ത വർഷം മേൽപറഞ്ഞ അധ്യാപകനു നൽകാനായിരുന്നു അത്. അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുത്ത് എന്റെ പുസ്തകവും ഇറക്കണം എന്ന ചിന്തയായിരുന്നു മനസ്സിൽ. പക്ഷേ, സ്കൂൾ തുറന്നു ചെന്നപ്പോൾ അദ്ദേഹം സ്ഥലംമാറിപ്പോയി എന്ന വാർത്തയാണു ഞാൻ കേട്ടത്. അങ്ങനെ എന്റെ സ്വന്തം പുസ്തകം എന്ന സ്വപ്നത്തിന് അവിടെ വച്ചു താൽക്കാലികമായി തിരശീല വീണു. ചെറുപ്പത്തിൽ നമ്മുടെ മനസ്സിൽ കയറിക്കൂടുന്ന ആഗ്രഹങ്ങൾ എല്ലാക്കാലവും മനസ്സിലുണ്ടാകുമെന്നു പറയാറുണ്ടല്ലോ. സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹം അങ്ങനെ പണ്ടേ എന്റെ മനസ്സിലുണ്ട്. പക്ഷേ, ജീവിതത്തിൽ മറ്റു പല കാര്യങ്ങളും വന്നുചേർന്ന് പിന്നീട് ഞാൻ ആ സ്വപ്നം തന്നെ മറന്നുപോകുകയായിരുന്നു. 

nimna-vijay-liter
നിമ്ന വിജയ്, Image Credit: Special Arrangement

ഞാൻ നന്നായി സംസാരിക്കാൻ ഇഷ്ടമുള്ള ഒരാളാണ്. പക്ഷേ, എന്നെ കേട്ടിരിക്കാൻ സമയമുള്ള ആരും ചുറ്റുവട്ടത്തൊന്നും കാര്യമായി ഇല്ലായിരുന്നു. അവരുടെ ജോലിത്തിരക്കുകളും ജീവിത പ്രാരബ്ധങ്ങളുമാകാം കാരണം. അങ്ങനെ എനിക്കു പറയാനുള്ളതൊക്കെ ഒരു ഡയറിയിൽ എഴുതിവച്ചു തുടങ്ങി. എന്തു ചെറിയ കാര്യമാണെങ്കിലും ഡയറിയിൽ എഴുതും. ആ ഡയറിയെഴുത്താണ് ശരിക്കും എന്നെ എഴുത്തിലേക്കു നയിച്ചത്. എന്നെ പക്ഷേ, എഴുത്തിൽ ഗൈഡ് ചെയ്യാനോ പിന്തുണയ്ക്കാനോ തെറ്റു തിരുത്തിത്തരാനോ ആരുമുണ്ടായിരുന്നില്ല. അതേസമയം, എന്നെ കുറച്ചെങ്കിലും കേട്ടിരിക്കാനും പ്രോൽസാഹിപ്പിക്കാനും തയാറായിരുന്നത് എന്റെ ഒരു മാമിയാണ്. സ്കൂളിലും മറ്റുമൊക്കെ എനിക്ക് ഓരോ അംഗീകാരങ്ങൾ ലഭിക്കുമ്പോഴും നിനക്ക് ഇതിലും വലുതു ചെയ്യാൻ കഴിയും എന്നു പറ‍ഞ്ഞുകൊണ്ടിരുന്ന ഷിജില എന്ന ആ മാമിയാണ് ജീവിതത്തിൽ ഒരുപാട് ആത്മവിശ്വാസം പകർന്നു നൽകിയിട്ടുള്ളത്. 

ജേണലിസം പഠിച്ചു കഴിഞ്ഞ് 2020–21 കാലഘട്ടത്തിൽ ഹൈദരാബാദിലും മുംബൈയിലും ജോലി ചെയ്തു. അക്കാലത്ത് മനോരമ ഓൺലൈൻ ഉൾപ്പെടെയുള്ള ഓൺലൈൻ പോർട്ടലുകളിൽ ചില കഥകളൊക്കെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തുമായിട്ടുള്ള ഏക ബന്ധം അന്ന് അതു മാത്രമാണ്. പിന്നീടു കോവിഡ് വന്നതോടെ ജോലിയിൽ ഒരു ബ്രേക്ക് വന്നു. വെറുതെയിരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നില്ല. ആ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നും എനിക്കു വേണ്ടി എന്തു ചെയ്യാമെന്നുമുള്ള തോന്നലിൽ നിന്നാണ് ഒരു പുസ്തകം എഴുതിയാലോ എന്ന ചിന്ത പഴയ സ്വപ്നത്തിന്റെ രൂപത്തിൽ വീണ്ടും മനസ്സിലേക്കു വരുന്നത്. ‘നനയുവാൻ ഞാൻ കടലാകുന്നു’ എന്ന എന്റെ ആദ്യ പുസ്തകം അങ്ങനെ 2021 ലാണ് പ്രസിദ്ധീകരിക്കുന്നത്. നേരത്തേ എഴുതിവച്ചിരുന്നതും അക്കാലത്ത് എഴുതിയതുമായ കുറേ ഓർമക്കുറിപ്പുകൾ ചേർത്താണ് അത് ഇറക്കുന്നത്.

∙ആദ്യ പുസ്തകം ‘നനയുവാൻ ഞാൻ കടലാകുന്നു’ എന്നാണു പ്രസിദ്ധീകരിക്കുന്നത്? അതു പുറത്തിറക്കിയതിനു പിന്നിലെ അനുഭവം വിശദീകരിക്കാമോ?

ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് എനിക്ക് വലിയ ടാസ്ക് ആയിരുന്നില്ല. തൃശൂരുള്ള ആ പ്രസാധകരെ എനിക്കു പരിചയമുണ്ടായിരുന്നു. ഞാൻ അങ്ങോട്ടു പൈസ കൊടുത്തിട്ടാണ് 300 കോപ്പിയോളം ആദ്യ എഡിഷനായി അച്ചടിച്ച് ആ പുസ്തകം ഇറക്കുന്നത്. പക്ഷേ, അതു വിൽക്കുക എന്നതായിരുന്നു എനിക്ക് ഏറ്റവും ഹാർഡ് ആയ ടാസ്ക്. ആ സമയത്ത് ഇൻസ്റ്റയിൽ സജീവമായിത്തുടങ്ങിയിരുന്നു. ആറായിരത്തിലേറെ ഫോളോവേഴ്സ് അന്നുണ്ട്. ഇൻസ്റ്റ വഴിയാണ് ഞാൻ പുസ്തകത്തിന് പ്രമോഷൻ കൊടുത്തുതുടങ്ങിയത്. പുസ്തകം സംബന്ധിച്ച അപ്ഡേറ്റ്സ്, ചെറു കുറിപ്പുകൾ, പടങ്ങൾ തുടങ്ങിയവ സ്റ്റോറിയായി ഇടുമായിരുന്നു. അധികം വൈകാതെ എനിക്കു സ്ഥിരമായി ഓർഡർ കിട്ടിത്തുടങ്ങി. ദിവസം ഒന്നോ രണ്ടോ പുസ്തകമെങ്കിലും അന്നു ഞാൻ വിൽക്കുമായിരുന്നു. 

പക്ഷേ, ആ രീതിക്ക് ഒരു ലിമിറ്റേഷൻ ഉള്ളതായി എനിക്കു മനസ്സിലായി. കാരണം, എന്നെ ഫോളോ ചെയ്യുന്നവർ മാത്രമേ പുസ്തകത്തെക്കുറിച്ച് അറിയുകയും വാങ്ങുകയും ചെയ്യുന്നുള്ളൂ. അതിനു പുറത്തുള്ള സമൂഹത്തിലേക്ക് പുസ്തകം എത്തുന്നില്ല. അതു മറികടക്കണമെങ്കിൽ പുസ്തകശാലകളിൽ എന്റെ പുസ്തകം വരണം. അങ്ങനെ ഞാൻ പുസ്തകം വലിയ സഞ്ചിയിലാക്കി കോഴിക്കോട്ടെ എല്ലാ പുസ്തകശാലകളിലും ചെന്ന് ‘എന്റെ പുസ്തകം നിങ്ങൾ എടുക്കാമോ?’ എന്നു ചോദിച്ചു. കടലയൊക്കെ വിൽക്കുന്ന പോലെ എന്റെ ബുക്ക് എടുക്കുമോ എന്നു നടന്നു നടന്നു ചോദിക്കുകയായിരുന്നു. ആരും എന്നെ സ്വീകരിച്ചില്ല. ‘പ്രശസ്തരുടെ പുസ്തകങ്ങളേ ഞങ്ങൾ വാങ്ങി വയ്ക്കൂ, അന്വേഷണങ്ങളൊന്നും വരാത്ത പുതിയ പുസ്തകങ്ങളൊന്നും എടുക്കില്ല’ എന്നൊക്കെയായിരുന്നു മറുപടി. ആ റിജക്‌ഷൻ എന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി. കുറേ കരഞ്ഞു. അന്ന് എന്റെ ഒരു സുഹൃത്തിനെ വിളിച്ച് ‘കോഴിക്കോട്ടു മാത്രമല്ല, കേരളത്തിലെ എല്ലാ സ്ഥലങ്ങളിലെയും പുസ്തകശാലകളിലെ ഷെൽഫുകളിൽ ഒരിക്കൽ എന്റെ പുസ്തകം വന്നിരിക്കും’ എന്നു ഞാൻ കരഞ്ഞുപറഞ്ഞിട്ടുണ്ട്. ഇപ്പോൾ ‘നനയുവാൻ ഞാൻ കടലാകുന്നു’ എന്ന എന്റെ ആദ്യ പുസ്തകവും ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന രണ്ടാമത്തെ പുസ്തകവും കേരളത്തിലെ എല്ലാ പുസ്തകശാലകളിലും ലഭ്യമാണ് എന്നത് അന്നത്തെ ആ സന്ദർഭവുമായി ചേർത്ത് ഞാൻ സന്തോഷത്തോടെ ഓർമിക്കുന്ന ഒന്നാണ്. 

nimna-vijay-book

എന്റേതായ രീതികളിൽ ക്രിയേറ്റീവ് ആയി എന്റെ പുസ്തകം പ്രമോട്ട് ചെയ്യാൻ ഞാൻ കുറേ ശ്രമിച്ചിട്ടുണ്ട്. എല്ലാവരും കല്യാണത്തിന് സേവ് ദ് ഡേറ്റ് ചെയ്യാറുണ്ടല്ലോ. ഞാൻ എന്റെ ബുക്ക് ലോഞ്ചിന് സേവ് ദ് ഡേറ്റ് അനൗൺസ് ചെയ്തുകൊണ്ടുള്ള ഒരു ക്യാംപെയ്നും നടത്തിയിരുന്നു. 

∙രണ്ടാമത്തെ പുസ്തകം ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ പുറത്തുവരുമ്പോൾ എഴുത്തിലുണ്ടായ മാറ്റങ്ങളെന്തൊക്കെയാണ്?

2023 ലാണ് ഞാൻ രണ്ടാമത്തെ പുസ്തകം എഴുതിത്തുടങ്ങുന്നത്. എനിക്ക് ഒരു കഥ വായിക്കണമെന്ന കടുത്ത ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ കഥ ആരും എഴുതിയിരുന്നില്ല. അങ്ങനെയാണ് അതു ഞാൻ തന്നെ എഴുതാമെന്നു തീരുമാനിച്ചത്. ഒരു പെൺകുട്ടി എന്ന രീതിയിൽ ഞാൻ ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ട്. കുറേ കാര്യങ്ങൾ നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ അതു വേണ്ടി വരുമായിരുന്നില്ല എന്നും തോന്നിയിട്ടുണ്ട്. ഈ തിരിച്ചറിവ് എനിക്ക് വളരെ ബുദ്ധിമുട്ടിയാണു ലഭിച്ചത്. പക്ഷേ, എനിക്കു ശേഷമുള്ള തലമുറയിലെ പെൺകുട്ടികൾക്ക് അത്ര ബുദ്ധിമുട്ടി അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടാകേണ്ടതില്ലെന്നും ഒരു പുസ്തകം വായിച്ചാൽ ഈസിയായി അവർക്കത് ലഭിക്കണമെന്നുമുള്ള ചിന്തയിൽ നിന്നാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോടി’ന്റെ പിറവി. 

പക്ഷേ, ഇതൊരു മോട്ടിവേഷനൽ പുസ്തകം ആയി ഇറക്കിയാൽ എത്രപേർ വായിക്കും എന്ന സംശയമുണ്ടായിരുന്നു. അതിനാലാണ് ഞാൻ പറയാനുദ്ദേശിക്കുന്ന വിഭാഗത്തിന്റെ ചിന്തകളിലൂടെ, അവർക്കു പരിചിതമായ പരിസരങ്ങളിലൂടെ, കഥ പറയാമെന്നും ഫിക്​ഷൻ തന്നെ എഴുതാമെന്നും തീരുമാനിക്കുന്നത്. എന്റെ ആദ്യ പുസ്തകം ഓർമക്കുറിപ്പുകളും രണ്ടാമത്തെ പുസ്തകം അങ്ങനെ ഫിക്‌ഷനും ആയി. രണ്ടിലും തീർത്തും വ്യത്യസ്തമായ സമീപനം തന്നെയാണു സ്വീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ പുസ്തകം എഴുതാനിരിക്കുമ്പോൾ എങ്ങനെ വേണം ഇതിന്റെ സ്റ്റോറി ലൈൻ എന്നതിലും ആരൊക്കെയായിരിക്കും ഇതു വായിക്കുക എന്നതിലുമൊക്കെ എനിക്കു പൂർണവ്യക്തതയുണ്ടായിരുന്നു. ഒരു പ്രത്യേക സാഹചര്യം എങ്ങനെ അതിജീവിച്ചു എന്ന നമ്മുടെ അനുഭവം ഫിക്‌ഷനിലൂടെ നമ്മൾ അവതരിപ്പിക്കുമ്പോൾ മറ്റൊരാൾക്ക് അതൊരു സർവൈവൽ ഗൈഡ് ആയിട്ടാകും പ്രവർത്തിക്കുക. 

പുസ്തകത്തിലെ നായിക അതിഥിയുടെ ജീവിതം വായിച്ചു കഴിഞ്ഞാൽ പിന്നീട് ആ വായനക്കാരിയുടെയോ വായനക്കാരന്റെയോ ജീവിതത്തിൽ അത്തരം ഒരു സാഹചര്യം വരുമ്പോൾ എന്റെ പുസ്തകം തുറന്നുനോക്കിയിട്ട്, അതിഥിക്കു കഴിയുമെങ്കിൽ എനിക്കും കഴിയും എന്നൊരു ആത്മവിശ്വാസം തോന്നണം എന്നതായിരുന്നു എഴുത്തിൽ എന്റെ ലക്ഷ്യം. വളരെ ലളിതമായ ഭാഷയിൽ, വായനക്കാർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിൽ എഴുതുന്ന ആളാണു ഞാൻ. വലിയ സാഹിത്യമൊന്നും ഞാൻ എഴുത്തിൽ കൊണ്ടുവരാറില്ല. 18 മുതൽ 30 വരെ പ്രായമുള്ളവർ ഈ പുസ്തകം വായിക്കണം, അത് അവർക്ക് ജീവിതത്തിൽ പ്രയോജനം ചെയ്യണം എന്ന ചിന്ത മാത്രമാണ് എഴുതുന്ന സമയത്ത് എന്റെ മനസ്സിലുണ്ടായിരുന്നത്. 

∙ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ ഇത്രയും ഹിറ്റ് ആകുമെന്നു പ്രതീക്ഷിച്ചിരുന്നോ?

ഹിറ്റ് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇത്രയും വലിയ ഹിറ്റ് ആകുമെന്നത് എന്റെ സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. ആദ്യ പുസ്തകം പോലെയല്ലാതെ ഇറക്കണമെന്നായിരുന്നു ആഗ്രഹം. സാധാരണ ഒരു പ്രസാധക സ്ഥാപനം എഴുത്തുകാരോട് പുസ്തകം ചോദിച്ചു വാങ്ങി പുറത്തിറക്കുന്ന ഒരു രീതിയുണ്ടല്ലോ, ആ രീതിയിൽ. അങ്ങനെ ഞാൻ മുഖ്യധാരാ പ്രസാധകരെയെല്ലാം സമീപിച്ചു. ആരും പുസ്തകം സ്വീകരിച്ചില്ല. ഈ കഥയൊക്കെ ആരു വായിക്കാനാണ് എന്നു പറഞ്ഞ ഒരു സ്ഥാപനവുമുണ്ട്. ഇതൊക്കെ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സാധാരണ നടക്കുന്നതല്ലേ, ഇതിനൊന്നും വായനക്കാരുണ്ടാകാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞ് എന്റെ വർക്ക് അവർ തള്ളിക്കളഞ്ഞു. ഇനി നമ്മൾ പേന പോലുമെടുക്കരുത് എന്ന രീതിയിലുള്ള ഭയങ്കര റിജക്‌ഷൻ ആണ് ആ സമയത്ത് എനിക്ക് അനുഭവിക്കേണ്ടി വന്നത്.

അപ്പോഴാണ് മാൻകൈൻഡ് എന്ന പ്രസാധകസ്ഥാപനം തുടങ്ങാൻ പോകുന്ന വിവരം അറിയുന്നതും അവരുടെ പക്കൽ ഈ പുസ്തകം ഞാൻ ഏൽപിക്കുന്നതും. പുസ്തകം വായിച്ച മാൻകൈൻഡിന്റെ എഡിറ്റർ സായൂജ് ബാലുശ്ശേരി ‘ഇതു നമുക്കു പ്രസിദ്ധീകരിക്കാം’ എന്നു പറയുകയായിരുന്നു. പിന്നീട് മൂന്നു മാസത്തോളം ഞങ്ങൾ ചർച്ചകൾ നടത്തി പുസ്തകം എഡിറ്റ് ചെയ്തു. 2023 മേയിലാണ് പുസ്തകം ഇറങ്ങുന്നത്. പക്ഷേ, പുസ്തകം എവിടെ വച്ചു വിൽക്കും എന്നൊരു പ്രതിസന്ധിയുണ്ടായിരുന്നു. ആദ്യ പുസ്തകത്തിന്റെ മോശം അനുഭവം എന്റെ മുന്നിലുണ്ടല്ലോ. ആളുകൾ വായിച്ചു തുടങ്ങിയാൽ പുസ്തകം വിറ്റുപോകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് പുസ്തകത്തിന്റെ ഓരോ പേജിലെയും സ്ട്രൈക്കിങ് ആയ വരികൾ ഹൈലൈറ്റ് ചെയ്ത് ഞാൻ ഇൻസ്റ്റയിൽ റീൽസ് ഇട്ടു തുടങ്ങുന്നത്. 

‘നനയുവാൻ ഞാൻ കടലാകുന്നു’ പുസ്തകത്തിനു ചെയ്ത റീൽസിന് 10 ലക്ഷം വ്യുവർഷിപ് വരെയുണ്ടായിട്ടുണ്ട്. അങ്ങനെയാണ് ഇതിന്റെയൊരു സാധ്യത ഞാൻ മനസ്സിലാക്കുന്നത്. ഒരു പത്തു റീലൊക്കെ ഞാൻ നിർമിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ടാകും. പിന്നീട് വായനക്കാർ ഇത് ഏറ്റെടുത്ത് കണ്ടന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു നാച്വറൽ ഗ്രോത്ത് ആണ് പിന്നീട് ആ പുസ്തകത്തിന്റെ പ്രമോഷനുണ്ടായത്. 350 കോപ്പിയാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ ആദ്യം പ്രിന്റ് ചെയ്തത്. ഒരു വർഷം കൊണ്ടെങ്കിലും ഇതു വിറ്റുപോകണേ എന്നാഗ്രഹിച്ചിടത്തുനിന്ന് ഒരു വർഷം ആകുമ്പോൾ അതിന്റെ നൂറിരട്ടി പുസ്തകങ്ങൾ വിറ്റഴിക്കപ്പെട്ടു എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. വായനക്കാർ പുസ്തകം ഏറ്റെടുത്തതോടെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലുമുള്ള പുസ്തകശാലകളിൽ നിന്നു വിളിച്ചു കോപ്പികൾ ആവശ്യപ്പെടാൻ തുടങ്ങി. 

nimna-vijay-main
നിമ്ന വിജയ്, Image Credit: Special Arrangement

ഈ വിജയത്തെ വെറും ഭാഗ്യം എന്നു കരുതി കൊച്ചാക്കാൻ ഞാൻ തയാറല്ല. പുതിയ തലമുറ ആവശ്യപ്പെടുന്ന എന്തോ ഒന്ന് എന്റെ പുസ്തകത്തിലുള്ളതുകൊണ്ടു തന്നെയാണ് ആ പുസ്തകം ഇത്രയും കോപ്പികൾ വിറ്റുപോയത്. സ്വപ്നങ്ങൾ സംബന്ധിച്ച് എനിക്കൊരു സന്ദേശം ഇതിലൂടെ നൽകാനുണ്ട്. നമ്മളൊക്കെ ആഗ്രഹങ്ങൾ പറഞ്ഞാൽ എപ്പോഴും കേൾക്കുന്ന ഒരു ഉപദേശമുണ്ട്, നമ്മളൊക്കെ സാധാരണക്കാരല്ലേ, നമുക്കിതൊക്കെ സാധിക്കുമോ എന്നൊക്കെ. എനിക്ക് എഴുത്തിലൂടെ അതു ബ്രേക്ക് ചെയ്യണമായിരുന്നു. എഴുത്തിൽ ഒരു പശ്ചാത്തലവുമില്ലാതിരുന്ന ഒരു ഇരുപത്താറുകാരിയുടെ രണ്ടാമത്തെ പുസ്തകം ഒരു വർഷം കൊണ്ട് അരലക്ഷം കോപ്പികൾ വിൽക്കപ്പെടണമെങ്കിൽ, നിങ്ങൾ ആരാകട്ടെ, എവിടെ നിന്നും വരുന്ന ആളാകട്ടെ, നിങ്ങൾക്കൊരു നല്ല കണ്ടന്റ് നൽകാനുണ്ടെങ്കിൽ അതു വിജയിച്ചിരിക്കും എന്നതു തന്നെയല്ലേ തെളിയുന്നത്. നിങ്ങളുടെ പശ്ചാത്തലം ഒരിക്കലും സ്വപ്നങ്ങൾക്ക് പരിധി സൃഷ്ടിക്കാൻ ഇടവരുത്തരുത് എന്ന സന്ദേശമാണ് എന്റെ അനുഭവം നൽകുന്നത്. 

∙യുവതലമുറ നോവൽ ഏറ്റെടുത്തതിനെപ്പറ്റി എന്താണു തോന്നുന്നത്?

യുവതലമുറ ഈ നോവൽ ഏറ്റെടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതിൽ ഒരേസമയം എനിക്കു സന്തോഷവും സങ്കടവും തോന്നുന്നുണ്ട്. സെൽഫ് ലവ് എന്നതാണ് ഈ പുസ്തകത്തിന്റെ ആശയം. ടോക്സിക് പേരന്റിങ്, റിലേഷൻഷിപ് ഇഷ്യൂസ്, സെക്‌ഷ്വൽ അബ്യൂസ് തുടങ്ങിയ മറ്റ് ഒട്ടേറെ കാര്യങ്ങളും ഇതിൽ വരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ ഇപ്പോഴത്തെ യുവതലമുറയ്ക്ക് പല രീതിയിൽ റിലേറ്റ് ചെയ്യാൻ പറ്റുന്നതുകൊണ്ടാണ് ഈ പുസ്തകം ഇത്രയധികം വിറ്റഴിക്കപ്പെടുന്നത്. പുസ്തകം വായിച്ചിട്ട് ഒട്ടേറെപ്പേർ പങ്കുവയ്ക്കുന്ന റിവ്യുകളിൽ ‘എനിക്കിത് മുന്നോട്ടുവായിക്കാൻ പറ്റുന്നില്ല, എന്റെ ശരീരം വിറയ്ക്കുകയാണ്’ എന്നൊക്കെ പറയാറുണ്ട്. സെക്‌ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടിട്ടുള്ള ഒട്ടേറെ പെൺകുട്ടികൾ പുസ്തകത്തിലെ ആ ഭാഗത്തെത്തുമ്പോൾ ഇനി മുന്നോട്ടുപോകാനാവുന്നില്ല എന്നൊക്കെ പറഞ്ഞ് എനിക്ക് മെസേജ് അയയ്ക്കും. ഇത്തരം ട്രോമകൾ അനുഭവിക്കുന്ന ഒട്ടേറെപ്പേർ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട് എന്നതിൽ എനിക്കു ഭയങ്കര സങ്കടം തോന്നും. 

ജയിലിൽനിന്ന് പരോളിലിറങ്ങിയ ഒരു പയ്യൻ പുസ്തകം വായിച്ചിട്ട് എന്നോടു പറഞ്ഞത് ‘ഞാനീ പുസ്തകം ആദ്യം വായിച്ചിരുന്നെങ്കിൽ ജയിലിൽ പോകേണ്ടി വരില്ലായിരുന്നു’ എന്നാണ്. അതേ പോലെ സെൽഫ് ലവ്, സെൽഫ് റെസ്പെക്റ്റ് തുടങ്ങിയവ എന്താണെന്ന് ഈ പുസ്തകം വായിച്ചിട്ടു മനസ്സിലായി എന്നു പറഞ്ഞ് എത്രയോ മെസേജുകളാണ് എനിക്ക് വരുന്നത്. അതൊക്കെ വലിയ സന്തോഷങ്ങളാണ്. ഈ പുസ്തകം എവിടെപ്പോകുമ്പോഴും കൊണ്ടുനടക്കുന്ന ആളുകളുണ്ട്. ‘രാവിലെ ഓഫിസിൽ പോകുമ്പോഴും സ്കൂളിൽ പോകുമ്പോഴും നിമ്‌നയുടെ പുസ്തകം എന്റെ കൈയ്യിലുണ്ടാകും, വെറുതെയല്ല, അതൊരു വലിയ ധൈര്യമാണ്’ എന്നൊക്കെ എന്നോടു പറഞ്ഞിട്ടുള്ളവരുണ്ട്. സെൽഫ് ലവ് എന്നാൽ എന്താണ് എന്നൊരു സന്ദേശം കൊടുക്കാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ട്. 

∙നിമ്നയുടെ പുസ്തകം ഇഷ്ടമായി എന്നു പുറത്തുപറയാൻ ഭയപ്പെടുന്ന അവസ്ഥയുണ്ടെന്നും പരാമർശിച്ചു കണ്ടു? എന്തുകൊണ്ടാണത്?

പുസ്തകം ബെസ്റ്റ് സെല്ലർ പട്ടികയിൽ സ്ഥാനം പിടിച്ച അന്നുതൊട്ട് ഒരുപാട് നെഗറ്റീവ് കമന്റുകൾ കിട്ടുന്നുണ്ടായിരുന്നു. വായിക്കുന്ന എല്ലാവർക്കും ഈ പുസ്തകം ഇഷ്ടപ്പെടും എന്നൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ഓരോരുത്തരുടെയും അഭിരുചികൾ വ്യത്യസ്തമാണല്ലോ. എനിക്ക് ഈ പുസ്തകം ഇഷ്ടമായില്ല, വർക് ആയില്ല എന്നു പറഞ്ഞാൽ എനിക്ക് മനസ്സിലാകും, ഒരു പ്രശ്നവുമില്ല. പക്ഷേ, ഈയടുത്ത് എന്റെ പുസ്തകത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ൻ പോലെ അത്തരം പ്രതികരണങ്ങൾ മാറിത്തുടങ്ങിയപ്പോഴാണ് എനിക്കു പ്രതികരിക്കേണ്ടി വന്നത്. ഇതു ഹിറ്റ് ആയെന്നു കണ്ടപ്പോൾ, ഇതിത്രയും വായിക്കപ്പെടേണ്ട കാര്യമില്ല, വിൽക്കപ്പെടേണ്ട എന്ന രീതിയിൽ വലിയ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്. ഒരുതരത്തിലുമുള്ള എഴുത്തിന്റെ പാരമ്പര്യമില്ലാത്ത നിമ്ന‌ വിജയ് എന്ന പെൺകുട്ടിയുടെ വിജയം തന്നെയായിരിക്കണം ഇത്തരം വ്യക്തികളെ അസ്വസ്ഥമാക്കുന്നത്. 

നിങ്ങൾക്ക് ഒരു കാര്യം ഇഷ്ടമായില്ല എന്നതിന്റെ പേരിൽ, മറ്റൊരാളും അത് ഇഷ്ടപ്പെടാൻ പാടില്ല എന്ന ചിന്താഗതി ഫാഷിസം തന്നെയാണ്. അത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഓരോരുത്തരുടെയും ആസ്വാദന നിലവാരം വ്യത്യസ്തമായിരിക്കുമല്ലോ. അതേസമയം, ഒരിക്കലും പുസ്തകം കൈകൊണ്ടു തൊടാത്ത ഒരുപാടു പേർ ആദ്യമായി വായിക്കുന്ന പുസ്തകമായി ഏറ്റവും പ്രിയപ്പെട്ട എന്നോട് മാറിയെന്നത് വളരെ പ്രാധാന്യമർഹിക്കുന്ന വസ്തുതയാണെന്നു ഞാൻ കരുതുന്നു. എന്റെ പുസ്തകം വായിച്ച ഒരാൾ എന്നോടു പറഞ്ഞു: ‘ഏറ്റവും പ്രിയപ്പെട്ട എന്നോടു വായിച്ച ശേഷം ഞാൻ 50 പുസ്തകങ്ങൾ വായിച്ചു. ഇപ്പോൾ ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഖസാക്കിന്റെ ഇതിഹാസം ആണ്’. അപ്പോൾ ഒട്ടേറെപ്പേറെ വായനയിലേക്ക് കൈപിടിച്ചുകയറ്റുന്നത് എന്റെ പുസ്തകമാണെന്ന വസ്തുത പോലും അംഗീകരിക്കാൻ പലർക്കും വിമുഖതയാണ്. 

nimna-vijay-lit
നിമ്ന വിജയ്, Image Credit: Special Arrangement

എന്റെ പുസ്തകത്തിൽ സാഹിത്യമില്ല എന്നൊക്കെയാണ് പലരുടെയും പരാതി. മലയാള സാഹിത്യത്തിൽ ഇന്നുവരെ എഴുതപ്പെട്ടതിൽ ഏറ്റവും മികച്ച പുസ്തകമാണ് ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന് ഞാൻ ഒരു സ്ഥലത്തും പറ‍ഞ്ഞിട്ടില്ല. പറയുകയുമില്ല. ഈ പുസ്തകം വായിച്ച് അടച്ചുവച്ചു കഴിയുമ്പോൾ ആളുകൾക്ക് ജീവിതത്തിൽ മുന്നോട്ടുനടക്കാനുള്ള ഒരു ധൈര്യം കിട്ടും. പരസ്പരം കൂടുതൽ സ്നേഹിക്കാനാകും എന്ന ഒരൊറ്റ കാര്യത്തിലാണ് ഈ പുസ്തകം പ്രാധാന്യം നേടുന്നത്. അങ്ങനെ ഇഷ്ടപ്പെടുന്ന ആളുകൾ വായിക്കുന്നതിൽ എന്തിനാണ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. നമ്മൾ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ ഒരു പടം എടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാറില്ലേ. ഇഷ്ടപ്പെട്ട സിനിമയെപ്പറ്റി പോസ്റ്റുകൾ ഇടാറില്ലേ. എന്റെ പുസ്തകത്തിന് അതേപോലെ വായനക്കാരുടെ ഭാഗത്തുനിന്ന് ഒരു പ്രമോഷൻ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥരാകുന്നത്? എന്റെ സ്ഥാനത്ത് പ്രശസ്തനായ ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ പുസ്തകമായിരുന്നു ബെസ്റ്റ് സെല്ലർ പട്ടികയിൽ വന്നിരുന്നെങ്കിൽ ഈ അനുഭവം അവർക്ക് ഉണ്ടാകുമായിരുന്നോയെന്ന് എനിക്കു സംശയമുണ്ട്. 

∙18 വയസ്സു മുതൽ സ്വന്തമായി സമ്പാദിച്ചു തുടങ്ങിയതിനെപ്പറ്റി നിമ്ന പറഞ്ഞിട്ടുണ്ട്. പഠിക്കാൻ വിദ്യാഭ്യാസ വായ്പ എടുത്തു, സ്വന്തമായി വായ്പ എടുത്ത് വീടു വച്ചു, ബൈക്കും കാറും വാങ്ങി. ഇപ്പോൾ ഈ വായ്പകളെല്ലാം അടച്ചുതീർക്കുകയും ചെയ്തിരിക്കുന്നു. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ നടത്തിയ ആ യാത്രകളെപ്പറ്റി പറയാമോ?

നമ്മുടെ ജീവിതത്തിൽ നമ്മുടേതായ ഒരു അടയാളം സൃഷ്ടിച്ചിരിക്കണം എന്ന നിർബന്ധമുള്ളയാളാണു ഞാൻ. നിങ്ങളുടെ ഭാഷ, വസ്ത്രം, കുടുംബം തുടങ്ങിയവയൊന്നും വലിയ സ്വപ്നങ്ങൾ കാണുന്നതിലോ അതു യാഥാർഥ്യമാക്കുന്നതിലോ ഒരു ഘടകമേയല്ല. നിങ്ങളാരുമായിക്കൊള്ളട്ടെ, മറ്റേതൊരു വ്യക്തിയെയും പോലെ നിങ്ങൾക്കും വലിയ സ്വപ്നങ്ങൾ കാണാനും അതു യാഥാർഥ്യമാക്കാനുമുള്ള അവസരമുണ്ട്. സ്വപ്നം കാണാൻ പോലും ഭയപ്പെടുന്ന ഒരു കുട്ടിക്കാലമെനിക്കുണ്ടായിരുന്നു. കാരണം, നമ്മളെക്കൊണ്ട് ഇതു സാധിക്കില്ല എന്നതായിരുന്നു നിരന്തരം പറഞ്ഞുതന്നുകൊണ്ടിരുന്നത്. സാമ്പത്തികമായ വലിയ അടിത്തറയുള്ള കുടുംബമല്ല എന്റേത്. ഒരു ഇടത്തരം സാധാരണ കുടുംബമാണ്. ഒരു തരത്തിലുമുള്ള പ്രിവിലേജുകളുമില്ല. അതുകൊണ്ടുതന്നെ എന്റെ സ്വപ്നം ഒരു എഴുത്തുകാരിയാകണം എന്നതാണെന്നും ഡിഗ്രി കഴിഞ്ഞാലുടൻ ഞാൻ എഴുതാൻ പോകുകയാണെന്നും പറയാനുള്ള സാഹചര്യം വീട്ടിൽ എനിക്കുണ്ടായിരുന്നില്ല. 

എന്തൊക്കെ പറ‍ഞ്ഞാലും നമുക്കു നന്നായി ജീവിക്കണമെങ്കിൽ പൈസ തന്നെ വേണം. അതൊരു യാഥാർഥ്യമാണ്. ഞാൻ സമ്പാദിച്ച് വീടു നോക്കേണ്ട അവസ്ഥയുണ്ടായിരുന്നു. നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിട്ടാണ് ഡിഗ്രി പഠിക്കുന്നത്. പിജി ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതി എനിക്കുണ്ടായിരുന്നില്ല. കാരണം എത്രയും പെട്ടെന്ന് എനിക്ക് ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ അടച്ചു തീർക്കണമായിരുന്നു. പ്ലസ് ടു കഴിഞ്ഞ ശേഷം എന്റെ ആവശ്യത്തിനു വേണ്ടി വീട്ടിൽ നിന്നു പൈസയൊന്നും വാങ്ങിയിട്ടില്ല. കാരണം അവരെക്കൊണ്ട് ആകുന്ന കാര്യങ്ങൾ അവർ എനിക്കു വേണ്ടി ചെയ്തിട്ടുണ്ട്. നല്ല വിദ്യാഭ്യാസം തന്നു. മൂന്നു നേരം ഭക്ഷണം തന്നു. വസ്ത്രം തന്നു. അതിൽക്കൂടുതൽ ചെയ്യാനുള്ള സാമ്പത്തിക ചുറ്റുപാടും അവർക്കുണ്ടായിരുന്നില്ല. 

ഡിഗ്രി കഴിഞ്ഞയുടൻ ക്യാംപസ് പ്ലേസ്മെന്റ് വഴി ലഭിച്ച ജോലിക്കു കയറി. തുച്ഛമായ ശമ്പളമായിരുന്നു ആദ്യം. ഓരോ മാസത്തെയും വായ്പയുടെ ഇഎംഐ അടച്ചു കഴിഞ്ഞാൽ പിന്നെ കാര്യമായ പൈസയൊന്നും കൈയ്യിലുണ്ടാകില്ല. എഴുത്തിലൊരു കരിയർ ബിൽഡ്അപ് ചെയ്യണമെങ്കിൽ കുറ‍ഞ്ഞത് അഞ്ചു വർഷമെങ്കിലും നമ്മളതിൽ മാത്രം സമയം നിക്ഷേപിക്കണം. അന്ന് എന്റെ പക്കൽ അത്രയും സമയമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാൻ ഹൈദരാബാദിൽ ആദ്യമായി ജോലിക്കു കയറിയത്. ശമ്പളം കുറവായതിനാൽ ഞാൻ ആ ജോലി വിട്ടു മുംബൈയിൽ മറ്റൊരു ജോലിയിലേക്കു മാറി. സാമ്പത്തിക ചുറ്റുപാടുകൾ മെച്ചപ്പെടുത്താതെ എഴുത്തിൽ ശ്രദ്ധ നൽകാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം എനിക്ക് എന്നെയും എന്റെ വീട്ടുകാരെയും നോക്കേണ്ടതുണ്ടായിരുന്നു. അതുപേക്ഷിച്ച് എന്റെ സ്വപ്നത്തിനുപുറകേ മാത്രം പോകാൻ എനിക്കു സാധിക്കുമായിരുന്നില്ല. 

പിന്നീടു ഞാൻ ബെംഗളൂരുവിൽ മറ്റൊരു ജോലിയിലേക്കു മാറി. അങ്ങനെ ആറു വർഷമെടുത്തു കാര്യങ്ങളൊക്കെ ഒന്നു സ്റ്റെഡി ആകുവാൻ. വിദ്യാഭ്യാസ വായ്പ അടച്ചുതീർക്കാനും ഞങ്ങളുടെ വീടിന്റെ പണികൾ പൂർത്തീകരിക്കാനും എനിക്കായി. അതിനു ശേഷമാണ് പൂർണമായും എഴുത്തിലേക്കു വരുന്നത്. ആ യാത്ര യഥാർഥത്തിൽ നല്ല ഹാർഡ് ആയിരുന്നു. ശരിക്കും നമ്മുടെ ഹൃദയം എഴുതാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്, പക്ഷേ, സാഹചര്യങ്ങൾ കാരണം അതു ചെയ്യാൻ പറ്റുന്നില്ല. അതേസമയം, ആ വർഷങ്ങളായിരുന്നു നിമ്ന എന്ന എഴുത്തുകാരിയെയും നിമ്ന എന്ന വ്യക്തിയെയും രൂപപ്പെടുത്തിയത് എന്നെനിക്ക് നിസ്സംശയം പറയാം. എനിക്കു വേണ്ടി കാര്യങ്ങൾ ചെയ്തുതരാൻ വേറെ ഒരാൾ വരുമെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നീയിരുന്ന് എഴുതിക്കൊള്ളൂ, ഞാൻ കാര്യങ്ങളെല്ലാം നോക്കിക്കൊള്ളാം എന്നു പറയാനൊന്നും ആരും വരില്ല. എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കണം എന്ന വിശ്വാസം എനിക്കുണ്ടാക്കിത്തന്നത് ഈ കഴിഞ്ഞ വർഷങ്ങളാണ്. ജീവിതത്തിൽ ഏറ്റവും അടിപൊളിയായിട്ടുള്ള ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുള്ളത് പുറത്തുപോയി ജോലി ചെയ്ത ഈ കാലയളവിലാണ്. എന്റെ ചിന്താഗതിയൊക്കെ മാറിമറിഞ്ഞത് ഈ ജീവിതത്തിലൂടെയാണ്. കുറേ ആളുകളെ ഇതിനിടയ്ക്ക് ഞാൻ ജീവിതത്തിൽ നഷ്ടപ്പെടുത്തി. പക്ഷേ, അവരൊന്നും എന്റെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്നവരല്ല എന്നു ഞാൻ മനസ്സിലാക്കി. അത്തരത്തിൽ ആ നഷ്ടങ്ങളൊക്കെ ഞാൻ നേട്ടങ്ങളാക്കി മാറ്റി. മനോഹരമായ ഒരു യാത്രയായിരുന്നു അത്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ആറു വർഷങ്ങൾ. 

∙എന്താണു നിമ്നയുടെ യുഎസ്പി അഥവാ വിജയമന്ത്രം?

ഞാൻ എല്ലാ രീതിയിലും സ്വതന്ത്രയായ ഒരു വ്യക്തിയാണ്. എനിക്ക് ‍ഞാനുണ്ട് എന്ന വിശ്വാസമാണ് എന്റെ വിജയമന്ത്രം. എത്ര അടുപ്പമുള്ള ആളാണെങ്കിലും എനിക്കു വേണ്ടി നിൽക്കാൻ ഞാൻ മറ്റൊരാളെ പ്രതീക്ഷിക്കുന്നില്ല. എനിക്കു വേണ്ടി നിൽക്കേണ്ടത് ഞാൻ തന്നെയാണെന്നു ‍ഞാൻ വിചാരിക്കുന്നു. എന്തു വന്നാലും എന്റെ സ്വപ്നങ്ങൾക്കു വേണ്ടി ഞാൻ പോരാടും എന്നു നിമ്ന എന്നൊരാൾക്കു ഞാനൊരു വാഗ്ദാനം നൽകിയിരുന്നു. ആ വാഗ്ദാനം ഞാൻ നിറവേറ്റിയപ്പോഴാണ് ഈ വിജയം എന്റെ ജീവിതത്തിലുണ്ടായത്. 

∙പുസ്തകമെഴുതി മാത്രം ജീവിക്കാനാകുമെന്നു തോന്നുന്നുണ്ടോ?

മുൻപ് എനിക്ക് അതൊരു സംശയമായിരുന്നു. ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്, ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന്. പക്ഷേ, അതിൽ കുറേയധികം കാര്യങ്ങളുണ്ട്. നിങ്ങൾ എങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നു എന്നൊരു വസ്തുതയെ അപ്പോൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങൾക്ക് ഏതു തരത്തിലുള്ള ജീവിതമാണു വേണ്ടതെന്ന ചോദ്യം കൂടി അപ്പോൾ അവിടെ വരും. വലിയൊരു ആഡംബര ജീവിതം പുസ്തകമെഴുതി സ്വന്തമാക്കാനാകുമെന്ന് എനിക്കു തോന്നുന്നില്ല. ഞാനതിനെക്കുറിച്ചു ചിന്തിക്കുന്നുമില്ല. പക്ഷേ, വലിയ കുഴപ്പമില്ലാത്ത സാമ്പത്തിക ചുറ്റുപാടു നൽകുന്ന, അതിലുമുപരി നല്ല സന്തോഷം നൽകുന്ന ഒരു ജീവിതം ജീവിക്കാൻ പറ്റുമെന്നു തന്നെയാണ് ഇപ്പോഴെനിക്കു തോന്നുന്നത്. പക്ഷേ, എല്ലാവർക്കും പുസ്തകമെഴുതിത്തന്നെ ജീവിക്കാനാകണമെന്നുമില്ല. പുസ്തകം വിറ്റു പോയാൽ മാത്രമേ അതിൽനിന്നു നമുക്കു കാശു കിട്ടുകയുള്ളൂ. ആദ്യ പുസ്തകം എഴുതിയ സമയത്ത് എഴുത്ത് കരിയർ ആയി എടുക്കാനുള്ള ഒരു ചുറ്റുപാട് എനിക്കുണ്ടായിരുന്നില്ല. കാരണം അന്ന് അത്രയും വായനക്കാർ എനിക്കുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ആ റിസ്ക് എനിക്ക് എടുക്കാൻ പറ്റുന്നുണ്ട്. കാരണം നല്ലൊരു വായനാസമൂഹം എനിക്കുണ്ട്. എന്റെ രണ്ടു പുസ്തകങ്ങളിൽ നിന്നും അത്യാവശ്യം നല്ല രീതിയിലുള്ള റോയൽറ്റി എനിക്കിപ്പോൾ കിട്ടുന്നുണ്ട്. മുൻപു ജോലി ചെയ്തിരുന്ന സമയത്തു കിട്ടിയിരുന്ന ശമ്പളത്തിന് ഏകദേശം തുല്യമായ തുക ഇപ്പോൾ എഴുത്തിൽ നിന്നുണ്ടാക്കാൻ പറ്റുന്നുണ്ട്.

∙നിമ്നയിപ്പോൾ എന്തു ചെയ്യുന്നു? ഭാവി പരിപാടികൾ?

രണ്ടു മാസം മുൻപു വരെ ഒരു മ്യൂസിക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എഴുത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കാനാണ് തീരുമാനം. മറ്റൊരു ജോലി ചെയ്തില്ലെങ്കിലും എഴുത്തിൽ നിന്നു കിട്ടിത്തുടങ്ങിയ വരുമാനം കൊണ്ടു തെറ്റില്ലാതെ ജീവിച്ചുപോകാം എന്ന ആത്മവിശ്വാസത്തിലാണു ഞാനിപ്പോൾ. 

∙വീട്ടിൽ ആരൊക്കെയുണ്ട്?

അമ്മ, അച്ഛൻ, ചേട്ടൻ. അച്ഛന് പെയിന്റിങ്ങിന്റെ ജോലിയാണ്. അമ്മ വീട്ടിലിരുന്ന് തയ്യൽപ്പണിയാണു ചെയ്യുന്നത്. ചേട്ടൻ ഒരു ടെക് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

∙അടുത്ത പുസ്തകം?

അടുത്ത പുസ്തകത്തിന്റെ ആലോചനകൾ നടക്കുന്നു. എഴുത്തിലേക്ക് കടക്കാനിരിക്കുന്നതേയുള്ളൂ.

English Summary:

Interview with writer Nimna Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com