ADVERTISEMENT

എൻ.എൻ. പിള്ള രചിച്ച ‘അരപ്പവൻ’ എന്ന ഏകാങ്കത്തിന്റെ പശ്ചാത്തലം കോട്ടയം മെഡിക്കൽ കോളജാണ്. അവിടുത്തെ ഒരു പേവാർഡിൽ നടക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് നാടകത്തിന്റെ ഉള്ളടക്കം. രോഗിണിയായ ഭാനുമതിയമ്മയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. പേവാർഡിൽ കിടക്കുന്ന അവരാകട്ടെ നാടകത്തിൽ ഉടനീളം ശയ്യാവലംബിയാണ്. 

നാടകം ആരംഭിക്കുമ്പോൾ ഒരു നഴ്സ് ഭാനുമതിയമ്മയെ പരിചരിച്ചു കൊണ്ട് നിൽക്കുകയാണ്. ഇൗ നഴ്സിൽനിന്ന്, ഡോ. ബാലചന്ദ്രൻ എന്ന പ്രശസ്ത ന്യൂറോളജിസ്റ്റ് ഹോസ്പിറ്റലിൽ എത്തുമെന്ന് ഭാനുമതിയമ്മ മനസ്സിലാക്കുന്നു. ബാലചന്ദ്രൻ എന്ന ആ പേര് അവരെ അൽപം അസ്വസ്ഥയാക്കുന്നുണ്ട്. അതു വായനക്കാരെ അൽപം അസ്വസ്ഥരാക്കും. അധികം വൈകുംമുൻപ് ഡോ. ബാലചന്ദ്രൻ ആ മുറിയിൽ എത്തുന്നു. ഭാനുമതിയെ കാണുന്നു. ഇരുവരും പരസ്പരം തിരിച്ചറിയുന്നു. പൂർവകാല കാമുകീകാമുകന്മാർ. വിധിയുടെ തീരുമാനം കൊണ്ടോ അതോ ഡോ. ബാലചന്ദ്രന്റെ മനപ്പൂർവമായ പിൻവാങ്ങൽ കാരണമോ ആ പ്രണയം സാക്ഷാത്കൃതമായില്ല. 

വർഷങ്ങൾക്കു ശേഷം കണ്ടുുട്ടുകയാണ് രണ്ട‌ുപേരും. ഇരുവരും സംസാരിക്കുന്നു. ഭൂതകാലത്തെക്കുറിച്ചും വർത്തമാനത്തെക്കുറിച്ചും. 

അതിൽ ഭാനുമതി ഏറെ ശ്രദ്ധിച്ചത് ബാലചന്ദ്രന്റെ മകളുടെ പേര് ‘ഭാനുമതി’ എന്നു കേട്ടതാണ്. എന്തിന്, എങ്ങനെയാണ് ഇരുവരും അകന്നത് എന്നു മാത്രം വ്യക്തമായില്ല. പക്ഷേ പ്രണയത്തിൽനിന്ന് ആദ്യം പിൻമാറിയത് ഡോ.ബാലചന്ദ്രൻ തന്നെയായിരുന്നു; അദ്ദേഹത്തിനു മാത്രം അറിയാവുന്ന കാരണത്താൽ. ഭാനുമതി എന്നും ഡോ.ബാലചന്ദ്രനെ ഹൃദയപൂർവം സ്നേഹിച്ചിരുന്നു. പിരിഞ്ഞു കഴിഞ്ഞപ്പോൾ ആ സ്നേഹം കുറയുകയായിരുന്നില്ല. കൂടുകയായിരുന്നു. 

ഏറ്റവും ഒടുവിൽ തലയിണക്കീഴിൽ വച്ചിരുന്ന ഒരു കവർ ഡോ. ബാലചന്ദ്രനെകൊണ്ട് ഭാനുമതി എടുപ്പിക്കുന്നു. എന്നിട്ട് അവർ പറയുന്നു. ‘ബാലേട്ടൻ അവസാനം എഴുതിയ എഴുത്താണത്. ഭാനു എന്ന സംബോധന അല്ലാതെ അഡ്രസ്സില്ല. എഴുതിയ ആളിന്റെ പേരുമില്ല. അപ്പോ പേടിക്കാനില്ല.’ 

ഭാനുമതിയെ കൊണ്ട് നാടകരചയിതാവ് പറയിക്കുന്ന ഇൗ വാചകത്തിൽ നിന്നാണ് ഡോ.ബാലചന്ദ്രൻ ഭംഗിയായി തന്റെ കാമുകിയെ ഒഴിവാക്കുകയായിരുന്നു എന്ന് വായനക്കാരൻ തിരിച്ചറിയുന്നത്. ഭാനു ഇത്രയും കൂടി പറയുന്നു, ‘അതിന്റെ കൂടെ ബാലേട്ടൻ അവസാനമായി ഇൗ കൈവെള്ളയിൽ അമർത്തിയ ഒരരപ്പവനും ഉണ്ട്. അത് സ്പെഷലിസ്റ്റ് ഡോക്ടർക്കുള്ള കൺസൽറ്റേഷൻ ഫീസായി കാണണം.’ ഭാനുമതി പറഞ്ഞവസാനിപ്പിക്കുന്നത്, ‘ആ അരപ്പവൻ കൊഴവച്ച് ഭാനുക്കുഞ്ഞിന്റെ കഴുത്തിൽ ഇടണം. എനിക്കിപ്പോ ആ കുഞ്ഞിനെ കാണാം. അന്നത്തെ ബാലേട്ടനെ കാണാം. എന്റെ അടിവയറ്റിൽ...’ ഭാനുമതി തളർന്നു വീഴുന്നു. 

നിറകണ്ണുകളോടെ മാത്രം വായിച്ചവസാനിപ്പിക്കാൻ കഴിയുന്ന ഹൃദ്യമായ ഏകാങ്കം. 

English Summary : N.N. Pillai's one act play - Arappavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com